അയ്യപ്പന് മനസ്സർപ്പണം; മുദ്രധരിച്ച് മണ്ഡലകാല വ്രതം
കാഞ്ഞങ്ങാട്: കർപ്പൂരത്തട്ടിലുയരുന്ന തീനാളത്തിനുമേൽ മണിമാലയുഴിഞ്ഞ് മനമുരുകി പ്രാർഥന. അയ്യപ്പക്ഷേത്രത്തിലും ഭജനമന്ദിരങ്ങളിലും വീടുകളിലുമെല്ലാം ശരണംവിളി ഉയരുന്ന പ്രഭാതങ്ങളും ത്രിസന്ധ്യകളും. വൃശ്ചികം പിറന്നു. ഇനി മകരവിളക്ക് വരെ വ്രതമാസത്തിന്റെ കാലമാണ്. ദിവസങ്ങൾക്കു മുൻപേ അയ്യപ്പഭക്തർ മുദ്രധരിച്ച് വ്രതം തുടങ്ങിയിരുന്നു. എങ്കിലും മണ്ഡല -മകരവിളക്ക് ദിവസത്തിന് തുടക്കമാകുന്നത് വൃശ്ചികം ഒന്നിനാണ്.
അയ്യപ്പ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും അനുഷ്ഠാനങ്ങളും നടക്കും. അയ്യപ്പമുദ്രയായി മണിമാല ധരിച്ചാൽ പിന്നെ നീലയും കറുപ്പും മുണ്ടുകളാണ് പ്രധാന വേഷം. ഭക്ഷണകാര്യത്തിൽ ശ്രദ്ധേയമായ ചിട്ടയുണ്ടാകും. ക്ഷേത്രങ്ങളിലും വീടുകളിലും സ്വാമിമാർക്ക് ഭിക്ഷ നൽകുന്ന പതിവുണ്ട്. ഭജനമന്ദിരങ്ങളിലും മറ്റും രാത്രിയിൽ ഭക്ഷണമൊരുക്കും.
കഴിഞ്ഞ രണ്ടുദിവസങ്ങളിൽ മണിമാലയും പൂജാസാധനങ്ങളും വാങ്ങുന്ന തിരിക്കാണ് കടകളിൽ അനുഭവപ്പെട്ടത്. 70 രൂപ മുതൽ 300 രൂപവരെ വിലയുള്ള മണിമാലകളാണ് വിപണിയിൽ. കച്ചവടക്കാർ പാലക്കാട്ടുനിന്നും മറ്റുമെത്തിച്ച് നേരത്തെ തന്നെ മാലകളും ലോക്കറ്റുകളുമെല്ലാം സ്റ്റോക്ക് ചെയ്തിരുന്നു. തുളസി, സ്ഫടികം, രക്തചന്ദനം, രുദ്രാക്ഷം തുടങ്ങി വിവിധങ്ങളായ മാലകളുണ്ട്. 30 രൂപ മുതൽ 50 രൂപവരെയുള്ള അയ്യപ്പലോക്കറ്റുകളുമുണ്ട്.
അയ്യപ്പഭക്തർക്ക് വിശ്രമിക്കാം
ശബരിമലയിലേക്കു പോകുന്ന അയ്യപ്പഭക്തർക്ക് കുമ്പള അനന്തപുരം ക്ഷേത്രം, കുമ്പള ഗോപാലകൃഷ്ണക്ഷേത്രം, മധൂർ സിദ്ധിവിനായക മദനന്തേശ്വര ക്ഷേത്രം, പൊയിനാച്ചി ധർമശാസ്താ ക്ഷേത്രം, പുല്ലൂർ വിഷ്ണുമൂർത്തി ക്ഷേത്രം, മാക്കരം കോട്ട് ധർമശാസ്താ ക്ഷേത്രം എന്നിവിടങ്ങളിൽ കുളിക്കാനും വിശ്രമിക്കാനും സൗകര്യമുണ്ട്. കാഞ്ഞങ്ങാട് ശ്രീകൃഷ്ണ ക്ഷേത്രത്തിലും രാജേശ്വരി സിദ്ധിഗണേശ ക്ഷേത്രത്തിലും കാഞ്ഞങ്ങാട് ആനന്ദാശ്രമത്തിലും നിത്യാനന്ദാശ്രമത്തിലും മാവുങ്കാൽ ശ്രീരാമക്ഷേത്രത്തിലും വിശ്രമിക്കാം. നീലേശ്വരം തളിയിൽ നീലകണ്ഠേശ്വരക്ഷേത്രത്തിൽ വലിയ കുളമുണ്ട്. ചെറുവത്തൂർ മേൽമട്ടലായി ശിവക്ഷേത്രത്തിലും ചക്രപുരം നരസിംഹലക്ഷ്മി നാരായണ-ശ്രീകൃഷ്ണ ക്ഷേത്രത്തിലും കുളിക്കാനും ഭക്ഷണം പാകംചെയ്യാനുള്ള സൗകര്യമുണ്ട്. കാലിക്കടവ് ഏച്ചിക്കുളങ്ങര ശ്രീനാരായണപുരം ക്ഷേത്രത്തിലും വിശ്രമിക്കാൻ സൗകര്യമുണ്ട്. കണ്ണൂർ ജില്ലയിലെത്തിയാൽ പയ്യന്നൂർ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രം, തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രം, പറശ്ശനിക്കടവ് മുത്തപ്പൻ മടുപ്പുര, തിരുവങ്ങാട് ശ്രീരാമക്ഷേത്രം എന്നി പ്രധാന ക്ഷേത്രങ്ങളിൽ വിശ്രമിക്കാം. ദർശനം നടത്താം.
ശബരിമലയിലേക്ക് ബസ്
കാസർകോട്ടെയും കാഞ്ഞങ്ങാട്ടെയും ഡിപ്പോകളിൽനിന്ന് ശബരിമലയിലേക്ക് കെ.എസ്.ആർ.ടി.സി.യുടെ പ്രത്യേക ബസ് സർവീസ് ഏർപ്പെടുത്തിയിട്ടുണ്ട്. ബജറ്റ് ടൂറിസം സെൽ ആണ് ബസ് സർവീസ് ഏർപ്പെടുത്തുക. ബുക്ക് ചെയ്യുന്ന സ്വാമിമാരുടെ എണ്ണം കണക്കാക്കി ട്രിപ്പുകൾ എത്രയെന്ന് അതതു സമയം അറിയിപ്പായി നൽകുകയാണ് ചെയ്യുക.
അയ്യപ്പഭക്തർക്ക് ഒരു ഗ്രൂപ്പായും ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന് കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം സെൽ കോർഡിനേറ്റർ കെ. പ്രദീപ്കുമാർ പറഞ്ഞു. നിലയ്ക്കലിലല്ല, മറിച്ച് പമ്പവരെ സർവീസ് എന്ന രീതിയിലാണ് സെപ്ഷ്യൽ കെ.എസ്.ആർ.ടി.സി. ബസുകളുടെ ട്രിപ്പ്.
ഗുരുവായൂർ, ചോറ്റാനിക്കര, വൈക്കം, ഏറ്റുമാനൂർ തുടങ്ങി അറിയപ്പെടുന്ന ക്ഷേത്രങ്ങളിൽ ദർശനവും സന്നിധാനത്ത് വിശ്രമ സൗകര്യവുമാണ് പാക്കേജ്.
Published: 17 Nov 2026, 04:09 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented