മലപ്പുറം: വിവാദങ്ങൾക്കു പിന്നാലെ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഉപയോഗിച്ച ആഡംബരക്കാറായ റെയ്ഞ്ച് റോവർ ഉടമയ്ക്ക് തിരിച്ചുനൽകി തദ്ദേശവകുപ്പ് മന്ത്രി കെ.എം. ഷാജി. കാറുടമയായ കണ്ണൂർ തില്ലങ്കേരി സ്വദേശിയും റിയാദിലെ വ്യവസായിയും കെ.എം.സി.സി. നേതാവുമായ യാക്കൂബിന്റെ പേരിലുള്ള കാറാണ് തിരിച്ചുനൽകിയത്.

To advertise here,

മന്ത്രിസ്ഥാനം ഏറ്റെടുത്തതിന് തൊട്ടുപിന്നാലെയാണ് ഷാജി സുഹൃത്തായ യാക്കൂബിന്റെ KL 78 A 0009 നമ്പർ റേഞ്ച് റോവർ ഔദ്യോഗിക വാഹനമായി ഉപയോഗിച്ചത്. ഇത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചു. സർക്കാർ അനുവദിച്ച ഔദ്യോഗിക വാഹനമായ ഇന്നവോ ക്രിസ്റ്റയ്ക്കു പകരം ലക്ഷങ്ങൾ വിലമതിക്കുന്ന സ്വകാര്യ ആഡംബരക്കാറിൽ സംസ്ഥാന സർക്കാരിന്റെ ബോർഡും 13 നമ്പറും പതിപ്പിച്ച് യാത്രചെയ്തതിനെ ഡി.വൈ.എഫ്.ഐ. ഉൾപ്പെടെയുള്ള സംഘടനകൾ ചോദ്യംചെയ്തു.

തനിക്ക് ലഭിച്ച ഇന്നോവ ക്രിസ്റ്റ നാലുലക്ഷത്തിലധികം കിലോമീറ്റർ ഓടിയതാണെന്നും ദീർഘദൂര സഞ്ചാരത്തിന് യോഗ്യമല്ലെന്നും പറഞ്ഞാണ് ഷാജി ആരോപണത്തെ നേരിട്ടത്. ഇതിനായി സർക്കാരിൽനിന്ന് ഇന്ധനച്ചെലവോ വാടകയോ വാങ്ങിയിട്ടില്ലെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു. എങ്കിലും രാഷ്ട്രീയ വിവാദം കടുത്തതോടെ മന്ത്രി കാർ ഉടമയ്ക്കുതന്നെ തിരിച്ചുനൽകുകയായിരുന്നു.