തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി.സതീശൻ കാര്യങ്ങൾ പഠിച്ച് സംസാരിക്കണമെന്ന് ഉപദേശിച്ച് മുൻ ധനമന്ത്രി കെ.എൻ.ബാലഗോപാൽ. എൽഡിഎഫ് സർക്കാർ കാലാവധി പൂർത്തിയാക്കുന്നതുവരെ സംസ്ഥാനത്ത് ലീവ് സറണ്ടർ ആനുകൂല്യങ്ങൾ നിലവിലുണ്ടായിരുന്നു, എൽഡിഎഫ് സർക്കാർ നിർത്തലാക്കിയ സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടർ തങ്ങളോട് പുനഃസ്ഥാപിക്കാൻ ആവശ്യപ്പെടുന്നു എന്ന് മുഖ്യമന്ത്രി പറയുന്നത് കേട്ടുവെന്നും ഇത് തെറ്റാണെന്നും ബാലഗോപാൽ വ്യക്തമാക്കി. ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ബാലഗോപാലിന്റെ പ്രതികരണത്തിന്റെ പൂർണരൂപം..
മുഖ്യമന്ത്രി ശ്രീ വി ഡി സതീശൻ ഇന്ന് പറയുന്നത് കേട്ടു, എൽഡിഎഫ് സർക്കാർ നിർത്തലാക്കിയ സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടർ തങ്ങളോട് പുനസ്ഥാപിക്കാൻ ആവശ്യപ്പെടുന്നു എന്ന്.
എൽഡിഎഫ് സർക്കാർ കാലാവധി പൂർത്തിയാക്കുന്നതുവരെ സംസ്ഥാനത്ത് ലീവ് സറണ്ടർ ആനുകൂല്യങ്ങൾ നിലവിലുണ്ടായിരുന്നു. നിശ്ചിത അടിസ്ഥാന ശമ്പളംവരെ വാങ്ങുന്നവർക്ക് ലീവ് സറണ്ടർ തുക പണമായി നൽകുകയും അതിനു മുകളിൽ ശമ്പളമുള്ളവർക്ക് ലീവ് സറണ്ടർ പിഎഫിൽ ചേർക്കാനുള്ള സൗകര്യം നൽകുകയും ചെയ്തു. G. O (P) No. 56/2026/Fin dated 15.03.2026 ലൂടെയാണ് ലീവ് സറണ്ടർ സൗകര്യം 31.05.2026വരെ അവസാനത്തെ തവണ ദീർഘിപ്പിച്ചത്. മുൻ വർഷങ്ങളിലും സമയബന്ധിതമായി ലീവ് സറണ്ടർ സൗകര്യം നൽകുകയുണ്ടായി.
2026 ജൂൺ ഒന്നു മുതൽ ലീവ് സറണ്ടർ ഉത്തരവ് പുതുക്കി നൽകുന്നതിനായി വന്ന ഫയൽ നിരസിച്ചത് മുഖ്യമന്ത്രി വി ഡി സതീശനാണ്. 11.06.2026 ലെ 26/2026/ Fin സർക്കുലറിലൂടെ 2026 ജൂൺ 1 മുതലുള്ള ലീവ് സറണ്ടർ അപേക്ഷകൾ പരിഗണിക്കേണ്ടതില്ലെന്നും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ലീവ് സറണ്ടറുകൾ നൽകേണ്ടതില്ല എന്നും വി ഡി സതീശൻ സർക്കാർ അറിയിച്ചു.
2026 ജൂൺ ഒന്നു മുതൽ കഴിഞ്ഞ ആറുമാസത്തോളമായി കേരളത്തിൽ ലക്ഷക്കണക്കിന് ജീവനക്കാരുടെ ലീവ് സറണ്ടർ ആനുകൂല്യങ്ങൾ സംസ്ഥാനത്ത് നഷ്ടപ്പെടുകയാണ്. ടെർമിനൽ ലീവ് സറണ്ടർ ചെയ്യാൻ കഴിയുന്ന, പരമാവധി 300 ദിവസത്തെ ലീവ് അധികരിച്ച ആളുകൾക്കെല്ലാം ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടാകുന്നത്.
പ്രസംഗങ്ങളിൽ ഇത്തരം കാര്യങ്ങൾ പറഞ്ഞ് അബദ്ധത്തിൽ ചാടുന്നതിന് മുമ്പ് സ്വന്തം സർവീസ് സംഘടനയിലെ ആളുകളോടെങ്കിലും സംസാരിച്ച് വസ്തുതകൾ മനസ്സിലാക്കി വേണം മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കുന്ന ആളുകൾ സംസാരിക്കേണ്ടത്.
കാര്യങ്ങൾ പഠിച്ച് സംസാരിക്കുന്നത് അത്ര തെറ്റായ കാര്യമൊന്നുമല്ല, അതിനുവേണ്ടിയും അല്പസമയം മുഖ്യമന്ത്രി ചെലവാക്കാം എന്ന ഉപദേശമേ അദ്ദേഹത്തിന് നൽകാനുള്ളൂ.
Content Highlights: KN Balagopal refutes CM VD Satheesan's claim regarding who halted the leave surrender benefits., Claims that the LDF government had maintained leave surrender benefits until the end of their term., States that CM VD Satheesan rejected the file to renew leave surrender orders starting June 1, 2026., Highlights the financial loss faced by lakhs of state employees over the last six months.
Published: 19 Nov 2026, 08:54 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented