മുക്കം: ഭിക്ഷ ചോദിച്ച് നടക്കുന്നതിനിടെയാണ് ആ തമിഴ് നാടോടി സ്ത്രീ, കടയാണെന്നു കരുതി കല്ലുരുട്ടി സെയ്ന്റ് തോമസ് പള്ളിക്കു സമീപത്തെ ചികിത്സാ സഹായസമിതി ഓഫീസിലെത്തിയത്. സഹായംചോദിച്ച് കൈനീട്ടിയ ആ വയോധികയോട് ഇത് എസ്.എം.എ. എന്ന അപൂർവ ജനിതകരോഗം ബാധിച്ച മൂന്ന് കുരുന്നുകളുടെ ജീവൻ നിലനിർത്താൻ ശ്രമിക്കുന്ന സമിതിയുടെ ഓഫീസാണെന്ന് തനിക്കറിയാവുന്ന തമിഴിൽ സമിതിയംഗം ആൽബിൻ സെബാസ്റ്റ്യൻ പറഞ്ഞൊപ്പിച്ചു.

To advertise here,

ചികിത്സയ്ക്കായി 50 കോടി വേണമെന്നു പറഞ്ഞ് നോട്ടീസും കാണിച്ചു. അല്പനേരം ആലോചിച്ചശേഷം അരയിലുള്ള കെട്ടുസഞ്ചിയിലെ നാണയത്തുട്ടുകൾക്കിടയിൽ കറൻസിയായി അവശേഷിച്ച മുഷിഞ്ഞ പത്തു രൂപയെടുത്ത് അവർ പറഞ്ഞു. ‘ഇതൈ കുളന്തൈകൾക്ക് മരുന്തു വാങ്ങ എടുത്തുക്കോങ്കെ’. അവിശ്വസനീയതയോടെ അതു വാങ്ങാൻ ആൽബിൻ കൈനീട്ടി. ഈ അവിചാരിത ദൃശ്യം കണ്ടുകൊണ്ടിരുന്ന നാട്ടുകാരൻ ജഫ്രിൻ അത് മൊബൈൽ ക്യാമറയിൽ പകർത്തി.

ഓമശ്ശേരി കല്ലുരുട്ടി പൂവത്തേരിചാലിൽ വീട്ടിൽ പി.ഡി. അരുൺ -ഷാൽമി ദമ്പതിമാർക്ക് ഒറ്റപ്രസവത്തിൽപ്പിറന്ന ഈഥൻ മോസസ്, ഡേവിഡ് മാഗ്നസ്, ഒലിവർ ജോനോ എന്നിവരുടെ സ്പൈനൽ മസ്‌കുലാർ അട്രോഫി രോഗചികിത്സയ്ക്ക് രൂപവത്കരിച്ച ചികിത്സാസഹായ സമിതിക്ക്‌ നേരിട്ടു ലഭ്യമായ ആദ്യ സഹായങ്ങളിലൊന്നായിരുന്നു ആ പത്തുരൂപ.

5.59 കോടിയാണ് ഇതുവരെ അക്കൗണ്ടിലെത്തിയത്. പണമയയ്ക്കാം- അരുൺ പി.ഡി., അക്കൗണ്ട് നമ്പർ: 21360100162505 ബാങ്ക്: ഫെഡറൽ ബാങ്ക് ഓമശ്ശേരി ശാഖ, ഐ.എഫ്.എസ്.സി: FDRL0002136. ക്യൂ ആർ കോഡ് സ്കാൻചെയ്തും പണം അയക്കാം.