രാജാക്കാട്: ഒറ്റയ്ക്ക് താമസിച്ചുവന്ന, കൊലക്കേസിലെ പ്രതിയായ സ്ത്രീയെ വീടിന് സമീപം ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ശാന്തൻപാറ ചേരിയാർ സ്വദേശിനി റാണി(57)യുടെ മൃതദേഹമാണ് വികൃതമാക്കപ്പെട്ടനിലയിൽ കണ്ടെത്തിയത്. ഇവരെ രണ്ടുദിവസമായി കാണാനില്ലായിരുന്നു. കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
മൃതദേഹംകിടന്ന സ്ഥലത്തിനടുത്തുള്ള വീട്ടിൽ താമസിച്ചിരുന്ന രണ്ട് അതിഥിത്തൊഴിലാളികളെ രണ്ടുദിവസമായി കാണാനില്ല. ഇവർക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹത്തിന്റെ വലതുകൈയുടെ ഭാഗത്ത് അസ്ഥിമാത്രമാണുള്ളത്. ബാക്കിയുള്ള ഭാഗം മുറിച്ചുമാറ്റിയ അവസ്ഥയിലാണ്. തലയിലും ഗുരുതര പരിക്കുകളുണ്ട്.
ചേരിയാറിൽ ആൾത്താമസമില്ലാത്ത ഒറ്റപ്പെട്ട സ്ഥലത്താണ് റാണിയുടെ വീട്. ഞായറാഴ്ച പള്ളിയിൽപോയി മടങ്ങിയെത്തിയ റാണിയെ പിന്നീട് അയൽവാസികൾ കണ്ടിരുന്നില്ല. ഫോണിൽ വിളിച്ചിട്ടും എടുക്കാഞ്ഞതിനാൽ സമീപത്ത് താമസിക്കുന്ന മറ്റൊരുസ്ത്രീ ചൊവ്വാഴ്ച റാണിയെ തിരഞ്ഞ് വീട്ടിലെത്തിയപ്പോൾ വാതിലുകൾ തുറന്നു കിടക്കുന്നത് കണ്ടു.
തുടർന്ന് അന്വേഷിച്ചപ്പോഴാണ് വീടിന് പിന്നിലെ നടപ്പാതയിൽ കമിഴ്ന്നുകിടക്കുന്ന നിലയിൽ മൃതദേഹം കണ്ടത്. 25 വർഷം മുൻപ് തേനിയിൽ ഭർത്താവ് ബാലഗുരുവിനെ കൊലപ്പെടുത്തിയ കേസിൽ ഇവർ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയിരുന്നു. ജയിൽശിക്ഷ കഴിഞ്ഞശേഷം കേരളത്തിലെത്തി ചേരിയാറിൽ സ്ഥലം വാങ്ങി താമസമാരംഭിച്ചു. മക്കളായ റൂബൻ, ഡേവിഡ് എന്നിവർ മൂന്നാറിലാണ് താമസം.
ശാന്തൻപാറ പോലീസ് സ്ഥലത്തെത്തി. ഡോഗ് സ്‌ക്വാഡും ഫൊറൻസിക് വിദഗ്ധരും പരിശോധന നടത്തി. മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ജില്ലാ പോലീസ് മേധാവി ഡോ. എ.എൻ. നസീം, ഇടുക്കി ഡിവൈ.എസ്.പി. കെ.ആർ. മോഹൻദാസ്, മൂന്നാർ എ.എസ്.പി. അമൃത സതീപൻ എന്നിവർ സ്ഥലത്തെത്തി.
Content Highlights: A woman named Rani, previously convicted of murder, was found dead under suspicious circumstances near her isolated home in Cheriyar, with police suspecting foul play. Two migrant workers living nearby are missing, and police have initiated an investigation; Rani's body showed severe mutilation, including missing parts and head injuries. Rani's home was discovered open by a neighbor after she was last seen returning from church, prompting police and forensic teams to conduct a thorough investigation.
Published: 11 Nov 2026, 11:25 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented