കോഴിക്കോട്: കോഴിക്കോട് സൗത്ത് എം.എൽ.എ. വി.കെ. ഫൈസൽ ബാബുവിന്റെ പി.എ. ആയി എൻ.ജി.ഒ. യൂണിയൻ പ്രവർത്തകനായ ഇ. അബൂതാഹിറിനെ നിയമിച്ചെന്നുപറഞ്ഞ് മുസ്‌ലിംലീഗിൽ പൊട്ടിത്തെറി. ജില്ലാ യൂത്ത് ലീഗും മുസ്‌ലിംലീഗിന്റെ സർവീസ് സംഘടനയായ സ്റ്റേറ്റ്‌ എംപ്ലോയീസ് യൂണിയനുമാണ്‌(എസ്.ഇ.യു) പ്രതിഷേധവുമായി രംഗത്തെത്തിയത്. 10 വർഷമായി എൻ.ജി.ഒ. യൂണിയനിലെ സജീവപ്രവർത്തകനായി എസ്.ഇ.യു.വിനെ ദ്രോഹിക്കുന്നതിൽ മുന്നിൽനിന്നയാളെയാണ് ഫൈസൽ ബാബു നിയമിച്ചതെന്ന് എസ്.ഇ.യു,. മുസ്‌ലിംലീഗ് ജില്ലാകമ്മിറ്റിക്ക്‌ നൽകിയ കത്തിൽ പറയുന്നു.

To advertise here,

സി.പി.എമ്മിന്റെ പേരാമ്പ്ര മുൻ എം.എൽ.എ. കെ. കുഞ്ഞമ്മദിന്റെ പി.എ. ആയിരുന്നു ഈ വ്യക്തിയെന്നാണ് യൂത്ത് ലീഗ് ഉന്നയിക്കുന്ന മറ്റൊരു ആരോപണം.

യൂത്ത് ലീഗിനുപുറമേ മുസ്‌ലിംലീഗിലും ഇതിൽ അതൃപ്തിയുണ്ട്. സൗത്ത് മണ്ഡലം കമ്മിറ്റിയും ഈ തീരുമാനത്തിൽ െെഫസൽബാബുവിനെ നേരിട്ട് അതൃപ്തി അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. എന്നിട്ടും എം.എൽ.എ. തീരുമാനവുമായി മുന്നോട്ടുപോവുകയാണെന്നാണ് വിമർശനം.

യൂത്ത് ലീഗ് സംസ്ഥാനനേതാക്കളുള്ള മുസ്‌ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാകമ്മിറ്റിയുടെ വാട്‌സാപ്പ് ഗ്രൂപ്പിൽ ശക്തമായ വിമർശനങ്ങളാണ് ഉയരുന്നത്. സർവീസ് സംഘടനയ്ക്കും യൂത്ത് ലീഗിനും പാർട്ടിയുടെ സംവിധാനങ്ങൾക്കും വിലയില്ലേ എന്നചോദ്യമാണ് ഉയരുന്നത്. പ്രതിപക്ഷത്തിരിക്കുമ്പോൾ സമരം ചെയ്യാനുള്ള സംവിധാനംമാത്രമാണോ തുടങ്ങിയ വിമർശനങ്ങളും വാട്സാപ്പ് ഗ്രൂപ്പിലെ ചർച്ചകളിലുണ്ട്.