
ന്യൂഡൽഹി: ഡൽഹിയിൽ ബഹുനില കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ കെട്ടിടം ഉടമ ഹരിറാം ഗുപ്തയ്ക്ക് പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യ ഊർമിളയെയും മകനെയും പോലീസ് കസ്റ്റഡിയിലെടുത്തു. കെട്ടിടത്തിന്റെ രജിസ്ട്രേഷൻ രേഖകളെല്ലാം ഭാര്യ ഊർമിളയുടെ പേരിലും, കെട്ടിടത്തിലെ വൈദ്യുതി കണക്ഷൻ മകന്റെ പേരിലുമായിരുന്നതിനാലാണ് പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. കെട്ടിട ഉടമയായ ഹരിറാം ഗുപ്തയെ നേരത്തെ രാജസ്ഥാനിലെ ബീവാടിയിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രായമുള്ള വ്യക്തിയായതിനാൽ ആവശ്യമായ ആരോഗ്യ പരിശോധനകൾ പൂർത്തിയാക്കിയ ശേഷമാണ് ഇയാളെ ഡൽഹിയിലേക്ക് കൊണ്ടുവരുന്നതെന്നും നാളെ കോടതിയിൽ ഹാജരാക്കുമെന്നും അധികൃതർ വ്യക്തമാക്കി.
അനധികൃതമായി പ്രവർത്തിക്കുന്ന കെട്ടിടങ്ങൾക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് സർക്കാർ വ്യക്തമാക്കിയതിന് പിന്നാലെ സുപ്രധാന നടപടികളും ആരംഭിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് വീഴ്ചവരുത്തിയ അഞ്ച് എം.സി.ഡി ഉദ്യോഗസ്ഥർക്കെതിരെയാണ് അടിയന്തര നടപടി സ്വീകരിച്ചിട്ടുള്ളത്. ഡിവിഷണൽ കമ്മീഷണർ, എക്സിക്യൂട്ടീവ് എഞ്ചിനീയർ, സൂപ്പർ എഞ്ചിനീയർ, അസിസ്റ്റന്റ് എഞ്ചിനീയർ, ജൂനിയർ എഞ്ചിനീയർ എന്നിവരുൾപ്പെടുന്ന ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടിയെടുത്തിരിക്കുന്നത്. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കുറ്റക്കാർക്കെതിരെ മറ്റ് ശക്തമായ നിയമനടപടികൾ കൂടി സ്വീകരിക്കുമെന്ന് സർക്കാർ ഉറപ്പുനൽകിയിട്ടുണ്ട്.
അപകടത്തെ തുടർന്ന് നഗരത്തിലെ പിജി താമസസ്ഥലങ്ങളുമായി ബന്ധപ്പെട്ട് സുരക്ഷാ ഓഡിറ്റ് നടത്താൻ ഡൽഹി സർക്കാർ തീരുമാനിച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന അനധികൃത കെട്ടിടങ്ങൾ കണ്ടെത്തുകയാണെങ്കിൽ അവ മുദ്രവെക്കുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകി. നിലവിലെ സാഹചര്യത്തിൽ ഡൽഹിയിലുടനീളം കൃത്യമായ സുരക്ഷാ ഓഡിറ്റ് നടത്തുകയാണെങ്കിൽ ഭൂരിഭാഗം പിജി അക്കോമഡേഷനുകളും മുദ്രവെക്കേണ്ടി വരുന്ന ഒരു സാഹചര്യമാണ് നിലവിലുള്ളത്.
പിജി താമസസ്ഥലങ്ങളുടെ സുരക്ഷയും നിയന്ത്രണവും കർശനമാക്കുന്നതിനായി ഒരു പുതിയ നയം രൂപീകരിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി വ്യക്തമാക്കിയതായും റിപ്പോർട്ടുകളുണ്ട്. പുതിയ നയത്തിന്റെ ഭാഗമായി പിജി കെട്ടിടങ്ങൾക്കുള്ള ലൈസൻസിങ് സമ്പ്രദായം ഉൾപ്പെടെയുള്ള കാര്യങ്ങൾ പൂർണ്ണമായി പരിഷ്കരിക്കാനാണ് ഭരണകൂടത്തിന്റെ തീരുമാനം. അനുമതിയില്ലാതെയും നിയമങ്ങൾ ലംഘിച്ചും പ്രവർത്തിക്കുന്ന ഇത്തരം കെട്ടിടങ്ങൾക്കെതിരെയുള്ള കർശന നടപടികൾ വരും ദിവസങ്ങളിലും തുടരുമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.
Content Highlights: Building owner's wife and son taken into custody due to property registration and electricity connection links. Five MCD officials face immediate administrative action over the building collapse.
Published: 07 Sept 2026, 09:09 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented