ശബരിമല അയ്യപ്പനെ അധിക്ഷേപിച്ചെന്ന പരാതിയിൽ സണ്ണി എം കപിക്കാടിനെതിരേ നേരത്തേ പോലീസ് കേസെടുത്തിരുന്നു

കോട്ടയം: ശബരിമലയിലെ വിശ്വാസങ്ങളെക്കുറിച്ചുള്ള വിവാദ പ്രസംഗത്തിൽ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരൻ സണ്ണി എം. കപിക്കാട്. ശബരിമല അയ്യപ്പനെക്കുറിച്ചോ മാളികപ്പുറത്തമ്മയെക്കുറിച്ചോ ഭക്തജനങ്ങൾക്കെതിരേയോ മോശമായ പരാമർശം നടത്തിയിട്ടില്ല. എന്നാൽ പ്രസംഗത്തിൽ ഉപയോഗിച്ച വാക്കുകളെക്കുറിച്ചു ഖേദമുണ്ട്. ഉപയോഗിച്ച വാക്കിൽ ജാഗ്രതക്കുറവുണ്ടായി. ആർക്കെതിരേയും ഉപയോഗിക്കാൻ പാടില്ലാത്ത വാക്കാണ് താൻ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
ഖേദം പ്രകടിപ്പിച്ചത് കേസിന്റെ പശ്ചാത്തലത്തിലല്ല. ഇനി തുടർന്നും ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കും. അയ്യപ്പൻ എന്തോ കുഴപ്പക്കാരനാണെന്ന് വരുത്തിത്തീർക്കാൻ ശ്രമം നടക്കുന്നെന്നാണ് ഉദ്ദേശിച്ചത്. േക്ഷത്രങ്ങൾ കേന്ദ്രീകരിച്ച് ചില വെട്ടിപ്പും തട്ടിപ്പും ഗൂഢാലോചനയും നടക്കുന്നുവെന്നാണ്. ആ അഭിപ്രായത്തിൽ താനിപ്പോഴും ഉറച്ചുനിൽക്കുകയാണെന്നും കേസിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല അയ്യപ്പനെ അധിക്ഷേപിച്ചെന്ന പരാതിയിൽ സണ്ണി എം കപിക്കാടിനെതിരേ തിരൂർ പോലീസ് കേസെടുത്തിരുന്നു. സണ്ണി എം. കപിക്കാടിന്റെ പ്രസ്താവനയെ അപലപിച്ച് ഒട്ടേറെ സംഘടനകൾ പോലീസിൽ പരാതി നൽകിയിരുന്നു. പന്തളം കൊട്ടാരം ഭാരവാഹികൾ, ഹിന്ദു ഐക്യവേദി പന്തളം നഗരസഭാ കമ്മിറ്റി, തിരുവാഭരണപാത സംരക്ഷണസമിതി, തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന സമിതി തുടങ്ങി ഒട്ടേറെ സംഘടനകൾ സണ്ണി എം. കപിക്കാടിനെതിരേ നിയമനടപടി ആവശ്യപ്പെട്ടിരുന്നു.
പരാമർശം പിൻവലിക്കണം-സ്വാമി സച്ചിദാനന്ദ
ശിവഗിരി: കോടിക്കണക്കിന് ആളുകൾ ഈശ്വരസ്വരൂപമായി ആരാധിക്കുന്ന ശബരിമല അയ്യപ്പനെക്കുറിച്ച് ഭക്തജനങ്ങളുടെ വിശ്വാസത്തെയും വികാരങ്ങളെയും വേദനിപ്പിക്കുന്ന പ്രസ്താവന നടത്തിയ സണ്ണി എം. കപിക്കാട് തന്റെ പരാമർശം പിൻവലിക്കണമെന്ന് ശിവഗിരി ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ആവശ്യപ്പെട്ടു.
അഭിപ്രായങ്ങൾ പ്രകടിപ്പിക്കുമ്പോൾ മറ്റുള്ളവരുടെ വിശ്വാസങ്ങളെയും വികാരങ്ങളെയും കൂടി കണക്കിലെടുക്കേണ്ടത് ഉത്തരവാദിത്വമാണെന്ന് അദ്ദേഹം പറഞ്ഞു. സണ്ണി എം. കപിക്കാടിന് മതവിശ്വാസിയോ മതനിഷേധിയോ, ദൈവവിശ്വാസിയോ ദൈവനിഷേധിയോ ആകുന്നതിനും ഏതെങ്കിലും സാമൂഹിക വിഭാഗങ്ങളോട് ആഭിമുഖ്യം പുലർത്തുന്നതിനുമുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാൽ, ആ സ്വാതന്ത്ര്യം വിശ്വാസികളായ ജനതയുടെ പരമ്പരാഗത വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്നതോ അവരുടെ ഹൃദയങ്ങൾക്ക് വേദനയുണ്ടാക്കുന്നതോ ആകരുതെന്നും സ്വാമി സച്ചിദാനന്ദ ആവശ്യപ്പെട്ടു.
നിയമനടപടി വേണം- വിശ്വകർമ ഐക്യവേദി
തിരുവനന്തപുരം: ശബരിമല അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും കുറിച്ച് അശ്ലീല പ്രസ്താവന നടത്തിയ സണ്ണി കപിക്കാടിനെതിരേ നിയമനടപടി സ്വീകരിക്കണമെന്ന് വിശ്വകർമ ഐക്യവേദി ചെയർമാൻ ഡോ. ബി.രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, ഡി.ജി.പി., തിരുവനന്തപുരം പോലീസ് കമ്മിഷണർ എന്നിവർക്ക് ഐക്യവേദി പരാതി നൽകി.
Content Highlights: Writer Sunny M Kapikad expressed regret for words used in his controversial Sabarimala speech, citing a lack of caution, but reaffirmed his stance on alleged temple frauds and stated he will legally face the police case registered in Tirur.
Published: 30 Aug 2026, 07:12 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented