തിരുവനന്തപുരം: തിയേറ്ററുകളിൽ സൂപ്പർ ഹിറ്റായി പ്രദർശനം തുടരുകയാണ് രൺബീർ കപൂർ, യാഷ്, സായി പല്ലവി തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തിയ ബോളിവുഡ് ചിത്രം രാമായണ. ചിത്രം ഇറങ്ങിയതിന് പിന്നാലെ ലോട്ടറിയടിച്ചത് കൊല്ലം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രമായ ജഡായുപ്പാറയ്ക്കാണ്. ജഡായുപ്പാറയിലെ (ജഡായു എർത്ത് സെന്റർ) ജഡായുവിന്റെ പടുകൂറ്റൻ ശിൽപ്പത്തിന്റെ അതേ രൂപത്തിലായിരുന്നു സിനിമയിലെ ജഡായുവും എന്നതായിരുന്നു ഇതിന് കാരണം. ഇപ്പോഴിതാ കൂടുതൽ ഉയരങ്ങളിലേക്ക് കുതിക്കാനൊരുങ്ങുകയാണ് ജഡായുപ്പാറ.

To advertise here,

പ്രധാനമന്ത്രി നരേന്ദ്രമോദി ജഡായുപ്പാറ സന്ദർശിക്കാൻ എത്തുമെന്ന വാർത്തയാണ് ജഡായുപ്പാറയ്ക്ക് ടൂറിസം രംഗത്ത് കൂടുതൽ പ്രതീക്ഷകളേകുന്നത്. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയാണ് പ്രധാനമന്ത്രി ജഡായുപ്പാറ സന്ദർശിക്കുമെന്ന വിവരം അറിയിച്ചത്. ഇതിന് മുന്നോടിയായി കേന്ദ്ര ടൂറിസം-സാംസ്‌കാരിക വകുപ്പ് മന്ത്രി ഗജേന്ദ്രസിങ് ശിഖാവത്തും ജഡായുപ്പാറയിലെത്തുമെന്ന് സുരേഷ് ഗോപി പറഞ്ഞു.

അതേസമയം എപ്പോഴായിരിക്കും പ്രധാനമന്ത്രി കൊല്ലത്ത് എത്തുക എന്ന കാര്യത്തിൽ വ്യക്തതയില്ല. ഉടൻ ഉണ്ടാകുമെന്ന് മാത്രമാണ് സുരേഷ് ഗോപി പറഞ്ഞത്. ശിൽപ്പം നിർമിച്ച രാജീവ് അഞ്ചലുമായി താൻ കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. ഡൽഹി ബിനാലെയിൽ 'ജഡായു'വിന്റെ സാന്നിധ്യം വേണമെന്ന് രാജീവ് അഞ്ചൽ തന്നോട് പറഞ്ഞു. ഈ വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുണ്ടെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.