റാന്‍ ഒരു നിര്‍ണായകഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ പിന്‍ഗാമിയെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് രാജ്യത്ത് നടക്കുകയാണ്. പാര്‍ലമെന്റംഗവും പരിഷ്‌കരണവാദിയുമായ മസൂദ് പെസെഷ്‌കിയാന്‍, പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബഘേര്‍ ഘലിബാഫ്, ആണവചര്‍ച്ചയില്‍ മധ്യസ്ഥനായിരുന്ന സയീദ് ജലീല്‍, മുന്‍ ആഭ്യന്തരമന്ത്രി മുസ്തഫ പോര്‍ മുഹമ്മദി എന്നീ നാലു സ്ഥാനാര്‍ഥികള്‍ ഏറ്റുമുട്ടിയ ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ പക്ഷേ, ജയിക്കാനാവശ്യമായ 50% വോട്ട് ഒരു സ്ഥാനാര്‍ഥിക്കും കിട്ടിയില്ല. ആകെ പോള്‍ ചെയ്ത 2.45 കോടി വോട്ടില്‍ 44.36 ശതമാനം വോട്ട് നേടി മസൂദ് പെസെഷ്‌കിയാന്‍ (Masoud Pezeshkian) ഒന്നാമതെത്തി. അതിയാഥാസ്ഥിതികനായ സയീദ് ജലീലാണ് രണ്ടാം സ്ഥാനത്ത് എത്തിയത്. അതോടെ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിലേക്ക് നീങ്ങി. ഇവര്‍ തമ്മിലായിരിക്കും ജൂലായ് അഞ്ചിലെ രണ്ടാംവട്ട വോട്ടെടുപ്പിലെ മത്സരം. 

To advertise here,

ഇറാനെ സംബന്ധിച്ചിടത്തോളം അതിനിര്‍ണായകമായ സമയത്താണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മധ്യേഷ്യ യുദ്ധത്തിന്റെ പിടിലാവുകയും ഇറാന്റെ ആണവപദ്ധതികള്‍ക്കെതിരായ ഇസ്രയേലിന്റേയും പാശ്ചാത്യലോകത്തിന്റെയും എതിര്‍പ്പിന്റെ പശ്ചാത്തലത്തില്‍ പിരുമുറുക്കം വര്‍ധിച്ചുവരികയും ചെയ്യുന്ന സാഹചര്യത്തിലാണ് രാജ്യം പ്രസിഡന്റിനെ നഷ്ടപ്പെട്ട് തിരഞ്ഞെടുപ്പിലേക്ക് എടുത്തെറിയപ്പെട്ടത്. ഇസ്രായേലുമായുള്ള ഇറാന്റെ നിഴല്‍യുദ്ധം മറനീക്കി പുറത്തുവന്ന ഘട്ടത്തിൽ നടക്കുന്ന ഈ തിരഞ്ഞെടുപ്പ്, അതിനാല്‍ തന്നെ, ഇറാന് നിര്‍ണായകമാണ്. ഇബ്രാഹിം റെയ്‌സിയുടെ പകരക്കാരനായി ആര് എന്നതാണ് വലിയ ചോദ്യം. സയീദ് ജലീലോ മസൗദ് പെസെഷ്‌കിയാനോ? ആരാകും മുന്നിലെത്തുക? പിന്നിലായ രണ്ട് സ്ഥാനാര്‍ഥികള്‍ പിടിച്ച വോട്ട് ആര്‍ക്ക് ലഭിക്കും? എത്രായിരിക്കും ഇറാന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഫലം? 

placeholder
അന്തരിച്ച ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി (ഫയല്‍ ചിത്രം) | Photo: Iranian Presidency / AFP

അപ്രതീക്ഷിത അപകടം വരുത്തിയ അനിശ്ചിതാവസ്ഥ

തികച്ചും അപ്രതീക്ഷിതമായിരുന്നു ആ അപകടം. ഇറാന്‍-അസര്‍ബയ്ജാന്‍ അതിര്‍ത്തിയില്‍ ഇരുരാജ്യവും ചേര്‍ന്നു പണിത ഖിസ് ഖലാസി അണക്കെട്ട് ഉദ്ഘാടനം ചെയ്തശേഷം ഇറാനിലെ തബ്രീസ് പട്ടണത്തിലേക്കു മടങ്ങിയ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ ഹെലികോപ്റ്റര്‍ ലക്ഷ്യസ്ഥാനത്ത് എത്തിയില്ല. മൂന്നു ഹെലികോപ്റ്ററുകള്‍ അദ്ദേഹത്തിന്റെ വ്യൂഹത്തിലുണ്ടായിരുന്നുവെങ്കിലും പ്രസിഡന്റും വിദേശകാര്യമന്ത്രിയും പ്രാദേശിക ഉദ്യോഗസ്ഥരും യാത്രചെയ്തിരുന്ന ഹെലികോപ്റ്റര്‍ പര്‍വതമേഖലയില്‍ തകര്‍ന്നുവീണു. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ കിഴക്കന്‍ അസര്‍ബെയ്ജാനിലെ ജോഫ പര്‍വതമേഖലയില്‍ മേയ് 19-നാണ് റെയ്‌സി സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെടുന്നത്. പ്രസിഡന്റ് റെയ്‌സിക്ക് പുറമേ, ഹെലികോപ്റ്ററിലുണ്ടായിരുന്ന വിദേശകാര്യമന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുള്ളാഹിയാന്‍, കിഴക്കന്‍ അസര്‍ബെയ്ജാന്‍ പ്രവിശ്യ ഗവര്‍ണര്‍ മാലിക് റഹ്‌മത്തി, ഇറാന്‍ പരമോന്നത നേതാവിന്റെ കിഴക്കന്‍ അസര്‍ബയ്ജാനിലെ പ്രതിനിധി ആയത്തുള്ള മുഹമ്മദ് അലി ആലു ഹാഷിം, പൈലറ്റ് എന്നിവരും കൊല്ലപ്പെട്ടു. 

അതിയാഥാസ്ഥിതികനായ ഇബ്രാഹിം റെയ്‌സി, ഇറാന്റെ പരമോന്നത നേതാവായ ആയത്തുള്ള ഖൊമേനിയുടെ പിന്‍ഗാമിയായാണ് വിശേഷിപ്പിക്കപ്പെട്ടിരുന്നത്. മുന്‍ പരമോന്നത നേതാവ് ആയത്തുള്ള റൂഹുള്ള ഖൊമേനിയുമായും ഇപ്പോഴത്തെ നേതാവ് അലി ഖമേനിയുമായും അടുത്ത ബന്ധമാണ് അദ്ദേഹം സൂക്ഷിച്ചിരുന്നത്. അലി ഖൊമേനിയുടെ മാനസപുത്രനായാണ് പരക്കെ അറിയപ്പെട്ടിരുന്നത്. 2021 ജൂണിലാണ് റെയ്‌സി ഇറാന്റെ പ്രസിഡന്റായത്. പ്രസിഡന്റാവുമ്പോള്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്നു റെയ്സി. 48.8% വോട്ടര്‍മാര്‍ മാത്രം സമ്മതിദാനവകാശം വിനിയോഗിച്ച തിരഞ്ഞെടുപ്പില്‍ 62 ശതമാനം വോട്ട് നേടിയാണ് റെയ്സി പ്രസിഡന്റാവുന്നത്. റെയ്സിയെ അധികാരത്തിൽ എത്തിക്കാന്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍പോലും അട്ടിമറി നടത്തിയതായി ആരോപണമുണ്ടായിരുന്നു. ഇതിന് പിന്നാലെ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ വലിയതോതില്‍ ആഹ്വാനമുണ്ടായി. 5.9 കോടി വോട്ടര്‍മാരില്‍ പകുതിയോളം പേര്‍ വിട്ടുന്നതോടെ പോളിങ് കുത്തനെ ഇടിഞ്ഞു. 

കടുത്ത മതനിഷ്ഠയുള്ള കുടുംബത്തില്‍ ജനിച്ച റെയ്‌സി, ടെഹ്‌റാനിലെ പ്രോസിക്യൂട്ടര്‍ ജനറലും നിയമകാര്യവിഭാഗത്തിന്റെ ഉപമേധാവിയും രാജ്യത്തിന്റെ പ്രോസിക്യൂട്ടര്‍ ജനറലുമായിരുന്ന ശേഷമാണ് പ്രസിഡന്റ് പദവിയിലേക്ക് എത്തിയത്. രാഷ്ട്രീയത്തടവുകാരെ തൂക്കിലേറ്റാന്‍ നിയമിച്ച സമിതിയില്‍ അദ്ദേഹം അംഗമായിരുന്നു. ഇതോടെ മനുഷ്യാവകാശധ്വംസനങ്ങളുടെ പേരില്‍ അമേരിക്കയുടെ ഉപരോധമടക്കം റെയ്‌സി നേരിട്ടിരുന്നു. 2017-ല്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഹസന്‍ റൂഹാനിക്കെതിരെയാണ് ആദ്യമായി മത്സരത്തിനിറങ്ങുന്നത്. പക്ഷേ, പരാജയപ്പെട്ടു. പാശ്ചാത്യശക്തികളുമായുള്ള ഇറാന്റെ ആണവകരാറിന്റെ കടുത്ത വിമര്‍ശതനായിരുന്ന റെയ്‌സി, ചൈനയുമായും റഷ്യയുമായും അടുത്ത സൗഹൃദമാണ് സൂക്ഷിച്ചിരുന്നത്. ഗാസയിലെ ഇസ്രയേല്‍ ആക്രമണങ്ങളില്‍ കടുത്ത നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. ആക്രമണങ്ങളില്‍ ഇറാനും പങ്കാളിയായതോടെ ഇരുരാജ്യങ്ങളും തമ്മിലെ ബന്ധവും വഷളായി. ഈ സാഹചര്യത്തിലായിരുന്നു ഹെലികോപ്റ്റര്‍ അപകടം. അപ്രതീക്ഷിതമായ ഈ അപകടത്തില്‍ അദ്ദേഹം കൊല്ലപ്പെട്ടതോടെയാണ് ഇറാന്‍ ആസന്നമായ തിരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്.

placeholder
മസൂദ് പെസെഷ്‌കിയാന്‍, അലി റാസ സകാനി, മുസ്തഫ പോര്‍ മുഹമ്മദി, അമിര്‍ ഹൊസൈന്‍ ഘാസിസാദെ ഹഷേമി, മുഹമ്മദ് ബാഘര്‍ ഘലിബാഫ്, സയീദ് ജലീല്‍ എന്നിവര്‍ തിരഞ്ഞെടുപ്പിന് മുമ്പ് ഒരു ടെലിവിഷന്‍ ചര്‍ച്ചയ്ക്ക് ശേഷം ഫോട്ടയ്ക്ക് പോസ് ചെയ്യുന്നു | Photo: Morteza Fakhri Nezhad/IRIB via AP

മത്സരത്തിനൊരുങ്ങിയത് ആറ് പേര്, മത്സരിച്ചത് നാല് പേര്‍ 

റെയ്‌സി കൊല്ലപ്പെട്ടതിന് പിന്നാലെ ഇറാന്‍ പുതിയ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. നാല് വനിതകള്‍ ഉള്‍പ്പെടെ ആകെ 80 പേരാണ് തിരഞ്ഞെടുപ്പിന് നാമനിര്‍ദേശം സമര്‍പ്പിച്ചത്. ഒട്ടുമിക്കവരും യാഥാസ്ഥിതികരോ അതിയാഥാസ്ഥിതികരോ ആയിരുന്നു. പക്ഷേ, ആറ് പേരെ മാത്രമാണ് ഇറാനിലെ തിരഞ്ഞെടുപ്പ് മേല്‍നോട്ട ചുമതലയുള്ള ഭരണഘടനാ സ്ഥാപനമായ ഗാര്‍ഡിയന്‍ കൗണ്‍സില്‍ തിരഞ്ഞെടുത്തത്. നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 74 പേരുടെ അപേക്ഷ കൗണ്‍സില്‍ തള്ളി. യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടക്കാണിച്ചുകൊണ്ടാണ് 30 പേരുടേയും അപേക്ഷ തള്ളിയത്. തീവ്രയാഥാസ്ഥിതികനും മുന്‍ പ്രസിഡന്റുമായ മഹ്‌മൂദ് അഹമ്മദി നെജാദായിരുന്നു നാമനിര്‍ദേശം തള്ളിയവരില്‍ പ്രമുഖന്‍. പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഘര്‍ ഘലിബാഫ്, വൈസ് പ്രസിഡന്റ് അമിര്‍ ഹൊസൈന്‍ ഘാസിസാദെ ഹഷേമി, ഇറാന്റെ ആണവചര്‍ച്ചകളിലെ മധ്യസ്ഥനായ സയീദ് ജലീല്‍, മുന്‍ ആഭ്യന്തരമന്ത്രി മുസ്തഫ പോര്‍മുഹമ്മദി, ടെഹ്റാന്‍ മേയര്‍ അലി റാസ സകാനി, പരിഷ്‌കരണവാദിയായ തബ്രീസില്‍നിന്നുള്ള പാര്‍ലമെന്റംഗം മസൂദ് പെസെഷ്‌കിയാന്‍ എന്നിവരുടെ നാമനിര്‍ദേശമാണ് ഗാര്‍ഡിയന്‍ കൗണ്‍സില്‍ അംഗീകരിച്ചത്. 

തിരഞ്ഞെടുപ്പിന് മുമ്പ് ജൂണ്‍ 26-ന് വൈസ് പ്രസിഡന്റ് അമിര്‍ ഹൊസൈന്‍ ഘാസിസാദെ ഹഷേമി തന്റെ സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചു. 2021 തിരഞ്ഞെടുപ്പില്‍ 10 ലക്ഷത്തിലധികം വോട്ട് പിടിച്ച ഘാസിസാദെ ഹഷേമി മറ്റ് സ്ഥാനാര്‍ഥികളോടും പിന്‍മാറാന്‍ അഭ്യര്‍ഥിച്ചിരുന്നു. വിപ്ലവ മുന്നണി ശക്തിപ്പെടുത്തണമെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു ഹഷേമിയുടെ പിന്മാറ്റം. പിന്നാല്ലെ അലി റാസ സകാനിയും തിരഞ്ഞെടുപ്പില്‍നിന്ന് പിന്‍മാറി. 2021 തിരഞ്ഞെടുപ്പില്‍ സകാനിയും മത്സരിക്കുകയും ഒരു ശതമാനത്തില്‍താഴെ വോട്ട് പിടിക്കുകയും ചെയ്തിരുന്നു. പരിഷ്‌കരണവാദിയായ മസൂദ് പെസെഷ്‌കിയാനെ പരാമര്‍ശിച്ചുകൊണ്ട് മുന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയുടെ മൂന്നാം ഭരണകൂടത്തിന്റെ രൂപീകരണം തടയാനായി താന്‍ പിന്‍വാങ്ങുന്നുവെന്നാണ് സകാനി പ്രതികരിച്ചത്. ഇതോടെ മുഹമ്മദ് ബാഘര്‍ ഘലിബാഫ്, സയീദ് ജലീല്‍, മുസ്തഫ പോര്‍മുഹമ്മദി, മസൂദ് പെസെഷ്‌കിയാന്‍ എന്നിവരാണ് തിരഞ്ഞെടുപ്പില്‍ ഏറ്റുമുട്ടിയത്. ഇതില്‍ പെസെഷ്‌കിയാന്‍ ഒഴിച്ചുള്ളവര്‍ തീവ്രയാഥാസ്ഥിതികരും പൗരോഹിത്യഭരണത്തെ പിന്തുണയ്ക്കുന്നവരുമായിരുന്നു. പക്ഷേ, ടെഹ്‌റാന്‍ സര്‍വകലാശാലയടക്കം നടത്തിയ അഭിപ്രായസര്‍വേകളില്‍ മസൂദ് പെസെഷ്‌കിയാനായിരുന്നു മുന്നിലെത്തിയത്. ചിലതില്‍ സയീദ് ജലീല്‍ മുന്നിലെത്തിയപ്പോള്‍ ഒന്നില്‍ മാത്രമാണ് മുഹമ്മദ് ബാഘര്‍ ഘലിബാഫ് മുന്നിലെത്തിയത്. 

ജൂണ്‍ 25-ന്, ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനി തിരഞ്ഞെടുപ്പില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തത്തിന് ആഹ്വാനം ചെയ്തു. ഒപ്പം മസൂദ് പെസെഷ്‌കിയാനെതിരേ അദ്ദേഹം പരസ്യമായി രംഗത്ത് വരുകയും ചെയ്തു.  ഇറാന്റെ പുരോഗതിക്കുള്ള മാര്‍ഗങ്ങള്‍ അമേരിക്കയില്‍ വരുന്നതെന്ന് വിശ്വസിക്കുന്ന സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കരുതെന്നാണ് ഖൊമേനി പറഞ്ഞത്. 61 ലക്ഷത്തോളം ഇറാന്‍ വോട്ടര്‍മാരില്‍ 40% മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്.  1979-ലെ ഇറാനിലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷമുള്ള തിരഞ്ഞെടുപ്പുകളില്‍ ഏറ്റവും കുറഞ്ഞ പോളിങ് ശതമാനമാണ് ഇതെന്നാണ് ആഭ്യന്ത്രമന്ത്രാലയം വ്യക്തമാക്കിയത്. ഫലം വന്നപ്പോള്‍ തിരഞ്ഞെടുപ്പില്‍ ജയിക്കാനാവശ്യമായ 50% വോട്ട് ഒരു സ്ഥാനാര്‍ഥിക്കും കിട്ടിയില്ല. ആകെ പോള്‍ ചെയ്ത 2.45 കോടി വോട്ടില്‍ 1.04 കോടി നേടി മസൂദ് പെസെഷ്‌കിയാന്‍ ഒന്നാമതെത്തി. 44.36% വോട്ടാണ് അദ്ദേഹത്തിനു ലഭിച്ചത്. സയീദ് ജലീലാണ് രണ്ടാമത് എത്തിയത്. അദ്ദേഹത്തിനു 94 ലക്ഷം വോട്ട് കിട്ടി. മുഹമ്മദ് ബാഘര്‍ ഘലിബാഫ് 14.1% വോട്ടുകളോടെ മൂന്നാമതായപ്പോള്‍ പോര്‍ മുഹമ്മദിക്ക് ഒരു ശതമാനം വോട്ടുകള്‍ പോലും ലഭിച്ചില്ല.

placeholder
മസൂദ് പെസെഷ്‌കിയാന്‍, സയീദ് ജലീല്‍ | Photo : MORTEZA FAKHRINEJAD / IRIB / AFP & Morteza Fakhri Nezhad/IRIB via AP 

പരിഷ്‌കരണവാദിയും അതിയാഥാസ്ഥിതികനും തമ്മിലുള്ള പോരാട്ടം

പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ആദ്യഘട്ടത്തില്‍ മത്സരിച്ച നാല് സ്ഥാനാര്‍ഥികളില്‍ ഒരേയൊരു പരിഷ്‌കരണവാദി ഡോ. മസൂദ് പെസെഷ്‌കിയാനായിരുന്നു. പേരെടുത്ത ഹൃദയശസ്ത്രക്രിയാ വിദഗ്ധനായ മസൂദ് പെസെഷ്‌കിയാന്‍ ഇറാന്‍- ഇറാഖ് യുദ്ധത്തിലും പങ്കെടുത്തിട്ടുണ്ട്. തബ്രീസില്‍നിന്നുള്ള പാര്‍ലമെന്റംഗമായ അദ്ദേഹം ഇറാന്റെ ആരോഗ്യമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യയും കുട്ടിയും ഒരു കാര്‍ അപകടത്തില്‍ കൊല്ലപ്പെട്ടതിനുശേഷം അദ്ദേഹം വിവാഹം കഴിച്ചിരുന്നില്ല. ഇറാനിലെ ന്യൂനപക്ഷമായ അസേറി വിഭാഗത്തില്‍നിന്നുള്ളയാളാണ് മസൂദ്. നേരത്തെ 2021 പ്രസിഡന്റ് തിരഞ്ഞെടുപ്പിലും പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും പരിഷ്‌കരണവാദികളായ സ്ഥാനാര്‍ഥികളെ കൂട്ടത്തോടെ അയോഗ്യരാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് പരിഷ്‌കരണവാദികളും യുവാക്കളുമടക്കമുള്ള വലിയ വിഭാഗം തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചിരുന്നു. ഇതൊഴിവാക്കാനും അന്താരാഷ്ട്രതലത്തില്‍ തിരഞ്ഞെടുപ്പ് സുതാര്യമാണെന്ന് കാണിക്കാനും വോട്ടിങ് ശതമാനം ഉയര്‍ത്തേണ്ടതുണ്ട്. ഇതിനുവേണ്ടിയാണ് ഡോ. മസൂദ് പെസെഷ്‌കിയാന്റെ സ്ഥാനാര്‍ഥിത്വം തിരഞ്ഞെടുപ്പ് സമതി അംഗീകരിച്ചതെന്നാണ് നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്.  

മറുവശത്ത് അതിയാഥാസ്ഥിതികനായ സയീദ് ജലീല്‍ ഇറാന്റെ ആണവപദ്ധതിയുടെ മുന്‍വക്താവാണ്. ഇറാന്‍-ഇറാഖ് യുദ്ധത്തില്‍ ഒരു കാല്‍ നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് 'ജീവിക്കുന്ന രക്തസാക്ഷി' എന്നാണ് അറിയപ്പെടുന്നത്. തീവ്രവലതുപക്ഷ പാര്‍ട്ടിയായ പെയ്ദാരിയെ നയിക്കുന്ന അദ്ദേഹം ആഭ്യന്തര-വിദേശ നയങ്ങളുടെ കാര്യത്തില്‍ രാജ്യത്തെ ഏറ്റവും കടുത്ത പ്രത്യയശാസ്ത്രത്തേയാണ് എല്ലാക്കാലത്തും പ്രതിനിധീകരിച്ചത്. സാമ്പത്തികരംഗത്തെ നേട്ടങ്ങള്‍ക്കായി ഇറാന്‍ ഒരിക്കലും അമേരിക്കയുമായും മറ്റ് പാശ്ചാത്യശക്തികളുമായും സമവായത്തിലെത്തേണ്ടതില്ലെന്ന നിലപാടാണ് അദ്ദേഹത്തിന്റേത്. പ്രഥമികഘട്ടത്തില്‍ മത്സരിച്ച നാല് പേരില്‍ ഖമേനിയുടെ അടുത്തയാളെന്ന് പരക്കെ വിശ്വസിക്കപ്പെടുന്ന സ്ഥാനാര്‍ഥിയാണ് സയീദ് ജലീല്‍. പക്ഷേ, ഇറാന്റെ സാമ്പത്തിക ശേഷിയെക്കുറിച്ച് യാഥാര്‍ത്ഥ്യബോധമില്ലാത്ത വിലയിരുത്തലാണ് അദ്ദേഹം പൊതുജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നതെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. ആണവ കരാറിനെ മാത്രമല്ല, പാശ്ചാത്യരാജ്യങ്ങളുമായുളള ഏതുതരത്തിലുള്ള സമവായത്തേയും അദ്ദേഹം അന്ധമായി എതിര്‍ക്കുന്നുവെന്നാണ് ഒരു ആക്ഷേപം. 

placeholder
ഇറാന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്ന സ്ത്രീ | Photo; Nabil al-Jourani/ AP

മസൂദ് പെസെഷ്‌കിയാനോ സയീദ് ജലീലോ? 

പ്രസിഡന്റിന്റെ അപ്രതീക്ഷിത മരണം പോലുള്ള അതിനിര്‍ണായക വെല്ലുവിളിഘട്ടത്തെ നേരിടാന്‍ സാധിക്കുമെന്ന് ലോകത്തെ ബോധ്യപ്പെടുത്താനുള്ള അവസരമായിരുന്നു ഇറാന്‍ നേതൃത്വത്തിന് ഈ തിരഞ്ഞെടുപ്പ്. ആഭ്യന്തര പ്രതിഷേധങ്ങള്‍ക്കും പിരിമുറുക്കള്‍ക്കുമൊപ്പം അമേരിക്കയുമായും ഇസ്രയേലുമായും ഉരസല്‍ നടക്കുമ്പോഴും ആഭ്യന്തരരാഷ്ട്രീയത്തില്ഡ അസ്ഥിരത പടരാതെ തിരഞ്ഞെടുപ്പിലേക്ക് എത്തുക എന്നതായിരുന്നു അവര്‍ക്കു മുന്നിലുണ്ടായിരുന്ന വെല്ലുവിളി. ഇറാന്‍ ഔദ്യോഗികമായി പൗരോഹിത്യഭരണത്തിന് കീഴിലാണെങ്കിലും പ്രസിഡന്റ്, പാര്‍ലമെന്റ് അംഗങ്ങള്‍, കൗണ്‍സിലുകള്‍ തുടങ്ങിയ സര്‍ക്കാര്‍ സ്ഥാനങ്ങളിലേക്ക് കൃത്യമായി തിരഞ്ഞെടുപ്പ് നടക്കാറുണ്ട്. പക്ഷേ, പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നവരെ ശ്രദ്ധാപൂര്‍വ്വം സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കാറുണ്ട്. തിരഞ്ഞെടുപ്പ് മേല്‍നോട്ട ചുമതലയുള്ള ഭരണഘടനാ സ്ഥാപനമായ ഗാര്‍ഡിയന്‍ കൗണ്‍സിലാണ് ഇത് ചെയ്യുന്നത്. 

അതിനാല്‍ തന്നെ പാശ്ചാത്യലോകവും മനുഷ്യാവകാശസംഘടനകളും നിരീക്ഷകരും ഇറാന്‍ തിരഞ്ഞെടുപ്പ് സ്വതന്ത്രവും സുതാര്യവുമാണെന്ന് കരുതുന്നില്ല. നിയമജ്ഞരും പുരോഹിതരുമടങ്ങുന്ന 12 അംഗ ഗാര്‍ഡിയന്‍ കൗണ്‍സിലാണ് മത്സരിക്കാനുള്ള സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നത്. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ 80 അപേക്ഷകരില്‍ നിന്നാണ് ആറ് പേരെമാത്രം ഗാര്‍ഡിയന്‍ കൗണ്‍സില്‍ തിരഞ്ഞെടുത്തത്. ഒഴിവാക്കിയവരില്‍ സ്ത്രീകളും മുന്‍ പ്രസിഡന്റും എംപിമാരും ഉദ്യോഗസ്ഥരുമടങ്ങുന്ന പ്രമുഖരുണ്ടായിരുന്നു. അതിനാല്‍ തന്നെ നേതൃത്വത്തിന് അപ്രിയരായ സ്ഥാനാര്‍ഥികള്‍ മത്സരിക്കാനുള്ള സാധ്യത കുറവാണ്. ഒപ്പം മത്സരത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ടാകും. നേതൃത്വത്തോട് അടുപ്പമുള്ള, കൂടുതല്‍ യാഥാസ്ഥിതിക സ്ഥാനാര്‍ഥികളില്‍ ഒരാള്‍ വിജയിച്ചാല്‍, അത് തങ്ങളുടെ രാഷ്ട്രീയ ബ്രാന്‍ഡിന്റെ വിജയമായി സര്‍ക്കാര്‍ അവകാശപ്പെടും. പക്ഷേ, തിരഞ്ഞെടുപ്പില്‍ ആരു വിജയിച്ചാലും പ്രധാനപ്പെട്ട തീരുമാനങ്ങളെല്ലാം പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ നേതൃത്വത്തിലാണ് എടുക്കുന്നത്. പക്ഷേ, തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് വിദേശത്ത് ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ മുഖമായിരിക്കും. 

ആദ്യഘട്ടത്തില്‍ മത്സരിച്ച നാല് പേരില്‍ ഒരാളൊഴികെ മറ്റെല്ലാവരും രാഷ്ട്രീയമായി യാഥാസ്ഥിതികരാണ്. അവരാകട്ടെ പൗരോഹിത്യ ഭരണത്തെ പിന്തുണയ്ക്കുന്നവരുമാണ്. പാശ്ചാത്യ ഇടപെടലുകളെക്കുറിച്ച് വലിയ ജാഗ്രത പുലര്‍ത്തുന്നവരുമാണ്. മൂന്ന് യാഥാസ്ഥിതികരും ഒരു പരിഷ്‌കരണവാദിയും ഏറ്റുമുട്ടിയ ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ വിജയം പരിഷ്‌കരണവാദിയായ പാര്‍ലമെന്റംഗം മസൂദ് പെസെഷ്‌കിയാനൊപ്പമായിരുന്നു. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പില്‍ പക്ഷേ, ജയിക്കാനാവശ്യമായ 50% വോട്ട് കിട്ടിയില്ല. ഇതോടെയാണ് തിരഞ്ഞെടുപ്പ് രണ്ടാം വട്ടത്തിലേക്കു നീങ്ങിയത്. ഇതിനുമുമ്പ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് രണ്ടാം വട്ടത്തിലേക്കു നീങ്ങിയത് 2005-ല്‍മാത്രമാണ്. അതിലാണ് മുന്‍പ്രസിഡന്റ് അക്ബര്‍ ഹാഷെമി റഫ്സാഞ്ചാനിയെ തോല്‍പ്പിച്ച് അതിയാഥാസ്ഥിതികനായ മഹ്‌മൂദ് അഹ്‌മദി നെജാദ് പ്രസിഡന്റായത്.

ഇത്തവണ ആരായിരിക്കും ഇറാന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുക? മുഹമ്മദ് ബഘേര്‍ ഘലിബാഫ്,  മുസ്തഫ പോര്‍മുഹമ്മദി എന്നിവര്‍പിടിച്ച വോട്ട് രണ്ടാംഘട്ടത്തില്‍ ആര്‍ക്ക് അനുകൂലമാകും? ഇറാന്‍ ജനത കാത്തിരിക്കുകയാണ്.