തിരുവനന്തപുരം: സർക്കാർ അറിയാതെ ബാർ ലൈസൻസ് അനുവദിച്ചതിലും മുൻ എക്‌സൈസ് കമ്മിഷണർ സീറാം സാംബശിവറാവു ഉന്നയിച്ച ആരോപണങ്ങളിലും വിജിലൻസ് അന്വേഷണത്തിന് എക്‌സൈസ് വകുപ്പ്.

To advertise here,

നെടുമ്പാശ്ശേരി സിയാൽ വിമാനത്താവളത്തിൽ സർക്കാർ അറിയാതെ രണ്ട് ബാറുകൾക്ക് ലൈസൻസ് നൽകിയതിലും മൂന്നാമതൊരു ബാറിന് ലൈസൻസിന് അനുമതി നൽകിയതിലും സാംബശിവറാവുവിനെതിരേയും അന്വേഷണം ഉണ്ടാകും. ഫയലുകൾ എക്‌സൈസ് വകുപ്പ് മുഖ്യമന്ത്രി വി.ഡി. സതീശന് കൈമാറി.

കൂടാതെ ബേക്കറികളിലൂടെ ഹോർട്ടിവൈൻ വിൽപ്പനയ്ക്ക് അനുമതി നൽകിയതിനെക്കുറിച്ചും വിജിലൻസ് അന്വേഷിക്കും. എറണാകുളത്തും കോട്ടയത്തുമായി മൂന്നിടത്ത് ഡെപ്യൂട്ടി കമ്മിഷണർമാർ ബാർ ലൈസൻസ് നൽകിയത് വിവാദമായിരുന്നു. ഇതിനെതിരേ സർക്കാർ രംഗത്തെത്തിയെങ്കിലും സീറാം സാംബശിവറാവു ഉദ്യോഗസ്ഥരെ ന്യായീകരിച്ചു. സർക്കാരുമായുള്ള ഭിന്നതയ്‌ക്കൊടുവിൽ സീറാം സാംബശിവറാവുവിനെ കമ്മിഷണർ സ്ഥാനത്തുനിന്ന് നീക്കി.

സ്ഥാനമൊഴിയും മുൻപ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നൽകിയ കത്തിൽ ഉന്നത എക്‌സൈസ് ഉദ്യോഗസ്ഥരുടെ അഴിമതിയും ബിനാമി ഇടപാടുകളും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ഇതും അന്വേഷണപരിധിയിൽ വരും. ബാർ ലൈസൻസ് വിവാദത്തിൽ അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലും അന്വേഷണം നടത്തുന്നുണ്ട്.