ജനുവരി മൂന്നിന് കരക്കാസിൽ മിന്നലാക്രമണം നടത്തി വെനസ്വേലയുടെ പ്രസിഡന്റ് നിക്കോളസ് മഡുറോയെയും ഭാര്യ സീലിയ ഫ്ളോറിസിനെയും തട്ടിക്കൊണ്ടുപോയ സംഭവം ആഗോള രാഷ്ട്രീയത്തെയും ശക്തി സമവാക്യങ്ങളെയും മാറ്റിമറിച്ചിരിക്കുന്നു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഈ നടപടിയിൽ നിന്നും ഇനി 'മോചന'മില്ല. ലോകം ഇനിയൊരിക്കലും പഴയതുപോലെ ആവില്ലെന്ന് ലോകരാജ്യങ്ങൾ തിരിച്ചറിയുന്നുണ്ട്. ഒറ്റതിരിഞ്ഞ പ്രതിഷേധ ശബ്ദങ്ങൾ ഉയരുന്നുണ്ടെങ്കിലും മാറിയ ലോകക്രമവുമായി പൊരുത്തപ്പെടാനുള്ള തീവ്രശ്രമത്തിലാണ് എല്ലാവരും.

To advertise here,

മഡുറോയുടെ 'കടുവ' എന്നറിയപ്പെട്ടിരുന്ന, ഇടക്കാല ഭരണാധികാരിയായി ചുമതലയേറ്റ മുൻ വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് അമേരിക്കൻ ഭരണകൂടവുമായി സഹകരിച്ചു പ്രവർത്തിക്കുമെന്ന സൂചനയാണ് നൽകുന്നത്. രാജ്യത്തുനിന്നും എണ്ണഖനനം പുനരാരംഭിക്കും മുമ്പ് റഷ്യ, ചൈന, ഇറാൻ ക്യൂബ എന്നീ രാജ്യങ്ങളെ ചവിട്ടി പുറത്താക്കണം, അവരുമായുള്ള സാമ്പത്തികബന്ധങ്ങൾ വിച്ഛേദിക്കണം, എണ്ണ ഉത്പാദനത്തിൽ അമേരിക്ക മാത്രമായിരിക്കണം പങ്കാളി- ഇങ്ങനെ പോവുന്നു യജമാനന്റെ തീട്ടൂരങ്ങൾ. അമേരിക്കൻ ഉപരോധം കാരണം എണ്ണ വിൽക്കാനാവാത്തതിനാൽ അവരുടെ എണ്ണ സംഭരണികളൊക്കെ നിറഞ്ഞു കവിയുകയാണ്. എണ്ണ വിൽക്കാതെ ഏതാനും ആഴ്ചകൾ കൂടി മാത്രമേ വെനസ്വേലയ്ക്ക് സാമ്പത്തികമായി പിടിച്ചു നിൽക്കാനാവൂ. വെനസ്വേലൻ എണ്ണയുടെ നിയന്ത്രണം ഇനി അമേരിക്കയുടെ കൈയിലാണ് എന്നു ചുരുക്കം. ഡൊണാൾഡിന്റെ അക്രമോത്സുകമായ 'ഡോൺറോ' തത്വപ്രകാരം ഒരു ശരിയേയുള്ളൂ- അമേരിക്കയുടെ ഹിതം

സൈനികനടപടിക്കു ശേഷവും ട്രംപിന്റെ ജനപ്രീതി 45 ശതമാനത്തിൽ താഴെയാണ്. റിപ്പബ്ലിക്കൻ അനുയായികൾക്കിടയിലും ലാറ്റിനമേരിക്കൻ വംശജർക്കിടയിലുമാണ് ജനപ്രീതിയിൽ കാര്യമായ വർധനവുണ്ടായത്. പക്ഷേ, അന്തസ്സില്ലാത്ത ഈ സൈനിക ഇടപെടൽ ഡെമോക്രാറ്റുകളുടെ ഇടയിൽ പ്രസിഡന്റിന്റെ ഇമ്പിച്ച്‌മെന്റ് സംബന്ധിച്ച ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. പ്രധാനപ്പെട്ട കോൺഗ്രസ് കമ്മിറ്റികൾ ഡെമോക്രാറ്റുകളുടെ നിയന്ത്രണത്തിലാണ്. ഇത് മനസ്സിലാക്കുന്ന ട്രംപ് റിപ്പബ്ലിക്കൻമാർക്ക് മുന്നറിയിപ്പ് കൊടുത്തിട്ടുണ്ട്, ഈ വർഷം നടക്കുന്ന മിഡ്‌ടേം തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ തന്നെ മൂന്നാമതും ഇംപീച്ച് ചെയ്‌തേക്കുമെന്നും അത് ഒഴിവാക്കണമെന്നും.

അമേരിക്കൻ കടന്നുകയറ്റത്തിന്റെ തുടർപ്രകമ്പനങ്ങൾ ടെഹറാനിലും ബെയ്ജിങ്ങിലും മോസ്‌കോയിലും യൂറോപ്യൻ തലസ്ഥാനങ്ങളിലും ഇപ്പോഴും അടങ്ങിയിട്ടില്ല. ഇനിയെന്താണ് ട്രംപിന്റെ കൈയിൽ എന്ന ആശങ്കയിലാണവർ. ഡെൻമാർക്കിന്റെ ഭാഗമായ, സ്വയംഭരണപ്രദേശമായ ഗ്രീൻലൻഡ് അമേരിക്കയോടു കൂട്ടിച്ചേർക്കുമെന്ന ട്രംപൻ പ്രഖ്യാപനത്തെ ഇപ്പോൾ ആരും വീരവാദമായി കാണുന്നില്ല. തന്ത്രപ്രധാനമായ ഈ മേഖലയിൽ അപൂർവ ഭൗമ മൂലകങ്ങളുടെ ശേഖരമുണ്ട്. ട്രംപിന്റെ അടുത്ത അനുയായികളിൽ ഒരാളായ സ്റ്റീഫൻ മില്ലർ, ഗ്രീൻലന്റിന്റെ ഭാവിയെ ചൊല്ലി ആരും അമേരിക്കയുമായി യുദ്ധത്തിന് വരാൻ പോകുന്നില്ലെന്ന് പറഞ്ഞത് സത്യമാണ്. ട്രംപ് അവിടെ പട്ടാളത്തെ അയച്ചാൽ ചെറുക്കാൻ ആരുമില്ല! നാറ്റോയിലെ പ്രമുഖ അംഗങ്ങളായ ഫ്രാൻസും ജർമനിയും സ്‌പെയിനുമൊക്കെ അമേരിക്കൻ നീക്കത്തെ അപലപിച്ചിട്ടുണ്ടെങ്കിലും ധാർമികരോഷം പ്രസ്താവനകളിൽ ഒതുക്കുവാനേ അവർക്കു കഴിയൂ. അമേരിക്കയിൽ നിന്നുള്ള ഏത് ആക്രമണവും നാറ്റോയുടെ അന്ത്യം കുറിക്കുമെന്ന് ഡെന്മാർക്ക് പ്രധാനമന്ത്രി മെറ്റ ഫ്രെഡറിക്‌സൺ പറഞ്ഞു.

ഗയാനയുമായുള്ള എണ്ണക്കരാറും ഇന്ത്യയുടെ ദൂരക്കാഴ്ചയും

രണ്ടാംടേമിൽ ട്രംപ് എത്തിയതു മുതൽ ഇന്ത്യൻ വിദേശനയത്തിന് വിശ്രമമില്ലാത്ത നാളുകളായിരുന്നു. ട്രംപിന്റെ വെനസ്വേല കടന്നാക്രമണം അമേരിക്കയുടെ ഏകപക്ഷീയ നടപടികളുടെ ദൂരവ്യാപകഫലങ്ങളെ വെളിവാക്കിയതിനൊപ്പം ഇന്ത്യയുടെ തന്ത്രപരമായ സ്വതന്ത്രനിലപാടിന്റെ കൂടുതൽ സാധ്യതകൾ തുറന്നിടുകയും ചെയ്യുന്നുണ്ട്. ട്രംപ് ഇന്ത്യൻ കയറ്റുമതിക്കു ചുമത്തിയ 50 ശതമാനം അധികത്തീരുവയെ ഇന്ത്യ വലിയ പരിക്കില്ലാതെ മാനേജ് ചെയ്തു- പുതിയ വിപണികൾ കണ്ടെത്തിയും വിവിധ രാജ്യങ്ങളുമായി സ്വതന്ത്രവ്യാപാരക്കരാറുകളിൽ ഏർപ്പെട്ടുമൊക്കെ. 2025 നവംബറിൽ അമേരിക്കയിലേക്കുള്ള ഇന്ത്യൻ കയറ്റുമതി വർദ്ധിച്ചത് ഉദാഹരണം. 

അമേരിക്ക ഏർപ്പെടുത്തിയ അധികത്തീരുവകളുടെയും റഷ്യൻ എണ്ണയ്ക്കുമേൽ ഏർപ്പെടുത്തിയ ഉപരോധത്തിന്റെയും പശ്ചാത്തലത്തിൽ ഇന്ത്യ വളരെ കരുതലോടെയാണ് കരുക്കൾ നീക്കിയതെന്ന് വ്യക്തമാണ്. കുറഞ്ഞ വിലയ്ക്ക് കിട്ടാവുന്നത്രയും റഷ്യൻ എണ്ണ വാങ്ങി (യുക്രൈൻ യുദ്ധം തുടങ്ങിയ ശേഷം ഏതാണ്ട് 15 ലക്ഷം കോടി രൂപയ്ക്ക്). പ്രതിസന്ധി കടുത്തതനുസരിച്ച് കൂടുതൽ കമ്പോളങ്ങൾ കണ്ടെത്തി. ഇപ്പോൾ നാൽപ്പതിലധികം രാജ്യങ്ങളിൽ നിന്നും ഇന്ത്യ എണ്ണ വാങ്ങുന്നുണ്ട്. റഷ്യൻ എണ്ണയുടെ ഇറക്കുമതി ഗണ്യമായി കുറയ്‌ക്കേണ്ടി വന്നാലും പിടിച്ചുനിൽക്കാൻ സഹായിക്കുന്ന ഒരു കരാരിൽ കഴിഞ്ഞമാസം ഒപ്പുവച്ചു, ഗയാനയുമായി. ഇന്ത്യയുടെ ഊർജസുരക്ഷയിൽ വലിയൊരു ചുവടുവെപ്പാണ് ഈ നീക്കം.

വെനസ്വേലയുടെ തൊട്ടടുത്തുള്ള ജനാധിപത്യരാജ്യമായ ഗയാനയിൽ നാൽപ്പതു ശതമാനത്തോളം ഇന്ത്യൻ വംശജരാണ്. അവിടുത്തെ പ്രസിഡന്റും ഇന്ത്യൻ വംശജനുമായ മുഹമ്മദ് ഇർഫാൻ അലിയെ ഇന്ത്യ 2023-ൽ മധ്യപ്രദേശിലെ ഇന്ദോറിൽ നടന്ന പതിനേഴാം പ്രവാസി ഭാരതീയ ദിവസിൽ മുഖ്യാതിഥിയാക്കി, പ്രവാസി ഭാരതീയ സമ്മാൻ നൽകി ആദരിച്ചു. 2024-ൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഗയാന സന്ദർശിച്ചു. 56 വർഷത്തിനിടെ ആദ്യമായിരുന്നു ഒരു ഇന്ത്യൻ പ്രധാനമന്ത്രി അവിടെയെത്തിയത്. ഊർജരംഗത്ത് ഇന്ത്യയും ഗയാനയും 'സ്വാഭാവിക പങ്കാളികളാണന്ന്' പ്രഖ്യാപിച്ച മോദി ഗയാനയുടെ വമ്പൻ അസംസ്‌കൃത എണ്ണശേഖരത്തിന് ഇന്ത്യയുടെ വൻകിടശുദ്ധീകരണശേഷി ഏറ്റവും മികച്ച ലക്ഷ്യസ്ഥാനമാണെന്ന് പറഞ്ഞു. വിവിധമേഖലകളിലെ സഹകരണത്തിനുള്ള 10 കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു.

കഴിഞ്ഞ ഡിസംബറിലാണ് ഇരുരാജ്യങ്ങളും തമ്മിൽ മഹാഊർജ ഉടമ്പടിയിൽ ഒപ്പുവെച്ചത്. ഈ വർഷം പുതിയ കരാർ നടപ്പിലാവുന്നതോടെ ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ 10 മുതൽ 15 ശതമാനം വരെ ഗയാനയിൽ നിന്നാവും. 11 ബില്യൺ ബാരലിൽ അധികമാണ് ഗയാനയിലെ എണ്ണനിക്ഷേപം. 2030- ഓടെ ദിവസം 1.7 ദശലക്ഷം ബാരൽ ഉല്പാദനമാണ് രാജ്യം ലക്ഷ്യമിടുന്നത്. ഈ വർഷം നടക്കുന്ന എണ്ണപ്പാടലേലത്തിൽ ഇന്ത്യൻ കമ്പനികളെ ഗയാന ക്ഷണിച്ചിട്ടുണ്ട്. സ്ഥിരതയുള്ള, സമാധാനമുള്ള ജനാധിപത്യരാജ്യമായ ഗയാനയുമായുള്ള ഇടപാടിൽ ഏതെങ്കിലും തരത്തിലുള്ള ഉപരോധത്തെക്കുറിച്ച് ഭയക്കേണ്ട. മേധാവിത്വമോഹമില്ലാത്ത, അന്യരാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാത്ത ശക്തിയെന്ന നിലയിൽ ലാറ്റിനമേരിക്കയിൽ ഇന്ത്യയ്ക്കുള്ള സ്വീകാര്യത വർധിപ്പിക്കുന്നതാണ് ഗയാനയുമായുള്ള കരാർ.

വിറച്ച് ഇറാനും ക്യൂബയും, ആശങ്കയോടെ ചൈന

വെനസ്വേലയിൽ ഏതാണ്ട് 60 ബില്യൺ ഡോളറാണ് ചൈന നിക്ഷേപിച്ചിട്ടുള്ളത്. പ്രതിഫലം എണ്ണയായി കൈപ്പറ്റിയിരുന്നു, രാജ്യത്തിന്റെ 90 ശതമാനം എണ്ണ കയറ്റുമതിയും അവർക്കായിരുന്നു. വെനസ്വേലൻ എണ്ണയുടെ വരവ് നിലയ്ക്കുന്നത് ചൈനയുടെ ഊർജ്ജ പ്രതിസന്ധിയെ വഷളാക്കും. ചൈനയുടെ ദേശീയ മാധ്യമങ്ങൾ അമേരിക്കയെ 'ആഗോള ചട്ടമ്പി'ആയി കുറ്റപ്പെടുത്തി. വിതരണ ശൃംഖലകൾ തടസ്സപ്പെടുത്തിയത് ചൈനയുടെ ഉല്പാദനവ്യവസ്ഥയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് പരാതിപ്പെട്ടു. ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലുമുള്ള അമേരിക്കാ വിരുദ്ധ സർക്കാരുകളെ പിന്തുണയ്ക്കുക, ലോക വ്യാപാര സംഘടനയിൽ പരാതി കൊടുക്കുക, എണ്ണക്കപ്പലുകൾ പിടിച്ചെടുക്കുന്നതിനെതിരെ യുഎൻ സംഘടനയ്ക്ക് പരാതി കൊടുക്കുക, അറ്റകൈയ്ക്ക് അപൂർവ ഭൗമമൂലകങ്ങളുടെ കയറ്റുമതിക്ക് നിയന്ത്രണമേർപ്പെടുത്തുക തുടങ്ങിയ പരോക്ഷ നടപടികളാണ് അവരുടെ മുന്നിൽ.

വെനസ്വേലയിലെ പ്രസിഡന്റിനെ തട്ടിക്കൊണ്ടുപോയി അമേരിക്കൻ ജയിലിൽ അടച്ചത് ഇറാൻ ഭരണകൂടത്തിനും ആശങ്ക സമ്മാനിച്ചിട്ടുണ്ട്‌. 86- കാരനായ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയി, അടിയന്തര സാഹചര്യം വന്നാൽ 20 സഹായികളുമായി സ്വകാര്യ വിമാനത്തിൽ മോസ്‌കോയിലേക്ക് രക്ഷപ്പെടാൻ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് വരെ പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഒരു പക്ഷേ, ഈ വാർത്ത ഇറാൻ സർക്കാരിനെ ദുർബലപ്പെടുത്താനുള്ള ദുഷ്പ്രചാരണവുമാകാം. പക്ഷേ, ഇറാനിലെ പ്രതിഷേധങ്ങൾ രൂക്ഷമാവുകയാണ്. സാമ്പത്തികദുരിതവും സ്ത്രീകളുടെ അവകാശങ്ങൾക്ക് മേലുള്ള വിലക്കുകളുമാണ് പ്രധാന കാരണം. രാജ്യത്തെ നൂറോളം നഗരങ്ങളിൽ ദിവസങ്ങളായി വലിയ പ്രതിഷേധങ്ങൾ നടക്കുകയാണ്. സമരക്കാർക്ക് നേരെ ആയുധം പ്രയോഗിച്ചാൽ ഇടപെടാൻ തയ്യാറാണെന്ന് ട്രംപിന്റെ പ്രഖ്യാപനമാണ് ഇറാനെ ആശങ്കയിലാഴ്ത്തിയിരിക്കുന്നത്.

ക്യൂബയുടെ കാര്യമാണ് പരമദയനീയം. സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്കു ശേഷം വെനസ്വേല സൗജന്യനിരക്കിൽ നൽകുന്ന എണ്ണയാണ് രാജ്യത്തെ പിടിച്ചു നിർത്തുന്നത്. കരീബിയനിലെ സോഷ്യലിസ്റ്റ്‌ കൂട്ടായ്മയുടെ ഹൃദയമിടിപ്പായിരുന്നു വെനസ്വേല- ക്യൂബ സഖ്യം. ദിവസം ഏതാണ്ട് 50,000 ബാരൽ എണ്ണ. ക്യൂബയുടെ ആവശ്യത്തിന്റെ പകുതിയോളം വരും ഇത്. ക്യൂബയിലേക്കുള്ള എണ്ണ ടാങ്കറുകളെ അമേരിക്കൻ നേവി ചെറുത്തതോടെ ഈ പ്രവാഹം നിലച്ചു. തലസ്ഥാനമായ ഹവാനയിൽ ദിവസം 20 മണിക്കൂർ പവർകട്ടാണെന്ന് വാർത്തയുണ്ട്. മഡുറോയെ പിടികൂടാൻ അമേരിക്ക നടത്തിയ ഓപ്പറേഷനിൽ 32 ക്യൂബൻ സൈനികർ വധിക്കപ്പെട്ട ദു:ഖത്തിനു പുറമേയാണ് ഈ ദുരിതം. വെനസ്വേലയ്ക്കു പിന്നാലെ ക്യൂബയും വീഴുമെന്ന് ട്രംപും വിദേശസെക്രട്ടറി മാർക്കോ റൂബിയോയും പറഞ്ഞിരുന്നു.

കടുത്ത ഭക്ഷ്യക്ഷാമമാണ് ക്യൂബയിൽ. അവരെ സഹായിക്കാൻ കഴിവുള്ള ഏകരാജ്യം റഷ്യയാണ്. പക്ഷേ, നിലവിലെ സാഹചര്യത്തിൽ അവരും അതിനു തുനിയുമെന്ന് തോന്നുന്നില്ല. യുക്രൈൻ യുദ്ധത്തെ അതു ബാധിക്കുമെന്നതാണ് കാരണം. താൽക്കാലിക പ്രസിഡന്റായി ഡെൽസി റോഡ്രിഗസിനെ അംഗീകരിച്ച ആദ്യത്തെ രാജ്യം റഷ്യയാണ്. അവരുടെ വിദേശമന്ത്രി സെർജി ലാവ്രോവ് ശക്തമായി ഭാഷയിൽ അമേരിക്കയെ അപലപിക്കുകയും ചെയ്തു. പക്ഷേ, പ്രസിഡന്റ് വ്‌ലാദിമിർ പുതിൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. യുക്രൈൻ സംബന്ധിച്ച് ട്രംപും പുതിനും തമ്മിൽ എന്തെങ്കിലും രഹസ്യഡീൽ ഉണ്ടാക്കിയോ എന്നുപോലും സംശയിക്കുന്നവരുണ്ട്. യുക്രൈൻ പ്രസിഡന്റ് സെലൻസ്‌കി ശരിക്കും പേടിക്കണം!

ഇന്ത്യയുടെ വെല്ലുവിളി

വെനസ്വേലയിലെ അട്ടിമറിക്ക് റാൻ മൂളി നിൽക്കുന്ന ലോകം കൂടുതൽ നിർലജ്ജമായ കൈയേറ്റങ്ങൾക്ക് ട്രംപിനെ പ്രേരിപ്പിച്ചു കൂടായ്കയില്ല. എങ്കിലും ശക്തർക്കെതിരെ പടക്കളത്തിലിറങ്ങാൻ മടിയാണ് അമേരിക്കയ്ക്ക്. റഷ്യയും ചൈനയും പോകട്ടെ, ഉത്തരകൊറിയയെ തൊടാൻ ധൈര്യമില്ല അങ്കിൾ സാമിന്. ഇന്ത്യയുടെ കാര്യമെടുത്താൽ ഉഭയകക്ഷി ബന്ധങ്ങളിൽ നിരവധി കാര്യങ്ങളിൽ ഇടർച്ചയുണ്ടെങ്കിലും പ്രശ്‌നങ്ങൾ പറഞ്ഞുതീർക്കാനുള്ള സാധ്യതകൾ നിലവിലുണ്ട്. ഇരുരാജ്യങ്ങൾക്കും പൊതുവായ ചൈനീസ് ഭീഷണിയും ക്വാഡിലെ പങ്കാളിത്തവും ആണ് പ്രധാനകാരണങ്ങൾ.

പ്രതിരോധസഹകരണത്തിൽ പൊരുത്തക്കേടുകളുണ്ടെങ്കിലും (യുദ്ധോപകരണങ്ങൾ നൽകുന്നതിൽ യുഎസ് വലിയ കാലതാമസം വരുത്തുന്നു) നിർമിത ബുദ്ധിയിലും മറ്റു സാങ്കേതികവിദ്യകളിലും ഒരുമിച്ചു പ്രവർത്തിക്കുന്നുണ്ട് ഇരു രാജ്യങ്ങളും. ചില കാര്യങ്ങളിൽ, പ്രത്യേകിച്ച് കൃഷിയിൽ, ഇന്ത്യ ഒരു വിട്ടുവീഴ്ചക്കും തയ്യാറാകാത്തതിനാൽ വ്യാപാരക്കരാർ മുടങ്ങിക്കിടക്കുകയാണ്. അമേരിക്ക മുഖം തിരിച്ചാൽ ഇന്ത്യ ചൈനയിലേക്കു നോക്കുമെന്നത് (ആസിയാനിൽ നാമതു കണ്ടു- പുതിനും ഷീ ജിൻപിങും മോദിയും ഒരുമിക്കുന്നത്) അലോസരപ്പെടുത്തുന്നു. ഈ വഴക്കത്തിന് ഇന്ത്യയെ സഹായിക്കുന്നത് രാജ്യത്തിന്റെ തന്ത്രപരമായ സ്വതന്ത്ര നിലപാടാണ് (സ്ട്രാറ്റജിക് ഓട്ടോണമി).

പ്രായോഗിക രാഷ്ട്രീയ സാഹചര്യങ്ങളിൽ ആദർശധീരതയ്ക്ക് പരിമിതികളുണ്ട്. വികസ്വരലോകത്തിന്റെ നേതാവെന്ന നിലയ്ക്ക് ആഫ്രിക്കയിലെയും ഏഷ്യയിലെയും ദരിദ്രരാജ്യങ്ങൾ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത് ഇന്ത്യയെയാണ്. തൊട്ടയൽപക്കത്തെ ഏതെങ്കിലും ഭരണത്തലവനെ അമേരിക്കൻ കമാൻഡോകൾ പാതിരാത്രി പിടിച്ചുകൊണ്ടുപോയി കൈയാമം വെച്ച് അമേരിക്കൻ തെരുവുകളിലൂടെ നടത്തിയാൽ കണ്ടില്ലെന്ന് നടിക്കാനാവുമോ? പക്ഷേ, റഷ്യയും ചൈനയും യൂറോപ്യൻ യൂണിയനും പ്രതിഷേധം വാക്കുകളിലൊതുക്കുമ്പോൾ ഇന്ത്യയ്ക്കു മാത്രമായി അമേരിക്കയെ വെല്ലുവിളിക്കാനാവില്ല എന്നതാണ് യാഥാർത്ഥ്യം.