
വാഷിങ്‌ടൺ: ഭൂമിയുടെ ഭ്രമണപഥത്തിൽ ബഹിരാകാശ ആയുധം വിന്യസിച്ചതായി അമേരിക്ക സ്ഥിരീകരിച്ചു. ഇതാദ്യമായാണ് ഇത്തരമൊരു ആക്രമണശേഷി തങ്ങൾക്കുണ്ടെന്ന് അമേരിക്ക പരസ്യമായി സമ്മതിക്കുന്നത്. ശത്രുക്കളുടെ ആക്രമണങ്ങളിൽനിന്ന് അമേരിക്കൻ സേനയെ സംരക്ഷിക്കാൻ ഇത്തരമൊരു ആയുധം ആവശ്യമാണെന്ന് യു.എസ്. എയർഫോഴ്സ് സെക്രട്ടറി ട്രോയ് മെയ്ങ്ക് വ്യക്തമാക്കി.
എയർ, സ്പേസ് ആൻഡ് സൈബർ കോൺഫറൻസിൽ സംസാരിക്കവെയാണ് ട്രോയ് മെയ്ങ്ക് ഈ കാര്യം അറിയിച്ചത്. പുതിയ ഭീഷണികളെ നേരിടാൻ അമേരിക്ക സജ്ജമാണെന്ന് പറഞ്ഞ അദ്ദേഹം പക്ഷേ, ആയുധത്തിന്റെ ശേഷിയെക്കുറിച്ചോ എന്നാണിത് ഭ്രമണപഥത്തിൽ എത്തിച്ചെന്നതിനെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയില്ല.
പിന്നാലെ, അമേരിക്കയുടെ ഈ നടപടിയെ വിമർശിച്ച് ചൈന രംഗത്തെത്തി. ബഹിരാകാശത്ത് ആയുധമത്സരം ഒഴിവാക്കണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മുന്നറിയിപ്പ് നൽകി. ബഹിരാകാശത്ത് സൈനിക ശേഷി വർധിപ്പിക്കുന്നതും യുദ്ധസജ്ജീകരണങ്ങൾ നടത്തുന്നതും അമേരിക്ക അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
റഷ്യയും ചൈനയും ഭാവി സംഘർഷങ്ങളിൽ അമേരിക്കൻ ഉപഗ്രഹങ്ങളെ ആക്രമിക്കാനും പ്രവർത്തനരഹിതമാക്കാനും പദ്ധതികൾ വികസിപ്പിക്കുന്നുണ്ടെന്നും ഇതിനെ ചെറുക്കാൻ ബഹിരാകാശ സൈനിക ശേഷി കൂട്ടേണ്ടതുണ്ടെന്നുമാണ് അമേരിക്കയുടെ വാദം. അമേരിക്കയെ മിസൈൽ ഭീഷണികളിൽനിന്ന് സംരക്ഷിക്കുന്ന 'ഗോൾഡൻ ഡോം' പ്രതിരോധ സംവിധാനത്തിന്റെ പ്രധാന ഭാഗമാണ് ഇത്തരം ബഹിരാകാശ സാങ്കേതികവിദ്യകളെന്നും ട്രംപ് ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.
1967-ലെ കരാർ പ്രകാരം ഭ്രമണപഥത്തിൽ ആയുധങ്ങൾ നിരോധിച്ചിട്ടുണ്ട്. എന്നാൽ, കരാറിന്റെ പരിധിയിൽവരാത്ത തരത്തിൽ എതിരാളികളുടെ ഉപഗ്രഹങ്ങളെ ലക്ഷ്യമിടാനുള്ള സാങ്കേതികവിദ്യകൾ അമേരിക്കയും റഷ്യയും ചൈനയും വികസിപ്പിച്ചുവരികയാണ്. 2022-ൽ റഷ്യ യുക്രൈൻ ആക്രമിച്ചതിനുശേഷം യൂറോപ്യൻ ഉപഗ്രഹങ്ങളുടെ വിവരങ്ങൾ രണ്ട് റഷ്യൻ ഉപഗ്രഹങ്ങൾ ചോർത്തിയതായി വാർത്തകൾ പുറത്തുവന്നിരുന്നു.
ഉപഗ്രഹങ്ങളെ ആക്രമിക്കാൻ ശേഷിയുള്ള ഉപഗ്രഹം റഷ്യ വിക്ഷേപിച്ചതായി 2024-ൽ അമേരിക്ക ആരോപിച്ചിരുന്നെങ്കിലും റഷ്യ പരസ്യമായി പ്രതികരിച്ചിരുന്നില്ല. സമാനമായി ചൈനയും ബഹിരാകാശ പ്രതിരോധ ശേഷികൾ വികസിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
Content Highlights: The United States has officially confirmed for the first time the deployment of defensive space weapons in Earth's orbit to protect its military forces against rising threats from global adversaries like China and Russia.
Published: 15 Sept 2026, 07:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented