വെച്ചൂച്ചിറ (പത്തനംതിട്ട): സ്കൂളിലേക്ക് പോകാനിറങ്ങി. പക്ഷേ, ഒരു മടിയും താത്പര്യമില്ലായ്മയും. വീട്ടിലറിഞ്ഞാൽ പണി പാളും. അപ്പോൾപിന്നെ അവരെ ബോധിപ്പിക്കാൻ ഒരു കഥവേണം. അങ്ങനെ ആ 10-ാം ക്ലാസുകാരൻ തട്ടിക്കൂട്ടിയുണ്ടാക്കി ഒരു തട്ടിക്കൊണ്ടുപോകൽ കഥ. അതിനുതക്ക വേഷവും കെട്ടി. വിവരമറിഞ്ഞ പോലീസും നാട്ടുകാരും തലങ്ങും വിലങ്ങും പാഞ്ഞു. പക്ഷേ, കളി കാര്യമായതോടെ വിഷയം കൈവിട്ടു. പോലീസിന്റെ ക്രോസ് വിസ്താരത്തിൽ എല്ലാം തവിടുപൊടി. സത്യം തുറന്നുപറഞ്ഞ് ഒടുവിൽ പയ്യൻ തടിയൂരി.
തിങ്കളാഴ്ച രാവിലെ 8.30-ഓടെ കൊല്ലമുളയിലാണ് സംഭവം. സ്‌കൂളിലേക്ക് പോകാനിറങ്ങിയ 10-ാം ക്ലാസുകാരൻ, വാനിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന് പറഞ്ഞ് കുടുംബവീട്ടിലേക്കാണ് ഓടിച്ചെന്നത്. അവർ ജനപ്രതിനിധികളെയും പോലീസിനെയും വിവരം അറിയിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം നിഷാ അലക്‌സ്, ഗ്രാമപ്പഞ്ചായത്തംഗം റിഷി ജോഷി എന്നിവരും സമീപവാസികളും വെച്ചൂച്ചിറ പോലീസും സ്ഥലത്ത് എത്തി. വെച്ചൂച്ചിറ എസ്.എച്ച്.ഒ. കെ.എസ്. അരുണിന്റെ നേതൃത്വത്തിൽ പോലീസും സ്ഥലത്തെത്തി.
വീതികുറഞ്ഞ വഴിയിലൂടെയാണ് കുട്ടി നടന്നുപോയത്. വീട്ടിൽനിന്നിറങ്ങി 15 മിനിറ്റിന് ശേഷമാണ് വിദ്യാർഥി കുടുംബവീട്ടിൽ എത്തുന്നത്. കീറിയ ഷർട്ടും കഴുത്തിൽ മുറിവുപാടുമായാണ് വിദ്യാർഥി വീട്ടിലെത്തിയത്. ഇതിനിടയിൽ വാനോ സംശയകരമായ ഒരു വാഹനമോ ഇതുവഴി പോയിട്ടില്ലെന്ന് സി.സി.ടി.വി. ദൃശ്യങ്ങളിൽനിന്നും ഇതുവഴി പോയവരിൽനിന്നും ലഭിച്ച വിവരങ്ങളിൽനിന്നും പോലീസിന് വ്യക്തമായി.
ഇതിനിടയിൽ ഒന്നര മണിക്കൂറിന് ശേഷം വിദ്യാർഥിതന്നെ കഥ തിരുത്തി സത്യാവസ്ഥ തുറന്നുപറഞ്ഞതായി പോലീസ് പറഞ്ഞു. സ്‌കൂളിൽ പോകാനുള്ള മടികൊണ്ടാണ് ഇങ്ങനെ പറഞ്ഞതെന്ന് സമ്മതിച്ചു. ഇത്രയും സമയത്തിനുള്ളിൽ പല കഥകളും നാട്ടിൽ പ്രചരിക്കുകയും ചെയ്തു.
Content Highlights: A Class 10 student in Kollamula, Pathanamthitta, faked a kidnapping attempt., The student wanted to avoid going to school and fabricated the story., Police and locals launched a massive search based on the false claim., CCTV footage and police interrogation exposed the lie within hours.
Published: 17 Nov 2026, 07:33 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented