നകീയ പ്രതിഷേധത്തിന്റെ ചൂടറിഞ്ഞ് ഫ്രാന്‍സും. സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരേ ജനങ്ങള്‍ നടത്തുന്ന പ്രതിഷേധം താൽക്കാലികമായി കെട്ടടങ്ങിയെങ്കിലും ശമിച്ചിട്ടില്ല. ദിവസങ്ങൾക്കുള്ളിൽ അടുത്ത ഘട്ടം ആരംഭിക്കുമെന്നാണ് സൂചനകൾ.  രാജ്യവ്യാപക പ്രതിഷേധത്തെ നേരിടാന്‍ പ്രസിഡന്റ് മക്രോണിന്റെ സര്‍ക്കാര്‍ ഒരു ലക്ഷത്തോളം പോലീസുകാരെയാണ് വിന്യസിച്ചത്. നൂറുകണക്കിനാളുകളെ അറസ്റ്റും ചെയ്തു. പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ ഭരണത്തിനും സര്‍ക്കാര്‍ പദ്ധതിയിടുന്ന ബജറ്റ് വെട്ടിച്ചുരുക്കലിനും നേരേയായിരുന്നു ജനകീയ പ്രക്ഷോഭം. ബ്ലോക്ക് എവരിതിങ് എന്ന ലേബലിന് കീഴില്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങി. കഴിഞ്ഞദിവസം രാജിവെച്ച പ്രധാനമന്ത്രി ഫ്രാന്‍സ്വ ബെയ്‌റുവിന്റെ ചെലവുചുരുക്കല്‍ പദ്ധതിക്കെതിരേയാണ് പ്രസ്ഥാനം പ്രക്ഷോഭത്തിന് ആഹ്വാനംചെയ്തത്. ബെയ്‌റുവിന്റെ രാജിക്ക് ശേഷവും പ്രതിഷേധം കെട്ടടങ്ങിയില്ല. ഗതാഗതം തടസ്സപ്പെടുത്തിയും പൊതുമുതലുകള്‍ നശിപ്പിച്ചും പ്രതിഷേധം മുന്നോട്ടുപോവുന്നത് രാഷ്ട്രീയ പ്രതിസന്ധിയും സൃഷ്ടിച്ചിരിക്കുന്നു. ആരാണ് ബ്ലോക്ക് എവരിതിങ്? എന്താണ് ഫ്രാന്‍സില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പ്രക്ഷോഭത്തിന് പിന്നിലെ കാരണം? മക്രോണിന്റെ സര്‍ക്കാര്‍ രാഷ്ട്രീയ പ്രതിസന്ധി നേരിടുകയാണോ? 

To advertise here,

എന്താണ് ബ്ലോക്ക് എവരിതിങ്?

സര്‍ക്കാര്‍ നീക്കത്തിനെതിരേ ഏതാനും മാസംമുന്‍പ് ഓണ്‍ലൈനില്‍ ആരംഭിച്ച പ്രതിഷേധ മുന്നേറ്റമാണ് ബ്ലോക്ക് എവരിതിങ്. രാഷ്ട്രീയപാര്‍ട്ടികളോ പ്രസ്ഥാനങ്ങളോ സംഘടനകളോ നയിക്കുന്ന സാധാരണ പ്രതിഷേധങ്ങളെപ്പോലെയല്ല, സമൂഹമാധ്യമങ്ങളിലൂടെയാണ് സര്‍ക്കാരിനെതിരേ പ്രതിഷേധിക്കാനുള്ള ആശയം രൂപപ്പെട്ടതും ശക്തിയാര്‍ജിച്ചതും. ഇതിന് കേന്ദ്രീകൃത നേതൃത്വമില്ല, ജനങ്ങള്‍ തന്നെയാണ് നേതൃനിരയില്‍. എക്സ്, ടെലഗ്രാം, ടിക്ടോക്, ഫെയ്സ്ബുക്ക് എന്നിവയിലൂടെ ആയിരക്കണക്കിന് ജനങ്ങള്‍ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് തെരുവിലിറങ്ങി. #10septembre2025 , #10septembre എന്നീ ഹാഷ് ടാഗുകളാണ് പ്രതിഷേധക്കാര്‍ പ്രധാനമായും തങ്ങളുടെ ആശയങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാനായി ഉപയോഗിച്ചത്. കാരിഫോര്‍, ആമസോണ്‍, ഔഷാന്‍ തുടങ്ങിയ പ്രമുഖ റീട്ടെയിലര്‍മാരെ ബഹിഷ്‌കരിക്കല്‍, ബാങ്കുകളില്‍ നിന്ന് വന്‍ തോതില്‍ പണം പിന്‍വലിക്കല്‍, ടൗണ്‍ ഹാള്‍ പോലുള്ള പൊതുസ്ഥലങ്ങള്‍ കയ്യടക്കി ധര്‍ണ, സമ്മേളനങ്ങളും ഫണ്ട് പിരിവും നടത്തുക തുടങ്ങിയവയായിരുന്നു ബ്ലോക്ക് എവരിതിങ് കൂട്ടായ്മ ആഹ്വാനം ചെയ്തത്. പ്രസിഡന്റ് മക്രോണിന്റെ നയങ്ങള്‍ അസമത്വം വര്‍ധിപ്പിക്കുന്നുവെന്ന് അവര്‍ വാദിച്ചു. തൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍, ആക്ടിവിസ്റ്റുകള്‍ തുടങ്ങിയവര്‍ പണിമുടക്കും ബഹിഷ്‌കരണങ്ങളും നടത്തണമെന്ന് ആഹ്വാനം ചെയ്തു. അത് വലിയ തോതില്‍ സ്വാധീനം ചെലുത്തുകയും ചെയ്തു. 

പ്രതിഷേധം എന്തിന്? 

മക്രോണിന്റെ ഭരണം രാജ്യത്ത് അസമത്വം കൊണ്ടുവരുന്നുവെന്ന ആരോപണം ഏറെക്കാലമായി നിലനില്‍ക്കുന്നുണ്ട്. ഇതിനോടകം ധനക്കമ്മി നേരിടുന്ന രാജ്യം അടുത്തിടെയാണ് ചെലവുചുരുക്കലിന്റെ ഭാഗമായി ബജറ്റ് വിഹിതം വെട്ടിക്കുറയ്ക്കുന്നതിനെ കുറിച്ച് പ്രഖ്യാപിച്ചത്. പക്ഷെ പ്രധാനമന്ത്രി ഫ്രാന്‍സ്വ ബെയ്‌റോ പ്രഖ്യാപിച്ച ചെലവുചുരുക്കല്‍ പദ്ധതി തിരിച്ചടിച്ചു. പ്രതിപക്ഷം അവിശ്വാസം കൊണ്ടുവന്നു. പാര്‍ലമെന്റില്‍ നടന്ന വിശ്വാസവോട്ടെടുപ്പില്‍ ബെയ്‌റോ പരാജയപ്പെടുകയും ചെയ്തു. തൊട്ടുപിന്നാലെയുണ്ടായ രാഷ്ട്രീയ കോളിളക്കങ്ങള്‍ക്ക് പിന്നാലെയാണ് പ്രതിഷേധങ്ങള്‍ ശക്തിപ്പെട്ടത്. ഫ്രാന്‍സിന്റെ കടബാധ്യതയ്ക്കു പരിഹാരം കാണാനുള്ള 4400 കോടി യൂറോയുടെ ചെലവുചുരുക്കല്‍ പദ്ധതിയാണ് ബെയ്‌റോവിന് വിനയായത്. അവിശ്വാസ വോട്ടെടുപ്പില്‍ 364 എംപിമാരാണ് ബെയ്‌റോവിനെതിരെ വോട്ടു ചെയ്തത്. 194 പേര്‍ അനുകൂലിച്ചു. 74 കാരനായ ബെയ്‌റോ പ്രധാനമന്ത്രി പദത്തിലെത്തിയിട്ട് ഒമ്പതു മാസം മാത്രമേ ആയിരുന്നുള്ളൂ. ബെയ്‌റോവിന്റെ മുന്‍ഗാമി മിഷെല്‍ ബാര്‍ന്യേ വെറും മൂന്നു മാസം മാത്രം പദവിയിലിരുന്ന ശേഷം കഴിഞ്ഞ ഡിസംബറിലെ അവിശ്വാസ വോട്ടെടുപ്പില്‍ പുറത്തായിരുന്നു. രണ്ട് പൊതുഅവധിദിനങ്ങള്‍ റദ്ദാക്കുക. പെന്‍ഷനുകളും സാമൂഹിക സഹായങ്ങളും മരവിപ്പിക്കുക തുടങ്ങിയ വിവാദ തീരുമാനങ്ങളാണ് ഫ്രാന്‍സ്വ ബെയ്‌റോ ബജറ്റില്‍ നടപ്പിലാക്കിയത്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യത്ത് 44 ബില്യണ്‍ യൂറോ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു ഇവ. എന്നാല്‍ രാഷ്ട്രീയ എതിരാളികള്‍ ഇത് പ്രധാനമന്ത്രിക്കെതിരെ ആയുധമാക്കുകയായിരുന്നു. ഇടത് പക്ഷവും തീവ്രവലത് പക്ഷവും ഒരു പോലെ എതിര്‍ത്തതോടെയാണ് വിശ്വാസ വോട്ടെടുപ്പിലേക്കെത്തിയത്. 

വോട്ടെടുപ്പിലെ പരാജയത്തിന് തൊട്ടുപിന്നാലെ രാജിവെച്ചു. എന്നാല്‍ ബെയ്‌റോയുടെ രാജി തങ്ങളുടെ പരാതികള്‍ക്ക് പരിഹാരമാവുന്നില്ലെന്ന് യൂണിയനുകളും പ്രതിഷേധ സംഘാടകരും വാദിച്ചത്. തൊട്ടടുത്ത ദിവസം മക്രോണ്‍ തന്റെ വിശ്വസ്തനായ പ്രതിരോധ മന്ത്രി സെബാസ്റ്റ്യന്‍ ലെക്കോര്‍ണുവിനെ പുതിയ പ്രധാനമന്ത്രിയായി നിയമിച്ചു. 12 മാസത്തിനിടെ ഇത് നാലാമത്തെ പ്രധാനമന്ത്രിയാണ്. ദ്രുതഗതിയിലുള്ള ഈ മാറ്റങ്ങള്‍ രാജ്യത്തെ രാഷ്ട്രീയ അസ്ഥിരതയ്ക്ക് അടിവരയിടുന്നതാണ്. അതോടൊപ്പം, രാജ്യവ്യാപകമായ അസംതൃപ്തിയെ മക്രോണ്‍ അവഗണിക്കുന്നു എന്ന് ആരോപിക്കുന്നവരുടെ രോഷം വര്‍ധിപ്പിക്കുന്നതിനും ഇത് കാരണമായി.  പെന്‍ഷന്‍ മരവിപ്പിക്കൽ, അവധി വെട്ടിച്ചുരുക്കല്‍, ക്ഷേമപദ്ധതികള്‍ അവസാനിപ്പിക്കുക തുടങ്ങിയ കര്‍ക്കശമായ നയങ്ങള്‍ ഒഴിവാക്കുക, മക്രോണ്‍ രാജിവെച്ച് തിരഞ്ഞെടുപ്പ് നേരിടുക, പൊതുമേഖലയെ സംരക്ഷിക്കുക, സാമ്പത്തിക അസമത്വം ഇല്ലാതാക്കുക, സ്ഥിരമായ ഭരണ സംവിധാനം എന്നിവയാണ് പ്രതിഷേധക്കാര്‍ മുന്നോട്ടുവെയ്ക്കുന്ന ആവശ്യങ്ങള്‍. 

നേപ്പാളില്‍ ജെന്‍സീ, ഫ്രാന്‍സില്‍ ബ്ലോക്ക് എവരിതിങ്

നേപ്പാളിലെ ജെന്‍സീ പ്രതിഷേധങ്ങള്‍ കൊടുമ്പിരി കൊള്ളുന്നതിനിടെയാണ് ഫ്രാന്‍സും ജനകീയ പ്രതിഷേധത്തിന് സാക്ഷ്യം വഹിച്ചത്. ജെന്‍സി പ്രതിഷേധത്തിന് സമാനമായി ഫ്രാന്‍സിലെ ഈ പ്രസ്ഥാനത്തിനും കേന്ദ്രീകൃതമായ നേതൃത്വമില്ല. അതുകൊണ്ടുതന്നെ ഇത് പ്രസ്ഥാനത്തെ പ്രവചനാതീതവും അടിച്ചമര്‍ത്താന്‍ പ്രയാസമുള്ളതുമാക്കുന്നുവെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെട്ടത്. സമാധാനപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നിരവധി പോസ്റ്ററുകള്‍ ആഹ്വാനം ചെയ്തെങ്കിലും പ്രതിഷേധത്തിന്റെ വികേന്ദ്രീകൃത സ്വഭാവം പെട്ടെന്നുള്ള അക്രമങ്ങള്‍ക്ക് വഴിവെക്കുമെന്ന് അധികൃതര്‍ ഭയപ്പെട്ടിരുന്നു. പ്രതീക്ഷിച്ചതുപോലെ തന്നെ അക്രമസംഭവങ്ങളും പൊതുമുതലുകള്‍ നശിപ്പിക്കുന്നതടക്കമുള്ള പ്രവണതകളും അരങ്ങേറി.  

റോഡുകള്‍ തടയുന്നത് മുതല്‍ ബാങ്കുകളില്‍നിന്ന് പണം പിന്‍വലിക്കുന്നതും ആമസോണ്‍, കാരിഫോര്‍ തുടങ്ങിയ ആഗോള കുത്തകകളെ ബഹിഷ്‌കരിക്കുന്നതും വരെയുള്ള ഈ പ്രസ്ഥാനത്തിന്റെ തന്ത്രങ്ങള്‍ 2018-2019 കാലഘട്ടത്തിലെ 'യെല്ലോ വെസ്റ്റ്' പ്രതിഷേധങ്ങളെയാണ് ഓര്‍മ്മിപ്പിച്ചത്. ഇന്ധന നികുതി വര്‍ധനവിനെ തുടര്‍ന്ന് ആരംഭിച്ച യെല്ലോ വെസ്റ്റിന്റെ  പ്രകടനങ്ങള്‍ പെട്ടെന്നുതന്നെ മക്രോണിനെതിരായ വലിയ പ്രക്ഷോഭമായി മാറിയിരുന്നു. ഇന്ധനനികുതിയിലെ വര്‍ധവ് ഇമ്മാനുവല്‍ മക്രോണിന്റെ നേതൃത്വത്തിനും സാമ്പത്തിക അസമത്വത്തിനുമെതിരേയാണ് അന്ന് അതിശക്തമായ പ്രതിഷേധങ്ങളുയര്‍ന്നത്. മാസങ്ങളോളം അത് തുടര്‍ന്നു. മക്രോണിന്റെ പെന്‍ഷന്‍ പരിഷ്‌കാരത്തിനെതിരേ 2022-ലും പാരീസിന്റെ പരിസരത്ത് ബാലന്‍ പോലീസ് വെടിവെപ്പില്‍ മരിച്ചതില്‍ പ്രതിഷേധിച്ച് 2023-ലും രാജ്യവ്യാപകപ്രക്ഷോഭങ്ങള്‍ നടന്നിരുന്നു. എന്നാല്‍ താഴെത്തട്ടില്‍ കൂടുതല്‍ സംഘടിതമായിരുന്ന യെല്ലോ വെസ്റ്റ് പ്രസ്ഥാനത്തില്‍ നിന്ന് വ്യത്യസ്തമായി 'ബ്ലോക്ക് എവരിതിങ്' ശക്തിപ്രാപിച്ചത് ഹാഷ്ടാഗുകള്‍, ടെലിഗ്രാം ഗ്രൂപ്പുകള്‍, വൈറല്‍ പോസ്റ്റുകള്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ ക്യാംപയിനുകളിലൂടെയായിരുന്നു. 

ഒരു നാണയത്തിന്റെ ഇരുവശങ്ങള്‍

ഏതാനും ദിവസങ്ങള്‍ പോലുമല്ല, ചുരുങ്ങിയ മണിക്കൂറുകള്‍ കൊണ്ടാണ് ലക്ഷക്കണക്കിന് ജനങ്ങളെ പ്രതിഷേധത്തിനായി ബ്ലോക്ക് എവരിതിങ് തെരുവിലേക്കിറക്കിയത്. പ്രതീക്ഷിച്ചതിനുമപ്പുറത്തായിരുന്നു പിന്നീട് നടന്ന സംഭവവികാസങ്ങള്‍. അതുകൊണ്ടുതന്നെ യെല്ലോ വെസ്റ്റിനോളമെത്തില്ലെന്ന് പറയുമ്പോഴും 'ബ്ലോക്ക് എവരിതിങ്' മുന്നേറ്റത്തിന്റെ വ്യാപ്തി ഇനിയും വിലയിരുത്തപ്പെട്ടിട്ടില്ല.  ഏഴ് വര്‍ഷത്തിന്റെ ഇടവേളയിലാണ് രണ്ട് പ്രതിഷേധങ്ങളും നടന്നിരിക്കുന്നത്. ഇതിനിടെ ലോകം ആഭ്യന്തരവും അന്താരാഷ്ട്രീയവുമായ പല പ്രശ്നങ്ങളേയും നേരിട്ടു. കോവിഡ് മഹാമാരി, റഷ്യയുടെ യുക്രൈന്‍ യുദ്ധം, ഇസ്രായേല്‍-ഹമാസ് യുദ്ധം, കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട എണ്ണമറ്റ ദുരന്തങ്ങള്‍, ഭരണ അട്ടിമറികള്‍, സാമ്പത്തിക പ്രതിസന്ധികള്‍ എന്നിവയ്ക്ക് രാഷ്ട്രങ്ങള്‍ സാക്ഷ്യം വഹിക്കേണ്ടിവന്നു. പ്രതിസന്ധികളില്‍ നിന്ന് രാജ്യത്തെ കരയകറ്റാന്‍ കഴിയാത്ത ഭരണകൂടങ്ങള്‍ക്കെതിരേ ജനങ്ങള്‍ സംഘടിച്ചു. പൗരന്മാര്‍ക്ക് ഭരണനേതൃത്വത്തോടുള്ള നിരാശയും ദേഷ്യവും വര്‍ധിച്ചു. ഈ വികാരങ്ങള്‍ ഫ്രാന്‍സില്‍ മാത്രമുള്ളതല്ല. സ്പെയിന്‍, ജര്‍മ്മനി, ഇറ്റലി, യുകെ, നെതര്‍ലാന്‍ഡ്സ് എന്നിവിടങ്ങളിലുള്‍പ്പെടെ യൂറോപ്പിലുടനീളം പ്രക്ഷോഭപരമായ പ്രതിഷേധങ്ങള്‍ നടക്കുന്ന പ്രവണത പൊതുവേ വര്‍ധിച്ചിട്ടുണ്ട്. 

നിയോണ്‍ മഞ്ഞ നിറത്തിലുള്ള പുറം കോട്ട് ധരിച്ചാണ് യെല്ലോ വെസ്റ്റ് പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയത്. എന്നാല്‍ ബ്ലോക്ക് എവരിതിങ്ങിന്റെ ഭാഗമായി പ്രതിഷേധിക്കാനിറങ്ങിയവര്‍ക്ക് പ്രത്യേക യൂണിഫോമുകളോ രീതികളോ ഉണ്ടായിരുന്നില്ല. പ്രതിഷേധത്തിന്റെ രൂപം ഏത് രീതിയിലായാലും സര്‍ക്കാരിനെതിരേ ശബ്ദമുയര്‍ത്തുക എന്ന ആശയമായിരുന്നു അവരെ മുന്നോട്ടുനയിച്ചത്. മക്രോണിനെ പുറത്താക്കുക എന്ന ലക്ഷ്യത്തിനപ്പുറം, സമത്വം കൊണ്ടുവരാനും വികസിക്കാനും രാജ്യത്തിന്റെ രാഷ്ട്രീയ ഭാവിയെ വീണ്ടും രൂപകല്‍പന ചെയ്യാന്‍ സഹായിക്കാനും ആഹ്വാനം ചെയ്യുകയാണവര്‍. പ്രതിഷേധങ്ങളുടെ രൂപത്തിനും ഭാവത്തിനും വ്യത്യാസമുണ്ടെങ്കിലും ഭരണ നേതൃത്വത്തിനെതിരേയുള്ള വികാരമാണ് എല്ലാത്തിലും കണ്ടത്. 

പ്രതിഷേധത്തിന്റെ ഭാവി

സര്‍ക്കാരിനെതിരേയുള്ള പ്രതിഷേധങ്ങളുടെ നിലവിലെ തരംഗം രാജ്യത്തെ ജനങ്ങള്‍ക്ക് ഭരണകൂടത്തോടുള്ള വിശ്വാസത്തില്‍ വിള്ളല്‍ വീഴുന്നതിന്റെ സൂചനകളാണ് നല്‍കുന്നത്. പ്രതിഷേധങ്ങള്‍ സമൂഹത്തിന്റെ പലതലങ്ങളിലേക്ക് വ്യാപിക്കുന്ന, വികേന്ദ്രീകൃത സ്വഭാവമുള്ളതിനാല്‍ ഇവയെ അടിച്ചമര്‍ത്താനോ പ്രതിരോധിക്കാനോ ഉള്ള സര്‍ക്കാരിന്റെ കഴിവിനേയും ദുര്‍ബലമാക്കുകയാണ്. ബ്ലോക്ക് എവരിതിങ് സംഘാടകരും തൊഴിലാളി യൂണിയനുകളും സര്‍ക്കാരില്‍ സമ്മര്‍ദ്ദം തുടരാന്‍ പദ്ധതിയിടുകയാണ്. ഇതിന്റെ ഭാഗമായി എട്ട് പ്രധാന യൂണിയന്‍ ബ്ലോക്കുകള്‍ ചേര്‍ന്ന് സെപ്റ്റംബര്‍ 18ന് രാജ്യവ്യാപക പണിമുടക്ക് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. പൊതുഗതാഗതം, വിദ്യാഭ്യാസം, വ്യോമയാനം എന്നിവയെ ഇത് കാര്യമായി ബാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരും സെപ്റ്റംബര്‍ 18നും 19നും പണിമുടക്കാന്‍ പദ്ധതിയിടുന്നു. ഇത് പ്രതിഷേധങ്ങളുടെ തുടര്‍ച്ചയെയാണ് സൂചിപ്പിക്കുന്നത്. 

അതേസമയം പ്രതിഷേധത്തിന്റെ തീവ്രസ്വഭാവത്തെക്കുറിച്ച് ഭരണകൂടം ആശങ്കയിലാണ്. പൊതുമുതലുകള്‍ക്ക് നേരെയുളള ആക്രമണം, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കെതിരായ പ്രതീകാത്മക അക്രമം എന്നിവയില്‍ സര്‍ക്കാര്‍ ഇതിനോടകം ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. തുടര്‍ ദിവസങ്ങളില്‍ പ്രതിഷേധത്തിന്റെ ശക്തി വര്‍ധിക്കുമെന്ന പ്രതീക്ഷയില്‍ എണ്ണ ശുദ്ധീകരണശാലകള്‍, ഗതാഗത ശൃംഖലകള്‍, ആശയവിനിമയ സംവിധാനങ്ങള്‍ തുടങ്ങിയ സുപ്രധാന അടിസ്ഥാന സൗകര്യങ്ങള്‍ സംരക്ഷിക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. 

വിശ്വാസം കൈവിട്ട് മക്രോണ്‍

മക്രോണ്‍ സര്‍ക്കാരിനെതിരേയുള്ള പൊതുവികാരം നിരാശയും അസംതൃപ്തിയുമാണെന്നാണ് അടുത്തിടെ നടന്ന അഭിപ്രായ സര്‍വേകള്‍ സൂചിപ്പിക്കുന്നത്. മക്രോണ്‍ മാത്രമല്ല, ഭരണത്തിലുള്ള നേതാക്കളിലുള്ള വിശ്വാസം പോലും ഇല്ലാതായിരിക്കുന്നു. ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ മരീന്‍ ലെ പെന്‍ നയിക്കുന്ന തീവ്ര വലതുപക്ഷ നാഷണല്‍ റാലി വലിയ വിജയം നേടുമെന്നാണ് അഭിപ്രായ വോട്ടെടുപ്പുകള്‍ വ്യക്തമാക്കുന്നത്. ഇടതുപക്ഷം രണ്ടാമതും മക്രോണിന്റെ ബ്ലോക്ക് മൂന്നാമതും എത്തും, ഇപ്പോള്‍ അല്ലെങ്കിലും 2027-ഓടെ മരീന്‍ ലെ പെന്നിന്റെ തീവ്രവലതുപക്ഷം അധികാരത്തില്‍ എത്തുമെന്ന് സര്‍വേ പറയുന്നു. മക്രോണ്‍ രാജിവെച്ച് വീണ്ടും തിരഞ്ഞെടുപ്പ് നേരിടണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നുണ്ട്. 

പ്രധാനമന്ത്രി ബെയ്റു പുറത്തായതിനെ തുടര്‍ന്ന് പ്രസിഡന്റ് മക്രോണ്‍ തന്റെ പ്രതിരോധ മന്ത്രിയും അടുത്ത സഖ്യകക്ഷിയുമായ സെബാസ്റ്റ്യന്‍ ലെകോര്‍ണുവിനെ പുതിയ പ്രധാനമന്ത്രിയായി നിയമിച്ചതും എതിര്‍പ്പുകള്‍ക്കിട വരുത്തിയിരുന്നു. വലതുപക്ഷ ചായ്വുള്ളയാളായി വിശേഷിപ്പിക്കപ്പെടുന്ന ലെകോര്‍ണുവിനെ മക്രോണ്‍ തിരഞ്ഞെടുത്തതിനെ പ്രതിപക്ഷ നേതാക്കള്‍ വിമര്‍ശിച്ചു. പ്രകോപനപരമെന്നാണ് പ്രതിപക്ഷം ഇതിനെ വിശേഷിപ്പിച്ചത്. തീവ്ര-ഇടതുപക്ഷ ഫ്രാന്‍സ് അണ്‍ബൗഡ് പാര്‍ട്ടി ലെകോര്‍ണുവിനെതിരെ അവിശ്വാസ പ്രമേയവും പ്രഖ്യാപിച്ചു. എന്നാല്‍ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ ലെകോര്‍ണുവുമായി സഹകരിക്കാമെന്നാണ് തീവ്ര വലതുപക്ഷ നാഷണല്‍ റാലി വ്യക്തമാക്കിയത്. 

2024-ലെ ഇടക്കാല തിരഞ്ഞെടുപ്പില്‍ തീവ്ര വലതുപക്ഷത്തിനും തീവ്ര ഇടതുപക്ഷത്തിനും മുന്നില്‍ സെന്‍ട്രിസ്റ്റ് ബ്ലോക്കിന് സ്വാധീനം നഷ്ടപ്പെട്ടതിനാല്‍ ഫ്രാന്‍സിന്റെ രാഷ്ട്രീയ വ്യവസ്ഥ ഇപ്പോള്‍ സ്തംഭനാവസ്ഥയിലാണ്. വ്യക്തമായ ഭൂരിപക്ഷമില്ലാത്ത സ്ഥിതിയാണ് മക്രോണിന് സഭയിലുള്ളത്. അസ്ഥിരമായ ഭരണം തുടരുന്നതിനിടെയാണ് രാജ്യം സാമ്പത്തിക പിരിമുറുക്കത്തിലുമായിരിക്കുന്നത്. ഒപ്പം ജനകീയ പ്രതിഷേധങ്ങളും ആരംഭിച്ചത് മക്രോണിന്റെ ഭാവിയെ തന്നെ തുലാസിലാക്കിയിരിക്കുകയാണ്. വരും ആഴ്ചകളിലെ സര്‍ക്കാരിന്റെ പ്രതികരണം ഒന്നുകില്‍ നിലവിലുള്ള പിരിമുറുക്കം കുറയ്ക്കുകയോ അല്ലെങ്കില്‍ രാഷ്ട്രീയ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കുകയോ ചെയ്യാം.