കൊച്ചി: റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി മാനേജിങ് ഡയറക്ടർ ആന്റോ അഗസ്റ്റിൻ മൂന്ന് ബാങ്കുകളിൽ തട്ടിപ്പ് നടത്തിയെന്ന ആരോപണവുമായി ട്വന്റി-20 പ്രസിഡന്റ് സാബു എം. ജേക്കബ്. വയനാട്ടിലെ വീടുമായി ബന്ധപ്പെട്ട് വൻ ക്രമക്കേടുകളുണ്ടായിട്ടുണ്ട്. വീട് ആന്റോ അഗസ്റ്റിന്റെ കുടുംബത്തിനുതന്നെ ലഭിക്കാനിടയായ ലേലനടപടിയിൽ ദുരൂഹതയുണ്ട്. ഒരേ ഭൂമികാണിച്ച് മൂന്നുബാങ്കുകളിൽനിന്ന് ആന്റോ വായ്പയെടുത്തിട്ടുണ്ട്. കണ്ടുപിടിക്കുമെന്നായപ്പോൾ പണമടച്ചു രക്ഷപ്പെടുകയായിരുന്നുവെന്നും സാബുപറഞ്ഞു.

To advertise here,

റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി പ്രവർത്തിക്കുന്നത് ലൈസൻസില്ലാതെയെന്ന് സാബു പറഞ്ഞു. ബ്രോഡ് കാസ്റ്റിങ് ലൈസൻസോ നാഷണൽ സെക്യൂരിറ്റി ക്ലിയറൻസോ ഇല്ലാതെയാണ് അവർ പ്രവർത്തിക്കുന്നത്. നികേഷ്‌കുമാറിന് കിട്ടിയ ലൈസൻസിന്റെ പുറത്താണ് ഇത് നടത്തുന്നത്. അതിന് നിയമസാധുതയില്ല. ഇത്തരത്തിൽ മൂന്നുവർഷമായി ഇദ്ദേഹം തുടരുന്നു. പ്രക്ഷേപണ മന്ത്രാലയത്തിന്റേയും സർക്കാരുകളുടേയും അടിയന്തര ഇടപെടൽ ഈ വിഷയത്തിൽ അനിവാര്യമാണ്. ഇതുമായി ബന്ധപ്പെട്ട് എല്ലാവരേയും കണ്ടെങ്കിലും ആരും നടപടിയെടുക്കാൻ ധൈര്യപ്പെടുന്നില്ലെന്നും സാബു പറഞ്ഞു.

ഹൈക്കോടതിയിൽ ഇടപെട്ടതോടെ നവംബർ 23-നകം വിഷയത്തിൽ നടപടിയെടുക്കാൻ കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആന്റോയെ ചെറിയ മീനായി കാണരുത്. വലിയ തിമിംഗിലാണ് അദ്ദേഹം. വില്ലേജ് തലംമുതൽ ഉന്നതോദ്യോഗസ്ഥർവരെ അദ്ദേഹത്തിന്റെ സ്വാധീനവലയത്തിലുണ്ട്. എല്ലാ പാർട്ടിയിലേയും ഉന്നതനേതാക്കളുമായി രാഷ്ട്രീയബന്ധവുമുണ്ട്. കേന്ദ്രസർക്കാരോ സംസ്ഥാന സർക്കാരോ കരുതിയാൽ 24 മണിക്കൂറിനകം പൂട്ടാവുന്നതേയുള്ളൂ ഈ സ്ഥാപനമെന്നും സാബു പറഞ്ഞു.

നിലവിൽ എസ്.ഐ.ടി. അന്വേഷിക്കുന്നുവെങ്കിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റോ സി.ബി.ഐ.യോ വന്നതുകൊണ്ടുമാത്രം ആന്റോയെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനാവില്ല. മുൻപ് ഇ.ഡി. രജിസ്റ്റർ ചെയ്ത കേസ് എങ്ങുമെത്താതെ പോയത് വിവിധ വകുപ്പുകളെ സ്വാധീനിക്കാനുള്ള ഇവരുടെ ശേഷികാരണമാണെന്നും സാബു ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ കേന്ദ്ര ആഭ്യന്തരമന്ത്രിയുടേയോ പ്രധാനമന്ത്രിയുടേയോ നേരിട്ടുള്ള നിയന്ത്രണത്തിലും നിരീക്ഷണത്തിലും ഇ.ഡി.യോ സി.ബി.ഐ.യോ അന്വേഷണം നടത്തിയാൽമാത്രമേ അദ്ദേഹം ജീവിതകാലംമുഴുവൻ അഴിക്കുള്ളിലാകൂ എന്നും എൻ.ഡി.എ. ഘടകകക്ഷി നേതാവുകൂടിയായ സാബു ജേക്കബ് പറഞ്ഞു. ഇത്തരത്തിലുള്ള തട്ടിപ്പുകൾ ജനസമക്ഷം തുറന്നുകാട്ടാൻ മുൻപന്തിയിൽത്തന്നെയുണ്ടാകുമെന്നും സാബു കൂട്ടിച്ചേർത്തു.