തിരുവനന്തപുരം: സംസ്ഥാനത്ത് നവംബർ മുതൽ വലിയ വൈദ്യുതി പ്രതിസന്ധിയുണ്ടാകുമെന്ന വാർത്തകൾ സൃഷ്ടിച്ച് തന്നെ കൊണ്ട് ഫയലിൽ ഒപ്പിടീക്കാനുള്ള ഒരു ശ്രമം നടന്നുവെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. എം.ജി.രാജമാണിക്യം വൈദ്യുതി ബോർഡ് ചെയർമാനായിരുന്നപ്പോൾ നവംബർ മുതൽ ദീർഘകാല പവർക്കട്ട് ഉണ്ടാകുമെന്ന് പറഞ്ഞ് റിപ്പോർട്ട് ലഭിച്ചെന്നും പിന്നീടുവന്ന ടീം ഇപ്പോൾ പ്രതിസന്ധിയില്ലെന്ന് റിപ്പോർട്ട് നൽകിയതായും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭാ യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ഇപ്പോ തന്നെ ചെയ്യണം എന്ന് പറഞ്ഞ് ഫയലയച്ചാൽ അതിനടിയിച്ച് ഒപ്പുവെക്കാൻ ഇരിക്കുന്ന ആളല്ല ഞാൻ' എന്നും മുഖ്യമന്ത്രി പറഞ്ഞു.

To advertise here,

വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ടുയർന്ന വിവാദത്തിലും അദ്ദേഹം പ്രതികരിച്ചു. 'മുഖ്യമന്ത്രിയുടെ മുന്നിലേക്ക് വൈദ്യുതി മന്ത്രി അയച്ച ഒരു ഫയൽ വന്നു. അതിൽ രണ്ട് ഓപ്ഷനുകൾ ഉണ്ടായിരുന്നു. ഒന്ന് ഹിമാചലിന്റെ വൈദ്യുതി, അതിന് 14.50 രൂപ. രണ്ടാമത്തേത് ജിഎൻഎയുടെ വൈദ്യുതി 8.63 ഉം 8.90 രൂപ എന്ന ഓപ്ഷനും ഉണ്ടായിരുന്നു. വൈദ്യുതി മന്ത്രി അയച്ച ഫയലിൽതന്നെ ഹിമാചലിന്റെ വൈദ്യുതി രാജസ്ഥാന് നൽകിയ കാര്യം പറയുന്നുണ്ട്. ജിഎൻഎ മാത്രമാണ് മുന്നിലുള്ളത്. രണ്ടുംകൂടെ താരതമ്യപ്പെടുത്തുമ്പോഴും ജിഎൻഎ ആണ് നല്ലതെന്നും തീരുമാനിച്ചു. എന്നാൽ അവരുമായി ജിഎൻഎയുമായി ഒരു കരാറിലും ഏർപ്പെട്ടില്ല. തുടർന്ന് ഇപ്പോ ആവശ്യമുണ്ടോയെന്ന് അന്വേഷിക്കാൻ തീരുമാനിച്ചു. നവംബറിലും ഡിസംബറിലും വേണ്ട എന്നാണ് കണ്ടെത്തൽ. എന്നാൽ അതിനുശേഷംവേണ്ടി വരും.

അതേസമയം മാർച്ച് ആകുമ്പോൾ എൻടിപിസി നമുക്ക് വൈദ്യുതി നൽകാമെന്ന് അറിയിച്ചിട്ടുണ്ട്. അവരുമായി ചർച്ച ചെയ്തിരുന്നു. 5.18 രൂപയ്ക്കാണ് അവർ നൽകാമെന്ന് അറിയിച്ചത്. അപ്പോൾ ഏപ്രിൽ മെയ് മാസത്തിൽ ജിഎൻഎയിൽനിന്ന് വാങ്ങിക്കേണ്ടെന്ന് വെച്ചു. ഏറ്റവും കുറവ് എവിടെനിന്നാണോ കിട്ടുന്നത് അവിടെ നിന്നേ വാങ്ങിക്കുകയുള്ളൂ.

ദീർഘകാല പ്രതിസന്ധിയുണ്ടാകുമെന്നാണ് കെഎസ്ഇബിയുടെ ആദ്യ ടീം നൽകിയ റിപ്പോർട്ട്. ഇപ്പോൾ ആവശ്യമില്ലെന്ന് പിന്നീട് വന്ന ടീം റിപ്പോർട്ട് നൽകി. വൻ പ്രതിസന്ധി വരാൻ പോകുന്നുവെന്ന വാർത്തകൾ സൃഷ്ടിച്ച് എന്നെക്കൊണ്ട് ഇതിൽ ഒപ്പിടീക്കാനുള്ള ഒരു സമ്മർദ്ദ ശ്രമമുണ്ടായി. തീരുമാനം എടുത്തില്ലെങ്കിൽ നവംബർ ഒന്ന് മുതൽ ദീർഘകാല പവർക്കട്ട് ഉണ്ടാകുമെന്ന് ആ ഫയലിൽ ഉണ്ടായിരുന്നു. ഫയൽ പിടിച്ചുവെച്ചതല്ല. അത് പഠിക്കുകയായിരുന്നു' മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം ഇത്തരത്തിലൊരു റിപ്പോർട്ട് കെഎസ്ഇബി നൽകിയത് സംബന്ധിച്ച് അന്വേഷണം നടത്തുമോ എന്ന കാര്യത്തിൽ മുഖ്യമന്ത്രി വ്യക്തത വരുത്തിയില്ല. പരിശോധിക്കണം എന്ന് മാത്രമേ പറഞ്ഞുള്ളൂ.

ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു. കൂട്ടത്തിൽ എം.വി.ഗോവിന്ദനും കൂടിയിട്ടുണ്ട്. അദ്ദേഹത്തിന് എന്താണ് കാര്യമെന്ന് പോലും മനസ്സിലായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.