
ന്യൂഡൽഹി: ഇന്ത്യയുടെ അധ്യക്ഷതയിൽ നടക്കുന്ന 18-ാമത് ബ്രിക്‌സ് (BRICS) ഉച്ചകോടിയുടെ ആദ്യദിനത്തിൽ 'ന്യൂഡൽഹി പ്രഖ്യാപനം 2026' ഐകകണേ്ഠ്യന അംഗരാജ്യങ്ങൾ പാസാക്കിയത് ഇന്ത്യയുടെ നയതന്ത്ര വിജയമായി വിലയിരുത്തുമ്പോഴും അതിൽ ചില വിമർശനങ്ങളുമുയരുന്നുണ്ട്. പ്രമേയത്തിൽ യുഎസിനെയും റഷ്യയെയും ഇറാനെയുമൊക്കെ നേരിട്ട് പരാമർശിക്കുന്നത് ഒഴിവാക്കിയപ്പോൾ ഇന്ത്യയുടെ സുഹൃദ് രാജ്യമായ ഇസ്രയേലിനെ പേരെടുത്ത് വിമർശിക്കുന്നുണ്ട് എന്നതാണ് ശ്രദ്ധേയം.
അന്താരാഷ്ട്ര നിയമങ്ങൾക്കും ഐക്യരാഷ്ട്രസഭയുടെ തത്വങ്ങൾക്കും നിരക്കാത്ത രീതിയിൽ ഏകപക്ഷീയമായി അടിച്ചേൽപ്പിക്കുന്ന സാമ്പത്തിക ഉപരോധങ്ങളെയും തീരുവകളെയും സെക്കൻഡറി ഉപരോധങ്ങളെയും സംയുക്ത പ്രഖ്യാപനത്തിൽ കടുത്ത ഭാഷയിൽ അപലപിക്കുന്നുണ്ട്. ഇത്തരം ഉപരോധങ്ങൾ പാവപ്പെട്ട ജനവിഭാഗങ്ങളെയാണ് ഏറ്റവും കൂടുതൽ ദോഷകരമായി ബാധിക്കുന്നതെന്ന് പ്രഖ്യാപനത്തിൽ ചൂണ്ടിക്കാട്ടി.
ഇത് ചെയ്യുന്നത് അമേരിക്കയാണെന്ന് എല്ലാവർക്കുമറിയാമെങ്കിലും അവരുടെ പേര് മനഃപൂർവം വിട്ടുകളഞ്ഞു. അമേരിക്കയുടെ പേര് നേരിട്ട് പരാമർശിച്ചില്ലെങ്കിലും അവരുടെ ഉപരോധ നയങ്ങൾക്കെതിരെയുള്ള വ്യക്തമായ സന്ദേശമായാണ് പ്രഖ്യാപനത്തിലെ ഈ നിലപാട് വിലയിരുത്തപ്പെടുന്നത്.
അതേസമയം യുഎസ്-ഇറാൻ യുദ്ധത്തേക്കുറിച്ചോ റഷ്യ-യുക്രൈൻ യുദ്ധത്തേക്കുറിച്ചോ പ്രഖ്യാപനത്തിൽ നേരിട്ട് പരാമർശവുമില്ല. എന്നാൽ പലസ്തീൻ-ലെബനൻ നിലപാടുകളിൽ ഉച്ചകോടി പ്രഖ്യാപനത്തിൽ അമേരിക്കയുടെ പേര് ഒഴിവാക്കിയെങ്കിലും ഇസ്രയേലിന്റെ പേരെടുത്തു പറഞ്ഞ് കടുത്ത വിമർശനമുന്നയിച്ചു.
ഗാസയിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് മാനുഷിക സഹായം ലഭ്യമാക്കാൻ ഇസ്രയേലിന് നിയമപരമായ ബാധ്യതയുണ്ടെന്ന് ഓർമ്മിപ്പിച്ച ബ്രിക്‌സ്, പലസ്തീൻ ജനതയെ ബലപ്രയോഗത്തിലൂടെ കുടിയൊഴിപ്പിക്കുന്നതിനെ ശക്തമായി എതിർത്തു.
1967-ലെ അതിർത്തികൾ അടിസ്ഥാനമാക്കി കിഴക്കൻ ജറുസലേം തലസ്ഥാനമായി സ്വതന്ത്ര പലസ്തീൻ രാജ്യം സ്ഥാപിക്കുന്നതിനെ പ്രഖ്യാപനം പിന്തുണച്ചു. ലെബനനിലെ വെടിനിർത്തൽ ലംഘനങ്ങളെ അപലപിച്ച അംഗരാജ്യങ്ങൾ, അധിനിവേശ സേനയെ പൂർണ്ണമായും പിൻവലിക്കാൻ ഇസ്രയേലിനോട് ആവശ്യപ്പെടുകയും ചെയ്തു.
ഇറാന്റെ ആഗോള വ്യാപാരവും അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ സുരക്ഷയിലുള്ള സമാധാനപരമായ ആണവനിലയങ്ങൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി. ഇതോടൊപ്പം ഇറാനെ ലോക വ്യാപാര സംഘടനയിൽ അംഗമാക്കാനുള്ള ശ്രമങ്ങൾക്ക് ബ്രിക്‌സ് രാജ്യങ്ങൾ പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. അതേസമയം പശ്ചിമേഷ്യയിലെ സംഘർഷങ്ങളിൽ ഗൾഫ് രാജ്യങ്ങളിലേക്കുള്ള ആക്രമണങ്ങളെപ്പറ്റി പ്രഖ്യാനം മൗനം പാലിക്കുകയും ചെയ്തു.
2019-ന് ശേഷമുള്ള ആദ്യ ഇന്ത്യ സന്ദർശനത്തിനെത്തിയ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്, റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുതിൻ, ഇറാനിയൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസ, മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം, എത്യോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദ് തുടങ്ങിയ ലോകനേതാക്കൾ ഉച്ചകോടിയിൽ നേരിട്ട് പങ്കെടുത്തു. ഷീ ജിൻപിങ്ങിന്റെ ഉന്നതതല സംഘത്തിൽ ചൈനയിലെ പ്രമുഖ നേതാക്കളായ സായ് ചി, വാങ് യി എന്നിവരും ഉണ്ടായിരുന്നു.
Content Highlights: Brics New Delhi declaration 2026 addresses economic sanctions, criticizes Israel, and supports Iran's WTO membership amid global diplomatic discussions.
Published: 12 Sept 2026, 08:53 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented