തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളുടെ എണ്ണം സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി.സതീശനെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് 787 പേരെ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫായി നിയമിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ ഈ വാദം വസ്തുതയ്ക്ക് നിരക്കുന്നതല്ലെന്ന് മുൻ മുഖ്യമന്ത്രികൂടിയായ പ്രതിപക്ഷ നേതാവ് അവകാശപ്പെട്ടു. വ്യക്തമായ രേഖകൾ ഉള്ള കാര്യങ്ങൾ പോലും മുഖ്യമന്ത്രി ഇത്തരത്തിൽ തെറ്റായി ചിത്രീകരിക്കുന്നത് ഒട്ടും ആശാസ്യമല്ലെന്നും പിണറായി കുറ്റപ്പെടുത്തി. 500ൽ താഴെമാത്രം പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഉള്ളൂവെന്നും പ്രതിപക്ഷ നേതാവ് അവകാശപ്പെട്ടു. ഇതിനെല്ലാം കൃത്യമായ രേഖകൾ ഉണ്ടായിട്ടും എവിടെനിന്നാണ് മുഖ്യമന്ത്രിക്ക് 787 പേരുടെ കണക്ക് കിട്ടിയതെന്ന് ചോദിച്ച പിണറായി മുഖ്യമന്ത്രിയെ ലിസ്റ്റ് പ്രസിദ്ധീകരിക്കാനും വെല്ലുവിളിച്ചു. ഫെയ്സ്ബുക്കിലൂടെയാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.

To advertise here,

കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി വി.ഡി.സതീശൻ എൽഡിഎഫ് സർക്കാർ 787 പേരെ നിയമിച്ചുവെന്നും ഈ സർക്കാർ ഇതുവരെ 476 പേരെയാണ് നിയമിച്ചതെന്നും പറഞ്ഞിരുന്നു.

31 പേരാണ് തന്റെ പേഴ്സണൽ സ്റ്റാഫിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. നിയമമനുസരിച്ച് ഇനിയും ആളെ നിയമിക്കാം. മന്ത്രിമാർ പരമാവധി 25 പേരെ നിയമിച്ചാൽ മതിയെന്നാണ് നിർദേശിച്ചിരുന്നത്. ഒരു മന്ത്രി പോലും 25ൽ കൂടുതൽ നിയമിച്ചിട്ടില്ല. പല മന്ത്രിമാരും അവർക്ക് ആവശ്യമുള്ളത്രയും പേരെ നിയമിച്ചിട്ടില്ല. നിയമിക്കുന്നതേയുള്ളൂ. കഴിഞ്ഞ മന്ത്രിസഭയിൽ ചിലരുടേത് 27-ഉം 28 ഉം 29 ഒക്കെയായിരുന്നു സ്റ്റാഫുകളുടെ എണ്ണം. കഴിഞ്ഞ ചീഫ് വിപ്പ് നിയമിച്ചത് 28 പേരെയാണ്. ഇപ്പോഴത്തെ ചീഫ് വിപ്പ് നിയമിച്ചിരിക്കുന്നത് 16 പേരെ മാത്രമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.

പിണറായിയുടെ പോസ്റ്റിന്റെ പൂർണരൂപം...

എൽഡിഎഫ് സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ 787 പേരെ നിയമിച്ചുവെന്ന മുഖ്യമന്ത്രിയുടെ ആരോപണം വസ്തുതയ്ക്ക് നിരക്കുന്നതല്ല. വ്യക്തമായ രേഖകൾ ഉള്ള കാര്യങ്ങൾ പോലും മുഖ്യമന്ത്രി ഇത്തരത്തിൽ തെറ്റായി ചിത്രീകരിക്കുന്നത് ഒട്ടും ആശാസ്യമല്ല. മുഖ്യമന്ത്രി പറയുന്ന 787 പേരുടെ പട്ടിക അദ്ദേഹം തന്നെയാണ് വെളിപ്പെടുത്തേണ്ടത്. കഴിഞ്ഞ മന്ത്രിസഭയിൽ മുഖ്യമന്ത്രിക്ക് 32ഉം ബാക്കി മന്ത്രിമാർക്ക് 25 ഓ അതിൽ താഴെയോ ആയിരുന്നു ഉണ്ടായത്. കഴിഞ്ഞ 5 വർഷക്കാലം 4 മന്ത്രിമാർ (ഗോവിന്ദൻ മാസ്റ്റർ, കെ. രാധാകൃഷ്ണൻ, അഹമ്മദ് ദേവർകോവിൽ, ആന്റണി രാജു) മാറി പുതിയ മന്ത്രിമാർ ചുമതലയെടുത്തു. സജി ചെറിയാൻ രാജിവെച്ചു വീണ്ടും ചുമതല ഏറ്റെടുത്തു. അപ്പോഴും ആകെയുള്ള സ്റ്റാഫിന്റെ എണ്ണം വർധിപ്പിച്ചില്ല. ഒട്ടാകെ 500ൽ താഴെയാണ് പേഴ്സണൽ സ്റ്റാഫ് ഉണ്ടായിരുന്നത്. ഇതിനെല്ലാം കൃത്യമായ രേഖകൾ ഉണ്ടായിട്ടും എവിടെനിന്നാണ് മുഖ്യമന്ത്രിക്ക് 787 പേരുടെ കണക്ക് കിട്ടിയത്? മുഖ്യമന്ത്രി ആ ലിസ്റ്റ് പ്രസിദ്ധീകരിക്കണം.