
ന്യൂഡൽഹി: തെക്കൻ ഡൽഹിയിൽ കോേളജ് വിദ്യാർഥികൾ താമസിച്ചിരുന്ന അഞ്ചുനിലയുള്ള സ്വകാര്യ ഹോസ്റ്റൽക്കെട്ടിടം തകർന്ന് ഏഴുപേർ മരിക്കാനിടയായ സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി സർക്കാരിനുമെതിരെ രാഹുൽ ഗാന്ധിയുടെ രൂക്ഷവിമർശനം. ഇത്തരം ദുരന്തങ്ങൾ തടയുന്നതിലും ഉത്തരവാദികളെ ശിക്ഷിക്കുന്നതിലും സർക്കാർ പരാജയപ്പെട്ടുവെന്ന് അദ്ദേഹം ആരോപിച്ചു. അപകടങ്ങൾക്ക് മുമ്പ് മുൻകരുതൽ നടപടികളൊന്നും സ്വീകരിക്കാതിരിക്കുകയും ദുരന്തങ്ങൾക്ക് ശേഷം വലിയ അവകാശവാദങ്ങൾ ഉന്നയിക്കുകയുമാണ് ബിജെപി സർക്കാരിന്റെ രീതിയെന്നെന്നും രാഹുൽ കുറ്റപ്പെടുത്തി.
'ഓരോ തവണയും ബിജെപി സർക്കാർ ഒരേ ലജ്ജാകരമായ രീതിയാണ് പിന്തുടരുന്നത്: അപകടങ്ങൾ സംഭവിക്കുന്നതിന് മുൻപ് പ്രതിരോധ നടപടികളില്ല; പകരം, അപകടങ്ങൾക്ക് ശേഷം വലിയ അവകാശവാദങ്ങൾ നടത്തും. യഥാർത്ഥ കുറ്റവാളികൾ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറും, താഴെത്തട്ടിലുള്ള ഏതാനും ഉദ്യോഗസ്ഥരുടെ മേൽ കുറ്റം ചുമത്തുകയും ചെയ്യും' രാഹുൽ എക്‌സിൽ കുറിച്ചു.
സത്യ നികേതനിൽ വിദ്യാർഥികൾ തിങ്ങിനിറഞ്ഞ കെട്ടിടം തകർന്നു വീണ സംഭവം ഒറ്റപ്പെട്ട ഒരു ദുരന്തമല്ലെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ നാല് മാസത്തിനിടെ, സെയ്ദുലാജാബിലുണ്ടായ സമാനമായ ദുരന്തത്തിൽ ആറുപേർ മരിക്കുകയും ഹൗസ് റാണിയിലുണ്ടായ തീപിടുത്തത്തിൽ 22 പേരുടെ ജീവൻ നഷ്ടപ്പെടുകയും ചെയ്തു. ഓരോ തവണയും മനുഷ്യജീവിതങ്ങളും സ്വപ്നങ്ങളും അഭിലാഷങ്ങളും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ അടിച്ചമർത്തപ്പെടുന്നു. എന്നാൽ, ഓരോ തവണയും ഫലപ്രദമായ നടപടികളൊന്നും ഉണ്ടാകുന്നില്ലെന്നും രാഹുൽ കുറിച്ചു.
ഉത്തരവാദിത്വം ആവശ്യപ്പെടുന്നവരെ പ്രധാനമന്ത്രി മോദി ദിമാഗി നക്‌സലുകളെന്നും മുരടനായ അമ്മാവനെന്നും വിളിക്കുമെന്നും രാഹുൽ ആരോപിച്ചു.
'ഉത്തരവാദിത്വം ആവശ്യപ്പെടുമ്പോൾ, പ്രധാനമന്ത്രി തന്നെ നിങ്ങളെ 'മസ്തിഷ്‌കപ്രക്ഷാളനം ചെയ്യപ്പെട്ട നക്‌സൽ, മുൻകോപിയായ അമ്മാവൻ' എന്നിങ്ങനെ അപമാനകരമായ വിശേഷണങ്ങൾ നൽകി അധിക്ഷേപിക്കും. ചോദ്യങ്ങൾ ചോദിക്കാൻ ധൈര്യപ്പെടുന്ന ആരെയും നാണംകെടുത്താനും അപകീർത്തിപ്പെടുത്താനും നിശബ്ദരാക്കാനുമാണ് ഇങ്ങനെ ചെയ്യുന്നത്' രാഹുൽ പറഞ്ഞു.
കഴിഞ്ഞ 12 വർഷമായി, ലോകത്തെക്കുറിച്ചുള്ള വലിയ വർത്തമാനങ്ങൾ പറഞ്ഞ് ഈ സർക്കാർ നിങ്ങളെ കബളിപ്പിക്കുകയായിരുന്നു. യഥാർത്ഥ പ്രശ്‌നങ്ങളിലേക്ക് ഒരിക്കലും ശ്രദ്ധ തിരിച്ചില്ല. ഡൽഹിയിൽ 'ട്രിപ്പിൾ എൻജിൻ' സർക്കാരുള്ളപ്പോൾ, ഇപ്പോഴത്തെ ഈ നിസ്സഹായാവസ്ഥയ്ക്ക് എന്ത് ന്യായീകരണമാണുള്ളതെന്നും രാഹുൽ ചോദിച്ചു. ഡൽഹിയുടെ ഭരണവും കേന്ദ്രത്തിലെയും ഡൽഹി കോർപ്പറേഷനിലെ ഭരണവും ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ പരിഹാസം.
ഈ നിസ്സഹായാവസ്ഥ ആത്മാർത്ഥതയില്ലായ്മ കൊണ്ടാണ്. കാരണം എവിടെയാണോ ആത്മാർത്ഥത ഇല്ലാത്തത്, അവിടെ ഉത്തരവാദിത്വവും ഉണ്ടാകില്ലെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
Published: 07 Sept 2026, 06:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented