കാഞ്ഞങ്ങാട്: കളര്‍പെന്‍സിലും ബുക്കുമായി 'മിക്കി മൗസ്' മുന്നിലെത്തിയപ്പോള്‍ പാത്തുവിന്റെ മുഖം വിടര്‍ന്നു. അവള്‍ക്ക് ഏറ്റവും ഇഷ്ടമുള്ള കാര്‍ട്ടൂണ്‍ കഥാപാത്രമാണ് 'മിക്കി മൗസ്'. മിക്കിയെ കണ്ടപ്പോള്‍ ബാന്‍ഡേജിട്ട രണ്ട് കൈയിലെയും വേദനമറന്ന് അവള്‍ ചിരിച്ചു. നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരര്‍കാവിലെ വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റ് കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയിലാണ് പ്രാര്‍ഥനയെന്ന പാത്തു.

To advertise here,

ആശുപത്രിയിലെ ജീവനക്കാരാണ് ശിശുദിന സമ്മാനമായി കളര്‍ പെന്‍സിലും നോട്ട് ബുക്കുമായി എത്തിയത്. ഇവരിലൊരാളാണ് മിക്കി മൗസിന്റെ വേഷമണിഞ്ഞത്. കാഞ്ഞങ്ങാട് ഇഖ്ബാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ സന്ദീപ് ചന്ദ്രന്റെയും കേന്ദ്ര സര്‍വകലാശാല അസി. പ്രൊഫസര്‍ ഡോ. പ്രീതി സന്ദീപിന്റെയും മകളാണ് എല്‍.കെ.ജി. വിദ്യാര്‍ഥിനിയായ പ്രാര്‍ഥന. പ്രീതിക്കും പൊള്ളലേറ്റിരുന്നു. നീലേശ്വരം തെരുവിലാണ് താമസം.

തീ ആളിപ്പടര്‍ന്ന വെടിപ്പുരയുടെ മുന്നില്‍ കിടന്ന പ്രാര്‍ഥനയുടെ ചെരിപ്പും ആമിയുടെ (അഹാന സുരേഷ്) വാട്ടര്‍ബോട്ടിലുമായിരുന്നു അപകടം നടന്നതിന്റെ തൊട്ടടുത്ത ദിവസത്തെ 'മാതൃഭൂമി'യുടെ ഒന്നാം പേജിലെ ചിത്രം. നീലേശ്വരം കരുവാച്ചേരിയിലെ സുരേഷിന്റെയും സഹന്യയുടെയും മകളാണ് എല്‍.കെ.ജി. വിദ്യാര്‍ഥിനിയായ ആമി. പരിക്കേറ്റ് ചികിത്സയിലായിരുന്ന സഹന്യയും ആമിയും ദിവസങ്ങള്‍ക്കു മുന്‍പ് ആശുപത്രിവിട്ടു.