കൊച്ചി: സീരിയസ് കേസ് വരുമ്പോൾ ഭായ്-ഭായ് കളിച്ചിട്ടു കാര്യമില്ലെന്നും ജനം മൂന്നാമതൊരു സാധ്യതയെക്കുറിച്ച് ആലോചിക്കുമെന്നും അതാണ് കേരളത്തിൽ സംഭവിക്കാൻ പോകുന്നതെന്നും ഹൈക്കോടതി. അതിനെക്കുറിച്ച് ബോധ്യം ഉണ്ടാകണം. ജനവികാരം അറിയണമെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ പറഞ്ഞു. പി.എസ്.സി. നടത്തിയ സംസ്ഥാന ആസൂത്രണബോർഡ് ചീഫ് തസ്തികയിലെ നിയമന ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണം മുന്നോട്ടു പോകുന്നില്ലെന്നതിനാലാണ് സർക്കാർ നിലപാടിനെ കോടതി വാക്കാൽ വിമർശിച്ചത്.

To advertise here,

അന്വേഷണത്തിനെതിരേ പി.എസ്.സി. നൽകിയ ഹർജിയിൽ കോടതി ഒരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ല. അന്വേഷണവുമായി മുന്നോട്ടുപോകാനുള്ള എല്ലാ സ്വാതന്ത്ര്യവും സർക്കാരിനുണ്ട്. പക്ഷേ, ഹർജി ആയുധമാക്കി അന്വേഷണം സ്തംഭിപ്പിക്കുകയോ ഇഴഞ്ഞു നീങ്ങുകയോ ആണ് -കോടതി വിമർശിച്ചു. പി.എസ്.സി. ഹർജി ഫയൽചെയ്തതോടെ അന്വേഷണം തടസ്സപ്പെട്ടിരിക്കുകയാണെന്ന് സർക്കാർ അറിയിച്ചപ്പോഴായിരുന്നു കോടതിയുടെ വാക്കാലുള്ള പ്രതികരണം.

മുഖ്യ പ്രതികളെയൊന്നും ചോദ്യംചെയ്തിട്ടില്ല. പ്രധാനരേഖകൾ പിടിച്ചെടുക്കാനായിട്ടില്ല, പിന്നെ എന്ത് അന്വേഷണമാണെന്നും കോടതി ചോദിച്ചു. പ്രതികൾക്ക് നോട്ടീസ് നൽകിയെന്ന് പ്രോസിക്യൂഷൻ ഡയറക്ടറൽ ജനറൽ ടി. ആസഫലി അറിയിച്ചു. പി.എസ്.സി. അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും വിശദീകരിച്ചു.

അങ്ങനെ പറയരുതെന്നായിരുന്നു കോടതിയുടെ മറുപടി. കൊലപാതകക്കേസാണെങ്കിൽ എന്താണ് ചെയ്യുക? അന്വേഷണവുമായി സഹകരിക്കുന്നില്ലെങ്കിൽ പ്രതിയെ അറസ്റ്റ് ചെയ്യില്ലേ? ഒരു വ്യവസ്ഥാപിത രീതിയില്ലേ? അത് പിന്തുടരേണ്ടേ? -കോടതി ചോദിച്ചു.

പി.എസ്.സി. ആവശ്യപ്പെട്ടപ്രകാരം പരാതിക്കാരനായ വി.എസ്. ജയലാലിനെ കേസിൽ കക്ഷിചേർത്തു. അന്വേഷണ ഉദ്യോഗസ്ഥനോട് നേരിട്ട് നോട്ടീസ് നൽകാനും നിർദേശിച്ചു. ഹർജി 27-ന് പരിഗണിക്കാനായി മാറ്റി.

രക്തം ചിന്താതെ മാംസം അറത്തെടുക്കാൻആകുമോ?

പൊതുസേവകർക്കെതിരേ അഴിമതിക്കേസിൽ അന്വേഷണത്തിന് മുൻകൂർ അനുമതി വേണമെന്ന വകുപ്പ് 17 എ, രക്തം ചിന്താതെ മാംസം അറത്തെടുക്കണമെന്ന് ഷൈലോക്കിന്റെ കഥയിൽ പറയുംപോലെയാണെന്നും കോടതി പറഞ്ഞു. നിയമത്തിലെ മറ്റു വകുപ്പുകളെയൊക്കെ നിശ്ചലമാക്കുകയാണ് അഴിമതി തടയൽ നിയമത്തിലെ വകുപ്പ് 17 എ. മുൻകൂർ അനുമതി എല്ലാ കേസുകളിലും പാലിക്കേണ്ടതുണ്ടെങ്കിൽ എങ്ങനെ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയിൽ എഫ്.ഐ.ആർ. രജിസ്റ്റർചെയ്യും. ആവശ്യമില്ലാത്ത വകുപ്പാണിതെന്നും കോടതി പറഞ്ഞു.