
1984-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം നിയോജകമണ്ഡലത്തിലെ ഫലം സിപിഎം നേതാവ് ഇ.എം.എസ്. നമ്പൂതിരിപ്പാടിനെ ഏറെ അലട്ടി. തിരുവനന്തപുരത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എ. ചാള്‍സ് ആണ് ജയിച്ചത്. ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എ. നീലലോഹിതദാസന്‍ നാടാര്‍ രണ്ടാം സ്ഥാനത്തുമെത്തി. ഇതൊന്നുമല്ല അന്ന് ഇ.എം.എസിനെ നോവിച്ചത്. ഹിന്ദു മുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പി. കേരളവര്‍മ രാജാ തിരുവനന്തപുരത്ത് മൂന്നാം സ്ഥാനത്തെത്തിയതാണ് അന്ന് ഇ.എം.എസിനെ വിഷമിപ്പിച്ചത്.
കേരളവര്മരാജാ തിളങ്ങുന്ന മൂന്നാം സ്ഥാനത്തെത്തി എന്നു മാത്രമല്ല, തിരുവനന്തപുരം ഈസ്റ്റ് നിയമസഭാ മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്തുമെത്തി. അതും ഇടതുമുന്നണി സ്ഥാനാര്‍ത്ഥി നീല ലോഹിതദാസന്‍ നാടാരെ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളിക്കൊണ്ട്. ഇ.എം.എസിന് ഒട്ടും സഹിക്കാനായില്ല.

പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തെ തുടര്‍ന്നായിരുന്നു ലോക്സഭാ തിരഞ്ഞെടുപ്പ്. സ്വന്തം സുരക്ഷാ ഭടന്മാരുടെ വെടിയേറ്റ് ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടത് 1984 -ല്‍ ഒക്ടോബര്‍ 31-ാം തീയതിയായിരുന്നു. തുടര്‍ന്ന് രാജീവ് ഗാന്ധി പ്രധാനമന്ത്രി. 1984 ഡിസംബര്‍ 24,27,28 തീയതികളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേടിയത് വന്‍ വിജയം. ആ സമയത്തുതന്നെ സി.പി.എം. കേന്ദ്ര നേതൃത്വത്തില്‍ ചില ആശയസമരങ്ങള്‍ നടക്കുന്നുണ്ടായിരുന്നു. കേരള സിപിഎമ്മിന് അഖിലേന്ത്യാ ലീഗുമായുള്ള ബന്ധമായിരുന്നു ഇതില്‍ ഒന്ന്. അഖിലേന്ത്യാ ലീഗുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് കേന്ദ്രനേതൃത്വം കേരള ഘടകത്തിന് നിര്‍ദേശം നല്കി. ഇതിനു പിന്നിലെ ചിന്ത ഇ.എം.എസിന്റേതായിരുന്നു. പക്ഷേ, സംസ്ഥാന കമ്മിറ്റി ഈ നിര്‍ദേശം അപ്പാടെ തള്ളിക്കളഞ്ഞു. അഖിലേന്ത്യാ ലീഗ്, കേരളാ കോണ്‍ഗ്രസ് എന്നിങ്ങനെയുള്ള പ്രാദേശിക ഘടകകക്ഷികളുമായി സി.പി.എം. തിരഞ്ഞെടുപ്പ് ധാരണ ഉണ്ടാക്കണമെന്ന് തന്നെയായിരുന്നു പാര്‍ട്ടി സംസ്ഥാന ഘടകത്തിന്റെ നിലപാട്. ഇതിനു പിന്നിലെ ശക്തികേന്ദ്രം എം.വി.രാഘവനായിരുന്നു. ഇ.എം.എസും എം.വി.രാഘവനും തമ്മില്‍ നേരിട്ടുള്ള ഒരു ഏറ്റുമുട്ടലിലേക്കു തിരിയാനുള്ള സാഹചര്യം ഇരുണ്ടുകൂടുകയായിരുന്നു.
ഇതിലേയ്ക്ക് നയിച്ച മറ്റൊരു സംഭവവും 1984- ല്‍ തന്നെ ഉണ്ടായി. ഡിവൈഎഫ് ഐയുടെ രണ്ടാം അഖിലേന്ത്യാ സമ്മേളനം കണ്ണൂരില്‍ ഉദ്ഘാടനം ചെയ്ത് മാര്‍ക്സിസ്റ്റ് ചിന്തകനും ചരിത്രകാരനുമായ ഇര്ഫാന് ഹബീബ് നടത്തിയ പ്രസംഗം ഒരു വലിയ വഴിത്തിരിവിനു തുടക്കം കുറിക്കാന്‍ പോരുന്നതായിരുന്നു.
അപ്പോഴേയ്ക്ക് വിവാദമായിക്കഴിഞ്ഞിരുന്ന ഷബാനു കേസിന്റെ പശ്ചാത്തലത്തില്‍ നടത്തിയ പ്രസംഗത്തില്‍ ന്യൂനപക്ഷ സമുദായകക്ഷികളെ കൂട്ടുപിടിച്ച് മുന്നണിയുണ്ടാക്കുന്നത് ന്യൂനപക്ഷവര്ഗീയത് വളര്‍ത്താന്‍ സഹായകമാവുമെന്ന് ഇര്ഫാന് ഹബീബ് പറഞ്ഞുവെച്ചു. മൂന്നാം ദിവസം സമ്മേളനത്തിന്റെ സമാപന ചടങ്ങില്‍ പ്രസംഗിച്ച ഇ.എം.എസ്. നമ്പൂതിരിപ്പാടും ഇര്ഫാന് ഹബീബിന്റെ വാദങ്ങളുടെ ചുവടുപിടിച്ച് തന്നെയാണ് സംസാരിച്ചത്.

ഇത് സി.പി.എമ്മിനുള്ളില്‍ ഒരു സംഘര്‍ഷമായി വളരുവാന്‍ തുടങ്ങി. ന്യൂനപക്ഷ പാര്‍ട്ടികളുമായി സി.പി.എം. ബന്ധം തുടരരുത് എന്ന് നിര്‍ദേശിച്ചുകൊണ്ട് കേന്ദ്ര നേതൃത്വം കത്തുകളും കുറിപ്പുകളും സംസ്ഥാന നേതൃത്വത്തിന് തുടര്‍ച്ചയായി അയച്ചുകൊണ്ടിരുന്നു. ന്യൂനപക്ഷ മതഗ്രൂപ്പുകളുടെ ചില പാര്‍ട്ടികള്‍ക്കെതിരായ സമരമാണ് പ്രധാനമെന്ന കേന്ദ്ര നേതൃത്വത്തിന്റെ നിലപാടിനെതിരേ നിലയുറപ്പിച്ച എം.വി.ആര്. പക്ഷം മുന്നോട്ടുവെച്ചത് ഭരണവര്‍ഗത്തിനെതിരായ പോരാട്ടത്തില്‍ കൂടി മാത്രമേ വര്‍ഗീയ ശിഥിലീകരണ ശക്തികളെ പരാജയപ്പെടുത്താന്‍ കഴിയൂ എന്ന വാദഗതിയാണ്. കേന്ദ്ര ഭരണകക്ഷിയായിരുന്ന കോണ്‍ഗ്രസിനെ എതിര്‍ക്കാനും കേരളത്തില്‍ ഇടതുപക്ഷ ഭരണം ഉറപ്പിക്കാനും ഐ.എന്‍.എല്‍. കേരളാ കോണ്‍ഗ്രസ് തുടങ്ങിയ കക്ഷികളുടെ പിന്തുണ കൂടിയേ തീരൂ എന്നായിരുന്നു എംവിആറിന്റെ ആവശ്യം.
ഈ നിലപാട് അനുസരിച്ച് തന്നെയാണ് 1984- ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സി.പി.എം. സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത്. അങ്ങനെ ഇ ബാലാനന്ദനെ കാസര്‍കോട്ടും പാട്യം രാജനെ കണ്ണൂരും ഇ.കെ. ഇമ്പിച്ചിബാവയെ മഞ്ചേരിയിലും സ്ഥാനാര്‍ത്ഥികളാക്കി. ഇവിടെയെല്ലാം അഖിലേന്ത്യാ ലീഗ് ഉള്‍പ്പെടെ മറ്റു പല കേന്ദ്രങ്ങളില്‍ നിന്നും പിന്തുണ കിട്ടുമെന്ന് സി.പി.എം. പ്രതീക്ഷിച്ചിരുന്നു. പക്ഷേ, ഇന്ദിരാവധം ഉയര്‍ത്തിയ സഹതാപ തരംഗത്തില്‍ സി.പി.എമ്മിന്റെ കണക്കുകള്‍ തെറ്റി. 20 -ല്‍ 17 സീറ്റും യു.ഡി.എഫിന് കിട്ടി. ഇടതുമുന്നണിക്ക് കിട്ടിയത് മൂന്ന് സീറ്റ്. കോട്ടയത്ത് കെ സുരേഷ് കുറുപ്പും (സി.പി.എം.) മാവേലിക്കരയില്‍ തമ്പാന് തോമസും (ജനത) വടകരയില്‍ കെ.പി.ഉണ്ണികൃഷ്ണനും (കോണ്‍ഗ്രസ് -എസ്).
എങ്കിലും ഇ.എം.എസിനെ നോവിച്ചത് ഹിന്ദുമുന്നണി തിരുവനന്തപുരത്ത് നേടിയ മൂന്നാം സ്ഥാനമാണ്. പൂഞ്ഞാര്‍ കൊട്ടാരത്തില്‍ നിന്ന് തിരുവനന്തപുരത്തെത്തിയ പി കേരളവര്‍മരാജയുടെ സ്ഥാനാര്‍ത്ഥിത്വ ഹിന്ദുമുന്നണി നേതാവായിരുന്ന കുമ്മനം രാജശേഖരന്റെ പരീക്ഷണമായിരുന്നു. നിലയ്ക്കല്‍ പ്രക്ഷോഭത്തിന്റെ പേരില്‍ ഹിന്ദുമുന്നണിയും കുമ്മനം രാജശേഖരനും വാര്‍ത്തയില്‍ നിറഞ്ഞുനിന്ന കാലവുമായിരുന്നു അത്.

ശബരിമലയ്ക്കടുത്തുള്ള നിലയ്ക്കല്‍ എന്ന പ്രദേശത്ത് കണ്ടെത്തിയ കല്ലുകൊണ്ടുള്ള ഒരു കുരിശ് യേശുക്രിസ്തുവിന്റെ ശിഷ്യന്മാരിലൊരാളായ സെന്റ് തോമസ് നിലയ്ക്കലില്‍ സ്ഥാപിച്ച പള്ളിയുടെ ഭാഗമായിരുന്നുവെന്ന ചില ക്രിസ്ത്യന്‍ സഭകളുടെ വാദമാണ് 1982 -ല്‍ വലിയൊരു സംഘര്‍ഷമായി വളര്‍ന്നത്. അവിടെ പള്ളി പണിയാന്‍ അനുവദിക്കണമെന്ന ക്രിസ്ത്യന്‍ സഭകളുടെ ആവശ്യത്തിന് അന്നത്തെ കരുണാകരന് സര്‍ക്കാര്‍ അനുമതി നല്‍കിയതോടെ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ ഹിന്ദുമുന്നണി പ്രക്ഷോഭം തുടങ്ങി. ശബരിമലയില്‍ അയ്യപ്പന്റെ പൂങ്കാവനം നിലകൊള്ളുന്ന വിസ്തൃതമായ മേഖലയില്‍ പള്ളി പണിാന് അനുവദിക്കില്ലെന്നായിരുന്നു ഹിന്ദുമുന്നണിയുടെ നിലപാട്.
സംഘര്‍ഷം പെട്ടെന്ന് വളര്‍ന്ന് ഒരു വര്‍ഗീയ സംഘട്ടനത്തിലേയ്ക്ക് നീങ്ങുന്ന ഘട്ടം വരെയെത്തിയെങ്കിലും മുഖ്യമന്ത്രി കെ.കരുണാകരന് ഇടപെട്ട് ഒത്തുതീര്‍പ്പുണ്ടാക്കി. ഒത്തുതീര്‍പ്പിന്റെ ഭാഗമായി പള്ളി പണിയാന്‍ സര്‍ക്കാര്‍ സ്ഥലമനുവദിക്കുകയും വിവിധ സഭകള്‍ യോജിച്ച് നിലയ്ക്കല്‍ പള്ളി എന്ന പേരില്‍ത്തന്നെ പള്ളി സ്ഥാപിക്കുകയും ചെയ്തു.
ഇത് 1984 -ലെ കഥ. കേരള രാഷ്ട്രീയം 2024 -ലേത്തുമ്പോള് എന്തെന്തുമാറ്റങ്ങള്‍! ഹിന്ദുമുന്നണിക്കു പകരം ബി.ജെ.പി. ഉണ്ടാവുകയും ഡല്‍ഹിയോളം വളരുകയും ചെയ്തിരിക്കുന്നു. കേരളത്തില്‍ ഇതുവരെ പച്ചതൊടാതിരുന്ന ബി.ജെ.പി. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് കൈപ്പിടിയിലൊതുക്കി ചരിത്രം കുറിച്ചിരിക്കുന്നു.
തൃശ്ശൂര്‍ മണ്ഡലത്തില്‍ നിന്ന് സുരേഷ് ഗോപി ജയിച്ചത് 4,12,338 വോട്ട് നേടി. അതായത് 37.8 ശതമാനം വോട്ട്. 3,37,652 വോട്ടുമായി വിഎസ് സുനില്‍കുമാര്‍ രണ്ടാംസ്ഥാനത്തും (31 % വോട്ട്) 3,28,124 വോട്ടുമായി കെ മുരളീധരന് മൂന്നാം സ്ഥാനത്തുമെത്തും (30.1 ശതമാനം).
ഐക്യജനാധിപത്യ മുന്നണിയും ഇടതുപക്ഷജനാധിപത്യ മുന്നണിയും രണ്ടു കൊടുമുടികളായി ഉയര്‍ന്നു നില്ക്കുന്ന കേരള രാഷ്ട്രീയത്തില്‍ ഒരു ചെറിയ ഇടമെങ്കിലും കിട്ടാന്‍ പെടാപ്പാടുപെടുകയായിരുന്ന ബിജെപി 2024 ല്‍ ഒരു വലിയ മുന്നേറ്റം നേടിയിരിക്കുന്നു എന്നതാണ് കേരളരാഷ്ട്രീയത്തിലെ പുതിയ വിശേഷം. 1984 -ല്‍ ഹിന്ദുമുന്നണിയുടെ മുന്നേറ്റം ഇ.എം.എസിനു മനഃപ്രയാസമുണ്ടാക്കിയെങ്കില് 2024 -ലെ ബിജെപിയുടെ മുന്നേറ്റം രണ്ടു മുന്നണികളുടെയും ഉറക്കം കെടുത്താന്‍ പോരുന്നതാണ്.

സംസ്ഥാനത്തെല്ലായിടത്തുമായി ബി.ജെ.പി.യുടെ വോട്ടുവിഹിതം 19.21 ശതമാനമായി വര്‍ധിപ്പിച്ചിരിക്കുന്നു എന്നതാണ് ഏറ്റവും പ്രധാനം. തൃശ്ശൂരിനുപുറമെ തിരുവനന്തപുരത്തും ബി.ജെ.പി. വലിയ മുന്നേറ്റം നടത്തി. കോണ്‍ഗ്രസിലെ ഡോ.ശശി തരൂരിനെതിരെ മത്സരിച്ച രാജീവ് ചന്ദ്രശേഖരന് പരാജയപ്പെട്ടത് 16,077 വോട്ടിന്. തരൂരിന് 3,58,155 വോട്ടുകിട്ടിയപ്പോള്‍ രാജീവ് ചന്ദ്രശേഖറിന് കിട്ടിയത് 3,42,078 വോട്ട്. 35.5 ശതമാനം. തൊട്ടടുത്ത് ആറ്റിങ്ങല്‍ മണ്ഡലത്തില്‍ മത്സരിച്ച വി.മുരളീധരന് 31.6 ശതമാനം വോട്ടുംകിട്ടി.
2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. നിയമസഭാമണ്ഡലങ്ങളില്‍ ഒന്നാമതെത്തിയത് ഒരു സീറ്റില്‍ മാത്രം. തിരുവനന്തപുരത്തെ നേമത്ത്. കാസര്‍കോഡ് മഞ്ചേശ്വരം, തൃശൂര്‍, അടൂര്‍, കോഴിക്കോട്, വട്ടിയൂര്‍ക്കാവ് തിരവനന്തപുരം എന്നിങ്ങനെ ഏഴു നിയമസഭാ മണ്ഡലങ്ങലില്‍ രണ്ടാമതെത്തുകയും ചെയ്തു.
2024 -ലെ തിരഞ്ഞെടുപ്പിലാവട്ടെ ബിജെപി 11 നിയമസഭാ മണ്ഡലങ്ങളില്‍ ഒന്നാമതെത്തി. 5000 ല്‍ താഴെ വോട്ടിന് പരാജയപ്പെട്ടത് പത്തു സീറ്റില്‍. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 30 സീറ്റിലെങ്കിലും ശക്തമായ ത്രികോണ മത്സരം ഉറപ്പാക്കാനുള്ള ശേഷി ബിജെപി നേടിക്കഴിഞ്ഞിരിക്കുന്നുവെന്നര്ത്ഥം.
കേരളത്തിലങ്ങോളമിങ്ങോളം കാണാവുന്ന വളര്‍ച്ചയാണ് ബിജെപി യുടേത് എന്നതാണ് രണ്ടു മുന്നണികളെയും ബുദ്ധിമുട്ടിലാക്കുന്ന കാലം. തിരവനന്തപുരത്തും ആറ്റിങ്ങലിലും പത്തനംതിട്ടയിലും ആലപ്പുഴയിലും തൃശ്ശൂരും കാസര്‍കോട്ടുമെല്ലാം പരക്കെ കാണാനാവുന്ന കാവിവളര്ച്ച. അതിന് ആക്കവും വീര്യവും കൂട്ടാന്‍ കേന്ദ്രത്തില്‍ നരേന്ദ്രമോദി മൂന്നാമതും അധികാരത്തിലെത്തുകയും ചെയ്തിരിക്കുന്നു. 2024 -ല്‍ ഹിന്ദുമുന്നണിയില് തുടങ്ങിയ കാവി രാഷ്ട്രീയം ബിജെപിയിലൂടെ വളര്‍ന്ന് 2014 -ല്‍ വളര്‍ച്ചയുടെ പുതിയൊരു ഘട്ടത്തിലെത്തിയിരിക്കുകയാണ്. പഴയ ബദൽ രേഖയെ കുറിച്ചും പുതിയ ബദലുകളെക്കുറിച്ചുമുള്ള ആലോചനകൾക്ക് ജീവൻവെക്കേണ്ട കാലമാണ് ഇപ്പോൾ സംജാതമായിരിക്കുന്നത്.
Content Highlights: transition of kerala politics from 1984 to 2024
Published: 19 Jun 2024, 04:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented