പമ്പ: പമ്പയിലുള്ള നാല് ശൗചാലയ കോംപ്ലക്‌സുകളിലേക്കും പോലീസ് മെസിലേക്കുമുള്ള വെള്ളം മനപ്പൂർവം തടയാൻ ശ്രമിച്ചതായി സൂചന. ഞായറാഴ്ച വൈകീട്ടാണ് ഇങ്ങോട്ട് വെള്ളം വരാത്തത് ശ്രദ്ധയിൽപ്പെട്ടത്. പരിശോധനയിൽ വാൽവുകൾ അടച്ചുവെച്ചതായി കണ്ടെത്തി. ഉടൻതന്നെ പ്രശ്‌നം പരിഹരിച്ചു.

To advertise here,

പമ്പയിലെ ശൗചാലയ കോംപ്ലക്‌സുകൾ ഇത്തവണ ആദ്യമായി ദേവസ്വംബോർഡ് ഏറ്റെടുത്ത് സൗജന്യമായി നടത്തുകയാണ്. ഇതിൽ മുറുമുറുപ്പുള്ളവരുണ്ട്. ജലവിതരണം തടസ്സപ്പെടുത്തിയത് സംഘടിതശ്രമമാണെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു. അദ്ദേഹം പോലീസിൽ പരാതി നൽകി.

പ്രസിഡന്റ് പറയുന്നു

“കോടികൾക്ക് ലേലത്തിനെടുത്ത് അതിനേക്കാൾ നാലിരട്ടി ലാഭമുണ്ടാക്കുന്നരീതിയാണ് ഇവിടെയുണ്ടായിരുന്നത്. ശൗചാലയം ഉപയോഗത്തിന് തീർഥാടകരിൽനിന്ന് 500 രൂപ വരെ വാങ്ങിച്ചകാര്യം എനിക്കറിയാം. അഞ്ചുരൂപ വാങ്ങാനായിരുന്നു അനുമതി. 50 രൂപ മിനിമം വാങ്ങുമായിരുന്നു. ബാക്കിയൊക്കെ തോന്നുന്നതു പോലെ. ചോദിക്കുന്ന പണം അത്യാവശ്യക്കാരൻ കൊടുക്കും. ആ ഭക്തൻ തിരിച്ചുപോകുമ്പോൾ അയാളുടെ മനസ്സിൽ എന്തായിരിക്കും? ശൗചാലയം ഉപയോഗിക്കുന്നതിനുപോലും നൂറും അഞ്ഞൂറുമൊക്കെ കൊടുക്കണമല്ലോ എന്നാവും. അത്‌ ശബരിമലയ്ക്ക് അപമാനമാണ്. അതുകൊണ്ടാണ് ഇത്തവണ ദേവസ്വംബോർഡ് ഏറ്റെടുത്ത് സൗജന്യമാക്കിയത്. നഷ്ടംവന്നവർ പ്രതികാര നടപടിക്കു ശ്രമിക്കുമല്ലോ. ഈ നയം തെറ്റാണെന്ന് വരുത്താൻ അവർ ശ്രമിക്കും. അവർ വിചാരിച്ചാലേ ഇതു നന്നായിപ്പോകൂ, അതിനാൽ പഴയതുപോലെയാക്കണമെന്നാണ് അവരുടെ ആഗ്രഹം. അതു നടക്കാൻപോകുന്നില്ല. അയ്യപ്പന്റെ ഇച്ഛ അതല്ല. ബന്ധപ്പെട്ട ഇടങ്ങളിൽ സി.സി.ടി.വി. വെക്കും. ആളെ പിടികൂടും. പോലീസിനും പരാതി നൽകി”-അദ്ദേഹം പറഞ്ഞു.

വിരിവെപ്പിന്റെ പേരിലും തട്ടിപ്പ്

വിരിവെക്കുന്നതിന് വ്യാജ കൂപ്പണടിച്ച് കൂടുതൽ പണം വാങ്ങിയും തട്ടിപ്പ്. ശബരിമലയിലെ അന്നദാനമണ്ഡപത്തിനു സമീപത്തെ വിരിവെപ്പുകേന്ദ്രത്തിൽ തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് കെ.ജയകുമാർ നേരിട്ടുനടത്തിയ പരിശോധനയിലാണ് തട്ടിപ്പുപിടിച്ചത്. 53 ബണ്ടിൽ കൂപ്പൺ ഇവിടെനിന്ന് പിടിച്ചടുത്തു. വിരിവെപ്പുകേന്ദ്രത്തിന് നോട്ടീസ് നൽകി.

50 രൂപയാണ് നിശ്ചിതതുക. തുക നിശ്ചയിക്കാത്ത കൂപ്പണുകളും പിടിച്ചെടുത്തതിനാൽ വലിയ തട്ടിപ്പിനാണ് പദ്ധതിയിട്ടതെന്ന് കരുതുന്നു. അനധികൃത കൂപ്പൺ അടിക്കുകയോ കൂടുതൽ പണം വാങ്ങുകയോ ചെയ്യുന്നവർക്കെതിരേ നടപടി ഉണ്ടാകുമെന്ന് കെ.ജയകുമാർ പറഞ്ഞു. മറ്റിടങ്ങളിലും പരിശോധന ഉണ്ടാവുമെന്ന് അദ്ദേഹം വ്യക്തമാക്കി.