ന്യൂഡൽഹി: അടുത്തവർഷം ആദ്യം നടക്കുന്ന യു.പി. നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുക്കം വേഗത്തിലാക്കാൻ കോൺഗ്രസ്. ഡിസംബർ ആദ്യവാരം പ്രചാരണം തുടങ്ങാൻ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ചേർന്ന യോഗം തീരുമാനിച്ചു. സമാജ്‌വാദി പാർട്ടി(എസ്.പി.) യുമായി സീറ്റ് വിഭജന ചർച്ച ചൊവ്വാഴ്ച തുടങ്ങും.

To advertise here,

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, ജനറൽ സെക്രട്ടറിമാരായ പ്രിയങ്കാ ഗാന്ധി, കെ.സി. വേണുഗോപാൽ, യു.പി.യുടെ ചുമതലയുള്ള രാജേന്ദ്ര പാൽ ഗൗതം, പി.സി.സി. അധ്യക്ഷ ആരാധനാ മിശ്ര, വർക്കിങ് പ്രസിഡന്റ് ഇമ്രാൻ മസൂദ്, നിയമസഭാ കക്ഷി നേതാവ് വീരേന്ദ്ര ചൗധരി എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ഉത്തർപ്രദേശിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നെന്നും ‘ഇന്ത്യസഖ്യ’ത്തിലൂടെ കോൺഗ്രസ് ശക്തമായ ബദൽ അവതരിപ്പിക്കുമെന്നും ഖാർഗെ പറഞ്ഞു. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലേതുപോലെ സഖ്യകക്ഷികളോടൊപ്പം ചേർന്ന് ബി.ജെ.പി.യെ പരാജയപ്പെടുത്തുമെന്ന് കെ.സി. വേണുഗോപാൽ കൂട്ടിച്ചേർത്തു.

403 അംഗ നിയമസഭയിൽ 181 സീറ്റുകളിൽ മത്സരിക്കാനാണ് കോൺഗ്രസ് എസ്.പി.യോട് താത്‌പര്യം പ്രകടിപ്പിച്ചിട്ടുള്ളത്. ഓരോ മണ്ഡലത്തിലും വിജയസാധ്യതയുള്ള പാർട്ടിക്ക് സീറ്റുനൽകുക എന്നതാണ് എസ്.പി.യുടെ നിലപാട്. മുൻതിരഞ്ഞെടുപ്പ് ഫലങ്ങളുടെ അടിസ്ഥാനത്തിലാവും സീറ്റ് വിഭജനമെന്നും എന്നാൽ, സഖ്യത്തിൽ വിള്ളലുണ്ടാവില്ലെന്നും അഖിലേഷ് വ്യക്തമാക്കിയിട്ടുണ്ട്.

2022-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരുപാർട്ടികളും ഒറ്റയ്ക്ക് മത്സരിച്ചപ്പോൾ എസ്.പി. 111 സീറ്റ് നേടിയിരുന്നു. കോൺഗ്രസിന് രണ്ടുസീറ്റ് മാത്രമാണ് ലഭിച്ചത്. ഈ കണക്ക് മുൻനിർത്തി പരമാവധി സീറ്റുകളിൽ മത്സരിക്കാനാണ് എസ്.പി. ശ്രമം. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇരുപാർട്ടികളും സഖ്യമായി മത്സരിച്ചപ്പോൾ കോൺഗ്രസ് മത്സരിച്ച പതിനേഴിൽ ആറുസീറ്റിലും എസ്.പി. 63-ൽ 37 സീറ്റിലും ജയിച്ചു.