തിരുവനന്തപുരം: ഒക്ടോബറിൽ സർക്കാർ ഇടപെട്ട് ടെൻഡറില്ലാതെ ഉയർന്നവിലയ്ക്ക് വൈദ്യുതിവാങ്ങിയ രണ്ട് കരാറുകൾകൂടി വിവാദത്തിൽ. കരാറുകൾക്ക് അനുമതിതേടി കെ.എസ്.ഇ.ബി. നൽകിയ അപേക്ഷ റെഗുലേറ്ററി കമ്മിഷൻ ഫയലിൽ സ്വീകരിച്ചില്ല. മുൻകൂർ അനുവാദമില്ലാതെയും അംഗീകൃതരീതിയിൽ വില തീരുമാനിക്കാതെയുമുള്ള ഉഭയകക്ഷി കരാറുകളാണിത്. പൊതുവേ നാലുരൂപയിൽ താഴെ വിലയുള്ള കാറ്റാടിവൈദ്യുതി 11 രൂപയ്ക്കും ഹിമാചലിൽനിന്ന് 14.5 രൂപയ്ക്കും വാങ്ങിയ കരാറുകളാണ് വിവാദമായത്. ടെൻഡറില്ലാതെ സ്വകാര്യ പ്ലാറ്റ്‌ഫോമായ ജി.എൻ.എ.യിൽനിന്ന് വൈദ്യുതിവാങ്ങാനുള്ള നീക്കം വിവാദമായിരുന്നു.
ഒക്ടോബറിലെ വൈദ്യുതിനിയന്ത്രണം ഒഴിവാക്കാൻ വി.ഇ.എച്ച്. ഗ്ലോബൽ എന്ന സ്വകാര്യ കമ്പനിയിൽനിന്നും ഹിമാചൽ പവർ കോർപ്പറേഷനിൽനിന്നുമാണ് വൈദ്യുതി വാങ്ങിയത്. വി.ഇ.എച്ച്. ഗ്ലോബൽ ഒരേസമയം ഉത്പാദകരും വിൽപ്പനക്കാരുമാണ്. പവർ എക്സ്‌ചേഞ്ചിൽ ഉയർന്നവിലയ്ക്ക് വൈദ്യുതിവിൽക്കുന്ന വിഭാഗത്തിൽ കച്ചവടത്തിന് ഇവർക്ക് കേന്ദ്ര റെഗുലേറ്ററി കമ്മിഷന്റെ അനുമതിയില്ല. അതിനാൽ ഇവരിൽനിന്ന് ഉഭയകക്ഷി ധാരണപ്രകാരം വൈദ്യുതിവാങ്ങാൻ അനുമതിനൽകിയായിരുന്നു സർക്കാർ ഉത്തരവ്. അന്നത്തെ കെ.എസ്.ഇ.ബി. ചെയർമാൻ രാജമാണിക്യത്തിന്റെ അപേക്ഷപ്രകാരമാണിതെന്നും ഉത്തരവിലുണ്ട്. സാധാരണ ഹ്രസ്വകാല കരാറുകൾക്ക് അനുമതിനൽകുന്നതിൽ സർക്കാർ ഇടപെട്ട് ഉത്തരവിറക്കാറില്ല.
കാറ്റാടിവൈദ്യുതി രാത്രിയിലേക്കാണ് വാങ്ങിയത്. ഇതിന് 11 രൂപ നൽകേണ്ടിവന്നു. വി.ഇ.എച്ചിൽനിന്നാണോ അതോ മറ്റേതെങ്കിലും കമ്പനിയുടെ വൈദ്യുതി ഈ സ്ഥാപനം വഴി വാങ്ങിയതാണോ, എത്ര വൈദ്യുതി ലഭിച്ചു തുടങ്ങിയ കാര്യങ്ങൾ വ്യക്തമാക്കാത്ത അപേക്ഷയായതുകൊണ്ടാണ് റെഗുലേറ്ററി കമ്മിഷൻ സ്വീകരിക്കാഞ്ഞത്. അടിയന്തരഘട്ടത്തിൽ വാങ്ങിയാൽ 15 ദിവസത്തിനകം കമ്മിഷനെ സമീപിക്കണമെന്നിരിക്കേ ഒരുമാസം കഴിഞ്ഞാണ് അപേക്ഷകളെത്തിയത്. ഹിമാചലിൽനിന്ന് വൈദ്യുതി നൽകിയതിൽ കേന്ദ്രനിലയങ്ങളുമുണ്ടായിരുന്നു. കേന്ദ്രനിലയങ്ങളിൽനിന്നുള്ളതിന് വില കുറവാണ്. എന്നിട്ടും 14.5 രൂപയ്ക്കാണ് കിട്ടിയത്. ഇതിന് കാരണമെന്താണെന്ന് കമ്മിഷൻ ചോദിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി മറുപടി പറയണം
‘’ജി.എൻ.എ. വൈദ്യുതിയിലെ അഴിമതിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് കരാർ ഒപ്പിട്ടില്ലെന്ന ന്യായം പറഞ്ഞ മുഖ്യമന്ത്രി വി.ഇ.എച്ച്. ഗ്ലോബലുമായി ഒപ്പിട്ട അഴിമതിക്കരാറിനെക്കുറിച്ച് മറുപടി പറയണം. ഈ കമ്പനിക്ക് ടെൻഡ റിൽ പങ്കെടുക്കാൻ അർഹതയില്ലെന്ന് സർക്കാർ ഉത്തരവിൽത്തന്നെ പറയുന്നു. എന്നിട്ടും അനുമതി നൽകിയത് ആരുടെ താത്പര്യപ്രകാരമാണ്. ഖജനാവിനുണ്ടായത് വലിയ നഷ്ടം.’’- പിണറായി വിജയൻ.
Content Highlights: KSEB purchased high-cost power in October without proper tendering., Two bilateral contracts—wind power at Rs 11 and Himachal power at Rs 14.5—face scrutiny., The State Regulatory Commission refused to accept the approval applications due to lack of clarity., Opposition demands answers from the Chief Minister regarding the corruption and loss to the exchequer.
Published: 17 Nov 2026, 04:33 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented