തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവുപദവി സംബന്ധിച്ച് സി.പി.എമ്മും സി.പി.ഐ.യും തമ്മിലുള്ള തർക്കം മാറ്റിവെച്ച് ഇടതുമുന്നണിയെ സജീവമാക്കാനുറച്ച് സി.പി.എം.. നവംബർ ആദ്യവാരം മുന്നണിയോഗം വിളിക്കും. സർക്കാരിനെതിരേയുള്ള വിഷയങ്ങൾ ജനകീയമായി ഉയർത്തുന്നതിൽ മുന്നണി പരാജയപ്പെടുന്നെന്ന വികാരം സി.പി.ഐ.യ്ക്കുമുണ്ട്.

To advertise here,

ഈ സാഹചര്യത്തിൽ ഉപനേതാവ് പദവിയിൽ കടുംപിടിത്തം തുടർന്ന് മുന്നണിയെ ദുർബലമാക്കുന്ന രീതി തുടരേണ്ടെന്നാണ് സി.പി.ഐ.യിലെയും വികാരം. നവംബർ രണ്ടിന് ഡൽഹിയിൽ കേരളത്തിലെ സി.പി.ഐ. നേതാക്കൾ സമരത്തിനിറങ്ങുകയാണ്. തിരിച്ചെത്തിയശേഷം മുന്നണിയോഗം ചേരാനാണ് തീരുമാനം.

പ്രതിപക്ഷ ഉപനേതാവു പദവി വേണമെന്ന ആവശ്യത്തിൽനിന്ന് പിന്നാക്കംപോകില്ലെന്ന് സി.പി.ഐ. നേതാക്കൾ ഉറപ്പിച്ചുപറയുന്നുണ്ട്. പദവി വിട്ടുനൽകേണ്ടെന്ന നിലപാടിൽനിന്ന് സി.പി.എമ്മും മാറിയിട്ടില്ല. ഈ വിഷയം ചർച്ചചെയ്യാതെ പൊതുവിഷയങ്ങളിൽ മുന്നണിയെ ഒന്നിപ്പിക്കുകയെന്ന ഫോർമുലയിലാണ് സി.പി.എം. നിങ്ങുന്നത്.

ഉപനേതാവ് പദവി നൽകാതെ പാർലമെന്ററിപാർട്ടി യോഗവുമായി സഹകരിക്കേണ്ടെന്ന നിലപാടിൽ സി.പി.ഐ. ഉറച്ചുനിൽക്കും. മുന്നണിയിൽ സി.പി.എം. സി.പി.ഐ., ആർ.ജെ.ഡി. എന്നീ കക്ഷികൾക്കുമാത്രമാണ് എം.എൽ.എ.മാരുള്ളത്. അതിനാൽ, പാർലമെന്ററി പാർട്ടി യോഗത്തെക്കാൾ മുന്നണിയോഗം ചേർന്ന് കൂട്ടായപ്രവർത്തനമാണ് വേണ്ടതെന്നാണ് സി.പി.എം. തീരുമാനം.

പരാജയകാരണം ഓരോ കക്ഷിയും പഠിച്ച് വിപുലമായ മുന്നണിയോഗത്തിൽ ചർച്ചചെയ്യാമെന്ന് തീരുമാനിച്ചിരുന്നെങ്കിലും അത്തരമൊരു ചർച്ച പിന്നീടുണ്ടായില്ല. ഒരുതവണ മുന്നണിയോഗം ചേർന്നെങ്കിലും കാര്യമായ തീരുമാനമൊന്നും എടുത്തുമില്ല.