ഹരിപ്പാട്: കരുവാറ്റ ലീഡിങ് ചാനലിൽ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് (സി.ബി.എൽ.) വള്ളംകളി കണ്ടുമടങ്ങിയ രണ്ടുപേർ തീവണ്ടി തട്ടി മരിച്ചു. തൃക്കുന്നപ്പുഴ പല്ലന പാനൂർ മഞ്ചാടിത്തറയിൽ സുരേഷ് (45), മുളക്കത്തറ പ്രകാശൻ (65) എന്നിവരാണ് മരിച്ചത്.

To advertise here,

ശനിയാഴ്ച രാത്രി 7.45-ഓടെ തീരദേശ റെയിൽവേ പാതയിൽ കരുവാറ്റ വച്ചായിരുന്നു സംഭവം. വള്ളംകളി കഴിഞ്ഞതോടെ പ്രധാന റോഡിൽ വലിയ ഗതാഗതത്തിരക്ക് അനുഭവപ്പെട്ടതിനെ തുടർന്ന് ഏതാനും ആളുകൾ റെയിൽവേ ട്രാക്കിലൂടെ നടന്നുപോകുകയായിരുന്നുവെന്നും അപ്രതീക്ഷിതമായി എത്തിയ തീവണ്ടി തട്ടി ഇരുവരും അപകടത്തിൽപ്പെട്ടതാവാമെന്നും പോലീസ് വ്യക്തമാക്കി.

മൃതദേഹങ്ങൾ ഹരിപ്പാട് ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന സംശയത്തെ തുടർന്ന് പോലീസും നാട്ടുകാരും ചേർന്ന് പരിസരത്ത് തിരച്ചിൽ നടത്തിയെങ്കിലും മറ്റാരെങ്കിലും അപകടത്തിൽപ്പെട്ടതായി കണ്ടെത്താനായില്ല.