കൊച്ചി: ശബരിമലയെ തിരുപ്പതി മാതൃകയിൽ എല്ലാവിധ ആധുനിക സൗകര്യങ്ങളുമുള്ള, ഉയർന്നതലത്തിലുള്ള പ്രൊഫഷണലായ തീർഥാടന കേന്ദ്രമാക്കി മാറ്റാനാണ് പദ്ധതിയിടുന്നതെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. വരുന്ന തീർഥാടകർക്ക് യാതൊരുവിധ പ്രയാസങ്ങളും ഉണ്ടാകാത്ത രീതിയിൽ ശബരിമലയിലും വരുന്ന വഴികളിലും ദീർഘകാല അടിസ്ഥാനത്തിലുള്ള വലിയ സൗകര്യങ്ങൾ ഒരുക്കും. ഈ സീസൺ കഴിഞ്ഞ ഉടൻ തന്നെ യോഗം ചേർന്ന് പദ്ധതിയുടെ നടപടികൾ ആരംഭിക്കും. അടുത്ത സീസൺ ആരംഭിക്കുന്നതിന് മുൻപ് നല്ലൊരു ശതമാനം നിർമ്മാണങ്ങൾ പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

To advertise here,

ആധുനിക സൗകര്യങ്ങൾ വരുന്നതോടെ തീർഥാടകരുടെ എണ്ണത്തിൽ 50 ശതമാനം വർധന പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തീർഥാടകർ ദർശനം കഴിഞ്ഞ ഉടൻ മടങ്ങാതെ സമീപത്തുള്ള മറ്റ് ക്ഷേത്രങ്ങളിൽ കൂടി ദർശനം നടത്തുന്ന തരത്തിൽ പിൽഗ്രിം ടൂറിസം വികസിപ്പിക്കാൻ ആലോചിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

ഇത് വഴി സർക്കാരിനും പ്രാദേശിക മേഖലയ്ക്കും സാമ്പത്തിക നേട്ടം ഉണ്ടാകും. ശബരിമല വികസന പദ്ധതികൾക്ക് സിയാലിന്റെ പൂർണ്ണ പിന്തുണ നൽകും. സിംഗപ്പൂർ എയർപോർട്ടിലുള്ളതിനേക്കാൾ മികച്ച ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ നിർമ്മിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. സിയാൽ ആരംഭിച്ച കൺസൾട്ടൻസി സർവീസിന് നിലവിൽ വിവിധ സ്ഥലങ്ങളിൽ നിന്ന് നിരവധിയായ ഓർഡറുകൾ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സിയാലിനെ ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച എയർപോർട്ടാക്കി മാറ്റാനാണ് ഉദ്ദേശിക്കുന്നത്. വിമാനത്താവളവുമായി ബന്ധപ്പെട്ടുണ്ടാകുന്ന വികസനം സമീപത്തെ പഞ്ചായത്തുകളിലെയും അങ്കമാലി മുനിസിപ്പാലിറ്റിയിലെയും ജനങ്ങളുടെ ജീവിതത്തിൽ പ്രതിഫലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.