ടിബറ്റന്‍ ബുദ്ധമത വിശ്വാസികളുടെ ദീര്‍ഘകാല ആശങ്കകള്‍ക്ക് ഒടുവില്‍ താത്കാലിക പരിഹാരം! വിശ്വാസികള്‍ക്ക് ആശ്വാസം പകര്‍ന്നുകൊണ്ട് തനിക്ക് പിന്‍ഗാമിയുണ്ടാകുമെന്ന് ടിബറ്റന്‍ ആത്മീയാചാര്യന്‍ ദലൈലാമ പ്രഖ്യാപിച്ചു. മരണശേഷം തനിക്കൊരു പിന്‍ഗാമി ഉറപ്പായും ഉണ്ടാകുമെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനത്തോടെ ടിബറ്റന്‍ ബുദ്ധമതത്തിന്റെ പാരമ്പര്യത്തിന് തുടര്‍ച്ചയുണ്ടാകില്ലെന്ന അഭ്യൂഹങ്ങള്‍ക്കും വിരാമമായി. ദലൈലാമ പ്രസ്ഥാനം തുടരുമെന്നും 2011-ല്‍ ധർമശാലയില്‍ രൂപവത്കരിച്ച പ്രവാസ സര്‍ക്കാരായ ഗാഡെന്‍ ഫോദ്രാങ്ങിന് മാത്രമേ ദലൈലാമയെ തിരഞ്ഞെടുക്കാന്‍ അധികാരമുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. 'മറ്റാര്‍ക്കും ഈ വിഷയത്തില്‍ ഇടപെടാന്‍ അധികാരമില്ല' എന്നാണ് ചൈനയെ ലക്ഷ്യമിട്ടുകൊണ്ട് ദലൈലാമ പ്രഖ്യാപിച്ചത്. 

To advertise here,

ചൈനീസ് അധിനിവേശവും ഇന്ത്യയിലേക്കുള്ള പലായനവും പ്രവാസജീവിതവും വിവാദങ്ങളുമെല്ലാം ഇഴചേര്‍ന്ന് സംഭവബഹുലമായിരുന്നു ദലൈലാമയുടെ ജീവിതം. ആ ജീവിതയാത്ര 90 വര്‍ഷത്തിലേക്ക് അടുക്കുമ്പോഴാണ് നിര്‍ണായക പ്രഖ്യാപനം. എന്നാല്‍ തങ്ങളുടെ കണ്ണിലെ കരടായ അദ്ദേഹം തന്റെ പിന്‍ഗാമിയെക്കുറിച്ച് പ്രഖ്യാപിക്കുന്നത് ചൈന അംഗീകരിക്കുന്നില്ല. തങ്ങളുടെ അംഗീകാരത്തിന് ശേഷമേ പുതിയ ദലൈലാമയെ പ്രഖ്യാപിക്കാനാകൂ എന്ന നിലപാടാണ് ചൈനയ്ക്ക്. അടുത്ത ദലൈലാമയെ തങ്ങള്‍ നിശ്ചയിക്കുമെന്നത് തന്നെയാണ് ചൈനയുടെ നിലപാട്. ഇതിന് മുന്നോടിയായി പഞ്ചെന്‍ലാമ എന്ന നിര്‍ണായക സ്ഥാനത്ത് ചൈന പാര്‍ട്ടി നിയമനം നടത്തിയിരുന്നു. അതിനാല്‍ തന്നെ ദലൈലാമയുടെ പുനരവതാരം ആര്, എവിടെ എന്നത് പുകയുന്ന ചര്‍ച്ചാവിഷയമാണ്. അതിനപ്പുറം ടിബറ്റിന്റെ ആത്മീയഭാവി ആരാണ് തീരുമാനിക്കേണ്ടത്, അതിലും പ്രധാനമായി, ആരാണ് അത് നിയന്ത്രിക്കേണ്ടത് എന്നതാണ് തര്‍ക്കവിഷയം.

placeholder
ടിബറ്റൻ ആത്മീയ നേതാവായ ദലൈലാമയുടെ 90-ാം ജന്മവാർഷികത്തിന് മുന്നോടിയായി ധര്‍മശാലയിലെ മഗ്ലിയോണ്‍ ഗഞ്ചിൽ സ്ഥാപിച്ച പോസ്റ്റർ | Photo : Niharika KULKARNI / AFP

ലാമോ തോണ്ടുപ്പ് എന്ന ബാലന്‍

ഒരു ടിബറ്റന്‍ നാടോടിക്കഥ പോലെ വിസ്മയിപ്പിക്കുന്നതാണ് പതിനാലാം ദലൈലാമ ടെന്‍സിന്‍ ഗ്യാറ്റ്സോയുടെ (Tenzin Gyatso) ജീവിതം. ടിബറ്റിന്റെ ഏറ്റവും സംഘര്‍ഷഭരിതമായ കാലഘട്ടമായിരുന്നു അദ്ദേഹത്തിന്റെ ഭരണകാലം. വടക്കു കിഴക്കന്‍ ടിബറ്റിലെ അമാദോ എന്ന ഗ്രാമത്തിലെ ഒരു ദരിദ്ര കുടുംബത്തില്‍ കര്‍ഷക ദമ്പതിമാരുടെ മകനായി 1935 ജൂലായ് ആറിനാണ് ടെന്‍സിന്‍ ഗ്യാറ്റ്സോ ജനിച്ചത്. ബാര്‍ലിയും ഉരുളക്കിഴങ്ങും കൃഷി ചെയ്തും കുതിരയെ വളര്‍ത്തിയും കഴിഞ്ഞിരുന്ന ചെറുകിട കര്‍ഷക ദമ്പതികള്‍ക്ക് പിറന്ന കുട്ടി. ലാമോ തോണ്ടുപ് (Lhamo Thondup) എന്നായിരുന്നു കുട്ടിക്ക് വീട്ടുകാര്‍ നല്‍കിയ പേര്. 'ആഗ്രഹം നിറവേറ്റുന്ന ദൈവം' എന്നായിരുന്നു ടിബറ്റന്‍ ഭാഷയില്‍ ആ പേരിന്റെ അര്‍ത്ഥം. 16 കുട്ടികള്‍ ആ കുടുംബത്തില്‍ പിറന്നു വീണെങ്കിലും ബാല്യം പിന്നിട്ടത് ഏഴ് പേര്‍ മാത്രമായിരുന്നു. രണ്ട് സഹോദരിമാരും നാല് സഹോദരന്മാരുമാണ് ലാമോയ്ക്ക് ഉണ്ടായിരുന്നത്. മൂത്ത സഹോദരി സെറിങ് ഡോള്‍മ ലാമോയെക്കാള്‍ പതിനെട്ട് വയസ്സ് മൂത്തതായിരുന്നു. 

ലാമോ തോണ്ടുപ്പിന്റെ രണ്ട് സഹോദരന്മാര്‍ ആത്മീയ പുനര്‍ജന്മങ്ങളാണ് അംഗീകരിക്കപ്പെട്ടിരുന്നു. മൂത്ത സഹോദരന്‍ തുപ്‌ടെന്‍ ജിഗ്മ നോര്‍ബു ഉയര്‍ന്ന പദവിയിലുള്ള ലാമയുടെ പുനര്‍ജന്മമായും ഏറ്റവും ഇളയ സഹോദരന്‍ ടെന്‍സിന്‍ ചിയോഗ്യാലും മറ്റൊരു ഉന്നത ലാമയുടെ പുനര്‍ജന്മമായുമാണ് അംഗീകരിക്കപ്പെട്ടത്. ഒരു സാധാരണ കുട്ടി എന്നതില്‍ കവിഞ്ഞ് മറ്റെന്തെങ്കിലും പ്രത്യേകത ചെറുപ്പത്തില്‍ ലാമോ തോണ്ടുപ്പിനുണ്ടാകുമെന്ന് വീട്ടുകാര്‍ കരുതിയിരുന്നില്ല. ഒരു കുടുംബത്തില്‍ ഒന്നിലധികം പുനര്‍ജന്മങ്ങള്‍ ഉണ്ടാകുമെന്നും അവര്‍ ചിന്തിച്ചിരുന്നില്ല. ലാമോയുടെ ജനനത്തെത്തുടര്‍ന്ന് പിതാവിനുണ്ടായിരുന്ന ഗുരുതരമായ രോഗം ഭേദമായത് ശുഭസൂചനയായിരുന്നുവെങ്കിലും ആ കുടുംബം അത് വലിയ പ്രാധാന്യമുള്ള കാര്യമായി എടുത്തിരുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവചരിത്രത്തില്‍ ടിബറ്റന്‍ ഭരണകൂടം പറയുന്നത്. ചെറുപ്പകാലത്തേക്കുറിച്ച് വളരെ അവ്യക്തമായ ഓര്‍മകള്‍ മാത്രമാണ് ദലൈലാമയും പില്‍ക്കാലത്ത് പങ്കുവെച്ചിട്ടുള്ളത്. അതിലൊന്ന് മറ്റ് കുട്ടികളുമായി കളിക്കുന്നതും ചെറുപ്പത്തില്‍ മാതാവിനൊപ്പമുള്ള ചില നിമിഷങ്ങളുമാണ്.

1933 ഡിസംബര്‍ 13-നാണ് പതിമൂന്നാം ദലൈലാമ തുംപ്റ്റന്‍ ഗ്യാറ്റ്‌സോ അന്തരിക്കുന്നത്. ലാമോ തോണ്ടുപ്പിന് മൂന്ന് വയസുള്ളപ്പോഴാണ് ദലൈലാമയുടെ പുനരവതാരത്തെ കണ്ടെത്താന്‍ ടിബറ്റന്‍ സര്‍ക്കാര്‍ അയച്ച അന്വേഷണസംഘം കുംബും ബുദ്ധവിഹാരത്തില്‍ എത്തുന്നത്. ഏതാനും അടയാളങ്ങളാണ് അവരെ അവിടെ എത്തിച്ചതെന്നാണ് പറയപ്പെടുന്നത്. അമ്പത്തിയേഴാമത്തെ വയസില്‍ അന്തരിച്ച പതിമൂന്നാമത്തെ ദലൈലാമ തുപ്‌റ്റെന്‍ ഗ്യാറ്റ്‌സോയുടെ എംബാം ചെയ്ത ശരീരവുമായി ബന്ധപ്പെട്ടതാണ് അതിലൊന്ന്. പിന്നാലെ റീജന്റായ ഒരു മുതിര്‍ന്ന ലാമയ്ക്ക് ഒരു ദര്‍ശനം ഉണ്ടായി. തെക്കന്‍ ടിബറ്റിലെ ലമോ ലാറ്റ്സോ എന്ന പുണ്യതടാകത്തിലെ വെള്ളത്തില്‍ ടിബറ്റന്‍ അക്ഷരങ്ങളായ Ah, Ka, Ma എന്നിവ അദ്ദേഹം കണ്ടതായാണ് പറയപ്പെടുന്നത്. സ്വര്‍ണനിറമുള്ള മേല്‍ക്കൂരയുള്ള മൂന്ന് നിലകളുള്ള ഒരു ആശ്രമവും അവിടെനിന്ന് ഒരു കുന്നിലേക്കുള്ള പാതയുമുണ്ടായിരുന്നു. അവസാനം ഒരു ചെറിയ വീട് അദ്ദേഹം കണ്ടു. അഹ് എന്ന അക്ഷരം വടക്കുകിഴക്കന്‍ പ്രവിശ്യയായ അമാദോയെ പരാമര്‍ശിക്കുന്നതാണെന്ന് അദ്ദേഹത്തിന് ഉറപ്പായിരുന്നു. കാ എന്നത് കുംബും ബുദ്ധവിഹാരത്തേയും. അതിനാലാണ് തിരച്ചില്‍ സംഘത്തെ അവിടേയ്ക്ക് അയച്ചത്. 

കുംബുമിലെത്തിയ അന്വേഷണസംഘം തങ്ങളുടെ അന്വേഷണം ശരിയായ ദിശയിലാണെന്ന് ഇതിനിടെ ഉറപ്പിച്ചിരുന്നു. തുടര്‍ന്ന് കുന്നിന്‍ ചെരുവിലുണ്ടായിരുന്ന വീട് കണ്ടെത്താനായിരുന്നു ശ്രമം. അതിനായി അവര്‍ അടുത്തുള്ള ഗ്രാമങ്ങളില്‍ തിരച്ചില്‍ തുടങ്ങി. ലാമോ തോണ്ടുപ്പിനിന്റെ വീടിന്റെ മേല്‍ക്കൂര കണ്ടപ്പോള്‍ പുതിയ ദലൈലാമ വിദൂരത്തായിരിക്കില്ലെന്ന് അവര്‍ ഉറപ്പിച്ചുവെന്നാണ് ദലൈലാമയുടെ ഔദ്യോഗിക ജീവചരിത്രത്തില്‍ പറയുന്നത്. വീട്ടിലെത്തിയ സംഘം സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യം വെളിപ്പെടുത്താതെ രാത്രി തങ്ങാനുള്ള അനുവാദമാണ് ആവശ്യപ്പെട്ടത്. അവരുടെ നേതാവ് ക്യുത്സാങ് റിംപോച്ചെ പരിചാരകനെപ്പോലെ പെരുമാറുകയും കൂടുതല്‍ സമയം വീട്ടിലെ ഇളയ കുട്ടിയെ നിരീക്ഷിക്കുകയും ചെയ്തു. എന്നാല്‍ കുട്ടി അദ്ദേഹത്തെ തിരിച്ചറിയുകയും 'സേരാ ലാമ, സെരാ ലാമ' എന്ന് വിളിക്കുകയും ചെയ്തു. ക്യുത്സാങ് റിംപോച്ചെയുടെ ആശ്രമമായിരുന്നു സെറ', ജീവചരിത്രത്തില്‍ പറയുന്നു. ഗ്രാമത്തില്‍നിന്ന് മടങ്ങിയ സംഘം കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും മടങ്ങിയെത്തി. ഇത്തവണ അവര്‍ പതിമൂന്നാം ദലൈലാമയുടെ നിരവധി സാധനങ്ങള്‍ കൊണ്ടുവന്നു. ഒപ്പം അതിന് സമാനമായ നിരവധി വസ്തുക്കളുമുണ്ടായിരുന്നു. ഇത് എന്റേതാണ് എന്ന് പറഞ്ഞുകൊണ്ട് അവ കൃത്യമായി ബാലന്‍ തിരിച്ചറിഞ്ഞു. തങ്ങള്‍ ദൈലൈ ലാമയുടെ പുനര്‍ജന്മത്തെ കണ്ടെത്തിയെന്ന് സംഘം ഉറപ്പിച്ചു. 

ലാമോ തോണ്ടുപ്പിൽ നിന്ന് ദലൈലാമയിലേക്ക് 

ആ ആണ്‍കുട്ടി അധികം താമസിയാതെ പുതിയ ദലൈലാമയായി അംഗീകരിക്കപ്പെട്ടു. പിന്നാലെ ലാമോ തോണ്ടുപ്പിനെ കുംബുന്‍ ആശ്രമത്തിലേക്ക് കൊണ്ടുപോയി. തന്റെ ജീവിതത്തിലെ ഒരു അസന്തുഷ്ടമായ കാലഘട്ടം ആരംഭിച്ചുവെന്നാണ് മാതാപിതാക്കളില്‍ നിന്നുള്ള വേര്‍പിരിയലിനെയും അപരിചിതമായ ചുറ്റുപാടുകളെയും പ്രതിഫലിപ്പിച്ചുകൊണ്ട് അദ്ദേഹം പില്‍ക്കാലത്ത് എഴുതിയത്. മൂന്ന് മാസത്തിനുശേഷമാണ് അദ്ദേഹം ലാസയില്‍ എത്തിയത്. 1940-ലെ ശൈത്യകാലത്താണ് ലാമോ തോണ്ടുപ്പ് പൊട്ടാല കൊട്ടാരത്തിലെത്തുന്നത്. അവിടെവെച്ച് അദ്ദേഹത്തെ ടിബറ്റിന്റെ ആത്മീയ നേതാവായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ജോഖാങ് ക്ഷേത്രത്തില്‍ നടന്ന ചടങ്ങിനെ തുടര്‍ന്ന് തല മൊട്ടയടിച്ച് മെറൂണ്‍ നിറത്തിലുള്ള സന്യാസവസ്ത്രം ധരിപ്പിച്ചു. ഒപ്പം ലാമോ തോണ്ടുപ്പ് എന്ന് പേര് ഉപേക്ഷിക്കുകയും ടെന്‍സിന്‍ ഗ്യാറ്റ്സോ എന്ന പുതിയ പേര് സ്വീകരിക്കുകയും ചെയ്തു. പിന്നാലെ പ്രാഥമിക വിദ്യാഭ്യാസം ആരംഭിച്ചു. ന്യായം, ടിബറ്റന്‍ സംസ്‌കാരം, സംസ്‌കൃതം, വൈദ്യം, ബൗദ്ധ തത്ത്വചിന്ത എന്നിവയും അദ്ദേഹം അഭ്യസിച്ചു.

ദലൈലാമ കൗമാരത്തിലേക്കെത്തിയപ്പോഴേക്കും കമ്യൂണിസ്റ്റ് ചൈന ടിബറ്റില്‍ അതിന്റെ കണ്ണ് പതിപ്പിച്ച് കഴിഞ്ഞിരുന്നു. ഫ്യൂഡലിസത്തിന്റെയും ലാമമാരുടെ പൗരോഹിത്യത്തിന്റെയും പിടിയില്‍നിന്ന് ടിബറ്റിനെ മോചിപ്പിക്കുകയാണ് ലക്ഷ്യമെന്നാണ് ചൈന പ്രഖ്യാപിച്ചത്. എന്നാല്‍, ടിബറ്റിനെ പിടിച്ചടക്കുക തന്നെയായിരുന്നു ചൈനയുടെ ലക്ഷ്യം. 1950-ലെ വേനല്‍ക്കാലത്ത് ചൈനീസ് പട്ടാളക്കാര്‍ ടിബറ്റന്‍ പോസ്റ്റില്‍ റെയ്ഡ് നടത്തിയതായി ഖാമിലെ ഗവര്‍ണറില്‍നിന്ന് റീജന്റിന് ഒരു ടെലിഗ്രാം ലഭിച്ചു. അതിന് മുമ്പും ചൈന ടിബറ്റന്‍ അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റം നടത്തിയിരുന്നു. രണ്ട് മാസങ്ങള്‍ക്ക് ശേഷം ഒക്ടോബറില്‍ 80,000-ത്തോളം വരുന്ന ചൈനീസ് സൈനികരുടെ ഒരു സംഘം ടിബറ്റന്‍ അതിര്‍ത്തിയില്‍ പ്രവേശിച്ചു. അധികം വൈകാതെ തന്നെ അവര്‍ ലാസ കീഴടക്കിയേക്കുമെന്ന സ്ഥിതിയായി. ഇതോടെ ദലൈലാമയ്ക്ക് താത്കാലിക അധികാരം നല്‍കണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യം ഉയര്‍ന്നു. കൂടിയാലോചനകള്‍ക്കുശേഷം ലാസയില്‍ പരിശീലനത്തിലായിരുന്ന ടെന്‍സിന്‍ ഗ്യാറ്റ്സോയെ പതിന്നാലാമത് ദലൈലാമ സ്ഥാനത്ത് അവരോധിച്ചു. പതിനഞ്ചാമത്തെ വയസ്സില്‍, 1950 നവംബര്‍ 17-ന് ടിബറ്റിന്റെ താത്കാലിക നേതാവായി അദ്ദേഹം ഔദ്യോഗികമായി സ്ഥാനം ഏറ്റെടുത്തു.

placeholder
ദലൈലാമ കുട്ടിക്കാലത്ത് | Photo: AFP PHOTO

സംഘര്‍ഷങ്ങളുടെ കാലഘട്ടം

ചൈനീസ് അധിധിവേശം വര്‍ധിച്ചതിന് പിന്നാലെ സഹായത്തിനായി ടിബറ്റ് യു.എന്നിനെയും യു.എസ്.എ. മുതല്‍ ഇന്ത്യ വരെയുള്ള രാജ്യങ്ങളെയും സമീപിച്ചു. എന്നാല്‍, അവര്‍ക്ക് ഗുണകരമായ പ്രതികരണമൊന്നും ഉണ്ടായില്ല. പഴയ സുഹൃത്തുക്കളായ ബ്രിട്ടനില്‍നിന്നും ഇന്ത്യയില്‍നിന്നുമുള്ള അകലം പാലിക്കല്‍ അവര്‍ക്കു തിരിച്ചടിയായിരുന്നു. നിവൃത്തിയില്ലാതെ കൗമാരം കടന്നിട്ടില്ലാത്ത ദലൈലാമ പീക്കിങ്ങില്‍ച്ചെന്ന് ചെയര്‍മാന്‍ മാവോ സേ തുങ്ങിനെ കണ്ടു. നിങ്ങളെ നവീകരിക്കാന്‍ പോവുന്നുവെന്നാണ് അവസാന കൂടിക്കാഴ്ചയില്‍ ദലൈലാമയോട് മാവോ പറഞ്ഞത്. ഒടുവില്‍ ഗത്യന്തരമില്ലാതെ, 1951 മേയില്‍ ചൈനയുമായി കരാറില്‍ ടിബറ്റ് ഒപ്പുവെച്ചു. ദലൈലാമയുടെ അധികാരങ്ങള്‍ ഉള്‍പ്പെടെ ടിബറ്റിലെ നിലവിലുള്ള ഭരണരീതികളില്‍ ഒരു മാറ്റവും വരുത്തില്ലെന്നതായിരുന്നു കരാറിലെ പ്രധാന വ്യവസ്ഥകളിലൊന്ന്. പിന്നാലെ ടിബറ്റില്‍ സമാധാനാന്തരീക്ഷം നിലവില്‍വന്നു. 1955-ല്‍ പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയുടെ സ്റ്റിയറിങ് കമ്മിറ്റിയുടെ വൈസ് പ്രസിഡന്റായി ദലൈലാമയെ നിയമിക്കുന്ന അവസ്ഥ വരെയുണ്ടായി. 

1956 മുതല്‍ കിഴക്കന്‍ മേഖലയിലെ ജനതയ്ക്കിടയില്‍ (ഖംപകള്‍) ഭൂമി കൂട്ടുടമസ്ഥതയില്‍ കൊണ്ടുവരാന്‍ തുടങ്ങിയതോടെ സ്ഥിതി മാറിത്തുടങ്ങി. ആ മേഖല ടിബറ്റിനു പുറത്തായി ചൈന കണക്കാക്കിയിരുന്നതിനാല്‍ ടിബറ്റിന് സമാനമായ പ്രത്യേകപദവി ഈ മേഖലയ്ക്ക് നല്‍കിയിരുന്നില്ല. ഖംപകള്‍ ശക്തമായി പ്രതിഷേധിച്ചതോടെ ഇത് ചൈനയ്‌ക്കെതിരായ ആദ്യ പ്രക്ഷോഭമായി വളര്‍ന്നു. ചൈനീസ് പട്ടാളം പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ ശ്രമമാരംഭിച്ചു. ഒപ്പം ടിബറ്റിന്റെ ഇതരപ്രദേശങ്ങളിലും സൈനിക വിന്യാസമുണ്ടായി. അവസാനം ലാസയും ചൈനീസ് പട്ടാളത്തിന്റെ വരുതിയിലായി. പ്രക്ഷോഭം ശക്തമായതിന് പിന്നാലെ ചൈനീസ് പട്ടാളം തന്നെ അറസ്റ്റു ചെയ്‌തേക്കുമെന്ന് ദലൈലാമ മനസ്സിലാക്കി. ഇതിനിടെ രാത്രി നഗരം വിടണമെന്ന് കൊട്ടാരത്തില്‍നിന്ന് തന്നെ ദലൈലാമയ്ക്ക് നിര്‍ദേശം ലഭിച്ചു. ഒരു സാധാരണ സൈനികന്റെ വേഷം ധരിച്ച് അദ്ദേഹം രഹസ്യമായി അവിടെനിന്നു രക്ഷപ്പെട്ടു. ഇന്ത്യയിലേക്കായിരുന്നു ആ യാത്ര. ദലൈലാമ രക്ഷപ്പെട്ടെന്നു മനസ്സിലായതോടെ ചൈനീസ് പട്ടാളം ടിബറ്റന്‍ ജനതയ്ക്കുമേല്‍ അഴിഞ്ഞാടി. രാജ്യം മുഴുവന്‍ അവര്‍ നിയന്ത്രണത്തിലാക്കി.

placeholder
1956 ഏപ്രിൽ 17-ന് ലാസയിൽ ചൈനീസ് ഉദ്യോഗസ്ഥരെ സ്വീകരിക്കുന്ന ചടങ്ങിൽ ടിബറ്റൻ ആത്മീയ നേതാക്കളായ ദലൈലാമ, പഞ്ചെൻ ലാമ എന്നിവർ ചൈനീസ് വൈസ്-പ്രീമിയർ ചെൻ യിക്കൊപ്പം | Photo : XINHUA / AFP

ലാസയില്‍നിന്ന് പുറപ്പെട്ട് മൂന്നാഴ്ചയ്ക്ക് ശേഷമാണ് ദലൈലാമയും സംഘവും ഇന്ത്യന്‍ അതിര്‍ത്തിയില്‍ എത്തുന്നത്. സിക്കിം വഴി, ചാങ്കു തടാകത്തെ ചുറ്റിയാണ് സംഘം ഇന്ത്യയിലെത്തിയത്. 1959 മാര്‍ച്ച് 31-നാണ് അദ്ദേഹം ഇന്ത്യന്‍ അതിര്‍ത്തിയിലെത്തിയത്. അന്ന് 24 വയസായിരുന്നു അദ്ദേഹത്തിന് പ്രായം. പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്രുവിന് തുടക്കത്തില്‍ ദലൈലാമയെയും സംഘത്തെയും സ്വീകരിക്കുന്നതില്‍ ആശങ്കയുണ്ടായിരുന്നു. ചൈനയെ പിണക്കാനുള്ള പേടി തന്നെയായിരുന്നു കാരണം. ഒടുവില്‍ 18 ദിവസം യാത്ര ചെയ്തുവന്ന സംഘത്തെ നെഹ്രു ഇന്ത്യന്‍ മണ്ണിലേക്ക് സ്വീകരിച്ചു, ചൈനയെ പിണക്കിക്കൊണ്ട് തന്നെ. മസൂറിയില്‍വെച്ച് അദ്ദേഹം നെഹ്രുവുമായി കൂടിക്കാഴ്ച നടത്തി. ടിബറ്റിന്റെ കാലാവസ്ഥയുമായി ഏകദേശം ഇണക്കമുള്ള ഹിമാചല്‍പ്രദേശിലെ ധര്‍മശാലയിലും കര്‍ണാടകത്തിലെ കുടകിലും അവര്‍ക്ക് ഭൂമി അനുവദിച്ചു. തങ്ങളുടേതായ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ അനുവാദം നല്‍കി. മൂന്നു വര്‍ഷത്തിന് ശേഷം ചൈന ഇന്ത്യയെ ആക്രമിച്ചു. 

ഇന്ത്യയിലെത്തിയ ടിബറ്റന്‍ സംഘം 1959 ഏപ്രില്‍ 29-ന് മസൂറിയില്‍ ആദ്യത്തെ പ്രവാസ സര്‍ക്കാര്‍ (Cetnral Tibetan Admintsiration) സ്ഥാപിച്ചു. പിന്നീടത് ധര്‍മശാലയിലെ മക്ലിയോന്‍ ഗഞ്ജിലേക്ക് മാറ്റി. ആ സര്‍ക്കാരിന് പ്രധാനമന്ത്രിയും പ്രസിഡന്റും ഉണ്ടായി. ലെജിസ്‌ളേറ്റീവും എക്‌സിക്യുട്ടീവും ജുഡീഷ്യറിയുമുണ്ടായി. ദലൈലാമ എല്ലാറ്റിന്റെയും പരമാധികാരിയായി. ഇന്ത്യയില്‍നിന്ന് അദ്ദേഹം ലോകം മുഴുവന്‍ സഞ്ചരിച്ചു. ചൈനയുടെ ടിബറ്റന്‍ അധിനിവേശത്തിന്റെ ക്രൂരതകളും ഒരു ജനതയുടെ നിസ്സഹായതയും ലോകത്തിന് മുന്നിലെത്തിച്ചു. എല്ലാവരുടേയും പിന്തുണ തേടി. ടിബറ്റിനെ ചൈനീസ് അധിനിവേശത്തില്‍നിന്ന് മോചിപ്പിക്കാന്‍ ശ്രമങ്ങളാരംഭിച്ചു. ഇതിനിടയിലും ധര്‍മശാലയിലെ മഗ്ലിയോണ്‍ ഗഞ്ച് ടിബറ്റന്‍ പ്രവാസികളുടെ കേന്ദ്രമായി. എങ്കിലും 1959-ല്‍ ചൈനീസ് അധിനിവേശ ടിബറ്റിലെ നോര്‍ബുലിങ് കൊട്ടാരത്തില്‍നിന്ന് ദലൈലാമ പലായനം ചെയ്തതു മുതല്‍ തുടങ്ങിയ ടിബറ്റന്‍ പ്രവാസികളുടെ അരക്ഷിതാവസ്ഥയ്ക്ക് മാറ്റമില്ല. ദലൈലാമ തൊണ്ണൂറാം വയസ്സിലും ഇന്ത്യയില്‍ തുടരുന്നു. 

ആര് തിരഞ്ഞെടുക്കും പുതിയ ദലൈലാമയെ?

ഇനിയൊരു ദലൈലാമ ഉണ്ടാകുമോ എന്നതായിരുന്നു ഇത്രകാലവും ഉയര്‍ന്നുകേട്ട വലിയ ചോദ്യം. അതിനാണ് ഭാഗികമായെങ്കിലും ഉത്തരം ലഭിച്ചിരിക്കുന്നത്. തനിക്ക് പിന്‍ഗാമിയുണ്ടാകുമെന്ന് ദലൈലാമ പ്രഖ്യാപിച്ചിരിക്കുന്നു. മാത്രമല്ല, 2011-ല്‍ ധർമശാലയില്‍ രൂപവത്കരിച്ച പ്രവാസ സര്‍ക്കാരായ ഗാഡെന്‍ ഫ്രോദ്രാങ്ങിനുമാത്രമേ ദലൈലാമയെ തിരഞ്ഞെടുക്കാന്‍ അധികാരമുള്ളൂവെന്നും അദ്ദേഹം അസന്നിഗ്ധമായി പറഞ്ഞു കഴിഞ്ഞു. ദലൈലാമയുടെ തിരഞ്ഞെടുപ്പില്‍ ഇടപെടാനുള്ള ചൈനീസ് ഭരണകൂടത്തിനുള്ള മറുപടിയായാണ് ഇതിനെ വ്യാഖ്യാനിക്കുന്നത്. 14-ാം ദലൈലാമയുടെ 90-ാം പിറന്നാള്‍ വേളയില്‍ പുതിയ ദലൈലാമയെ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് വിശ്വാസികള്‍. ഈ പശ്ചാത്തലത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ക്കഴിയുന്ന പ്രവാസി സന്ന്യാസി വിഭാഗങ്ങളിലെ മുതിര്‍ന്ന അംഗങ്ങള്‍ ധരംശാലയിലെത്തിയിട്ടുണ്ട്. എന്നാല്‍ പിന്നാലെ പുതിയ ദലൈലാമയുടെ തിരഞ്ഞെടുപ്പിന് ഭരണകൂടത്തിന്റെയും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും അനുവാദവും അംഗീകാരവും വേണമെന്നാണ് ചൈന പ്രതികരിച്ചത്. നൂറ്റാണ്ടുകള്‍ നീണ്ട തത്ത്വമനുസരിച്ച് ദലൈലാമയുടെ തിരഞ്ഞെടുപ്പിന് ചൈനയുടെ അംഗീകാരം വേണമെന്നും അതില്‍ വിട്ടുവീഴ്ചയില്ലെന്നുമാണ് ചൈനയുടെ വിദേശകാര്യ വക്താവ് മാവോ നിങ് പ്രതികരിച്ചത്. ഇതോടെ, ദശകങ്ങള്‍ നീണ്ട ചൈനീസ്-ടിബറ്റ് സംഘര്‍ഷം തുടരുമെന്ന് ഉറപ്പാണ്. 

placeholder
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് | Photo: Lintao Zhang/Getty Images

ടിബറ്റന്‍ വിശ്വാസപ്രകാരം ഏറ്റവും പ്രധാനപ്പെട്ട കര്‍മമാണ് ദലൈലാമയുടെ തിരഞ്ഞെടുപ്പ്. ഓരോ ദലൈലാമയും തൊട്ടുമുമ്പത്തെ ദലൈലാമയുടെ പുനര്‍ജന്മമായാണ് വിശ്വസിക്കപ്പെടുന്നത്. അതിനാല്‍ തന്നെ പുനര്‍ജന്മസങ്കല്പവും ലക്ഷണനിരീക്ഷണങ്ങളും നിഗമനങ്ങളും എല്ലാം ചേര്‍ന്ന സങ്കീര്‍ണമായ പ്രക്രിയയാണത്. എന്നാല്‍, ഭരണസംവിധാനങ്ങള്‍ ഉപയോഗിച്ച് ദലൈലാമയുടെ തിരഞ്ഞെടുപ്പ് നടത്താനുള്ള ഉദ്ദേശ്യം ചൈന മറച്ചുവെച്ചിട്ടില്ല. ദലൈ ലായുടെ തിരഞ്ഞെടുപ്പില്‍ ചരിത്രപരമായി ഒരിക്കലും ഇടപെട്ടിട്ടില്ലെങ്കിലും 14-ാമത് ദലൈലാമയുടെ മരണശേഷം പിന്‍ഗാമിയെ തങ്ങള്‍ പ്രഖ്യാപിക്കുമെന്ന തരത്തില്‍ ചൈന പലതവണ സൂചന നല്‍കിയിട്ടുണ്ട്. ദലൈലാമയുടെ അടുത്ത അവതാരം ഉള്‍പ്പെടെ, എല്ലാ പുനര്‍ജന്മങ്ങളും അംഗീകരിക്കുന്നതില്‍ മേല്‍നോട്ടം വഹിക്കുമെന്ന് ചൈനീസ് സര്‍ക്കാര്‍ 2007-ല്‍ ഉത്തരവിട്ടിരുന്നു. ഇത് പ്രകാരം ദലൈലാമയുടെ തിരഞ്ഞെടുപ്പ് നടത്തിക്കൊള്ളാമെന്നാണ് ചൈന പറയുന്നത്.

എന്നാല്‍ വിശ്വാസത്തില്‍ അടിയുറച്ച ടിബറ്റന്‍ ജനത അതൊരിക്കലും അംഗീകരിക്കില്ല. നേരത്തെ പഞ്ചെന്‍ ലാമയായി ചൈന ഗ്യാന്‍കെയ്ന്‍ നോര്‍ബു എന്നയാളെ നിയമിച്ചതും ദലൈലാമയുടെ പുനര്‍ജന്മ തിരഞ്ഞെടുപ്പില്‍ ഇടപെടാനും ടിബറ്റിനുള്ളിലും പ്രവാസത്തിലും കഴിയുന്ന ടിബറ്റുകാര്‍ക്കിടയില്‍ സ്വാധീനമുറിപ്പിക്കാനുമാണ്. ഈ സാഹചര്യത്തില്‍ ചൈനീസ് വെല്ലുവിളികള്‍ മറികടന്നുകൊണ്ട് ടിബറ്റന്‍ ആചാരപ്രകാരം പഴയത് പോലെ ഒരു ദലൈലാമയുടെ സ്ഥാനാരോഹണമുണ്ടാകുമോ? പഴയതുപോലെ ഇതൊന്നും സുഖകരമായി നടക്കില്ലെന്ന് എല്ലാവര്‍ക്കുമറിയാം. ഇനി അഥവാ ഉണ്ടായാല്‍ തന്നെ അത് ചൈന അംഗീകരിക്കില്ല. ചൈന തിരഞ്ഞെടുക്കുന്ന ദലൈലാമയെ ടിബറ്റന്‍ സമൂഹവും. അതിനാല്‍ തന്നെ രണ്ട് ദലൈലാമമാര്‍ ഉണ്ടായേക്കാവുന്ന സാഹചര്യവും തള്ളിക്കളയാനാകില്ല.

അവലംബം

  • https://centraltibetanreliefcommittee.net/about-us/about-his-holiness-the-dalai-lama 
  • https://www.dalailama.com/the-dalai-lama/biography-and-daily-life/brief-biography