ബംഗ്ലാദേശിന്റെ ആദ്യ വനിത പ്രധാനമന്ത്രി, ഒരു മുസ്ലിം രാജ്യത്ത് പ്രധാനമന്ത്രിയാകുന്ന രണ്ടാമത്തെ വനിത, ഒരു രാജ്യത്തിന്റെ പ്രഥമ വനിതയില് നിന്ന് ആ രാജ്യത്തിന്റെ പ്രധാനമന്ത്രിയായ വ്യക്തി... ബീഗം ഖാലിദ സിയയ്ക്ക് വിശേഷണങ്ങള് ഏറെയാണ്.

നാല് പതിറ്റാണ്ടിലേറെയായി ബംഗ്ലാദേശിന്റെ രാഷ്ട്രീയ ഭൂപ്രകൃതി രൂപപ്പെടുത്തുകയും മുറിപ്പെടുത്തുകയും ചെയ്തത് രണ്ട് വനിതകളാണ്. ഒരാൾ ഷെയ്ഖ് ഹസീന, മറ്റൊരാൾ ഖാലിദ സിയ. സമാനതകളേറെയായിരുന്നു അവർക്കിരുവർക്കും. സ്വന്തം കുടുംബത്തിൽ നടന്ന ദാരുണസംഭവങ്ങൾക്ക് പിന്നാലെ പൊതുരംഗത്തേക്ക് കടന്നു വന്നവർ. ബംഗ്ലാദേശിന്റെ പ്രഥമ പ്രസിഡന്റ് ആയ ഷെയ്ഖ് മുജീബുർ റഹ്‌മാൻ 1975 ഓഗസ്റ്റിൽ നടന്ന സൈനിക അട്ടിമറിയിൽ കൊല്ലപ്പെട്ടതോടെയാണ് ഷെയ്ഖ് ഹസീന രാഷ്ട്രീയത്തിൽ സജീവമായതെങ്കിൽ 1981-ലെ സൈനിക അട്ടിമറിയിൽ ഭർത്താവും പ്രസിഡന്റുമായ സിയാവുർ റഹ്‌മാൻ കൊല്ലപ്പെട്ടതോടെയാണ് ഖാലിദ സിയ രാഷ്ട്രീയത്തിൽ സജീവമായത്.
ഇരുവരും അധികാരത്തിന് വേണ്ടി പോരാടി. തിരഞ്ഞെടുപ്പ് മത്സരത്തിനപ്പുറത്തേക്ക് വളർന്ന ഇരുവരുടേയും ശത്രുത 'ബീഗം യുദ്ധം' എന്ന് പോലും അറിയപ്പെട്ടു. ജനറൽ ഹുസൈൻ മുഹമ്മദ് ഇർഷാദ് 1980-ൽ അധികാരത്തിലെത്തിയ കാലത്ത് ഹസീനയും ഖാലിദ സിയയും ഒരുമിച്ച ചുരുങ്ങിയ കാലത്തല്ലാതെ ഇരുവരും വിരുദ്ധ ചേരിയിൽ തന്നെയായിരുന്നു. അവരിലൊരാൾ കളമൊഴിഞ്ഞിരിക്കുകയാണ്. ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രിയും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി(ബിഎൻപി) അധ്യക്ഷയുമായ ബീഗം ഖാലിദ സിയ അന്തരിച്ചു.
ഖാലിദ മജുംദറിൽനിന്ന് ഖാലിദ സിയയിലേക്ക്
പൊതുജീവിതത്തിലേക്ക് കടക്കുന്നതിന് മുമ്പ് ഖാലിദയെ അറിയാവുന്നവർ അവരെ വിശേഷിപ്പിക്കുന്നത് മൃദുഭാഷിയായ സൗമ്യയായ ഒരു സ്ത്രീ എന്നാണ്. 1946 ഓഗസ്റ്റ് 15-ന് അവിഭക്ത ഇന്ത്യയിലെ കിഴക്കൻ ബംഗാളിലെ (ഇപ്പോൾ വടക്കൻ ബംഗ്ലാദേശിന്റെ) ദിനാജ്പൂരിലാണ് ഖാലിദ മജുംദർ ജനിച്ചത്. വ്യാപാരിയായ ഇസ്‌കന്ദർ മജുംദറിന്റെയും തയേബ മജുംദറിന്റെയും അഞ്ച് മക്കളിൽ മൂന്നാമത്തെയാളായിരുന്നു ഖാലിദ. പിതാവ് ഇസ്‌കന്ദർ അലി മജുംദർ ഇന്നത്തെ ബംഗ്ലാദേശിലെ ഫെനിയിൽ നിന്നുള്ള ഒരു ബംഗാളി മുസ്ലിം കുടുംബാംഗമായിരുന്നു. ജൽപായ്‌ഗുരിയിൽ (ഇന്നത്തെ ഇന്ത്യയിൽ) തേയില കച്ചവടം നടത്തിയിരുന്ന ഇസ്‌കന്ദർ മജുംദാർ 1947-ലെ ഇന്ത്യാ വിഭജനത്തിനുശേഷം കിഴക്കൻ പാകിസ്താനിലേക്ക് കുടുംബത്തോടൊപ്പം താമസം മാറി. ഖാലിദ തന്റെ ആദ്യകാലങ്ങൾ ദിനാജ്പൂരിലാണ് ചെലവഴിച്ചത്. തുടക്കത്തിൽ ദിനാജ്പൂർ മിഷനറി സ്‌കൂളിലും പിന്നീട് ദിനാജ്പൂർ ഗേൾസ് സ്‌കൂളിലും പഠിച്ചു.
1960-ൽ, ഖാലിദ അന്ന് പാകിസ്താൻ ആർമിയിൽ ക്യാപ്റ്റനായിരുന്ന സിയാ ഉർ റഹ്‌മാനെ വിവാഹം കഴിച്ചു. വിവാഹം നടക്കുമ്പോൾ 15 വയസ് മാത്രമായിരുന്നു അവർക്ക് പ്രായം. സിയാ ഉർ പിന്നീട് ബംഗ്ലാദേശ് വിമോചന യുദ്ധത്തിന്റെ ഭാഗമാകുകയും ഒടുവിൽ ബംഗ്ലാദേശിന്റെ പ്രസിഡന്റാകുകയും ചെയ്തു. വിവാഹശേഷം, ഭർത്താവിന്റെ പേര് സ്വീകരിച്ചുകൊണ്ട് അവർ തന്റെ പേര് ‘ഖാലിദ സിയ ഉർ റഹ്‌മാൻ’ എന്നാക്കി മാറ്റി. അത് പിന്നീട് ‘ഖാലിദ സിയ’ എന്നറിയപ്പെട്ടു. ദിനാജ്പൂരിലെ സുരേന്ദ്രനാഥ് കോളേജിൽ ചേർന്നെങ്കിലും 1965-ൽ ഭർത്താവിനൊപ്പം താമസിക്കാൻ പടിഞ്ഞാറൻ പാകിസ്താനിലേക്ക് താമസം മാറി. 1965-ലെ ഇന്ത്യാ- പാക് യുദ്ധകാലത്ത് സിയാ ഉർ സൈനിക ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിച്ചു. 1969 മാർച്ചിൽ ഇരുവരും കിഴക്കൻ പാകിസ്താനിലേക്ക് മടങ്ങി. കുടുംബം പിന്നീട് ചിറ്റഗോങ്ങിലേക്ക് താമസം മാറി. സിയ ഉർ റഹ്‌മാന്റെ പത്‌നിയെന്ന ലേബലിൽ ജീവിച്ച ഖാലിദ പൊതുവേദികളിലേക്ക് എത്തിയതേയില്ല. മക്കളായ താരിഖിനെയും അറാഫത്തിനെയും വളർത്തി അവർ വീട്ടിൽ തന്നെ ഒതുങ്ങി.
ഭർത്താവിന്റെ മരണത്തിന് ശേഷം രാഷ്ട്രീയത്തിലേക്ക്
1971-ലെ യുദ്ധകാലത്ത്, സിയ ഉർ ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയപ്പോൾ, ഖാലിദയെ പാകിസ്താൻ അധികൃതർ വീട്ടുതടങ്കലിലാക്കി. ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിനുശേഷം, സിയ ഉർ സൈനിക-രാഷ്ട്രീയ സ്വാധീനം വർധിപ്പിച്ച് ദേശീയ തലത്തിൽ ഉയർന്നു വന്നു. 1975 ഓഗസ്റ്റിൽ പ്രസിഡന്റ് ഷെയ്ഖ് മുജീബുർ റഹ്‌മാനും ഭൂരിപക്ഷം കുടുംബാംഗങ്ങളും കൊല്ലപ്പെട്ടതിനു പിന്നാലെ ബംഗ്ലാദേശ് രാഷ്ട്രീയ അനിശ്ചിതത്വത്തിലാണ്ടു. ബംഗ്ലാദേശ് വിമോചനയുദ്ധനായകരിൽ ഒരാളായ സിയ ഉർ റഹ്‌മാൻ രാജ്യനേതൃത്വത്തിലേക്കുയർന്നത് ഈ വേളയിലാണ്. സിയ ഉർ റഹ്‌മാൻ 1977-ൽ ബംഗ്ലാദേശിന്റെ പ്രസിഡന്റായി. ആദ്യം പട്ടാളഭരണാധികാരിയായും പിന്നീട്, താൻ രൂപവത്കരിച്ച ബിഎൻപിയുണ്ടാക്കിയ സിവിലിയൻ സർക്കാരിന്റെ മേധാവിയായും അദ്ദേഹം ബംഗ്ലാദേശ് ഭരിച്ചു. ഭർത്താവ് ബംഗ്ലാദേശ് പ്രസിഡന്റായതിനുശേഷവും അവർക്ക് രാഷ്ട്രീയത്തിൽ വലിയ താൽപ്പര്യമില്ലായിരുന്നു. പക്ഷേ, ബംഗ്ലാദേശിന്റെ പ്രഥമ വനിതയായ ഖാലിദ വിദേശ നേതാക്കളുമായുള്ള കൂടിക്കാഴ്ചകളിൽ അദ്ദേഹത്തെ അനുഗമിച്ചു. 1981 മെയ് 30-ന് സിയ ഉർ റഹ്‌മാൻ വധിക്കപ്പെട്ടു.
സിയ ഉർ റഹ്‌മാന്റെ മരണത്തിന് ശേഷം 1982 ജനുവരി രണ്ടിന്, റഹ്‌മാൻ സ്ഥാപിച്ച ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയിൽ (ബിഎൻപി) അംഗമായിക്കൊണ്ടാണ് ഖാലിദ സിയ രാഷ്ട്രീയത്തിൽ ഏർപ്പെട്ടത്. പാർട്ടിയിൽ അതിവേഗം ഉയർന്നു വന്ന അവർ 1983 മാർച്ചിൽ അവർ ബിഎൻപിയുടെ വൈസ് ചെയർമാനായി ചുമതലയേറ്റു. 1984-ൽ അവർ പാർട്ടിയുടെ നേതൃത്വം ഏറ്റെടുത്തു. 1980-കളിൽ ജനറൽ ഹുസൈൻ മുഹമ്മദ് ഇർഷാദിന്റെ സൈനിക ഭരണത്തിനെതിരെ അവർ പ്രധാന പ്രതിപക്ഷമായി. തെരുവ് പ്രക്ഷോഭങ്ങൾ, ഹർത്താലുകൾ എന്നിവ സംഘടിപ്പിച്ചു. അവർ പലതവണ അറസ്റ്റ് ചെയ്യപ്പെട്ടു. ജനാധിപത്യ അനുകൂല പ്രസ്ഥാനത്തിന്റെ 'വിട്ടുവീഴ്ചയില്ലാത്ത' നേതാവെന്ന ഖ്യാതി നേടി. ഇർഷാദിന്റെ പുറത്താകലിന് ശേഷം, 1991-ൽ നടന്ന പാർലമെന്റ് പൊതുതിരഞ്ഞെടുപ്പിൽ ഖാലിദ സിയയുടെ നേതൃത്വത്തിലുള്ള ബിഎൻപി ഭൂരിപക്ഷം നേടി. ഖാലിദ സിയ ബംഗ്ലാദേശിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായി.
ബംഗ്ലാദേശിന്റെ ആദ്യ വനിത പ്രധാനമന്ത്രി
ഖാലിദ സിയ അധികാരത്തിലെത്തിയതിന് പിന്നാലെ ഭരണഘടനാ ഭേദഗതിയിലൂടെ ബംഗ്ലാദേശ് പാർലമെന്ററി സംവിധാനത്തിലേക്ക് തിരിച്ചുവന്നു. പാർലമെന്റിന്റെയും പ്രധാനമന്ത്രിയുടെയും അധികാരങ്ങൾ ശക്തിപ്പെടുത്തി. അവരുടെ സർക്കാർ സാമ്പത്തിക ഉദാരവൽക്കരണം പിന്തുടർന്നു. സ്വകാര്യവൽക്കരണവും സ്വകാര്യ നിക്ഷേപവും പ്രോത്സാഹിപ്പിച്ചും രാജ്യത്തെ കടുത്ത സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കാൻ അവർ ശ്രമിച്ചു. രാജ്യത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായം മെച്ചപ്പെടുത്തുന്നതിൽ, പ്രത്യേകിച്ച് പെൺകുട്ടികൾക്ക് വിദ്യാഭ്യാസം വികസിപ്പിക്കുന്നതിൽ ഊന്നൽ നൽകി. പത്താം ക്ലാസ് വരെയുള്ള സൗജന്യ വിദ്യാഭ്യാസവും സ്റ്റൈപ്പന്റ് തരത്തിലുള്ള പരിപാടികളും ഉൾപ്പെടെ നടപ്പിലാക്കി. സ്ത്രീകൾക്ക് സാമ്പത്തിക അവസരങ്ങൾ വികസിപ്പിക്കുന്നതിലും അവരുടെ സർക്കാർ ശ്രദ്ധ കേന്ദ്രീകരിച്ചു. 1991-ൽ ഉണ്ടായ ചുഴലിക്കാറ്റ് അവരുടെ വികസന പ്രവർത്തനങ്ങൾക്ക് തടസ്സമായി. 130,000-ത്തിലധികം ആളുകളുടെ മരണത്തിനും വലിയ നാശനഷ്ടങ്ങൾക്കും കാരണമായി.
1996-ന്റെ തുടക്കത്തിൽ, അവരുടെ സർക്കാരിന്റെ കീഴിൽ നടന്ന തിരഞ്ഞെടുപ്പുകൾ പ്രധാന പ്രതിപക്ഷ പാർട്ടികൾ ബഹിഷ്‌കരിച്ചു. വോട്ടെടുപ്പിൽ കൃത്രിമം നടക്കുമെന്ന് അവർ ആരോപിച്ചു. പ്രതിപക്ഷ ഗ്രൂപ്പുകളുടെ ആഹ്വാനത്തെ തുടർന്ന് വലിയ വിഭാഗം വോട്ടർമാർ ആ തിരഞ്ഞെടുപ്പിൽനിന്ന് വിട്ടുനിന്നു. അധികാരത്തിൽ തിരിച്ചെത്തിയെങ്കിലും പ്രതിപക്ഷത്തിന്റെ നേതൃത്വത്തിലുള്ള തിരഞ്ഞെടുപ്പ് ബഹിഷ്‌കരണത്താൽ അവരുടെ വിജയത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തി. സമരങ്ങളുടെയും പ്രതിഷേധങ്ങളുടെയും പരമ്പര തന്നെ ഉണ്ടായി. തീവ്രമായ പ്രതിഷേധങ്ങളും പണിമുടക്കുകളും രാഷ്ട്രീയ സ്തംഭനവും നേരിട്ടതോടെ അവർ സ്ഥാനമൊഴിയാൻ സമ്മതിച്ചു. പുതിയ തിരഞ്ഞെടുപ്പുകൾക്ക് മേൽനോട്ടം വഹിക്കുന്നതിനായി ഭരണഘടനാ ഭേദഗതി വഴി ഒരു പാർട്ടി രഹിത കാവൽ സർക്കാർ സംവിധാനം സാധ്യമാക്കി. 1996 ജൂണിലെ തിരഞ്ഞെടുപ്പിൽ, ബിഎൻപിക്ക് അധികാരം നഷ്ടപ്പെട്ടു. ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് സർക്കാർ അധികാരത്തിലെത്തിയതോടെ ഖാലിദ സിയ പാർലമെന്റിൽ പ്രതിപക്ഷത്തായി.
2001-ൽ ബിഎൻപി വീണ്ടും അധികാരത്തിലെത്തുകയും ഖാലിദ വീണ്ടും പ്രധാനമന്ത്രിയാകുകയും ചെയ്തു. അഴിമതിയും ഭീകരതയും ഇല്ലാതാക്കും എന്നായിരുന്നു അവരുടെ പ്രധാന വാഗ്ദാനം. പക്ഷേ, രാഷ്ട്രീയ അക്രമവും തീവ്രവാദവും പ്രധാന ആശങ്കകളായി തുടർന്നു. പെൺകുട്ടികളുടെ വിദ്യാഭ്യാസ പരിപാടികൾ, സാമൂഹിക ക്ഷേമ പദ്ധതികൾ എന്നിവ അവരുടെ സർക്കാർ വിപുലീകരിച്ചു. കയറ്റുമതി അധിഷ്ഠിത മേഖല, പ്രത്യേകിച്ച് റെഡിമെയ്ഡ് വസ്ത്ര മേഖല അതിവേഗം വളർന്നു. പ്രശ്നങ്ങളുണ്ടായിരുന്നിട്ടും ഈ കാലയളവിൽ ബംഗ്ലാദേശിൽ താരതമ്യേന സമാധാനം കൈവന്നു. ഗംഗാ ജലം പങ്കിടുന്നത് സംബന്ധിച്ച് അവർ ഇന്ത്യയുമായി ചർച്ച നടത്തി. റോഹിംഗ്യൻ അഭയാർത്ഥി പ്രശ്നം ആഗോളവേദികളിൽ ഉന്നയിച്ചു. യുഎൻ സമാധാന പരിപാലനത്തിൽ സജീവമായി ഇടപെട്ടു. 2006 അവസാനത്തോടെ അവർ സ്ഥാനമൊഴിഞ്ഞു. തിരഞ്ഞെടുപ്പ് നടക്കുന്നതുവരെ അധികാരം ഒരു കാവൽ ഭരണകൂടത്തിന് കൈമാറി.
കേസ്, വിചാരണ, ശിക്ഷ, തടവ്
സൈനിക പിന്തുണയുള്ള ഇടക്കാല സർക്കാർ തിരഞ്ഞെടുപ്പ് വൈകിപ്പിക്കുകയും ബിഎൻപി, അവാമി ലീഗ് നേതാക്കളെ ലക്ഷ്യം വയ്ക്കുകയും ചെയ്തു. പ്രധാന നേതാക്കളെ രാഷ്ട്രീയത്തിൽനിന്ന് മാറ്റി നിർത്താനുള്ള ശ്രമമായി പല നിരീക്ഷകരും ഇതിനെ കണക്കാക്കി. 2007 സെപ്റ്റംബറിൽ, ഖാലിദ സിയയെ അഴിമതി കുറ്റത്തിന് അറസ്റ്റ് ചെയ്തു. 2009-ൽ ഹസീന അധികാരത്തിലെത്തിയപ്പോൾ പ്രതിപക്ഷത്തായിരുന്ന ബിഎൻപി വലിയ അടിച്ചമർത്തലുകളെയും നേരിട്ടു. ബിഎൻപി നേതാക്കളായ നിരവധി പേർ ജയിലിൽ അടക്കപ്പെട്ടു. വിചാരണയെ നേരിടേണ്ടി വന്നു.
ഇതിനിടെ അറസ്റ്റുചെയ്യപ്പെട്ട ഖാലിദയുടെ മകൻ താരിഖ് റഹ്‌മാൻ 18 മാസത്തെ കസ്റ്റഡിക്ക് ശേഷം ജാമ്യത്തിൽ പുറത്തിറങ്ങി. 2008 സെപ്റ്റംബറിൽ യുകെയിലേക്ക് നാടുവിടുകയും ചെയ്തു. ചികിത്സാ ആവശ്യാർഥമെന്ന് പറഞ്ഞാണ് താരിഖ് ലണ്ടനിലേക്ക് പോയത്. പിന്നീട് തിരിച്ചുവന്നതുമില്ല. 2014-ൽ ചാരിറ്റിക്ക് വേണ്ടി ഉദ്ദേശിച്ചിരുന്ന ഫണ്ട് ദുരുപയോഗം ചെയ്തതിന് ഖാലിദ വിചാരണ നേരിട്ടു. 2018 ഫെബ്രുവരിയിൽ അവർ കുറ്റക്കാരിയാണെന്ന് കണ്ടെത്തി അഞ്ച് വർഷത്തെ തടവിന് ശിക്ഷിച്ചു. വിധി രാഷ്ട്രീയ പ്രേരിതമാണെന്ന് അവകാശപ്പെട്ടുകൊണ്ട് ഖാലിദ കുറ്റം നിഷേധിച്ചു. ഇതോടെ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ അവർക്ക് കഴിഞ്ഞില്ല. പിന്നാലെ, മറ്റൊരു അഴിമതിക്കുറ്റത്തിന് കൂടി അവർ ശിക്ഷിക്കപ്പെട്ടു. 2017-ന് ശേഷം അവരുടെ ആരോഗ്യം വഷളായി.
2019 മുതൽ സാങ്കേതികമായി ശിക്ഷ അനുഭവിക്കുന്നതിനിടയിലും അവർ ദീർഘകാലം ആശുപത്രിയിൽ കഴിഞ്ഞു. 2020 മാർച്ചിൽ അവരെ ജയിൽ സാഹചര്യങ്ങളിൽനിന്ന് മോചിപ്പിക്കുകയും മാനുഷിക കാരണങ്ങളാൽ വീട്ടുതടങ്കലിൽ പാർപ്പിക്കുകയും ചെയ്തു. എങ്കിലും സജീവ രാഷ്ട്രീയ പ്രവർത്തനങ്ങൾ വിലക്കപ്പെട്ടു. ഷെയ്ഖ് ഹസീനയെ രാജ്യം വിടാൻ നിർബന്ധിതയാക്കിയ 2024-ലെ വിദ്യാർഥികളുടെ പ്രക്ഷോഭത്തിനുശേഷം അവർക്കെതിരായ നിയന്ത്രണങ്ങൾ നീക്കാൻ ബംഗ്ലാദേശ് പ്രസിഡന്റ് ഉത്തരവിട്ടു. ആ വർഷം അവസാനം പ്രധാന അഴിമതി കേസുകളിൽനിന്ന് അവർ കുറ്റവിമുക്തയാക്കപ്പെട്ടു. ദീർഘകാലമായി രോഗബാധിതയായ അവർ 2025 ഡിസംബർ 30-ന് അന്തരിച്ചു. ഷെയ്ഖ് ഹസീനയുമായുള്ള മത്സരവും ബിഎൻപി- അവാമി ലീഗ് പോരാട്ടവും രാഷ്ട്രീയമാറ്റവും അടയാളപ്പെടുത്തിയ ബംഗ്ലാദേശ് രാഷ്ട്രീയത്തിലെ ഒരു പ്രധാന അധ്യായം അവസാനിപ്പിച്ചുകൊണ്ട്.
Content Highlights: A look back at the influential political career of Begum Khaleda Zia, from her rise after her husband`s assassination to her role as Prime Minister and her eventual departure from politics.
Published: 30 Dec 2025, 03:30 pm IST
ABOUT THE AUTHOR

Akhil Sivanand
akhilsivanand@mpp.co.inമാതൃഭൂമി ഡോട്ട് കോം സീനിയർ കണ്ടന്റ് റൈറ്റർ. പരിസ്ഥിതി, കാലാവസ്ഥാ പ്രശ്നങ്ങള്, അന്താരാഷ്ട്ര രാഷ്ട്രീയം എന്നിവയില് താല്പര്യം
.Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented