നീലേശ്വരം : നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് കളിയാട്ടത്തിനിടെ വെടിക്കെട്ടപകടം നടന്നിട്ട് ഒന്നരമാസം. നാടിനെ നടുക്കിയ ദുരന്തത്തിൽ പൊള്ളലേറ്റവരിൽ ഒൻപതുപേർ ഇപ്പോഴും മംഗളൂരു എ.ജെ. ആസ്പത്രിയിൽ ചികിത്സയിലാണ്. അതിൽ അഞ്ചുപേർ തീവ്രപരിചരണ വിഭാഗത്തിലാണ്. വെടിക്കെട്ടപകടത്തിന്റെ ദുരിതമനുഭവിച്ചവരും കുടുംബങ്ങളും ആംബുലൻസ് ഡ്രൈവർമാരുമൊഴിച്ച് മറ്റുള്ളവരെല്ലാം ദുരന്തരാത്രിയെ മറന്ന മട്ടാണ്.

To advertise here,

പൊള്ളലേറ്റവരിൽ കൂടുതലും തൊഴിലാളികൾ ഉൾപ്പെടെയുള്ള സാധാരണക്കാരാണ്. വീട്ടിലെത്തിയവർക്ക് നേരത്തെ അവർ ചെയ്തിരുന്ന ജോലിക്ക് പോകാനായിട്ടില്ല. മിക്കവരും തുടർച്ചികിത്സയിലാണ്. ആറുമാസത്തിലധികം തുടർച്ചികിത്സ വേണ്ടവരുണ്ട്. 12 പേർക്ക് പൊള്ളലേറ്റ കുടുംബമുണ്ട്. ദേഹമാസകലം പൊള്ളലേറ്റ് നിലവിൽ ആസ്പത്രിയിൽ കഴിയുന്ന ദമ്പതിമാരുണ്ട്. ചില സമുദായ സംഘടനകളുടെയും ക്ഷേത്ര കമ്മിറ്റികളുടെയും ചെറുസഹായം ഒഴിച്ചാൽ ഇവരുടെ തുടർച്ചികിത്സയും ജീവിതവും എങ്ങിനെ മുന്നോട്ടുപൊകുന്നുവെന്ന് അന്വേഷിക്കാനാരുമില്ലാത്ത സ്ഥിതിയാണിപ്പോൾ.

ആറുമാസം തുടർച്ചികിത്സയ്ക്കാവശ്യമായ സഹായം നൽകണമെന്നാവശ്യപ്പെട്ട് എ.ഡി.എം. സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ഇതിൽ തീരുമാനമായിട്ടില്ല. ഒക്ടോബർ 28-ന് രാത്രിയിലുണ്ടായ വെടിക്കെട്ടപകടത്തിൽ 200-ലധികമാളുകൾക്ക് പൊള്ളലേറ്റു. 154 പേർ കണ്ണൂർ, കോഴിക്കോട്, മംഗളൂരു, കാഞ്ഞങ്ങാട് ആസ്പത്രികളിൽ ചികിത്സ തേടി. ആറുപേരുടെ ജീവൻ നഷ്ടമായി. പൊള്ളലേറ്റവരുടെ ചികിത്സച്ചെലവ് വഹിക്കുമെന്ന് തൊട്ടടുത്ത ദിവസം സർക്കാർ പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് നാലുലക്ഷം രൂപ വീതം സർക്കാർ സഹായധനവും അനുവദിച്ചു. ക്ഷേത്രം റിലീഫ് കമ്മിറ്റി അഞ്ചുലക്ഷം രൂപ വീതം മരിച്ചവരുടെ കുടംബത്തിന് സഹായധനം നൽകി. പൊള്ളലേറ്റ് ദുരിതത്തിലായവരെ ചേർത്തുപിടിക്കാൻ കൂടി സർക്കാരും ക്ഷേത്ര റിലീഫ് കമ്മിറ്റിയും പൊതുസമൂഹവും മുന്നോട്ടുവരേണ്ടിയിരിക്കുന്നു.

ആംബുലൻസ് വാടക കിട്ടിയില്ല

വെടിക്കെട്ടപകടം നടന്ന രാത്രിയിൽ വാടക കിട്ടുമോയെന്ന് ആലോചിച്ചുനിൽക്കാതെ ഓടിവന്നവരാണ് ജില്ലയുടെ വിവിധ ഇടങ്ങളിലെ ആംബുലൻസ് ഡ്രൈവർമാർ.

അപകടം നടന്ന സ്ഥലത്ത് ചെയ്യാവുന്നതിന്റെ പരമാവധി സഹായം അവർ ചെയ്തു. സഹകരണ സ്ഥാപനങ്ങൾ, വ്യക്തികൾ, ചാരിറ്റബിൾ സൊസൈറ്റി എന്നിവരുടേതായി നിരവധി ആംബുലൻസുകൾ പൊള്ളലേറ്റവരെ വാരിയെടുത്ത് ആസ്പത്രികളിലെത്തിച്ചു. എന്നാൽ, അവർക്ക് ഓടിയതിന്റെ വാടക ഒന്നര മാസമായിട്ടും കിട്ടിയിട്ടില്ല.

പൊള്ളലേറ്റവരുടെ കുടംബക്കാർ ചില ആംബുലൻസ് ഡ്രൈവർമാർക്ക് വാടക കൊടുത്തു. ഭൂരിഭാഗത്തിനും വാടക കിട്ടിയിയട്ടില്ല. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടില്ലെന്നും ജില്ലാ മെഡിക്കൽ ഓഫീസറുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കുമെന്നും എ.ഡി.എം. പി. അഖിൽ പറഞ്ഞു.