ആലപ്പുഴ : ബാങ്ക് ഓഫ് ഇന്ത്യ സ്റ്റാഫ് യൂണിയൻ (കേരള) സംസ്ഥാന സമ്മേളനത്തിൽ വിതരണംചെയ്ത പ്രവർത്തനരേഖയിൽ പാകിസ്താൻ മുൻ പ്രസിഡന്റ് പർവേസ് മുഷറഫിന് ആദരാഞ്ജലി. സംഭവം വിവാദമായതോടെ സംഘാടകർ ഈ ഭാഗം മഷികൊണ്ടു മായ്ച്ചു. യൂണിയന്റെ പ്രവർത്തനരേഖയിൽ സമ്മേളന കാലയളവിനിടെ മരിച്ച ഒട്ടേറെ പ്രമുഖരെ അനുസ്മരിച്ച് അവരുടെ പേരുകൾ അച്ചടിച്ചിരുന്നു. അതിനൊപ്പമാണ് മുഷറഫിന്റെ പേരും ഇടംപിടിച്ചത്. എ.ഐ.ബി.ഇ.എ.യിൽ അഫിലിയേറ്റ് ചെയ്ത സംഘടനയാണിത്.

To advertise here,

ശനിയാഴ്ച ആലപ്പുഴ നഗരത്തിലെ ഓഡിറ്റോറിയത്തിലായിരുന്നു സമ്മേളനം. മഷികൊണ്ടു തിരുത്തിയ പ്രവർത്തനരേഖയാണ് സമ്മേളനത്തിനെത്തിയവർക്കു നൽകിയത്. സംഭവമറിഞ്ഞ് ബി.ജെ.പി. പ്രവർത്തകർ സമ്മേളനവേദിയിലേക്ക് മാർച്ച് നടത്തി.

ഇവരെ കവാടത്തിൽ പോലീസ് തടഞ്ഞു. രാജ്യത്ത് കാർഗിൽ അനുസ്മരണം നടക്കുന്നതിനിടെ മുഷറഫിന്റെ പേരു വന്നതാണ് വിവാദമായത്. ഇതു ചൂണ്ടിക്കാട്ടിയായിരുന്നു ബി.ജെ.പി. പ്രതിഷേധം. ബി.ജെ.പി. ആലപ്പുഴ ജില്ലാ കമ്മിറ്റി നടത്തിയ മാർച്ച് പ്രസിഡന്റ് എം.വി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു.

സാങ്കേതികപ്പിഴവെന്ന് ഭാരവാഹികൾ

അച്ചടി സമയത്തുവന്ന സാങ്കേതികപ്പിഴവാണ് പ്രശ്നത്തിനു കാരണം. കരടുകോപ്പിയാണു പ്രചരിച്ചത്. അപ്പോഴാണു സംഗതി ശ്രദ്ധയിൽപ്പെട്ടത്. അംഗങ്ങൾക്കു വിതരണംചെയ്ത കോപ്പികളിൽ പിശകു നീക്കിയിരുന്നു. സംഘടനയിലുള്ള 20 പേർ കാർഗിൽ യുദ്ധത്തിൽ പങ്കെടുത്തവരാണ്. കാർഗിൽ യുദ്ധത്തിൽ പങ്കെടുത്തവരെ അനുസ്മരിച്ചാണ് സമ്മേളനം സമാപിച്ചതെന്നും സംഘടനാ ഭാരവാഹികൾ പറഞ്ഞു.