ശബരിമല: ഭക്തഹൃദയങ്ങളിൽ വിശ്വാസത്തിന്റെ പ്രകാശംനിറച്ച് മറ്റൊരു വ്രതകാലംകൂടി. മണ്ഡല ഉത്സവത്തിനായി ശബരിമല നട തുറന്നതോടെ ഇനി മനസ്സ് ശരണമന്ത്രപ്പൂക്കൾ വിരിയുന്ന പൂങ്കാവനം. തിരുമുറ്റത്തിനുതാഴെ ആഴി ജ്വലിച്ചുതുടങ്ങിയതോടെ പ്രാർഥനകളുമായി അയ്യപ്പൻമാർ പടികയറിത്തുടങ്ങി.

To advertise here,

തിങ്കളാഴ്ച വൈകീട്ട് നാലിന് തന്ത്രി കണ്ഠര് ബ്രഹ്‌മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.പ്രസാദ് നമ്പൂതിരി നടതുറന്ന് ശ്രീലകത്ത് ദീപംതെളിയിച്ചു. തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ് കെ.ജയകുമാർ, അംഗങ്ങളായ കെ.രാജു, പി.ഡി.സന്തോഷ് കുമാർ, സ്‌പെഷ്യൽ കമ്മിഷണർ ആർ.ജയകൃഷ്ണൻ, എക്‌സിക്യുട്ടീവ് ഓഫീസർ പി.എസ്.ശാന്തകുമാർ, ചീഫ് പോലീസ് ഓഫീസർ എ.ഡി.ജി.പി. പി.വിജയൻ എന്നിവർ ചടങ്ങിന് സാക്ഷ്യം വഹിച്ചു.

കന്നിമൂല ഗണപതിയുടെ നടയും തുറന്നശേഷം മേൽശാന്തി പടിയിറങ്ങി താഴെ തിരുമുറ്റത്തെ ആഴിയിൽ അഗ്‌നിപകർന്നു.

തുടർന്ന് മേൽശാന്തി പതിനെട്ടാംപടിക്കുതാഴെ ഇരുമുടിക്കെട്ടുമായി കാത്തുനിന്ന നിയുക്തമേൽശാന്തി അരീക്കര സുബ്രഹ്‌മണ്യൻ ശങ്കരൻ നമ്പൂതിരിയെയും മാളികപ്പുറം മേൽശാന്തി എ.ദാമോദരൻ നമ്പൂതിരിയെയും സോപാനത്തേക്ക് ആനയിച്ചു. ഇവരാണ് ആദ്യം പതിനെട്ടാംപടി ചവിട്ടിയത്. അതിനുശേഷം അവരുടെ അവരോധച്ചടങ്ങും നടന്നു. മണ്ഡലാരംഭദിനമായ ചൊവ്വാഴ്ച മുതൽ പുതിയ മേൽശാന്തിമാരായിരിക്കും നടതുറക്കുക.