നിറമുള്ള സ്വപ്നങ്ങള്‍ കരിഞ്ഞുണങ്ങുമ്പോള്‍, നീലേശ്വരത്തേക്കുള്ള ആ വരവിനെ അലന്‍ സ്വയം ശപിക്കുന്നു. പൊള്ളലേറ്റു വീര്‍ത്ത ഇരുകൈപ്പത്തിയും അവന്റെ മനസ്സിനെ തളര്‍ത്തുന്നു. അമ്മവാത്സല്യത്തിന്റെ ചോറുരളയിലാണ് വിശപ്പടക്കുന്നത്. അഞ്ചുമാസം പിന്നിടുന്ന സങ്കടക്കാഴ്ച. നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരര്‍ക്കാവ് കളിയാട്ടത്തിലെ വെടിക്കെട്ടപകടത്തില്‍ 45 ശതമാനം പൊള്ളലേറ്റ ചോറ്റാനിക്കരയിലെ അലന്‍ നിനോയ്, നേടിയെടുക്കാന്‍ തീരുമാനിച്ചിരുന്ന ആഗ്രഹങ്ങള്‍ ഓരോന്ന് പറഞ്ഞ് വിതുമ്പുന്നു.

To advertise here,

മംഗളൂരുവില്‍ എംഎസ്ഡബ്ല്യു അവസാനവര്‍ഷ പരീക്ഷ കഴിഞ്ഞ് നാട്ടിലേക്കു പോകാനിരിക്കെ, സുഹൃത്തുക്കള്‍ക്കൊപ്പം അതിലൊരാളുടെ നീലേശ്വരത്തെ വീട്ടിലെത്തിയതായിരുന്നു അലന്‍. ഇവിടെയെത്തിയപ്പോള്‍ തെയ്യം കാണാനും ആഗ്രഹം. എല്ലാവരും കൂടി വീരര്‍ക്കാവിലെത്തി. കൊട്ടിക്കയറുന്ന മേളപ്പെരുക്കത്തിനിടെ വെടിപ്പുരയിലെ ഉഗ്രശബ്ദവും തീഗോളവും മാത്രമേ അലന് ഓര്‍മ്മയുള്ളൂ. ആശുപത്രിക്കിടക്കയില്‍നിന്ന് ഉണര്‍ന്നപ്പോള്‍, ഇരുകൈയും മുഖവും ശരീരത്തിന്റെ പുറംഭാഗവും കഴുത്തുമെല്ലാം പൊള്ളിയിരിക്കുന്നു.

മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ 35 ദിവസം തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. അതിനിടെ പ്ലാസ്റ്റിക് സര്‍ജറിക്കും വിധേയനായി. ചികിത്സച്ചെലവ് സര്‍ക്കാര്‍ വഹിച്ചിരുന്നു. ഒരുലക്ഷം രൂപ ക്ഷേത്രക്കമ്മിറ്റിയില്‍നിന്നും ലഭിച്ചു. ജനുവരി 25-ന് ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ആയി എറണാകുളത്തെ വീട്ടിലെത്തി. കൈപ്പത്തികളില്‍ മാംസം വളര്‍ന്ന് വികൃതമായിരിക്കുന്നു. രണ്ടു കൈപ്പത്തികൊണ്ടും ഒന്നും ചെയ്യാനാകില്ല. മടക്കാനോ ഒരു നുള്ള് ചോറ് വാരിക്കഴിക്കാനോ കഴിയാത്ത സ്ഥിതി.

പരീക്ഷാക്കാലത്തും അതിനു മുന്‍പും അയച്ച അപേക്ഷകളിന്മേല്‍ പലതിലും മറുപടി വരുന്നുണ്ട്. ജോലിവാഗ്ദാനങ്ങള്‍ അറിയിച്ചുകൊണ്ടുള്ള അറിയിപ്പാണ് മിക്കതിലും. അതു പൂര്‍ണമായും വായിക്കാന്‍ പോലുമാകുന്നില്ല ഈ 25-കാരന്. സ്വകാര്യകമ്പനിയില്‍ ജോലി ചെയ്യുകയാണ് അലന്റെ പിതാവ് നിനോയ് പി. മത്തായി. 'അവനൊരു ജോലി കിട്ടിയിട്ടു വേണം എനിക്ക് വിശ്രമിക്കാന്‍'- പിതാവും കണ്ണീര്‍ വാര്‍ക്കുന്നു.

കൈകള്‍ നേരെയാകണമെങ്കില്‍ ഇനിയും ശസ്ത്രക്രിയകള്‍ വേണം. കത്തിയമര്‍ന്ന സ്വപ്നങ്ങള്‍ തളിര്‍ക്കണം. അതിന് അവനും കുടുംബത്തിനുമൊപ്പം സ്‌നേഹത്തിന്റെ കൈകള്‍ പതിയണം. തുടര്‍ചികിത്സയുടെ കാര്യങ്ങള്‍ ക്ഷേത്രക്കമ്മിറ്റിയെ ധരിപ്പിച്ചതായും അവര്‍ കൂടെ നില്‍ക്കുമെന്നാണ് പ്രതീക്ഷയെന്നും കുടുംബം പറഞ്ഞു. ആറുമാസത്തെ തുടര്‍ചികിത്സയ്ക്ക് സര്‍ക്കാര്‍ സഹായം നല്‍കണമെന്ന് കളക്ടര്‍ ശുപാര്‍ശ ചെയ്തിരുന്നെങ്കിലും രണ്ടുമാസത്തേക്ക് മാത്രമാണ് അനുവദിച്ചത്.