ഭൂപടത്തിലെ വലിപ്പവ്യത്യാസങ്ങൾ തിരുത്താനും വൻകരകളുടെ യഥാർത്ഥ ചിത്രം ലോകത്തിന് മുന്നിലെത്തിക്കാനുമായി ടോഗോയുടെ നേതൃത്വത്തിൽ ആഫ്രിക്കൻ യൂണിയൻ അവതരിപ്പിച്ച ‘ഭൂപടം തിരുത്തുക’ എന്ന പ്രമേയം വൻ ഭൂരിപക്ഷത്തോടെയാണ് ഐക്യരാഷ്ട്രസഭ അംഗീകരിച്ചത്.

ക്ലാസ് മുറികളിലും പൊതുസ്ഥാപനങ്ങളിലും കാലങ്ങളായി നമ്മൾ കണ്ടുശീലിച്ച ലോകഭൂപടത്തിന്റെ പരമ്പരാഗത രൂപം തിരുത്തിയെഴുതപ്പെടുന്നു. അഞ്ചു നൂറ്റാണ്ടിലധികം പഴക്കമുള്ള മെർക്കേറ്റർ ഭൂപട മാതൃക ഐക്യരാഷ്ട്രസഭ പിൻവലിച്ചു. പകരം 2018-ൽ രൂപകൽപ്പന ചെയ്ത 'ഈക്വൽ എർത്ത്' (Equal Earth) മാതൃകയെ പുതിയ ലോകഭൂപടമായി ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലി അംഗീകരിച്ചു. വൻകരകളുടെ യഥാർത്ഥ വലിപ്പം കൂടുതൽ കൃത്യമായി അടയാളപ്പെടുത്തുന്ന പുതിയൊരു ലോകക്രമത്തിലേക്ക് വിരൽചൂണ്ടുന്നതാണ് ഐക്യരാഷ്ട്രസഭ അംഗീകരിച്ച പുതിയ ഭൂപടമാതൃക.
ടോഗോയുടെ നേതൃത്വത്തിൽ ആഫ്രിക്കൻ യൂണിയൻ അവതരിപ്പിച്ച ‘ഭൂപടം തിരുത്തുക’ (Correct the Map) എന്ന പ്രമേയം വൻ ഭൂരിപക്ഷത്തോടെയാണ് ഐക്യരാഷ്ട്രസഭ അംഗീകരിച്ചത്. വൻകരകളുടെ യഥാർത്ഥ ചിത്രം ലോകത്തിന് മുന്നിലെത്തിക്കാനും ഭൂപടത്തിലെ വലിപ്പവ്യത്യാസങ്ങൾ തിരുത്താനുമായിരുന്നു പ്രമേയം. ഇന്ത്യ, ബ്രിട്ടൻ, ഫ്രാൻസ് എന്നിവയുൾപ്പെടെ 164 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ചപ്പോൾ, അമേരിക്ക മാത്രമാണ് ഇതിനെ എതിർത്ത് വോട്ട് രേഖപ്പെടുത്തിയത്. പ്രമേയം അനാവശ്യമാണെന്നായിരുന്നു അമേരിക്കൻ പ്രതിനിധിയുടെ വാദം. എസ്തോണിയ, ജോർജിയ, ലിത്വാനിയ, മോൾഡോവ, സെർബിയ, യുക്രൈൻ എന്നീ ആറ് രാജ്യങ്ങൾ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു.
യു.എൻ. പ്രമേയം പാലിക്കണമെന്ന നിബന്ധനയല്ലെങ്കിൽപ്പോലും വിദ്യാഭ്യാസരംഗത്തും സാങ്കേതികവിദ്യയിലും വലിയൊരു മാറ്റത്തിന് ഇത് തുടക്കമിടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഗണിതശാസ്ത്രജ്ഞനും കാർട്ടോഗ്രാഫറുമായ ജെറാർഡസ് മെർക്കേറ്റർ (Gerardus Mercator) 1569-ൽ സൃഷ്ടിച്ച മെർക്കേറ്റർ ഭൂപടത്തിനെതിരായ വിമർശനങ്ങൾ ശക്തമാകുന്ന സാഹചര്യത്തിലാണ് ഐക്യരാഷ്ട്രസഭ പുതിയ ഭൂപടത്തിന് അംഗീകാരം നൽകുന്നത്. എന്താണ് മെർക്കേറ്റർ പ്രൊജക്ഷൻ? എന്താണ് മെർക്കേറ്റർ പ്രൊജക്ഷന്റെ പ്രശ്നം? എന്തുകൊണ്ടാണ് ഇക്കാര്യത്തിൽ മാറ്റം കൊണ്ടുവരണമെന്ന് ആഫ്രിക്കൻ രാജ്യങ്ങൾ വാദിച്ചത്?
മെർക്കേറ്റർ പ്രൊജക്ഷൻ
ധ്രുവപ്രദേശങ്ങളിൽ അൽപ്പം പരന്നതും ഭൂമധ്യരേഖയിൽ അൽപ്പം പുറത്തേക്ക് തള്ളിയതുമായ ഒബ്ലേറ്റ് സ്ഫിറോയിഡ് (oblate spheroid) ആണ് ഭൂമിയുടെ ആകൃതി. ഇതിനെ ജിയോയിഡ് (geoid) എന്നും വിളിക്കുന്നു. സവിശേഷ ആകൃതി കൊണ്ടുതന്നെ ഭൂമിയെ അതേരീതിയിൽ പരന്ന പ്രതലത്തിൽ ചിത്രീകരിക്കുക അസാധ്യമാണ്. സവിശേഷ ആകൃതിയുള്ള ഭൂമിയെ ഒരു പരന്ന പ്രതലത്തിൽ ചിത്രീകരിക്കുമ്പോൾ ചില ഭാഗങ്ങൾ നീട്ടുകയോ ചുരുക്കുകയോ ചെയ്യേണ്ടതുണ്ട്. ഒരു ഓറഞ്ചിന്റെ തൊലി മാത്രമെടുത്ത് അത് പരത്തി വയ്ക്കാൻ ശ്രമിക്കുന്നതായി സങ്കൽപ്പിക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ചില സ്ഥലങ്ങളിൽ കീറുകയോ മറ്റു ചില സ്ഥലങ്ങളിൽ കൂട്ടിച്ചേർക്കൽ ആവശ്യമായോ വരും. ഭൂമിയുടെ പരന്ന ഭൂപടം നിർമിക്കുമ്പോഴും ഇതുതന്നെ സംഭവിക്കുന്നു. ഇത്തരത്തിൽ ഭൂഗോളത്തെ പരന്ന ഭൂപടത്തിലേക്ക് ചിത്രീകരിക്കാൻ സഹായിക്കുന്ന ഗണിതശാസ്ത്ര രീതികളാണ് ‘മാപ്പ് പ്രൊജക്ഷനു’കൾ.
കടൽയാത്രകൾക്കായി നാവികരെ സഹായിക്കുന്നതിനാണ് 1569-ൽ ഗണിതശാസ്ത്രജ്ഞനും കാർട്ടോഗ്രാഫറുമായ ജെറാർഡസ് മെർക്കേറ്റർ തന്റെപേരിൽ പിന്നീട് പ്രശസ്തമായിത്തീർന്ന ഭൂപടം നിർമിക്കുന്നത്. അതുവരെ പ്രചാരത്തിലുണ്ടായിരുന്ന ഭൂപടങ്ങൾ നാവികർക്ക് ഉപയോഗിക്കാൻ ബുദ്ധിമുട്ടായിരുന്നു. ഭൂമിയെ ഒരു സിലിണ്ടർ രൂപത്തിൽ സങ്കല്പിച്ചുകൊണ്ടാണ് മെർക്കേറ്റർ മാപ്പ് സൃഷ്ടിച്ചത്. ഭൂപടത്തിലെ നേർരേഖകൾ കോമ്പസ് ദിശകളെ പ്രതിനിധീകരിക്കുന്നു എന്നതായിരുന്നു അദ്ദേഹത്തിന്റെ രൂപകൽപ്പനയുടെ പ്രത്യേകത. കൃത്യമായ ദിശകൾ നൽകുന്നതായിരുന്നു മെർക്കേറ്റർ ഭൂപടം. ഇതുവഴി സമുദ്രത്തിലൂടെയുള്ള ദീർഘയാത്രകൾ ആസൂത്രണം ചെയ്യാനും പിന്തുടരാനും നാവികർക്ക് എളുപ്പം സാധിച്ചു. തന്റെ സൃഷ്ടിയെ 'നാവികർക്കായുള്ള ഭൂമിയുടെ പുതിയതും മെച്ചപ്പെടുത്തിയതുമായ ഭൂപടം' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
കപ്പൽ ഗതാഗതത്തിൽ ഒരു വഴിത്തിരിവായിരുന്നു അത്. ധ്രുവങ്ങൾക്ക് സമീപമുള്ള, ഭൂപ്രദേശങ്ങളെ വളച്ചൊടിച്ചെങ്കിലും ഭൂപടം കടൽയാത്രയിൽ വിപ്ലവം സൃഷ്ടിച്ചു. സമുദ്രപര്യവേക്ഷണം പുതിയ അതിർത്തികൾ തുറന്നിരുന്ന ഒരു കാലഘട്ടത്തിൽ ഇതൊരു മികച്ച കണ്ടുപിടുത്തമായിരുന്നു. യൂറോപ്യൻ രാജ്യങ്ങൾ വ്യാപാരത്തിനും പര്യവേക്ഷണത്തിനുമായി കൂടുതൽ കടൽയാത്രകൾ ആരംഭിച്ചതോടെ ഭൂപട നിർമ്മാതാക്കൾ വ്യാപകമായി മെർക്കേറ്റർ പ്രൊജക്ഷൻ ഉപയോഗിച്ചു. ഭൂപടങ്ങൾ നിർമിക്കുന്നതിനുള്ള ഏറ്റവും സാധാരണമായ രീതിയായി ഇത് മാറി. കുറവുകളുണ്ടായിരുന്നിട്ടും രാജ്യങ്ങളെ വൃത്തിയുള്ള ആകൃതിയിൽ കാണിക്കുന്ന ഈ ഭൂപടത്തിന് വലിയ പ്രചാരം ലഭിച്ചു. പത്തൊൻപതാം നൂറ്റാണ്ടോടെ ഇത് ലോകമെമ്പാടുമുള്ള അറ്റ്ലസുകളുടെയും ക്ലാസ് മുറികളുടെയും മാനദണ്ഡമായി മാറി.
എന്താണ് മെർക്കേറ്റർ ഭൂപടത്തിന്റെ പ്രശ്നം?
മെർക്കേറ്റർ പ്രൊജക്ഷൻ നാവിഗേഷന് ഉപയോഗപ്രദമാണെങ്കിലും അതിന് കാര്യമായ പ്രശ്നങ്ങളുണ്ടായിരുന്നു. മെർക്കേറ്റർ പ്രൊജക്ഷന്റെ പ്രധാന പ്രശ്നം, രാജ്യങ്ങളുടെയും ഭൂഖണ്ഡങ്ങളുടെയും വലുപ്പത്തെ, പ്രത്യേകിച്ച് ധ്രുവങ്ങൾക്ക് സമീപമുള്ള (ഭൂപടത്തിന്റെ മുകളിലും താഴെയും) അത് വളച്ചൊടിക്കുന്നു എന്നതാണ്. ഭൂമിയെ ഒരു പരന്ന പ്രതലത്തിൽ ഒരു ദീർഘചതുരമായി മെർക്കേറ്റർ പ്രദർശിപ്പിച്ചപ്പോൾ അത് ധ്രുവങ്ങൾക്ക് സമീപം വലിയ ആശയക്കുഴപ്പങ്ങൾ അവശേഷിപ്പിച്ചു. അതിനാൽ മാപ്പിൽ ഇവ ഉൾക്കൊള്ളിക്കാനായി ഭൂഗോളത്തിന്റെ വടക്കും തെക്കുമുള്ള ഭൂപ്രദേശങ്ങൾ വലിച്ചുനീട്ടിയാണ് ഭൂപടം നിർമിച്ചത്. ഈ നീട്ടൽ കാരണം, ധ്രുവങ്ങൾക്ക് സമീപമുള്ള സ്ഥലങ്ങൾ- കാനഡ, റഷ്യ, യുണൈറ്റഡ് സ്റ്റേറ്റ്സ്, യൂറോപ്പ്- മെർക്കേറ്റർ മാപ്പിൽ അവയുടെ യഥാർഥ വലുപ്പത്തേക്കാൾ വലുതായാണ് കാണിക്കുന്നത്.
മെർക്കേറ്റർ മാപ്പ് പരിശോധിച്ചാൽ ഗ്രീൻലാൻഡ്, വടക്കൻ കാനഡ പോലെ ധ്രുവങ്ങൾക്ക് സമീപമുള്ള പ്രദേശങ്ങൾ വളരെ വലുതായി കാണാം. അതേസമയം, ഭൂമധ്യരേഖയ്ക്ക് സമീപമുള്ള പ്രദേശങ്ങൾ യഥാർഥ വലുപ്പത്തേക്കാൾ ചെറുതായാണ് കാണിക്കുന്നത്. ആഫ്രിക്ക, ഇന്ത്യ, ദക്ഷിണ അമേരിക്ക എന്നിവയുൾപ്പെടെയുള്ള ഭൂമധ്യരേഖാ പ്രദേശങ്ങൾ ചുരുക്കിയിരിക്കുന്നു. ഇത് വലിയ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണ്. ഉദാഹരണത്തിന്, മെർക്കേറ്റർ ഭൂപടത്തിൽ ഗ്രീൻലാൻഡും ആഫ്രിക്കയും ഏതാണ്ട് തുല്യ വലിപ്പത്തിലാണ് കാണപ്പെടുന്നത്. യഥാർത്ഥത്തിൽ 30.3 ദശലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്താരമുള്ള ആഫ്രിക്ക, 2.1 ദശലക്ഷം ചതുരശ്ര കിലോമീറ്റർ വലിപ്പമുള്ള ഗ്രീൻലാൻഡിനെക്കാൾ 14 മടങ്ങ് വലുതാണ്. ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ വലുപ്പം മാത്രമാണ് ഗ്രീൻലാൻഡിനുള്ളത്.
മെർക്കേറ്റർ ഭൂപടത്തിൽ, റഷ്യയും കാനഡയും വളരെ വലുതായി കാണപ്പെടുന്നു. ഇരു രാജ്യങ്ങളേയും അപേക്ഷിച്ച് ആഫ്രിക്ക വളരെ ചെറുതായി കാണപ്പെടുന്നു. വാസ്തവത്തിൽ, ആഫ്രിക്ക റഷ്യയുടെ ഇരട്ടി വലുപ്പവും കാനഡയുടെ മൂന്നിരട്ടിയിലധികം വലുപ്പവും ഉള്ള ഭൂപ്രദേശമാണ്. ഭൂപടത്തിൽ ആഫ്രിക്ക വൻകര തെക്കേ അമേരിക്ക വൻകരയോട് ഏതാണ്ട് സമാന വലുപ്പത്തിലാണ് കാണിക്കുന്നത്. അതേസമയം, ആഫ്രിക്ക ഒന്നരയിരട്ടിയിലധികം വലുതാണ്. മെർക്കേറ്റർ ഭൂപടത്തിൽ അലാസ്ക ഓസ്ട്രേലിയയുടെ അതേ വലുപ്പത്തിൽ കാണപ്പെടുന്നു, പക്ഷേ, ഓസ്ട്രേലിയ യഥാർഥത്തിൽ അലാസ്കയേക്കാൾ 4.5 മടങ്ങ് വലുതാണ്.
സമാനമായി മെക്സി ക്കോ യഥാർഥത്തിൽ വലുതാണെങ്കിലും അമേരിക്കൻ പ്രദേശമായ അലാസ്കയേക്കാൾ ചെറുതായാണ് കാണിക്കുന്നത്. മെർക്കേറ്റർ ഭൂപടത്തിൽ മഡഗാസ്കർ ഗ്രേറ്റ് ബ്രിട്ടന്റെ അതേ വലുപ്പത്തിൽ കാണപ്പെടുന്നു, പക്ഷേ, മഡഗാസ്കർ ഇരട്ടിയിലധികം വലുതാണ്. ഇനി ഇന്ത്യയുടെ കാര്യത്തിലേക്ക് വന്നാൽ പരമ്പരാഗത മെർക്കേറ്റർ ഭൂപടങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ, ‘ഇക്വൽ എർത്ത്’ ഭൂപടത്തിൽ ഇന്ത്യയും മറ്റ് തെക്കേ ഏഷ്യൻ രാജ്യങ്ങളും കൂടുതൽ വലിപ്പമുള്ള രീതിയിലാണ് കാണപ്പെടുന്നത്.
ഭൂപടം വെറുമൊരു ചിത്രം മാത്രമല്ല!
ലോകമെമ്പാടുമുള്ള ആളുകൾ രാജ്യങ്ങളെയും ഭൂഖണ്ഡങ്ങളെയും എങ്ങനെ കാണുന്നു എന്നതിനെ സ്വാധീനിക്കുന്നതിനാൽ തന്നെ ഭൂപടത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. മെർക്കേറ്റർ ഭൂപടത്തിലെ രാജ്യങ്ങളുടെ വലുപ്പത്തിലെ പ്രശ്നങ്ങൾ രാജ്യങ്ങളുടെയും ഭൂഖണ്ഡങ്ങളുടെയും വലുപ്പങ്ങളെക്കുറിച്ചുള്ള തെറ്റിദ്ധാരണയിലേക്ക് നയിച്ചേക്കാം എന്നതായിരുന്നു പ്രധാന ആക്ഷേപം. ഭൂപ്രദേശങ്ങളുടെ കൃത്യമായ വലുപ്പം താരതമ്യം ചെയ്യാൻ മെർക്കേറ്റർ പ്രൊജക്ഷൻ അനുയോജ്യമല്ല. മാത്രമല്ല, ഇക്കാര്യത്തിൽ രാഷ്ട്രീയപ്രശ്നം ചൂണ്ടിക്കാണിക്കുന്നവരുമുണ്ട്. മെർക്കേറ്റർ പ്രൊജക്ഷൻ വടക്കൻ അർദ്ധഗോളത്തിലെ പ്രബല രാജ്യങ്ങളെ വലുതായി കാണിക്കുന്നു എന്നായിരുന്നു വിമർശനം. മാപ്പിലെ ഈ തെറ്റായ പ്രാതിനിധ്യം ആഗോളശക്തിയെയും സ്വാധീനത്തെയും കുറിച്ചുള്ള ധാരണകളെ സ്വാധീനിക്കുമെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നത്. ഇത് ലോകത്തെക്കുറിച്ചുള്ള ഒരു യൂറോപ്യൻ കേന്ദ്രീകൃത വീക്ഷണം നിലനിർത്തുന്നു എന്നായിരുന്നു വിമർശനം.
യൂറോപ്യൻ രാജ്യങ്ങൾ അവരുടെ സാമ്രാജ്യം വികസിപ്പിക്കുന്നതിനായി പര്യവേക്ഷണങ്ങൾ നടത്തുകയും കോളനിവൽകരിക്കുകയും ചെയ്തിരുന്ന കാലഘട്ടത്തിലാണ് മെർക്കേറ്റർ ഭൂപടം സൃഷ്ടിക്കുന്നത്. ഈ ഭൂപടം യൂറോപ്പും വടക്കേ അമേരിക്കയും യഥാർഥത്തിൽ ഉള്ളതിനേക്കാൾ വളരെ വലുതായി കാണിക്കുന്നു. ആഫ്രിക്ക, തെക്കേ അമേരിക്ക, ഏഷ്യയുടെ ചില ഭാഗങ്ങൾ തുടങ്ങിയ ഭൂമധ്യരേഖയ്ക്കടുത്തുള്ള പ്രദേശങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ പ്രദേശങ്ങളുടെ വലുപ്പവും പ്രാധാന്യവും ദൃശ്യപരമായെങ്കിലും പെരുപ്പിച്ചു കാണിക്കുന്നു. ഭൂപടത്തിൽ പാശ്ചാത്യ രാജ്യങ്ങൾ പ്രബലവും വിശാലവുമാണെന്ന് തോന്നുന്നു. ഇത് പൊതുജനാഭിപ്രായം, വിദ്യാഭ്യാസം, നയതന്ത്ര ബന്ധങ്ങൾ എന്നിവയെ സ്വാധീനിക്കുമെന്നാണ് വിലയിരുത്തുന്നത്. മാത്രമല്ല, ആഫ്രിക്കയെ അതിന്റെ യഥാർഥ വലിപ്പവുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ ചെറുതായാണ് കാണിച്ചിരുന്നത്.
ഇതോടെയാണ് മെർക്കേറ്റർ ഭൂപടത്തിനെതിരായ ക്യാമ്പയിനുമായി ആഫ്രിക്കൻ യൂണിയൻ രംഗത്തുവന്നത്. മെർക്കേറ്റർ ലോകഭൂപടം അന്താരാഷ്ട്ര സംഘടനകളും സർക്കാരുകളും ഉപയോഗിക്കുന്നത് അവസാനിപ്പിക്കാനും ആഫ്രിക്കയുടെ വലുപ്പം കൃത്യമായി ചിത്രീകരിക്കുന്ന ഭൂപടങ്ങൾ ഉപയോഗിക്കാനുമുള്ള പ്രചാരണം അവർ ഏറെക്കാലമായി നടത്തിയിരുന്നു. ആഫ്രിക്ക നോ ഫിൽട്ടർ, സ്പീക്ക് അപ്പ് ആഫ്രിക്ക തുടങ്ങിയ ഗ്രൂപ്പുകൾ 'കറക്റ്റ് ദി മാപ്പ്' ക്യാമ്പയിനുകളും നടത്തിയിരുന്നു. രാജ്യങ്ങളുടെ യഥാർഥ വലുപ്പങ്ങൾ പ്രതിഫലിപ്പിക്കാൻ ശ്രമിക്കുന്ന 2018-ലെ ഈക്വൽ എർത്ത് പ്രൊജക്ഷൻ സ്വീകരിക്കണമെന്നായിരുന്നു പ്രധാന ആവശ്യം. ഇതാണിപ്പോൾ ഐക്യരാഷ്ട്രസഭ അംഗീകരിച്ചിരിക്കുന്നത്.
Published: 05 Sept 2026, 03:29 pm IST
ABOUT THE AUTHOR

Akhil Sivanand
akhilsivanand@mpp.co.inമാതൃഭൂമി ഡോട്ട് കോം സീനിയർ കണ്ടന്റ് റൈറ്റർ. പരിസ്ഥിതി, കാലാവസ്ഥാ പ്രശ്നങ്ങള്, അന്താരാഷ്ട്ര രാഷ്ട്രീയം എന്നിവയില് താല്പര്യം
.Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented