തിരുവനന്തപുരം: തിരഞ്ഞെടുപ്പുപരാജയത്തിന് കാരണമായ വീഴ്ചപറ്റിയത് പാർട്ടിക്കാണോ ജനങ്ങൾക്കാണോ എന്നതിൽ തീർപ്പുണ്ടാക്കാതെ വിശാല സംസ്ഥാന സമിതിയിൽ അവതരിപ്പിക്കാനുള്ള രാഷ്ട്രീയ റിപ്പോർട്ടിന് സി.പി.എം. സെക്രട്ടേറിയറ്റ് രൂപം നൽകി. പയ്യന്നൂരിലും തളിപ്പറമ്പിലുമടക്കം സ്ഥാനാർഥി നിർണയത്തിലെ വീഴ്ചമാത്രമാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയത്.
പാർട്ടി അംഗങ്ങളടക്കം ഇടതുസ്ഥാനാർഥിക്ക് വോട്ടുചെയ്തിട്ടില്ലെന്ന വിലയിരുത്തൽ റിപ്പോർട്ടിലില്ല. പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഈ രണ്ട് മണ്ഡലങ്ങളിലും നടത്തിയ പ്രസംഗത്തിൽ ജനങ്ങൾക്ക് വീഴ്ചപറ്റിയെന്ന് കുറ്റപ്പെടുത്തിയിരുന്നു. അത് കേന്ദ്രകമ്മിറ്റിയുടെ അവലോകന റിപ്പോർട്ട് അനുസരിച്ചാണെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ന്യായീകരിക്കുകയും ചെയ്തിരുന്നു.
എന്നാൽ, ആ പരാമർശങ്ങളൊന്നും വിശാല സംസ്ഥാന സമിതിയിലേക്കുള്ള റിപ്പോർട്ടിൽ ചേർത്തിട്ടില്ലെന്നാണ് വിവരം. കേന്ദ്രകമ്മിറ്റിയും സംസ്ഥാനകമ്മിറ്റിയും നേരത്തേ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് തയ്യാറാക്കിയതാണ്.
സംസ്ഥാന കമ്മിറ്റിയുടെ കണ്ടെത്തലിനെ പലകാര്യങ്ങളിലും തിരുത്തിയും തളിപ്പറമ്പിലെ സ്ഥാനാർഥി നിർണയത്തിലടക്കം നേതൃത്വത്തിന് വീഴ്ചയുണ്ടെന്ന് ചൂണ്ടിക്കാട്ടിയുമാണ് റിപ്പോർട്ട് കേന്ദ്രകമ്മിറ്റി അംഗീകരിച്ചത്. ജനങ്ങൾ പാർട്ടിയിൽനിന്ന് അകന്നതിന്റെ കാരണം കണ്ടെത്തി തിരുത്തണമെന്നതിനാണ് റിപ്പോർട്ടിലെ ഊന്നൽ.
സർക്കാർ പ്രവർത്തനത്തിൽ രാഷ്ട്രീയ നിയന്ത്രണവും നിരീക്ഷണവും കൊണ്ടുവരാൻ സംസ്ഥാനകമ്മിറ്റിക്ക് കഴിഞ്ഞില്ലെന്നാണ് കേന്ദ്രകമ്മിറ്റി റിപ്പോർട്ടിലെ വിമർശം. ജനങ്ങളെ കുറ്റപ്പെടുത്തി ഒഴിഞ്ഞുമാറുന്ന നിലപാടിനോട് ഭൂരിപക്ഷം സെക്രട്ടേറിയറ്റ് അംഗങ്ങൾക്കും വിയോജിപ്പുണ്ട്. വിശദമായി ചർച്ചചെയ്ത് തിരുത്തൽ നടപടി സ്വീകരിക്കണമെന്നാണ് ഈ നേതാക്കളുടെ നിലപാട്.
ഇത്, പിണറായി വിജയനും എം.വി. ഗോവിന്ദനും എതിരായുള്ള നീക്കമായി കരുതുന്നവരുമുണ്ട്. ഇത്തരം ഭിന്നനിലപാട് ശക്തമായ സാഹചര്യത്തിലാണ് കേന്ദ്രകമ്മിറ്റി റിപ്പോർട്ടിൽ കൂടുതൽ വിശദീകരണത്തിന് മുതിരാതെ വിശാല സംസ്ഥാന സമിതിയിലേക്കുള്ള രാഷ്ട്രീയറിപ്പോർട്ട് തയ്യാറാക്കിയത്.
വാർത്ത ചോരാതിരിക്കാൻ ജാഗ്രത
കോഴിക്കോട്ട് 13 മുതൽ 15 വരെ നടക്കുന്ന വിശാല സംസ്ഥാനസമിതി യോഗത്തിലെ ചർച്ച മാധ്യമങ്ങൾക്ക് ചോരാതിരിക്കാനുള്ള കടുത്ത ജാഗ്രതയുമായി സി.പി.എം..
യോഗത്തിൽ പങ്കെടുക്കുന്നവരുടെ ഫോൺവിവരം ശേഖരിക്കുമെന്ന് അനൗദ്യോഗികമായി ഓരോ ജില്ലയിലും നേതാക്കൾ അറിയിക്കുന്നുണ്ട്. വാർത്തപുറത്തുവരുന്നത് എങ്ങനെയും തടയണമെന്ന് സംസ്ഥാനനേതൃത്വം നിർദേശിച്ചിട്ടുണ്ട്.
Content Highlights: The CPM secretariat has prepared a political report for the state committee without resolving whether the election defeat was due to party or public shortcomings, focusing only on candidate selection issues in certain constituencies. The report does not include assessments that party members did not vote for the left candidate, despite previous claims by opposition leader Pinarayi Vijayan blaming the public, which was justified by state secretary M.V. Govindan.
Published: 05 Sept 2026, 07:37 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented