40 വര്‍ഷം മുമ്പ്, 1984ലെ ലോക്​സഭാ തിരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരന്റെ പരീക്ഷണം വലിയൊരു തുടക്കം തന്നെയായിരുന്നു. യു.ഡി.എഫിനും എല്‍ഡിഎഫിനുമെതിരേ മുഖ്യമന്ത്രി കെ കരുണാകരന്റെ നാടാര്‍ രാഷ്ട്രീയ തന്ത്രത്തിലൂടെയാണ് എ ചാള്‍സ് തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയായത്. ചാള്‍സ് 2,39,791 വോട്ടും ഇടതുമുന്നണി സ്ഥാനാര്‍ത്ഥി നീല ലോഹിതദാസന്‍ നാടാർ 1,86,363 വോട്ടും നേടി. 1,10,449 വോട്ടുമായി കേരള വര്‍മരാജാ തിളക്കമുള്ള മൂന്നാം സ്ഥാനത്തുമെത്തി. കേരളവര്‍മ രാജായ്ക്ക് കിട്ടിയത് 19.80 ശതമാനം വോട്ട്.

To advertise here,

എ.ചാള്‍സിന് 43 ശതമാനം വോട്ടും നീല ലോഹിതദാസന്‍ നാടാര്‍ക്ക് 22.41 ശതമാനം വോട്ടും കിട്ടി. തിരുവനന്തപുരം ഈസ്റ്റ് നിയമസഭാ മണ്ഡലത്തില്‍ ഇപ്പോഴത്തെ വട്ടിയൂര്‍ക്കാവ്, 32,065 വോട്ടുമായി എ ചാള്‍സ് ഒന്നാമതെത്തിയപ്പോള്‍ 19882 വോട്ടുമായി കേരളവര്‍മരാജാ രണ്ടാമനായി. 18,391 വോട്ടുമായി നീലലോഹിതദാസ് മൂന്നാമതുമെത്തി. തിരുവനന്തപുരം ഈസ്റ്റില്‍ ഹിന്ദുമുന്നണി രണ്ടാമതായതാണ് ഇ.എം.എസിനെ അന്ന് പിടിച്ചുകുലുക്കിയത്. 

ഇ.എം.എസിന്റെ തല പുകഞ്ഞു. കേരളത്തില്‍ ഹിന്ദുവര്‍ഗീയത കാലുകുത്തിക്കഴിഞ്ഞുവെന്ന് അദ്ദേഹം ഭയപ്പെട്ടു. കേരള രാഷ്ട്രീയത്തില്‍ മുസ്ലീംലീഗ് ശക്തിപ്രാപിച്ചുവരുന്നതാണ് ഹിന്ദുവര്‍ഗീയത വളര്‍ന്നുവരാന്‍ കാരണമെന്ന് അദ്ദേഹം നിരീക്ഷിച്ചു. അന്ന് മുസ്ലീംലീഗ് (ഐ.യു.എം.എല്‍) യുഡിഎഫിനൊപ്പമാണ്. അഖിലേന്ത്യാ ലീഗ് (എഐഎംഎല്‍) ഇടതുമുന്നണിക്കൊപ്പവും. 1967ല്‍ മുസ്ലീംലീഗിനെ കൂടെകൂട്ടി സപ്തകക്ഷി മുന്നണിയുണ്ടാക്കാനും ലീഗിന് മാന്യമായ സ്ഥാനവും അംഗീകാരവും കൊടുക്കാനും നേതൃത്വം നല്‍കിയത് ഇ.എം.എസ് ആയിരുന്നു എന്ന കാര്യവും ശ്രദ്ധേയമാണ്.

placeholder
ഇ. എം. എസ്, എ.കെ. ആന്റണി, ബേബി ജോൺ, കെ.കരുണാകരൻ, ഇ.കെ.നായനാർ എന്നിവർ. Photo: mathrubhumi archives

1985 ജനുവരിയില്‍ നടന്ന മൂന്ന് ഉപതിരഞ്ഞെടുപ്പുകളില്‍ കെ.കരുണാകരന്റെ നേതൃത്വത്തിലുള്ള ഭരണമുന്നണി ദയനീയമായി പരാജയപ്പെട്ടു. പെരിങ്ങളത്ത് അഖിലേന്ത്യാ ലീഗിലെ ഇടി മുഹമ്മദ് ബഷീറും ഉദുമയില്‍ സിപിഎമ്മിലെ കെ പുരുഷോത്തമനും ആറ്റിങ്ങലില്‍ കോണ്‍ഗ്രസ് എസിലെ പി.വിജയദാസും വിജയിച്ചു. അഖിലേന്ത്യാ ലീഗ് കൂടെ നിന്നാല്‍ ഇടതുമുന്നണിക്ക് നേട്ടമാവുമെന്ന എം.വി.ആറിന്റെയും പാര്‍ട്ടി കേരളാ ഘടകത്തിന്റെയും നിലപാടു ശരിവെയ്ക്കുന്നതായിരുന്നു ഈ വിജയം.

പക്ഷെ ഇ.എം.എസ്. ശരിയത്ത് വാദം ഉയര്‍ത്തി സമ്മര്‍ദം മുറുക്കി. ഇടതുമുന്നണിയില്‍ നില്‍ക്കാനാവാതെ 1985 ജൂലായ് 20-ാം തീയതി അഖിലേന്ത്യാ ലീഗ് മുന്നണി വിട്ടു. ശരിയത്ത് പോലെയുള്ള വിഷയങ്ങളില്‍ ഇഎംഎസും എംവിആറും ഒരേരീതിയില്‍ പ്രസംഗിച്ചും പ്രചരിപ്പിച്ചും കേരളമൊട്ടാകെ നടന്നു. പാര്‍ട്ടിക്കുള്ളിലാവട്ടെ ഇരുവരും തമ്മിലുള്ള ഏറ്റുമുട്ടലിനു ശക്തിയേറി. ന്യൂനപക്ഷ പാര്‍ട്ടികളെ ഇടതുമുന്നണിയില്‍ ചേര്‍ക്കണമോ എന്നതു തന്നെ വിഷയം. അഖിലേന്ത്യാ ലീഗ്, കേരള കോണ്‍ഗ്രസ് എന്നിങ്ങനെയുള്ള പ്രാദേശിക പാര്‍ട്ടികളെ മുന്നണിയില്‍ ചേര്‍ക്കുകയോ അവയുമായി തിരഞ്ഞെടുപ്പ് ധാരണ ഉണ്ടാക്കുകയോ ചെയ്യണമെന്ന നിലപാടില്‍ എം.വി.ആര്‍ ഉറച്ചുനിന്നു. സംസ്ഥാന സെക്രട്ടറിയേറ്റും അതേ നിലപാട് സ്വീകരിച്ചു. ഒരുവശത്ത് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് മുന്നോട്ടുവെച്ച് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഇ.എം.എസ്. നമ്പൂതിരിപ്പാട്, ഇ.കെ.നായനാര്‍, പുത്തലത്ത് നാരായണന്‍, പി.വി.കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ക്കൊപ്പം സംസ്ഥാന സെക്രട്ടറി വി.എസ്.അച്യുതാനന്ദനും എംവിആറിന്റെ നിലപാടിനൊപ്പം ഉറച്ചുനിന്നു. മറുഭാഗത്ത് എസ്.രാമചന്ദ്രന്‍ പിള്ള, കെ.ആര്‍.രവീന്ദ്രനാഥ്, എം.എം.ലോറന്‍സ്, ടി.കെ.രാമകൃഷ്ണന്‍ എന്നിവരും.

സംസ്ഥാന നേതൃത്വത്തില്‍ എന്‍എസ് എന്നറിയപ്പെട്ടിരുന്ന എന്‍.ശ്രീധരന്‍ ഒരു വലിയ ശക്തികേന്ദ്രമായിരുന്നു. കേന്ദ്ര നേതൃത്വത്തിനെതിരേ സംസ്ഥാന നേതൃത്വത്തെ പിടിച്ചുനിര്‍ത്തിയത് എന്‍എസിന്റെ കരുത്തായിരുന്നു. 1985 ഫെബ്രുവരി 17-ാം തീയതി എന്‍എസ് ഒരു കാറപകടത്തില്‍ മരണമടഞ്ഞതോടെ സംസ്ഥാന നേതൃത്വത്തിലെ സമവാക്യങ്ങള്‍ മാറിമറിഞ്ഞു. വി.എസ്. പതിയെ ഇ.എം.എസിന്റെ പക്ഷത്തേയ്ക്ക് ചരിഞ്ഞു. എങ്കിലും എം.വി.ആര്‍ ഒരു പ്രധാന ശക്തികേന്ദ്രമായി തുടര്‍ന്നു.

placeholder
എം.വി.രാഘവനും (ഫോട്ടോ: ലതീഷ് പൂവ്വത്തൂർ) ഇ.കെ.നായനാരും. (Photo: mathrubhumi archives)

തങ്ങളുടെ നിലപാടുകള്‍ വിശദമാക്കിക്കൊണ്ടുള്ള ഒരു രേഖ തയ്യാറാക്കാന്‍ എം.വി.ആറും കൂട്ടരും തീരുമാനിച്ചു. എം.വി.ആറും നായനാരും ഇതുസംബന്ധിച്ച നീണ്ട ചര്‍ച്ചകള്‍ നടത്തി. എം.വി.ആര്‍. തന്നെയാണ് രേഖ തയ്യാറാക്കിയത്. സംസ്ഥാന സമിതിയിലെ ഒമ്പത് അംഗങ്ങള്‍ രേഖയില്‍ ഒപ്പ് വെച്ചു. എം.വി.ആര്‍, പി.വി.കുഞ്ഞിക്കണ്ണന്‍, പുത്തലത്ത് നാരായണന്‍, ടി.ശിവദാസ മേനോന്‍, ഇ.കെ.ഇമ്പിച്ചിബാവ, പാട്യം രാജന്‍, സി.കെ.ചക്രപാണി, വി.വി.ദക്ഷിണാമൂര്‍ത്തി, സിപി മൂസാന്‍കുട്ടി എന്നിവര്‍. കേന്ദ്രകമ്മിറ്റി അംഗമായിരുന്നതിനാല്‍ ഇ.കെ.നായനാര്‍ ഒപ്പിട്ടില്ല. 

1985 നവംബര്‍ 20 മുതല്‍ 24 വരെ എറണാകുളത്തു നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തില്‍ എം.വിആര്‍ ബദല്‍രേഖ അവതരിപ്പിച്ചു. ഇതുസംബന്ധിച്ച ആലോചനകളൊക്കെയും അതീവരഹസ്യമായാണ് നടന്നിരുന്നതെങ്കിലും സമ്മേളനം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയിരുന്ന മാതൃഭൂമി തിരുവനന്തപുരം ബ്യൂറോയിലെ ചീഫ് റിപ്പോര്‍ട്ടര്‍ കെ പ്രഭാകരന് ഇത് സംബന്ധിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചു. സമ്മേളനത്തില്‍ ബദല്‍രേഖ വരുന്നുണ്ടെന്ന പ്രഭാകരന്റെ റിപ്പോര്‍ട്ട് മാതൃഭൂമി വലിയ വാര്‍ത്തയായി ഒന്നാം പേജില്‍ത്തന്നെ കൊടുത്തു. സമ്മേളനത്തില്‍ അവതരിപ്പിച്ച ബദല്‍രേഖ അവസാനം പ്രഭാകരനും കിട്ടി. ഇതാ ബദല്‍ രേഖ എന്ന വലിയ തലക്കെട്ടോടെയാണ് മാതൃഭൂമി പ്രഭാകരന്റെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

placeholder

സിപിഎമ്മില്‍ സംഘര്‍ഷം മുറ്റി നിന്ന ഒരു കാലഘട്ടം തുടങ്ങുകയായിരുന്നു. എല്ലാറ്റിന്റെയും അവസാനം 1986 ജൂണ്‍ 23 ന് എംവി രാഘവനെ സിപിഎമ്മില്‍ നിന്നു പുറത്താക്കി. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട എംവിആറിനെ ഐക്യജനാധിപത്യമുന്നണി രണ്ടു കൈയും നീട്ടി സ്വീകരിച്ചു. എം.വിആറിനെ നിയമസഭയിലെത്തിക്കാന്‍ കെ കരുണാകരനും പികെ കുഞ്ഞാലിക്കുട്ടിയും ഏറെ പാടുപെട്ടു.

മത-സമുദായ കക്ഷികളൊന്നുമില്ലാത്ത ഇടതുപക്ഷമുന്നണിയായിരുന്നു ഇ.എം.എസിന്റെ ലക്ഷ്യം. 1984 ഫെബ്രുവരി 16 ന് കണ്ണൂരില്‍ പ്രൊഫ.ഇര്‍ഫാന്‍ ഹബീബിന്റെ പ്രസംഗത്തെത്തുടര്‍ന്ന് ഇ.എം.എസ് മനസില്‍ കുറിച്ചുവെച്ച ലക്ഷ്യം. അതേ വര്‍ഷം ഡിസംബറില്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ഹിന്ദുമുന്നണി നേടിയ 19.80 ശതമാനം വോട്ട് ഊട്ടി ഉറപ്പിച്ച ലക്ഷ്യം.

placeholder

മത-സമുദായ പാര്‍ട്ടികളൊന്നുമില്ലാത്ത ഇടതുപക്ഷ ജനാധിപത്യമുന്നണി അങ്ങനെ രൂപമെടുത്തു. അത് ഇ.എം.എസിന്റെ മാത്രം വിജയമായിരുന്നു. ഒരുവര്‍ഷക്കാലത്തിലേറെ നടത്തിയ ഒരു ഉള്‍പാര്‍ട്ടി പോരാട്ടത്തിന്റെ ഫലം. കേരള രാഷ്ട്രീയം പുതിയൊരു വഴിയിലേയ്ക്കുതിരിയുകയായിരുന്നു. മുസ്ലീം ലീഗും കേരളാ കോണ്‍ഗ്രസുമൊക്കെ ഉള്‍പ്പെട്ട യു.ഡി.എഫ് ഒരു വശത്ത്. അഖിലേന്ത്യാ ലീഗും കേരളാ കോണ്‍ഗ്രസുമൊന്നുമില്ലാത്ത, മത-സമുദായ പാര്‍ട്ടികളൊന്നുമില്ലാത്ത ശുദ്ധമായ ഇടതുപക്ഷ-ജനാധിപത്യമുന്നണി മറുവശത്ത്.

കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുഡിഎഫില്‍ മുസ്ലീം ലീഗ്, കേരള കോണ്‍ഗ്രസ് മാണി-ജോസഫ് വിഭാഗങ്ങള്‍, എന്‍ഡിപി, എസ്ആര്‍പി എന്നീ സമുദായപാര്‍ട്ടികള്‍, ആര്‍എസ്പി (എസ്) എന്നീ കക്ഷികളാണുണ്ടായിരുന്നത്. ജയിച്ചത് ഇടതുമുന്നണി.

78 സീറ്റുമായാണ് ഇടതുപക്ഷജനാധിപത്യമുന്നണി അധികാരത്തിലെത്തിയത്. ഇ.കെ.നായനാര്‍ മുഖ്യമന്ത്രി. 1982-87 കാലത്ത് യുഡിഎഫ് മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരന്‍ പ്രതിപക്ഷനേതാവും.

placeholder
ജോസ് കെ. മാണി, പിണറായി വിജയൻ, ഇ.പി.ജയരാജൻ എന്നിവർ ഒരു തിരഞ്ഞെടുപ്പ് പ്രചരണ  പൊതുയോഗത്തിൽ. ഫോട്ടോ: ബി.മുരളീകൃഷ്ണൻ

ഒന്നിടവിട്ടുള്ള കൃത്യമായ ഇടവേളകളില്‍ അധികാരത്തിലെത്തുക എന്നതായിരുന്നു യുഡിഎഫിന്റെയും എല്‍.ഡി.എഫിന്റെയും പതിവ്. പക്ഷേ, കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ആ പതിവ് തെറ്റി. മുഖ്യമന്ത്രി പിണറായി വിജയന്‍ 2021 നിയമസഭാ തിരഞ്ഞെടുപ്പും സ്വന്തമാക്കി ഭരണത്തുടര്‍ച്ച നേടി വീണ്ടും മുഖ്യമന്ത്രിയായി. തിരഞ്ഞെടുപ്പിനു മുമ്പുതന്നെ സാക്ഷാല്‍ കെ.എം.മാണി നേതൃത്വം നല്‍കിയിരുന്ന കേരളാ കോണ്‍ഗ്രസിനെത്തന്നെ ഇടതുമുന്നണിയിലേക്ക് ചേര്‍ത്ത് മുന്നണിയുടെ കരുത്ത് വര്‍ധിപ്പിക്കുകയും ചെയ്തു പിണറായി.

കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണി ഒഴിഞ്ഞ രാജ്യസഭാസീറ്റ് സിപിഐ ആവശ്യപ്പെട്ടപ്പോള്‍ അത് വിട്ട് കൊടുത്ത് സ്വന്തം പാര്‍ട്ടിയുടെ സീറ്റ് കൊടുത്ത് കേരളാ കോണ്‍ഗ്രസിനെ ചേര്‍ത്ത്പിടിക്കുകയാണ് പിണറായി വിജയന്‍. നേരത്തെ ഘടകകക്ഷിയായ ഇന്ത്യന്‍ നാഷണല്‍ ലീഗിന് മന്ത്രിസഭയിലും പ്രാതിനിധ്യമുണ്ട്. എം.വി.ആറിന്റെ ബദല്‍രേഖ എന്നേ മാഞ്ഞുപോയിരിക്കുന്നു.