രു തീകുണ്ഡം പോലെ പശ്ചിമേഷ്യ കത്തിക്കൊണ്ടിരിക്കുകയാണ്. മനുഷ്യരുടെ ജീവന് ഒരു നാണയത്തുട്ടിന്റെ വിലപോലും നല്‍കാത്ത ഇസ്രയേല്‍-ഹമാസ് യുദ്ധം 13 മാസങ്ങള്‍ പിന്നിട്ടിരിക്കുന്നു. നാല്‍പത്തിനാലായിരത്തിലധികം പലസ്തീന്‍കാര്‍ക്കാണ് ജീവന്‍ നഷ്ടമായത്. അതില്‍ പകുതിയില്‍ അധികവും സ്ത്രീകളും കുട്ടികളാണ്. സമാധാനത്തിന്റെ വെള്ളം നിറച്ച പാത്രവുമായെത്തുന്നതിന് പകരം എരിതീയിലേക്ക് എണ്ണ ഒഴിക്കുകയാണ് പല രാജ്യങ്ങളും.

To advertise here,

വിനാശകാരിയായ ഈ മഹായുദ്ധത്തിലേയ്ക്ക് നയിച്ചതാകട്ടെ 2023 ഒക്ടോബര്‍ ഏഴിന് തികച്ചും അപ്രതീക്ഷിതമായി ഹമാസ് ഇസ്രയേലിനെതിരെ നടത്തിയ ആക്രമണവും. ഒരു കച്ചിത്തുരുമ്പ് കിട്ടാന്‍ നില്‍ക്കുകയായിരുന്ന  ഇസ്രയേല്‍ അതില്‍ പിടിച്ചുകയറുന്ന കാഴ്ച്ചയാണ് പിന്നീട് കണ്ടത്. ആഴ്ച്ചകള്‍ പിന്നിട്ടതോടെ ഗാസയ്ക്കൊപ്പം ലെബനനും അവിടുത്തെ സായുധ സംഘടനയായ ഹിസ്ബുള്ളയും ഇറാനും പങ്കുചേര്‍ന്നു. ഇതോടെ ഇസ്രയേല്‍ ആക്രമണം ലെബനനിലേക്കും വ്യാപിപ്പിച്ചു. ലെബനനിലെ 3500-ല്‍ അധികം ആളുകള്‍ക്കാണ് ഇതുവരെ ജീവന്‍ നഷ്ടമായത്. കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ ലെബനനില്‍ ഇരുന്നൂറില്‍ അധികം കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടുവെന്ന് ഐക്യരാഷ്ട്ര സഭയുടെ കണക്കുകള്‍ പറയുന്നു.

ലെബനനിലെ ഹിസ്ബുള്ളയുടെ അധീനമേഖലകളിലെ ആക്രമണത്തിനായി നിരവധി മിസൈലുകളും 1400-ല്‍ അധികം ബോംബുകളുമാണ് ഇസ്രയേല്‍ ഉപയോഗിച്ചത്. ഓപ്പറേഷന്‍ നോര്‍ത്തേണ്‍ ആരോസ് എന്നാണ് ഈ സൈനിക നടപടിക്ക് ഇസ്രയേല്‍ പേര് നല്‍കിയത്. 2006-ലെ 34 ദിവസം നീണ്ടുനിന്ന ഇസ്രയേല്‍-ഹിസ്ബുള്ള യുദ്ധത്തിനുശേഷം ആദ്യമായാണ് ഇത്രയും പേരുടെ മരണത്തിനിടയാക്കിയ സംഘര്‍ഷമുണ്ടാകുന്നത്. ഇത്തരത്തില്‍ തുടര്‍ച്ചയായി രണ്ട് രാജ്യങ്ങളില്‍ ആക്രമണം നടത്താന്‍ എത്രമാത്രം ആയുധങ്ങള്‍ ഇസ്രയേലിന്റെ ശേഖരത്തിലുണ്ടെന്ന് ചിന്തിച്ചിട്ടുണ്ടോ? ലോകത്തിലെ ഏറ്റവും വലിയ ആയുധ ഫാക്ടറികളിലൊന്നായ ഇസ്രയേല്‍ ലോകത്തെ നാലാമത്തെ സൈനിക ശക്തിയാണെന്ന 2022-ലെ യുഎസ് ന്യൂസ് ആന്റ് വേള്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. അതായത് അമേരിക്കയും റഷ്യയും ചൈനയും മാത്രമാണ് അവര്‍ക്ക് മുന്നിലുള്ളത്.

ലോകത്തെ ഏറ്റവും ആധുനികമായ വായുസേനയും ആധുനിക എഫ് 35 പോര്‍വിമാനങ്ങളും സ്മാര്‍ട്ട് ബോംബുകളും മെര്‍കാവ ടാങ്കുകളും അയേണ്‍ ഡോമും ആണവ ബോംബുകളും ഇസ്രയേലിന്റെ ആയുധശേഖരത്തെ സമ്പന്നമാക്കുന്നു. എന്നാല്‍ ഇതിനെല്ലാമപ്പുറം ഇസ്രയേല്‍ സൈന്യത്തിന് ബലം നല്‍കുന്ന ഇന്ത്യന്‍ ബന്ധമുള്ള ഒരു ഐഐ ആയുധ സംവിധാനമുണ്ട്. ആര്‍ബെല്‍ എന്നാണ് അതിന്റെ പേര്. ഇസ്രയേല്‍ സൈന്യത്തിന്റെ മെഷിന്‍ ഗണ്ണുകള്‍, അസോള്‍ട്ട് റൈഫിളുകള്‍ എന്നിവയുടെ പ്രഹരശേഷിയും കാര്യക്ഷമതയും വര്‍ധിപ്പിച്ച് കമ്പ്യൂട്ടറൈസ്ഡ് കില്ലിങ് മെഷിനുകളാക്കി മാറ്റുന്ന സാങ്കേതികവിദ്യയാണ് ഇതിലുള്ളത്. അദാനി ഡിഫന്‍സ് ആന്‍ഡ് എയ്‌റോസ്‌പേസ് എന്ന സ്വകാര്യ പ്രതിരോധ കമ്പനിയും ഇസ്രയേല്‍ വെപ്പണ്‍ ഇന്‍ഡസ്ട്രീസും സംയുക്തമായാണ് ആര്‍ബെല്‍ വികസിപ്പിച്ചതെന്ന് മിഡില്‍ ഈസ്റ്റ് ഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇലക്ട്രോണിക്‌സ്, എഐ സംവിധാനം എന്നിവ ഉപയോഗിച്ചാണ് അദാനിയും ഐഡബ്ല്യുഐയും ചേര്‍ന്ന് ആര്‍ബെലിന്റെ ഭാഗങ്ങള്‍ നിര്‍മിച്ചത്. എന്നാല്‍ ഇവ കൂട്ടിച്ചേര്‍ത്തത് ഇസ്രയേലിലാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

2022-ലാണ് അദാനി ഡിഫന്‍സ് ആന്‍ഡ് എയ്‌റോസ്‌പേസ് എന്ന സ്വകാര്യ പ്രതിരോധ കമ്പനിയും ഇസ്രയേല്‍ വെപ്പണ്‍ ഇന്‍ഡസ്ട്രീസും സംയുക്ത സംരംഭം പ്രഖ്യാപിച്ചത്. ഒക്ടോബറില്‍ ഗുജറാത്തിലെ ഗാന്ധിനഗറില്‍ നടന്ന ഡിഫന്‍സ് എക്സ്പോയിലായിരുന്നു ആദ്യ അവതരണം. അന്ന് ഇത് ഏറെ മാധ്യമശ്രദ്ധ നേടിയിരുന്നു. ഒക്ടോബര്‍ ഏഴിലെ ഹമാസ് ആക്രമണത്തിനുശേഷം ഇസ്രയേല്‍ ആര്‍ബെല്‍ സംവിധാനം ഉപയോഗിക്കാന്‍ തുടങ്ങി. എന്നാല്‍, 2024 ഏപ്രിലില്‍, അതായത് ഗാസയില്‍ യുദ്ധം തുടങ്ങി ആറ് മാസത്തിനുശേഷമാണ് 'ആദ്യത്തെ കമ്പ്യൂട്ടര്‍ സഹായത്തോടെയുള്ള ആയുധ സംവിധാനം' എന്ന രീതിയില്‍ ഇസ്രയേല്‍ വെപ്പണ്‍സ് ഇന്‍ഡസ്ട്രീസ് ആര്‍ബെല്‍ അവതരിപ്പിച്ചത്. പലസ്തീന്‍ പിടിച്ചെടുത്ത് നശിപ്പിച്ച ആര്‍ബെല്‍ എന്ന ജൂത ഗ്രാമത്തിന്റെ പേരാണ് ഈ ഐഐ ആയുധ സംവിധാനത്തിന് നല്‍കിയിരിക്കുന്നത്. ബൈബിളില്‍ പരാമര്‍ശമുള്ള ഗ്രാമമാണിത്.

placeholder
israel army
ലെബനനില്‍ റോന്ത് ചുറ്റുന്ന ഇസ്രയേല്‍ സൈനികര്‍ | Photo: AFP

ആര്‍ബെല്‍ ഉപയോഗിക്കാന്‍ തുടങ്ങിയതോടെ തോക്കുകളുടെ ഉപയോഗത്തില്‍ കൃത്യതയും നശീകരണശേഷിയും വര്‍ധിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇസ്രയേല്‍ വികസിപ്പിച്ച ടാവര്‍, കാര്‍മേല്‍, നെഗേവ് തുടങ്ങിയ തോക്കുകളിലാണ് ആര്‍ബെല്‍ ഉപയോഗിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനപ്പെടുത്തിയ പ്രത്യേക അല്‍ഗരിതമാണ് ആര്‍ബെലിലുള്ളത്. ആയുധങ്ങളുടെ എളുപ്പത്തിലുള്ള ഉപയോഗം, കൃത്യത, സൈനികരുടെ സുരക്ഷ എന്നിവ മൂന്നുമടങ്ങായി വര്‍ധിപ്പിക്കാന്‍ ഇതുവഴി സാധിക്കുന്നുണ്ടെന്നാണ് ഇസ്രയേല്‍ അവകാശപ്പെടുന്നത്. എത്ര പ്രതികൂല സാഹചര്യത്തിലും ഉദ്ദേശിച്ച ലക്ഷ്യത്തിലേക്ക് നിറയൊഴിക്കാനുള്ള സാധ്യതകള്‍ കണക്കുകൂട്ടാനും അത് തോക്ക് ഉപയോഗിക്കുന്ന വ്യക്തിക്ക് കൈമാറാനും ഇതിലൂടെ കഴിയും. അതുവഴി എളുപ്പത്തില്‍ ലക്ഷ്യം കണ്ടെത്താന്‍ സാധിക്കും. 

റീചാര്‍ജ് ചെയ്ത് ഉപയോഗിക്കാവുന്ന ബാറ്ററിയിലാണ് ആര്‍ബെല്‍ പ്രവര്‍ത്തിക്കുന്നത്. ട്രിഗര്‍ സെന്ററുകളും കണ്‍ട്രോള്‍ യൂണിറ്റും ആര്‍ബെലിന്റെ ഭാഗമാണ്. മൈക്രോപ്രോസസറാണ് ഇതിന്റെ പ്രവര്‍ത്തനം നിര്‍ണയിക്കുന്നത്. ഇസ്രയേലിന്റെ പക്കലുള്ള ഏത് യന്ത്രത്തോക്കുകളിലും ഇത് ഉപയോഗിക്കാനാകും. വളരെ വേഗത്തില്‍ ആയുധം ഉപയോഗിച്ചാലും കൃത്യത കുറയില്ല എന്നതും ഏത് കാലാവസ്ഥയിലും ഏത് തരത്തിലുള്ള യുദ്ധസാഹചര്യത്തിലും ഉപയോഗിക്കാമെന്നതുമാണ് ആര്‍ബെലിനെ വ്യത്യസ്തമാക്കുന്നത്. ആയുധമേഖലയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെയുള്ള ഏറ്റവും പുതിയ കണ്ടുപിടിത്തം കൂടിയാണിത്. ഇന്ത്യയും സമാനമായ സംവിധാനം ഉള്‍പ്പെടുത്താനുള്ള ആലോചനയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 

സൈനികരുടെ ആയുസ് കൂട്ടുന്നതിനും അതിജീവനത്തിനും സഹായിക്കുന്നതാണ് ആര്‍ബെല്‍ എന്നാണ് 2022 ഒക്ടോബറില്‍ ഇത് അവതരിച്ചപ്പോള്‍ അദാനി ഡിഫന്‍സ് ആന്റ് എയ്റോസ്പേസ് സിഇഒ ആശിഷ് രാജ്​വംശി  വ്യക്തമാക്കിയത്. പ്രത്യേകിച്ച് സൈനികര്‍ സമ്മര്‍ദത്തിലും ക്ഷീണത്തിലുമാണെങ്കില്‍ ഈ എഐ സംവിധാനം ഏറെ ഉപയോഗപ്പെടുമെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. 2024-ല്‍ ജൂണില്‍ ഫ്രാന്‍സില്‍ നടന്ന ഡിഫന്‍സ് എക്‌സ്‌പോയില്‍ ഐഡബ്ല്യുഐ മാര്‍ക്കറ്റിങ് ആന്റ് സെയ്ല്‍സ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് റോണെന്‍ ഹമുദോട്ട,് രാജ്‌വന്‍ഷിയുടെ വാക്കുകള്‍ ആവര്‍ത്തിക്കുകയാണ് ചെയ്തത്. ഉയര്‍ന്ന മര്‍ദമുള്ള സാഹചര്യങ്ങളില്‍ കൃത്യത വര്‍ദ്ധിപ്പിക്കുന്ന ഒരു പുതിയ ഫയറിങ് മോഡുള്ള ഇലക്ട്രോണിക് ട്രിഗര്‍ അവതരിപ്പിക്കുന്നു എന്നാണ് അദ്ദേഹം ആര്‍ബെലിനെ പരിചയപ്പെടുത്തിക്കൊണ്ട് പറഞ്ഞത്. 

placeholder
arbel
ഗുജറാത്തിലെ ഗാന്ധിനഗറില്‍ നടന്ന ഡിഫന്‍സ് എക്‌സ്‌പോയില്‍ ആര്‍ബെലിനെ പരിചയപ്പെടുത്തുന്നു
 | Photo: ANI

ഇതോടൊപ്പം ഇന്ത്യയുടെ സഹായത്തോടെ മറ്റു ചില ആയുധങ്ങളും ഇസ്രയേല്‍ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് മിഡില്‍ ഈസ്റ്റ് ഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഇന്ത്യയില്‍ നിര്‍മിച്ച 20 ഡ്രോണുകള്‍ ഇന്ത്യ കൈമാറിയെന്നും ഇതിനെതിരെ ഇന്ത്യയിലെ അഭിഭാഷകരും സാമൂഹിക പ്രവര്‍ത്തരും രംഗത്തുവന്നിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇസ്രയേലിലെ മറ്റൊരു ആയുധ നിര്‍മാണ കമ്പനിയായ എല്‍ബിറ്റ് സിസ്റ്റവും അദാനിയും ചേര്‍ന്നാണ് ഹെര്‍മിസ് 900 ഡ്രോണുകള്‍ നിര്‍മിച്ചതെന്നും സൂചനകളുണ്ട്. കഴിഞ്ഞ ഏപ്രിലില്‍ റോക്കറ്റ് എഞ്ചിനുകളും സ്ഫോടകവസ്തുക്കളും പീരങ്കികളും ഇന്ത്യയിലെ ഒരു കപ്പലില്‍ കയറ്റി ഇസ്രയേലി തുറമുഖമായ അഷ്ദോദിലെത്തിച്ചെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്ത്യയില്‍നിന്ന് ആയുധവുമായെത്തിയ മറ്റൊരു കപ്പലിന് സ്പെയിനിലേക്ക് പ്രവേശനം നിഷേധിച്ചുവെന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇന്ത്യയുടെ ഭാഗത്തുനിന്ന് യാതൊരുവിധ ഔദ്യോഗിക സ്ഥീരീകരണങ്ങളൊന്നും ഇതുവരെ വന്നിട്ടില്ല.