
മലപ്പുറം: മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് നിയമനത്തിനായി 150 പേരുടെ പട്ടിക തയ്യാറാക്കി മുസ്‌ലിം ലീഗ്. അഞ്ച് പാർട്ടി മന്ത്രിമാരുടെ സ്റ്റാഫിൽ ഉൾപ്പെടുത്താനായി അയ്യായിരത്തോളം പേരുടെ അപേക്ഷകളാണ് വന്നത്. സംസ്ഥാന കമ്മിറ്റി നിയോഗിച്ച രണ്ടംഗ ഉപസമിതിയാണ് ഇതിൽനിന്ന് 150 പേരുടെ പട്ടിക തയ്യാറാക്കിയത്. വിവിധ സർക്കാർ വകുപ്പുകളിൽനിന്ന് ഡെപ്യൂട്ടേഷൻ (ജനറൽ) വ്യവസ്ഥയിൽ നിയമിക്കാവുന്നവരും ഇതിലുൾപ്പെടും.
ഈ പട്ടികയിൽനിന്ന് സ്റ്റാഫിനെ തീരുമാനിക്കണമെന്ന് ലീഗ് നേതൃത്വം മന്ത്രിമാർക്ക് നിർദേശം നൽകി. ഇതിനുപുറമേ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ താത്പര്യപ്രകാരം അദ്ദേഹത്തിന്റെ സ്റ്റാഫിലേക്ക് ഏഴുപേരുടെ പട്ടികയും തയ്യാറാക്കി. അതത് വകുപ്പിനു കീഴിലുള്ള ഉദ്യോഗസ്ഥരെ ഡെപ്യൂട്ടേഷനിൽ നിയമിക്കുമ്പോൾ പാർട്ടി സർവീസ് സംഘടനകളുടെ അഭിപ്രായം തേടണമെന്നും നിർദേശമുണ്ട്. തിരഞ്ഞെടുക്കുന്ന സ്റ്റാഫുകൾക്ക് ജൂൺ ഒന്നുമുതൽ നിയമന ഉത്തരവ് നൽകാം.
ഒരു മന്ത്രിക്ക് 30 സ്റ്റാഫിനെവരെ നിയമിക്കാമെങ്കിലും യു.ഡി.എഫിലെ പൊതുധാരണ അനുസരിച്ചാകും അന്തിമതീരുമാനം. പേഴ്സണൽ സ്റ്റാഫ് നിയമനങ്ങളിൽ യോഗ്യരായ പാർട്ടിക്കാരുടെ പ്രാതിനിധ്യം ഉറപ്പാക്കാൻ ലീഗ് നേതൃത്വം നേരത്തേ നടപടി തുടങ്ങിയിരുന്നു. സ്റ്റാഫിനെ നിയമിക്കുന്നതിനുള്ള മാനദണ്ഡവും പട്ടികയും തയ്യാറാക്കാൻ സംസ്ഥാന ജനറൽസെക്രട്ടറി പി.എം.എ. സലാം, മലപ്പുറം മണ്ഡലം പ്രസിഡന്റ് പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ എന്നിവരെയാണ് ചുമതലപ്പെടുത്തിയത്.
യോഗ്യതയും അർഹതയുമുള്ളവർ തഴയപ്പെടുന്ന സാഹചര്യം ഒഴിവാക്കാനായിരുന്നു അത്. പഞ്ചായത്ത്, മണ്ഡലം തലത്തിൽനിന്ന് സ്റ്റാഫിലേക്ക് പരിഗണിക്കുന്നവരുടെ പട്ടിക ജില്ലാകമ്മിറ്റികൾക്ക് നൽകി. ജില്ലാകമ്മിറ്റികൾ അവ സംസ്ഥാനകമ്മിറ്റിക്ക് സമർപ്പിച്ചു. പ്രൊഷഷണൽ ഏജൻസിയുടെ സഹായത്തോടെ മൂന്നുതവണ പുനഃപരിശോധിച്ചാണ് 150 പേരുടെ പട്ടിക തയ്യാറാക്കിയത്.
Content Highlights: Muslim League selected 150 candidates out of 5,000 applications for ministerial staff., A two-member committee led by P.M.A. Salam and Panakkad Rasheedali Shihab Thangal oversaw the selection., Appointments are scheduled to begin from June 1st., Professional agencies assisted in vetting the candidates to ensure merit and eligibility.
Published: 31 May 2026, 08:24 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented