തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി.) ബി.ജെ.പി.യുടെ ഒരു പോഷക വകുപ്പായിട്ടാണ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതെന്ന് സി.പി.എം. നേതാവ് എം.എ. ബേബി. രാഷ്ട്രീയ രംഗത്തുള്ളവർക്കെതിരെ ഇ.ഡി. കേസെടുക്കുകയും, ആ കേസുകളിൽപെടുന്നവർ ബി.ജെ.പിയിൽ ചേരുന്നതോടെ ആ കേസ് തീരുകയുമാണ് ചെയ്യുന്നത്. എന്നാൽ ഇ.ഡി.യെ പേടിച്ച് ബി.ജെ.പി.യിൽ ചേരുന്ന നേതാക്കന്മാരുടെ പാർട്ടിയല്ല സി.പി.എം. എന്ന് ഇ.ഡി.ക്ക് ഇനി കേരളത്തിൽ നിന്ന് മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു.
പിണറായി വിജയനെതിരെ കേസെടുത്ത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിന്റെ അഭിഭാഷകൻ കൂടിയായ ഒരു നിയമസഭാംഗം മുൻപ് കോടതിയെ സമീപിച്ചിരുന്നു. വിജിലൻസ് കോടതി കേസിന് കഴമ്പില്ല എന്ന് പറഞ്ഞ് തള്ളിയതിനെ തുടർന്ന് പരാതിക്കാരൻ ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിച്ചെങ്കിലും ഹർജി തള്ളുകയാണ് ഉണ്ടായത്. പരാതിയുമായി വന്നയാൾക്ക് രാഷ്ട്രീയമായി എന്തെങ്കിലും ഉദ്ദേശ്യമുണ്ടെങ്കിൽ അത് രാഷ്ട്രീയമായി പോരാടി പരിഹരിക്കണമെന്നും കോടതിയുടെ സമയം ഇതിനായി മിനക്കെടുക്കരുതെന്നുമാണ് സുപ്രീം കോടതി വ്യക്തമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എം. നേതൃത്വത്തെ ഇത്തരത്തിൽ ലക്ഷ്യം വെക്കുന്ന ഇ.ഡി. സമീപനത്തെ അവജ്ഞയോടുകൂടി പാർട്ടി തള്ളിക്കളയുകയാണ്. വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ ഇതിൽ ഏതോ വലിയ കാര്യമുണ്ടെന്ന മട്ടിലാണ് സംസാരിക്കുന്നത്. രാഷ്ട്രീയ ലക്ഷ്യത്തോടുകൂടി സി.പി.എം. നേതൃത്വത്തെ ആക്രമിക്കുന്ന ഇ.ഡി.യുടെ നിലപാടിനെ സർക്കാർ പിന്തുണയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കർണാടകയിൽ കോൺഗ്രസ് മന്ത്രിമാർക്കെതിരെ കേന്ദ്ര ഏജൻസികൾ നീങ്ങുമ്പോൾ അതിനെ വിമർശിക്കുന്ന കോൺഗ്രസ് നേതൃത്വം, സി.പി.എം. നേതൃത്വത്തിനെതിരെ ഇ.ഡി. തിരിയുമ്പോൾ അതിൽ ആഹ്ലാദിക്കുകയും പിന്തുണ കൊടുക്കുകയുമാണ് ചെയ്യുന്നത്. വി.ഡി. സതീശന്റെയും കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫിന്റെയും അത്യന്തം അനുചിതവും സംസ്കാരരഹിതവുമായ ഈ ഇരട്ടത്താപ്പിനെ എ.ഐ.സി.സി. നേതൃത്വവും ഇന്ത്യ മുന്നണിയും അംഗീകരിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണമെന്നും എം.എ. ബേബി ആവശ്യപ്പെട്ടു.
ആർക്കെതിരെ എങ്കിലും സാങ്കൽപ്പിക കഥകൾ ഉണ്ടാക്കാൻ സഹകരിച്ചില്ലെങ്കിൽ അവരുടെ കുഞ്ഞുങ്ങൾക്കെതിരെ അടക്കം കേസ് ചാർജ് ചെയ്യുമെന്ന് പറഞ്ഞ് ബ്ലാക്ക്മെയിൽ ചെയ്യുന്ന രീതിയാണ് ഇ.ഡി.യിൽ നിന്ന് ഉണ്ടാകുന്നത്. ഭീഷണിപ്പെടുത്തി കള്ളത്തെളിവുകൾ ഉണ്ടാക്കുക എന്നത് നിലവിലുള്ള ഇന്ത്യൻ നിയമമനുസരിച്ച് കുറ്റകൃത്യമാണെന്നും ഇ.ഡി. കുറ്റകൃത്യങ്ങൾ ചെയ്യുന്ന ഒരു സംഘമായി അധഃപതിച്ചിരിക്കുകയാണെന്നും എം.എ. ബേബി കുറ്റപ്പെടുത്തി.
Content Highlights: MA Baby accused the Enforcement Directorate of acting as a frontal organization for the BJP. He stated that CPM leaders will not surrender or join the BJP out of fear of ED cases. Criticized the Kerala Congress leadership and VD Satheesan for supporting ED actions against CPM. Accused the ED of blackmailing tactics and fabricating false evidence through threats.
Published: 10 Sept 2026, 05:52 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented