വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് പ്രേമയുടേയും അമൃതവല്ലിയുടേയും ആവശ്യം

കോഴിക്കോട്: ജപ്തി നടപടിയെ തുടർന്ന് തെരുവിലായി സഹോദരിമാർ. കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശികളായ പ്രേമ, അമൃതവല്ലി എന്നിവരെയാണ് ഉദ്യോഗസ്ഥരെത്തി വീട്ടിൽ നിന്ന് കുടിയിറക്കിയത്. ഇവരുടെ സഹോദരനായ അന്തരിച്ച രാജഗോപാൽ നായർ ഫറൂഖിലുള്ള സ്വകാര്യ വ്യക്തിയിൽ നിന്ന് അഞ്ചു ലക്ഷം രൂപ വാങ്ങിയിരുന്നു. മരിച്ചുപോയ സഹോദരൻ പണം വാങ്ങിയെന്ന കാര്യം ജപ്തി ചെയ്യാനായി ആളുകൾ വീട്ടിലെത്തിയപ്പോൾ മാത്രമാണ് പ്രേമയും അമൃതവല്ലിയും അറിയുന്നത്. വീട്ടിൽനിന്ന് ഇറങ്ങേണ്ടിവന്നതോടെ എന്ത് ചെയ്യണമെന്ന് അറിയാതെ നിരാശ്രയരായിരിക്കുകയാണ് ഇരുവരും.
തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് ജപ്തി നടപടികൾക്കായി ഉദ്യോഗസ്ഥ സംഘം ഇവരുടെ വീട്ടിലെത്തിയത്. തങ്ങൾ ഒരു കാരണവശാലും വീട്ടിൽ നിന്ന് ഇറങ്ങില്ലെന്ന് സഹോദരിമാർ തറപ്പിച്ച് പറഞ്ഞു. എന്നാൽ കോടതി ഉത്തരവ് നടപ്പിലാക്കാതിരിക്കാൻ കഴിയില്ലെന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചത്. ഇരുവരുടേയും എതിർപ്പ് വകവെക്കാതെ പുറത്താക്കി വീട് ജപ്തി ചെയ്യുകയായിരുന്നു. അതേസമയം പോലീസിന്റെ ഭാഗത്തുനിന്ന് നല്ല രീതിയിലുള്ള പെരുമാറ്റമാണ് ഉണ്ടായിരുന്നതെന്ന് സഹോദരിമാർ പറഞ്ഞു.
രാജഗോപാൽ നായർ എന്തിനാണ് അഞ്ചു ലക്ഷം രൂപ വാങ്ങിയതെന്ന് ഇപ്പോഴും ഇവർക്ക് അറിയില്ല. സ്വന്തം ആവശ്യത്തിന് വാങ്ങിയതാണോ അതോ മറ്റാർക്കെങ്കിലും വേണ്ടി വാങ്ങിയതാണോ എന്ന കാര്യത്തിലും ഇവർക്ക് വ്യക്തതയില്ല. ഉദ്യോഗസ്ഥർ ജപ്തിക്ക് എത്തിയപ്പോഴാണ് വിവരം അറിഞ്ഞതെന്നും അതിനുശേഷം കോടതിയിൽ നിന്ന് രേഖകൾ സംഘടിപ്പിക്കാൻ വൈകിയതിനാലാണ് എന്താണ് സംഭവിച്ചതെന്ന് കൃത്യമായി അറിയാൻ കഴിയാതിരുന്നതെന്നും ഇവർ പറയുന്നു. അമ്മ നൽകിയ ഈ വീട് നഷ്ടപ്പെട്ടാൽ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്നാണ് വയോധികമാരായ ഈ സഹോദരിമാർ സങ്കടം പറയുന്നത്.
പ്രായമായവരും മറ്റാരും ആശ്രയത്തിന് ഇല്ലാത്തവരുമായ ഈ സഹോദരിമാരോട് കരുണ കാണിക്കണമെന്നാണ് പ്രദേശവാസികളായ നാട്ടുകാർക്കും പറയാനുള്ളത്. തങ്ങൾക്കുണ്ടായ ദുരനുഭവം ഇനി വേറെ ആർക്കും ഉണ്ടാകരുതെന്നും വിഷയത്തിൽ സർക്കാർ ഇടപെടണമെന്നുമാണ് പ്രേമയും അമൃതവല്ലിയും ആവശ്യപ്പെടുന്നത്. നീതിക്കായി സുപ്രീം കോടതിയെ സമീപിക്കാനാണ് പ്രേമയുടെയും അമൃതവല്ലിയുടെയും തീരുമാനം. സുപ്രീം കോടതിയിൽ പരാതി നൽകി അനുകൂല തീരുമാനം ഉണ്ടാകുന്നത് വരെ സ്വന്തം വീട്ടിൽ നിന്ന് ഇറങ്ങില്ലെന്ന ഉറച്ച നിലപാടിലാണ് ഇവർ.
Content Highlights: Two elderly sisters, Prema and Amruthavalli of Kuttikkattoor in Kozhikode, were evicted from their ancestral home following court-ordered foreclosure proceedings over a Rs 5 lakh debt incurred by their late brother.
Published: 16 Nov 2026, 09:53 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented