കണ്ണൂർ: ഫുട്ബോൾ ലോകകപ്പിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇടപെടലിനെ വിമർശിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ. ഫിഫ ലോകകപ്പിൽ റെഡ് കാർഡ് നൽകിയ താരത്തെ തിരിച്ചെടുപ്പിച്ചത് സ്പോർട്സ്മാൻ സ്പിരിറ്റ് ഇല്ലാത്ത പരിപാടിയാണെന്ന് ഇ.പി. ജയരാജൻ പറഞ്ഞു. ‘ഇതെന്താ യുദ്ധമാണോ? സ്പോർട്സിനെപ്പോലും വെറുതെവിടാത്ത ലോകത്തിലെ വലതുപക്ഷ തീവ്രവാദിയാണ് ട്രംപ്,’ അദ്ദേഹം കൂട്ടിച്ചേർത്തു.

To advertise here,

ഈജിപ്ത്-അർജന്റീന മത്സരത്തിന് ശേഷമുയരുന്ന വിവാദത്തിലും അദ്ദേഹം പ്രതികരിച്ചു. വിവാദങ്ങൾ എല്ലാ രംഗത്തും ഉണ്ടാകുമെന്നും ഫുട്ബോളിന് ഫുട്ബോളിന്റേതായ പരാതികളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

‘ഈജിപ്തിന്റേത് നല്ല കളിയായിരുന്നു. പ്രതിരോധം ശക്തമായിരുന്നു. അവസാനനിമിഷം അർജന്റീന കയറി അടിച്ചു. ഞാൻ ട്രെയിനിൽ വരുന്ന ദിവസമായിരുന്നു. വന്ദേഭാരതിൽ ഇരിക്കുമ്പോഴാണ് ഈജിപ്ത് രണ്ടു ഗോളടിക്കുന്നത്. തിരിച്ചടക്കാൻ കഴിയില്ല, അർജന്റീന തോറ്റു, പ്രവചനംതന്നെ തെറ്റിപ്പോകുമോ എന്ന് സംശയിച്ചു. അതുകൊണ്ട് ഞാൻ ഇതെല്ലാം പൂട്ടി. വീടെത്തുമ്പോൾ കുട്ടികൾ കണ്ടിരിക്കുകയാണ്. അവര് വന്ന് പറഞ്ഞു, 'അച്ചാച്ചാ അർജന്റീന ജയിച്ചു' എന്ന്’, ജയരാജൻ പറഞ്ഞു.