ഗഗൻയാൻ ദൗത്യം ഇന്ത്യയുടെ സാങ്കേതിക മികവിന്റെയും ആത്മവിശ്വാസത്തിന്റെയും അടയാളമാണെന്ന് ഗഗൻയാൻ ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ട ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ. ബഹിരാകാശ പര്യവേഷണത്തിൽ ഇന്ത്യ കൈവരിക്കുന്ന നേട്ടങ്ങൾ രാജ്യത്തിന് മാത്രമല്ല, ലോകത്തിനാകെ പ്രയോജനപ്പെടണം. യുവാക്കൾ ജീവിതത്തിൽ ഇപ്പോൾ ചെയ്യുന്ന കാര്യങ്ങൾ നന്നായി ചെയ്യുന്നതിനൊപ്പം രാജ്യത്തിനും സമൂഹത്തിനും സംഭാവന നൽകുന്നവരെ മാതൃകകളാക്കണമെന്നും അദ്ദേഹം പറഞ്ഞു.

To advertise here,

ചോദ്യം: യുദ്ധവിമാന പൈലറ്റിൽനിന്ന് ബഹിരാകാശ സഞ്ചാരിയിലേക്കുള്ള മാറ്റത്തെ എങ്ങനെ കാണുന്നു?

പ്രശാന്ത് ബാലകൃഷ്ണൻ നായർ: എനിക്ക് എപ്പോഴും തോന്നുന്നത് നന്ദിയും കൃതജ്ഞതയുമാണ്. പ്രത്യേകിച്ച് നമ്മുടെ രാജ്യത്തോട്. രാജ്യമില്ലെങ്കിൽ നമ്മളില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘർഷങ്ങളും പ്രശ്നങ്ങളും നടക്കുമ്പോൾ ഇന്ത്യയിൽ സുരക്ഷിതമായി ജീവിക്കാനും ജോലി ചെയ്യാനും കഴിയുന്നതിന്റെ പ്രാധാന്യം തിരിച്ചറിയണം. രാജ്യത്തിന്റെ അംഗീകാരം ലഭിക്കുമ്പോഴുള്ള സന്തോഷം മാതാപിതാക്കൾ മക്കളുടെ നല്ല പ്രവൃത്തികളെ അംഗീകരിക്കുമ്പോൾ ലഭിക്കുന്ന സന്തോഷംപോലെയാണ്.

ചോദ്യം: ഗഗൻയാൻ ദൗത്യം ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ എന്ത് പുതിയ അധ്യായമാണ് എഴുതുക?

പ്രശാന്ത്: ഇന്ത്യയുടെ ആത്മവിശ്വാസവും സാങ്കേതികശേഷിയുമാണ് ഗഗൻയാനിലൂടെ പ്രകടമാകുന്നത്. ചന്ദ്രയാൻ, മംഗൾയാൻ ദൗത്യങ്ങളിലൂടെ ഇന്ത്യയുടെ ശേഷി ലോകം തിരിച്ചറിഞ്ഞതാണ്. പരിമിതമായ ചെലവിൽ വലിയ നേട്ടങ്ങൾ കൈവരിക്കാൻ നമുക്കു കഴിയുന്നുണ്ട്. സ്വന്തം ബഹിരാകാശ പേടകത്തിൽ മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന നാലാമത്തെ രാജ്യമായി മാറുകയാണ് ഇന്ത്യയുടെ ലക്ഷ്യം.

ഇത് ഇന്ത്യയുടെമാത്രം നേട്ടമല്ല. ബഹിരാകാശ ഗവേഷണത്തിൽ ഇന്ത്യ കൈവരിക്കുന്ന ശേഷി മറ്റ് രാജ്യങ്ങൾക്കും പ്രയോജനപ്പെടണം. ഭാവിയിൽ ചന്ദ്രനിലും ബഹിരാകാശത്തും മനുഷ്യന്റെ സാന്നിധ്യം വർധിക്കുമ്പോൾ അവിടത്തെ വിഭവങ്ങളുടെ ഉപയോഗവും പ്രവർത്തനങ്ങളും സംബന്ധിച്ച് നിയമങ്ങളും ചട്ടങ്ങളും ആവശ്യമായി വരും. അതിന്റെ രൂപവത്കരണത്തിൽ ഇന്ത്യയ്ക്കും പങ്കാളിയാകാൻ കഴിയും. അതുകൊണ്ടുതന്നെ ഗഗൻയാന്റെ വിജയം രാജ്യത്തിനപ്പുറം ലോകത്തിനും പ്രാധാന്യമുള്ളതാണ്.

ചോദ്യം: ബഹിരാകാശ യാത്രയ്ക്കുള്ള പരിശീലനത്തിനിടെ ഏറ്റവും കൂടുതൽ പ്രചോദിപ്പിച്ച അനുഭവം എന്താണ്?

പ്രശാന്ത്: മോസ്കോയിലും അമേരിക്കയിലുമുള്ള പരിശീലനത്തിനിടെ അവിടത്തെ സാങ്കേതിക വിദഗ്ധരുടെയും ബഹിരാകാശ സഞ്ചാരികളുടെയും വിനയം എന്നെ ഏറെ ആകർഷിച്ചു. വലിയ നേട്ടങ്ങൾ കൈവരിച്ചവരാണെങ്കിലും അവർ വളരെ ലളിതമായാണ് പെരുമാറുന്നത്.

രാജ്യങ്ങൾതമ്മിൽ രാഷ്ട്രീയമായും സൈനികമായും സംഘർഷങ്ങളുണ്ടാകാം. എന്നാൽ ബഹിരാകാശ മേഖലയിൽ വ്യത്യസ്ത രാജ്യക്കാർ ഒരുമിച്ച് പരിശീലിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നു. മോസ്കോയിൽ പരിശീലനത്തിന് പോയപ്പോൾ അമേരിക്കക്കാരെയും നാസയിൽ പരിശീലനം നടത്തിയപ്പോൾ റഷ്യക്കാരെയും കണ്ടു. രാജ്യാന്തര ബഹിരാകാശ നിലയത്തിലും വിവിധ രാജ്യങ്ങളിൽനിന്നുള്ളവർ ഒരുമിച്ച് പ്രവർത്തിക്കുന്നു.

ഈ അനുഭവങ്ങൾ നമ്മളെ കൂടുതൽ വിനയമുള്ളവരാക്കുന്നു. ബഹിരാകാശത്തേക്ക് പോകാൻ ഒരാളുടെ കഴിവുമാത്രം പോരാ; ഒരു രാജ്യത്തിന്റെ കൂട്ടായ പരിശ്രമം ആവശ്യമാണ്. ഈ യാത്രയ്ക്കൊപ്പം സ്വയം തിരിച്ചറിയാനുള്ള മറ്റൊരു യാത്രയും നടക്കുന്നുണ്ട്. അറിവും സാങ്കേതികവിദ്യയും വർധിക്കുന്നതിനനുസരിച്ച് കൂടുതൽ എളിമയുള്ളവരാകുകയാണ് വേണ്ടത്.

ചോദ്യം: ബഹിരാകാശ സഞ്ചാരിയാകാൻ ആഗ്രഹിക്കുന്ന കേരളത്തിലെ വിദ്യാർഥികൾക്ക് എന്താണ് സന്ദേശം?

പ്രശാന്ത്: ഇപ്പോൾ ചെയ്യുന്ന കാര്യങ്ങൾ നന്നായി ചെയ്യുക എന്നതാണ് ആദ്യം വേണ്ടത്. പഠിക്കുകയാണെങ്കിൽ നന്നായി പഠിക്കുക, ജോലി ചെയ്യുകയാണെങ്കിൽ അതിൽ മികവ് പുലർത്തുക. ഭാവിയിലെ ഒരു ലക്ഷ്യത്തിനുവേണ്ടി ഇപ്പോഴത്തെ ജീവിതം മറക്കരുത്.

ഭാവിയിൽ ബഹിരാകാശ യാത്രകൾ കൂടുതൽ സാധാരണമായാൽ വിവിധ മേഖലകളിൽനിന്നുള്ളവർക്കും അവസരങ്ങൾ ലഭിച്ചേക്കാം. ബഹിരാകാശ സഞ്ചാരികൾക്കു മാത്രമല്ല ഈ മേഖലയിൽ ജോലി. മിഷൻ കൺട്രോൾ, ശാസ്ത്രഗവേഷണം, റോക്കറ്റ് നിർമാണം, ആശയവിനിമയം, നിയമം, സൈബർ സുരക്ഷ, നിർമിതബുദ്ധി തുടങ്ങിയ മേഖലകളിലും സാധ്യതകളുണ്ട്. ബഹിരാകാശ സഞ്ചാരി എന്നത് വലിയൊരു സംവിധാനത്തിലെ ഒരു ജോലി മാത്രമാണ്.

ചോദ്യം: ബഹിരാകാശത്തുനിന്ന് ഭൂമിയെ നോക്കുമ്പോൾ എന്താണ് തോന്നുക?

പ്രശാന്ത്: യഥാർഥത്തിൽ ബഹിരാകാശ സഞ്ചാരി ഞാനല്ല, നമ്മളെല്ലാവരുമാണ്. ഭൂമി സെക്കൻഡിൽ ഏകദേശം 31 കിലോമീറ്റർ വേഗത്തിൽ സൂര്യനെ ചുറ്റുന്നുണ്ട്. നമ്മളെല്ലാവരും ഈ ഭൂമിയെന്ന ബഹിരാകാശ വാഹനത്തിലാണ് യാത്ര ചെയ്യുന്നത്. അതുകൊണ്ട് ഒരർഥത്തിൽ നമ്മളെല്ലാവരും ബഹിരാകാശ സഞ്ചാരികളാണ്.

പതിവായി കാണുന്ന കാര്യങ്ങളുടെ മൂല്യം പലപ്പോഴും തിരിച്ചറിയാറില്ല. പ്രകൃതിയും ശുദ്ധവായുവും ഭക്ഷണവും മനുഷ്യബന്ധങ്ങളുമെല്ലാം നമുക്ക് ലഭിക്കുന്ന അനുഗ്രഹങ്ങളാണ്. മലിനീകരണം രൂക്ഷമായ സ്ഥലങ്ങളിൽ ശുദ്ധവായുവിനുപോലും പ്രാധാന്യം വർധിക്കുകയാണ്. നമുക്ക് ലഭിക്കുന്ന സൗകര്യങ്ങളുടെ മൂല്യം തിരിച്ചറിയണം.

ജീവിതത്തിൽ മറ്റെന്തെങ്കിലും നേടിയാലേ സന്തോഷിക്കാനാകൂ എന്നില്ല. ഇപ്പോഴുള്ള നിമിഷത്തെ പൂർണമായി ആസ്വദിക്കണം. സന്തോഷവും സങ്കടവും ജീവിതത്തിന്റെ ഭാഗമാണ്. അവയോട് എങ്ങനെ പ്രതികരിക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം നമുക്കുണ്ട്. ഭാവിയിലെ സന്തോഷത്തിനുവേണ്ടി ഇപ്പോഴത്തെ ജീവിതം നഷ്ടപ്പെടുത്തരുത്.

ചോദ്യം: ഗഗൻയാൻ ദൗത്യം വിദ്യാർഥികളുടെ സ്വപ്നങ്ങളെ എത്രത്തോളം സ്വാധീനിക്കും?

പ്രശാന്ത്: ചരിത്രത്തിലെ നിർണായക നിമിഷമായിരിക്കും അത്. നീൽ ആംസ്ട്രോങ് ചന്ദ്രനിൽ കാലുകുത്തിയതും യൂറി ഗഗാറിൻ ബഹിരാകാശത്തേക്ക് പോയതും ലോകം ഓർക്കുന്നു. ഇന്ത്യയുടെ സ്വന്തം ബഹിരാകാശ സഞ്ചാരി യാത്ര നടത്തുമ്പോഴും അത്തരമൊരു നിമിഷമുണ്ടാകും. ചന്ദ്രയാൻ വിജയകരമായി ചന്ദ്രനിൽ ഇറങ്ങിയപ്പോൾ യുവാക്കൾക്കുണ്ടായ അഭിമാനം ഓർക്കുക. ഗഗൻയാനും പുതിയ തലമുറയ്ക്ക് വലിയ പ്രചോദനമാകും.

ചില അനുഭവങ്ങൾ വാക്കുകളിലൂടെ പൂർണമായി വിവരിക്കാനാകില്ല. റോസാപ്പൂവിന്റെ മണം അനുഭവിച്ചിട്ടില്ലാത്ത ഒരാൾക്ക് എത്ര വിശദീകരിച്ചാലും ആ അനുഭവം ലഭിക്കില്ല. അതുപോലെ ഗഗൻയാന്റെ വിജയനിമിഷവും അനുഭവിച്ചുതന്നെ അറിയണം. എന്നാൽ ആ നിമിഷത്തിനായി കാത്തിരിക്കുമ്പോൾ ഇപ്പോഴത്തെ ജീവിതം മറക്കരുത്.

ചോദ്യം: കുട്ടിക്കാലത്തെക്കുറിച്ചുള്ള ഓർമകൾ എന്തൊക്കെയാണ്?

പ്രശാന്ത്: പാലക്കാട് നെന്മാറയ്ക്കടുത്തുള്ള തിരുവഴിയാട്ടാണ് എന്റെ തറവാട്. അവധിക്കാലത്ത് അവിടെ എത്തുമ്പോൾ പാടങ്ങളിൽ ഓടിനടക്കുക, ഗോട്ടി കളിക്കുക, പമ്പരം കളിക്കുക തുടങ്ങിയവയായിരുന്നു പ്രധാന വിനോദങ്ങൾ. കുവൈത്തിലായിരുന്നു പഠനത്തിന്റെ വലിയൊരു ഭാഗവും. ഗൾഫ് യുദ്ധകാലത്ത് നാട്ടിലെ ചിന്മയ വിദ്യാലയത്തിൽ പഠിക്കേണ്ടിവന്നു.

മാതാപിതാക്കൾ എന്നെ നന്നായി വളർത്തി. അവരുടെ കാലത്ത് ഏറെ കഷ്ടപ്പാടുകളുണ്ടായിരുന്നെങ്കിലും അതൊന്നും മക്കളെ അറിയിക്കാതെ അവർ വളർത്തി. പഴയ അനുഭവങ്ങൾ ഓർക്കുമ്പോൾ നന്ദിയുണ്ടാകണം. ജീവിതത്തിലെ എല്ലാ കാലവും നല്ലതായിരിക്കില്ല. മോശം അനുഭവങ്ങളും ജീവിതത്തിന്റെ ഭാഗമാണ്. സാമൂഹികമാധ്യമങ്ങളിൽ കാണുന്നതെല്ലാം യാഥാർഥ്യമാണെന്ന് കരുതരുത്.

ചോദ്യം: സാമൂഹികമാധ്യമങ്ങളുടെ സ്വാധീനം കുട്ടികളേ എങ്ങനെ ബാധിക്കുന്നു?

പ്രശാന്ത്: സാമൂഹികമാധ്യമങ്ങളിൽ ആയിരം ലൈക്കുകൾ ലഭിക്കുമ്പോൾ കുട്ടികൾക്ക് വലിയ സന്തോഷമാകും. എന്നാൽ വീട്ടിലുള്ള അച്ഛനോടും അമ്മയോടും മുത്തശ്ശനോടും മുത്തശ്ശിയോടും സംസാരിക്കാൻ സമയം കണ്ടെത്തുന്നില്ല. ആയിരം ഡിജിറ്റൽ ലൈക്കുകളേക്കാൾ മൂല്യമുള്ളതാണ് കുടുംബാംഗങ്ങൾ നൽകുന്ന സ്നേഹവും അംഗീകാരവും.

ലൈക്കുകളും പ്രതികരണങ്ങളും വഴി ആളുകളെ കൂടുതൽ സമയം സാമൂഹികമാധ്യമങ്ങളിൽ തുടരാൻ പ്രേരിപ്പിക്കുന്ന സംവിധാനങ്ങളുണ്ട്. അതിനാൽ സാങ്കേതികവിദ്യ ഉപയോഗിക്കുമ്പോൾ വിവേകം വേണം. ഫോൺ മാറ്റിവച്ച് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കണം. ബന്ധങ്ങളുടെ ആഴമാണ് പ്രധാനം; ബന്ധങ്ങളുടെ എണ്ണമല്ല.

സ്വാമി ചിന്മയാനന്ദന്റെ ഗുരുവായ തപോവൻ മഹാരാജിന് ഒരു ശിഷ്യൻ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് കരുതുക. ആ ശിഷ്യനിലൂടെ എത്രയോ പേരുടെ ജീവിതത്തെ സ്വാധീനിക്കാൻ കഴിഞ്ഞു. അതുകൊണ്ട് എത്ര പേരുമായി ബന്ധമുണ്ട് എന്നതല്ല, മറ്റുള്ളവരുടെ ജീവിതത്തിൽ എത്രത്തോളം നല്ല മാറ്റമുണ്ടാക്കാൻ കഴിഞ്ഞു എന്നതാണ് പ്രധാനം.

ചോദ്യം: കേരളത്തെയും ഇന്ത്യയെയും കുറിച്ചുള്ള കാഴ്ചപ്പാട് എന്താണ്?

പ്രശാന്ത്: ഇന്ത്യയുടെ വൈവിധ്യം അദ്ഭുതകരമാണ്. കടലുകളും മലകളും മരുഭൂമികളും വനങ്ങളും വിവിധ സംസ്കാരങ്ങളും ഭാഷകളുമുള്ള രാജ്യമാണ് നമ്മുടേത്. കേരളത്തിന്റെ പ്രകൃതിയും ശുദ്ധവായുവും ജീവിതസൗകര്യങ്ങളും വിലമതിക്കണം. വിദേശത്തുപോകാനും കൂടുതൽ പണം സമ്പാദിക്കാനും ആഗ്രഹിക്കുന്നത് സ്വാഭാവികമാണ്. എന്നാൽ സ്വന്തം നാട്ടിൽ ലഭിക്കുന്ന അനുഗ്രഹങ്ങളുടെ മൂല്യവും തിരിച്ചറിയണം.

ആവശ്യത്തിനുള്ള പണം വേണം. എന്നാൽ അത്യാഗ്രഹത്തിന് അവസാനമില്ല. മഹാത്മാഗാന്ധി പറഞ്ഞതുപോലെ, മനുഷ്യന്റെ ആവശ്യങ്ങൾ നിറവേറ്റാനുള്ള വിഭവങ്ങൾ ലോകത്തുണ്ട്; എന്നാൽ അത്യാഗ്രഹം നിറവേറ്റാൻ മതിയാകില്ല. നമുക്ക് ലഭിച്ച അനുഗ്രഹങ്ങളെ തിരിച്ചറിയുകയാണ് വേണ്ടത്.

ചോദ്യം: യുവതലമുറ ആരെയാണ് മാതൃകകളായി കാണേണ്ടത്?

പ്രശാന്ത്: രാജ്യത്തിനും സമൂഹത്തിനുംവേണ്ടി ത്യാഗം ചെയ്യുന്നവരെ യുവാക്കൾ തിരിച്ചറിയണം. മേജർ സന്ദീപ് ഉണ്ണികൃഷ്ണനെപ്പോലുള്ളവർ വലിയ മാതൃകകളാണ്. മുംബൈ ഭീകരാക്രമണത്തിനിടെ നിരവധി പേരുടെ ജീവൻ രക്ഷിക്കാൻ ശ്രമിച്ച അദ്ദേഹം സ്വന്തം ജീവൻ ത്യജിച്ചു. രാജ്യത്തിനുവേണ്ടി ജീവൻ നൽകിയവരുടെ കഥകൾ പുതിയ തലമുറ അറിയണം.

സൈനികർ മാത്രമല്ല, പോലീസ് ഉദ്യോഗസ്ഥർ, അഗ്നിരക്ഷാസേനാംഗങ്ങൾ, വനപാലകർ, ശുചീകരണത്തൊഴിലാളികൾ, മത്സ്യത്തൊഴിലാളികൾ തുടങ്ങി നിരവധി പേർ സമൂഹത്തിനുവേണ്ടി നിസ്വാർഥമായി പ്രവർത്തിക്കുന്നുണ്ട്. നമ്മുടെ സുഖജീവിതത്തിനു പിന്നിൽ നിരവധി പേരുടെ അധ്വാനവും ത്യാഗവുമുണ്ട്. അവരെ ആദരിക്കാൻ കുട്ടികളേ പഠിപ്പിക്കണം.

അച്ചടക്കം, ധൈര്യം, സാഹസികത, സേവനമനോഭാവം തുടങ്ങിയ മൂല്യങ്ങൾ വളർത്തണം. ലഹരിയും അനാവശ്യമായ നെഗറ്റീവ് പ്രവണതകളും ഒഴിവാക്കി നല്ല പൗരന്മാരായി വളരാൻ കുട്ടികളേ പ്രോത്സാഹിപ്പിക്കണം.

ചോദ്യം: കേരളത്തിലെ കുട്ടികൾ എൻ.ഡി.എ., അഗ്നിവീർ തുടങ്ങിയ അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിൽ പിന്നിലാണെന്ന വിമർശനത്തെ എങ്ങനെ കാണുന്നു?

പ്രശാന്ത്: ഇത്തരം അവസരങ്ങളെക്കുറിച്ച് കുട്ടികൾക്ക് വേണ്ടത്ര അറിവില്ലാത്തതാണ് പ്രധാന കാരണങ്ങളിലൊന്ന്. പ്രവേശനപരീക്ഷകൾ എങ്ങനെ എഴുതാം, എന്തൊക്കെയാണ് യോഗ്യതകൾ, പരിശീലനം എങ്ങനെയാണ്, തിരഞ്ഞെടുക്കപ്പെട്ടാൽ ലഭിക്കുന്ന അവസരങ്ങൾ എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങൾ വിദ്യാർഥികൾ അറിയണം.

ഇവിടെയാണ് മാധ്യമങ്ങൾക്കും സമൂഹത്തിനും വലിയ പങ്കുള്ളത്. സിനിമകളുടെ പരസ്യങ്ങൾ എല്ലായിടത്തും കാണുന്നതുപോലെ പ്രതിരോധസേനയിലെ അവസരങ്ങളെക്കുറിച്ചും കുട്ടികൾ അറിയണം. വിവാദങ്ങൾക്കും സെൻസേഷണൽ വാർത്തകൾക്കും ഇടം നൽകുന്നതുപോലെ രാജ്യനിർമാണത്തിനും യുവാക്കളുടെ ഭാവിക്കും പ്രയോജനപ്പെടുന്ന വിഷയങ്ങൾക്കും പ്രാധാന്യം നൽകണം.

സ്കൂളുകളിൽ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കണം. പ്രതിരോധസേനയിലെ അവസരങ്ങളെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ നൽകണം. താത്പര്യമുള്ള കുട്ടികൾക്ക് മുന്നോട്ടുപോകാനുള്ള വഴികൾ മനസ്സിലാക്കാൻ കഴിയണം.

ചോദ്യം: ഇക്കാര്യത്തിൽ മാധ്യമങ്ങൾക്കും സർക്കാരിനും എന്ത് ചെയ്യാനാകും?

പ്രശാന്ത്: മാധ്യമങ്ങൾക്ക് വലിയ ഉത്തരവാദിത്വമുണ്ട്. പ്രതിരോധസേനയിലെ ഉദ്യോഗസ്ഥരുടെ ജീവിതവും നേട്ടങ്ങളും അവരുടെ സേവനത്തിന്റെ പ്രാധാന്യവും കുട്ടികളിലേക്ക് എത്തിക്കണം. സാമൂഹികമാധ്യമങ്ങളിൽ കൂടുതൽ ലൈക്കുകൾ ലഭിക്കുന്നവരെമാത്രം മാതൃകകളായി കാണുന്ന സാഹചര്യം മാറണം. രാജ്യത്തിനുവേണ്ടി സേവനം ചെയ്യുന്നവരുടെ ജീവിതകഥകൾക്കും നേട്ടങ്ങൾക്കും കൂടുതൽ പ്രചാരം ലഭിക്കണം.

സർക്കാരിനും പൊതുസമൂഹത്തിനും സ്വകാര്യസ്ഥാപനങ്ങൾക്കും ഇക്കാര്യത്തിൽ പങ്കുണ്ട്. പ്രതിരോധസേനാംഗങ്ങളെ കൂടുതൽ പൊതുപരിപാടികളിൽ പങ്കെടുപ്പിക്കുകയും അവരുടെ സേവനങ്ങളെ ആദരിക്കുകയും വേണം. അങ്ങനെ വരുമ്പോൾ കുട്ടികൾക്കും യുവാക്കൾക്കും ആ മേഖലകളിലേക്ക് കടന്നുവരാൻ പ്രചോദനം ലഭിക്കും.

എനിക്ക് കീർത്തിചക്ര ലഭിച്ചിട്ടുണ്ട്. എന്നാൽ ഇത്തരം സൈനിക ബഹുമതികളുടെ പ്രാധാന്യവും അവ ലഭിക്കുന്നതിനുപിന്നിലെ ത്യാഗവും എല്ലാവർക്കും അറിയണമെന്നില്ല. അത് സമൂഹത്തിന് പരിചയപ്പെടുത്തണം. ഇതിനെ രാഷ്ട്രീയമായി കാണേണ്ടതില്ല. കേരളം നന്നാകണം, നമ്മുടെ കുട്ടികൾക്ക് നല്ല മാതൃകകൾ ലഭിക്കണം, രാജ്യസേവനം ചെയ്യുന്നവർക്ക് അർഹമായ അംഗീകാരം ലഭിക്കണം. അതാണ് പ്രധാനം.

എന്റെ ജീവിതം എനിക്കുവേണ്ടി മാത്രമുള്ളതല്ല. കുട്ടികൾക്ക് വഴികാട്ടിയാകാൻ അതിന് കഴിയണം. കൂടുതൽ കുട്ടികൾക്ക് പ്രചോദനം നൽകാൻ കഴിയുന്നുവെങ്കിൽ അതാണ് ഏറ്റവും വലിയ നേട്ടം.

ചോദ്യം: ബഹിരാകാശത്തുനിന്ന് ഇന്ത്യയെ നോക്കുമ്പോൾ രാജ്യത്തെക്കുറിച്ച് എന്താണ് പറയാനുള്ളത്?

പ്രശാന്ത്: സത്യം, ശിവം, സുന്ദരം എന്ന ആശയത്തിലൂടെ ഇത് വിശദീകരിക്കാം. ഇന്ത്യയുടെ വൈവിധ്യവും പ്രകൃതിഭംഗിയും സാംസ്കാരിക പൈതൃകവും തിരിച്ചറിയണം. നമുക്ക് ലഭിച്ച അനുഗ്രഹങ്ങളെ നിസ്സാരമായി കാണരുത്. ജീവിതത്തിൽ മറ്റെന്തെങ്കിലും നേടിയാലേ സന്തോഷിക്കാനാകൂ എന്നില്ല. ഇപ്പോഴുള്ള നിമിഷത്തെ പൂർണമായി ആസ്വദിക്കാനും മറ്റുള്ളവരുടെ അധ്വാനത്തെയും ത്യാഗത്തെയും ആദരിക്കാനും കഴിയണം.

ചോദ്യം: യുവതലമുറയ്ക്ക് നൽകാനുള്ള സന്ദേശം?

പ്രശാന്ത്: വലിയ സ്വപ്നങ്ങൾ കാണുക. എന്നാൽ അതിനായി ഇപ്പോഴത്തെ ജീവിതം മറക്കരുത്. ബഹിരാകാശ സഞ്ചാരികൾക്കു മാത്രമല്ല രാജ്യത്തിന്റെ നേട്ടങ്ങളിൽ പങ്കാളികളാകാൻ കഴിയുന്നത്. ശാസ്ത്രം, സാങ്കേതികവിദ്യ, ആശയവിനിമയം തുടങ്ങി ഓരോ മേഖലയിലും മികവ് പുലർത്തി രാജ്യത്തിന്റെ വളർച്ചയ്ക്ക് സംഭാവന നൽകാം.

നമ്മുടെ കുട്ടികൾ നല്ല പൗരന്മാരായി വളരണം. അതിന് നല്ല മാതൃകകൾ മുന്നിൽവയ്ക്കണം. രാജ്യത്തിനുവേണ്ടി ത്യാഗം ചെയ്യുന്നവരെയും സമൂഹത്തിനുവേണ്ടി പ്രവർത്തിക്കുന്നവരെയും ആദരിക്കണം. കുട്ടികൾക്ക് നല്ല മൂല്യങ്ങൾ പകർന്നുനൽകുകയും അവരുടെ കഴിവുകൾ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കുകയും വേണം. അതാണ് സമൂഹത്തിന്റെയും മാതാപിതാക്കളുടെയും ഏറ്റവും വലിയ ഉത്തരവാദിത്വം.