തിരുവനന്തപുരം: എസ്.എഫ്.ഐ. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ സമരം എന്തിനുവേണ്ടിയായിരുന്നു എന്ന് തനിക്ക് ഇപ്പോഴും മനസ്സിലാകുന്നില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇക്കാര്യത്തിൽ പ്രതിപക്ഷനേതാവ് വ്യക്തത വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

To advertise here,

സമരക്കാർ എസിപിയുടെ കഴുത്തിന് കുത്തിപ്പിടിക്കുകയും കൊല്ലാൻ ശ്രമിക്കുകയും ചെയ്തു. പൊലീസുകാരെ മർദ്ദിക്കുകയും അവരുടെ കൈയിലുണ്ടായിരുന്ന ഷീൽഡുകൾ തട്ടിയെടുത്ത് അവരെത്തന്നെ അടിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായി. പൊലീസ് വളരെ സംയമനത്തോടെ പെരുമാറിയതുകൊണ്ടാണ് അവിടെ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകാതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പൊലീസിനെ ആക്രമിച്ച് ആരും പ്രശ്നങ്ങൾ ഉണ്ടാക്കരുതെന്നും അവർ നിയമം പാലിക്കാൻ നിൽക്കുന്നവരാണെന്നും അതിക്രമങ്ങൾ കാണിക്കില്ലെന്ന് അവർക്ക് പ്രത്യേക നിർദ്ദേശമുണ്ടെന്നും മന്ത്രി ഓർമ്മിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ സമരവുമായി ബന്ധപ്പെട്ട് പൊലീസിന്റേത് ‘പൊലീസ് രാജ്’ ആണെന്നും വ്യാജക്കേസുകൾ എടുക്കുന്നുവെന്നുമുള്ള പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങളെയും അദ്ദേഹം തള്ളിക്കളഞ്ഞു.

സംസ്ഥാനത്ത് ലഹരിമരുന്ന് മാഫിയക്കെതിരെയും ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുന്നവർക്കെതിരെയും വിട്ടുവീഴ്ചയില്ലാത്ത കർശന നടപടികൾ സ്വീകരിക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വരുംതലമുറകളെ ലഹരിയിൽനിന്ന് രക്ഷിക്കാൻ വേണ്ടിയുള്ള ‘ഓപ്പറേഷൻ തൂഫാൻ’ ഈ നാടിന്റെ വലിയ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. 

പൊലീസ് ഉദ്യോഗസ്ഥർ രാവും പകലും ഇല്ലാതെ ലഹരിമരുന്ന് വേട്ട നടത്തിക്കൊണ്ടിരിക്കുകയാണ്. ലഹരിമരുന്ന് കച്ചവടക്കാരെ പിടികൂടുമ്പോൾ പൊലീസിന് നേരെ ആക്രമണം നടത്തുന്നത് ഒരുതരത്തിലും അംഗീകരിക്കില്ല. പല സ്ഥലങ്ങളിലും ലഹരിമാഫിയകൾ ആളുകളെ വിട്ട് പൊലീസുകാരെ മർദ്ദിക്കുന്നതായും വണ്ടികയറ്റി കൊല്ലാൻ ശ്രമിക്കുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇതിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.