
ആലത്തൂർ: ‘പാരമ്പര്യമായി കിട്ടിയ ആറേക്കർ കണ്ടം സംരക്ഷിച്ച് നെൽക്കൃഷി ചെയ്യുന്നതാണോ ഞങ്ങൾ ചെയ്യുന്ന തെറ്റ്’?-കാവശ്ശേരി ആനമാറിയിലെ 73 വയസ്സുള്ള കർഷക ഇന്ദിരാ പദ്‌മനാഭന്റെ ചോദ്യം സപ്ലൈകോയോടും കൃഷിവകുപ്പിനോടും സംസ്ഥാന സർക്കാരിനോടുമാണ്.
നെല്ലുവിലയായി ഇന്ദിരയ്ക്ക് കനറാ ബാങ്ക് അനുവദിച്ച പി.ആർ.എസ്. (നെല്ല് കൈപ്പറ്റ് രസീത്) വായ്പ സപ്ലൈകോ യഥാസമയം തിരിച്ചടയ്ക്കാത്തതിനാൽ അക്കൗണ്ടിൽ ലക്ഷങ്ങൾ മൈനസ് ബാലൻസാകുകയും സപ്ലൈകോ നേരിട്ട് നൽകിയ നെല്ലുവില ബാങ്ക് ഈടാക്കുകയുമായിരുന്നു.
2024-25 സീസണിലെ രണ്ടാംവിളയുടെ നെല്ല് സപ്ലൈകോയ്ക്ക് നൽകിയ ഇന്ദിരയ്ക്ക് നെല്ലുവിലയായി 3,44,981 രൂപയുടെ പി.ആർ.എസ്. വായ്പ അനുവദിച്ചിരുന്നു. ഒരുവർഷത്തിനുള്ളിൽ പലിശസഹിതം പണം തിരിച്ചടയ്ക്കണമെന്ന വ്യവസ്ഥ സപ്ലൈകോ ലംഘിച്ചതോടെ ഇവരുടെ അക്കൗണ്ടിലുണ്ടായിരുന്ന 1,751.50 രൂപ ബാങ്ക് പിടിച്ചു. പി.ആർ.എസ്. വായ്പാത്തുകയുടെ ബാക്കിയായ 3,43,229 രൂപ അക്കൗണ്ടിൽ മൈനസായി രേഖപ്പെടുത്തുകയും ചെയ്തു. ഇക്കാര്യം 18-ന് ‘മാതൃഭൂമി’ റിപ്പോർട്ടുചെയ്തിരുന്നു.
2025-26 സീസണിലെ രണ്ടാംവിളയുടെ 10,250 കിലോഗ്രാം നെല്ല് ഇവർ സപ്ലൈകോയ്ക്ക് നൽകിയിരുന്നു. ഇതിന്റെ വിലയായ 3,08,730 രൂപ പി.ആർ.എസ്. വായ്പയായി ലഭിക്കാൻ സെപ്റ്റംബർ 29-ന് ബാങ്കിൽ നൽകിയ അപേക്ഷ നിരസിക്കപ്പെട്ടപ്പോഴാണ് അക്കൗണ്ട് മൈനസായ വിവരം ഇവരറിയുന്നത്. സപ്ലൈകോയിൽ ബന്ധപ്പെട്ടപ്പോൾ ഈ തുക വായ്പയായല്ലാതെ അനുവദിക്കാമെന്ന് പറഞ്ഞു.
ബാങ്ക് അക്കൗണ്ട് മാറ്റിനൽകാമെന്ന് പറഞ്ഞിട്ടും ഇതേ അക്കൗണ്ടിലേക്കുതന്നെയാണ് വെള്ളിയാഴ്ച 3,08,730 രൂപ സപ്ലൈകോ അനുവദിച്ചത്. ഈ തുക ബാങ്ക് തിരിച്ചുപിടിച്ചു. ഇനി ബാങ്കിന് 34,499 രൂപ കൊടുക്കാനുള്ളതായാണ് അക്കൗണ്ട് ബാലൻസ് വിവരം.
ഈ വർഷത്തെ ഒന്നാംവിളയുടെ 8,500 കിലോഗ്രാം നെല്ല് കൊയ്തത് സപ്ലൈകോയ്ക്ക് നൽകാൻ ചാക്കിൽ നിറച്ചുവെച്ചിരിക്കുകയാണ്. ഇന്ദിരയുടെ മകൻ ഷിനോജ് പദ്‌മനാഭൻ രണ്ടാംവിളയ്ക്ക് ഞാറ്റടി തയ്യാറാക്കുന്ന തിരക്കിലിരിക്കെയാണ് നെല്ലുവില ബാങ്കിലേക്കുപോകുന്ന അവസ്ഥയുണ്ടാകുന്നത്.
Content Highlights: Indira Padmanabhan faces financial strain as Supplyco delays repayment of p.r.s. loan for farmers, leading to a negative bank balance.
Published: 25 Oct 2026, 06:37 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented