ബദിയഡുക്ക : ദിവസേന നൂറുകണക്കിന് രോഗികൾ എത്തുന്ന ബദിയഡുക്ക സാമൂഹികാരോഗ്യകേന്ദ്രത്തിൽ കിടത്തിച്ചികിത്സയും ഡയാലിസിസ് യൂണിറ്റും ആരംഭിക്കണമെന്ന ആവശ്യം ശക്തമാവുന്നു.

To advertise here,

ബദിയഡുക്കയ്ക്ക് പുറമെ സമീപ പഞ്ചായത്തുകളായ കുമ്പഡാജെ, ബെള്ളൂർ, ചെങ്കള, എൻമകജെ, പുത്തിഗെ തുടങ്ങിയ ഇടങ്ങളിൽനിന്നെല്ലാം രോഗികൾ ഇവിടേക്ക് എത്തുന്നുണ്ട്.

സമീപത്തുള്ള ഉക്കിനടുക്ക ഗവ. മെഡിക്കൽ കോളേജിൽപ്പോലും ഉച്ചയ്ക്കുശേഷം ഡോക്ടറെ കാണാൻ സൗകര്യമില്ല. ഇക്കാരണത്താലും മികച്ച കെട്ടിടവും യാത്രാസൗകര്യവും ഉള്ളതിനാലും രോഗികളുടെ വലിയ നിരതന്നെ ഇവിടെ എപ്പോഴുംകാണാം.

എൻഡോസൾഫാൻ ദുരിതബാധിത മേഖലകളും പട്ടികജാതി, പട്ടികവർഗ ഉന്നതികളും ഉൾപ്പെടുന്ന ഈ പ്രദേശത്ത് സാധാരണക്കാരും സാമ്പത്തികമായി പിന്നാക്കംനിൽക്കുന്നവരുമായ നിരവധി കുടുംബങ്ങൾ താമസിക്കുന്നുണ്ട്.

ഏറെക്കാലത്തെ ആവശ്യം

​ജനങ്ങളുടെ ഏറെക്കാലത്തെ ആവശ്യമാണ് ബദിയഡുക്കയിൽ കിടത്തിച്ചികിത്സ ആരംഭിക്കണം എന്നത് . 2018-ൽ ബദിയഡുക്ക സാമൂഹികാരോഗ്യകേന്ദ്രത്തെ താലൂക്കാസ്പത്രിയായി ഉയർത്തിയിരുന്നു. അഞ്ചുമാസക്കാലം താലൂക്കാസ്പത്രിയായി പ്രവർത്തിക്കുകയും കിടത്തിച്ചികിത്സ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ആരംഭിക്കുകയുംചെയ്തിരുന്നു.

എന്നാൽ പിന്നീട്‌ വന്ന അതേ വേഗത്തിൽ താലൂക്കാസ്പത്രി പദവി തിരിച്ചുപോകുന്നതാണ് കണ്ടത്. അതിന് അധികൃതർ പറഞ്ഞ കാരണം വിചിത്രമായിരുന്നു.

ബദിയഡുക്കയുമായി പേരിൽ സാമ്യമുള്ള മറ്റൊരിടത്തേക്ക് അനുവദിച്ചതാണെന്നുപറഞ്ഞ് എല്ലാ സംവിധാനങ്ങളും തിരിച്ചെടുത്തപ്പോൾ പ്രതിഷേധം ഉയർന്നുവെങ്കിലും ഒന്നും ഫലംകണ്ടില്ല. ഇപ്പോൾ അടിയന്തര സാഹചര്യങ്ങളിൽപ്പോലും കിടത്തിച്ചികിത്സയ്ക്ക് സൗകര്യമില്ല. കിടത്തിച്ചികിത്സയ്ക്കായി സജ്ജീകരിച്ച വാർഡും കട്ടിൽ, കിടക്ക തുടങ്ങി അനുബന്ധ സാധനങ്ങളും ഇവിടെ ഉപയോഗശൂന്യമായിക്കിടക്കുകയാണ്.

വൈകുന്നേരം ആറുമണിക്ക് ശേഷം അടിയന്തരമായി ചികിത്സ ആവശ്യമായിവരുന്ന രോഗികൾക്ക് കിലോമീറ്ററുകൾ യാത്രചെയ്ത് കാസർകോട്ടോ കുമ്പളയിലോ ഉള്ള ആസ്പത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.

സമയബന്ധിതമായി ചികിത്സ ലഭിക്കാത്തതുമൂലം പലർക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടിവരികയും വിലപ്പെട്ട ജീവനുകൾ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകുകയും ചെയ്തിട്ടുണ്ട്.

രോഗികളെ വലച്ച് വൈദ്യുതി തടസ്സം

​ആസ്പത്രിയിൽ വൈദ്യുതി തടസ്സം പതിവാണ്. ഇവിടെ എത്തുന്ന രോഗികളിൽ വലിയ വിഭാഗവും ശ്വസനപ്രശ്നങ്ങൾ അനുഭവിക്കുന്നവരാണ്. ശ്വാസംമുട്ടനുഭവിക്കുവർക്ക്‌ ഓക്സിജൻ നൽകിയില്ലെങ്കിൽ ജീവൻ വരെ അപകടത്തിലായേക്കും.

കഫക്കെട്ട് മൂലം കഷ്ടപ്പെടുന്നവർക്ക് ആശ്വാസം വേണമെങ്കിൽ ആവിപിടിക്കണം. എന്നാൽ വൈദ്യുതി തടസ്സപ്പെട്ടാൽ ഓക്സിജൻ നൽകാനോ ആവിപിടിക്കാനോ ഉള്ള സൗകര്യം ഇപ്പോഴില്ല.

ഒരു ജനറേറ്റർ വേണമെന്ന് സർക്കാരിനോട് ആവശ്യപ്പെടാൻതുടങ്ങിയിട്ട് കാലമേറെയായെങ്കിലും ഒരു നടപടിയും ഇതുവരെയില്ല.

​പല്ല് കൊഴിഞ്ഞ ദന്തരോഗ വിഭാഗം

​ സാമൂഹികാരോഗ്യകേന്ദ്രത്തിലെ ദന്തരോഗ വിഭാഗം ഇപ്പോൾ പല്ല് കൊഴിഞ്ഞ നിലയിലാണ്. ഒരുമാസത്തിലധികമായി ഈ വിഭാഗത്തിൽ ഡോക്‌ടറുടെ സേവനം ലഭ്യമല്ല. പല്ല് രോഗ വിഭാഗത്തിനായി സജ്ജീകരിച്ച മുറിയും മറ്റ് സംവിധാനങ്ങളും ഉണ്ടെങ്കിലും ഡോക്‌ടറില്ലാത്തതിനാൽ ജനങ്ങൾക്ക് ഒരു പ്രയോജനവും ലഭിക്കുന്നില്ല.