ബോവിക്കാനം : പതിവുപോലെ ശാന്തമായിരുന്ന മുളിയാറിന്റെ പുലരിയെ ഞെട്ടിച്ചാണ് യുവാവിന്റെ വെടിയേറ്റുള്ള മരണവാർത്ത കാട്ടുതീപോലെ പടർന്നത്. വനമേഖലയോട് ചേർന്നുള്ള ഗ്രൗണ്ടിൽ മുഖം ചിതറിയനിലയിൽ യുവാവിനെ കണ്ടെത്തിയതോടെ നാടൊന്നാകെ നടുങ്ങി. മഞ്ചക്കൽ കാട്ടിപ്പള്ളം ഹൗസിൽ ഹൈദരലിയെയാണ് (27) മരിച്ചത്. സ്‌കൂട്ടറിന് മുന്നിൽ വെച്ച നാടൻതോക്ക് അബദ്ധത്തിൽ പൊട്ടിയാണ് മരണമെന്നാണ് കരുതുന്നത്. സംഭവത്തിൽ ദുരൂഹത നിലനിൽക്കുന്നതിനാൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കാട്ടിപ്പള്ളത്തിന് നാലുഭാഗവും വനമേഖലയാണ്. 45 വീടുകൾ മാത്രമാണിവിടെയുള്ളത്. മുളിയാർ പഞ്ചായത്തിന്റെ 60 ശതമാനത്തോളം ഭാഗവും വനമേഖലയും പ്ലാന്റേഷൻ കോർപ്പറേഷന്റെ കശുമാവിൻതോട്ടവുമാണ്. രാത്രിയിൽ നായാട്ടുസംഘം ഇവിടങ്ങളിൽ സജീവമാണെന്ന് നേരത്തേതന്നെ പരാതിയുണ്ടായിരുന്നു. കാട്ടുപന്നികളെയും കാട്ടുമുയലുകളെയുമാണ് വേട്ടയാടിയിരുന്നത്. ഗൾഫിലായിരുന്ന ഹൈദരലി ഒരുവർഷം മുമ്പാണ് നാട്ടിലെത്തിയത്. ഇലക്ട്രിക്കൽ, പ്ലംബിങ് ജോലികൾ ചെയ്തു വരികയായിരുന്നു.
ഞായറാഴ്ച ബാവിക്കരയിലുള്ള സഹോദരി വീട്ടിൽ വന്നപ്പോൾ നൽകാൻ മറന്നുപോയ മത്സ്യവുമായി രാത്രി ഏഴോടെയാണ് ഹൈദരലി വീട്ടിൽനിന്ന് ഇറങ്ങിയത്. വീണുകിടന്ന സ്‌കൂട്ടറിൽ പ്ലാസ്റ്റിക്ക് കൂടിൽ സൂക്ഷിച്ച മത്സ്യം കണ്ടെത്തിയിരുന്നു. ഹൈദരലി നായാട്ടുസംഘത്തിലുള്ളതായി നാട്ടുകാർക്ക് അറിവില്ല.
Published: 17 Nov 2026, 04:07 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented