തിരുവനന്തപുരം: സമൂഹത്തിലെ ഏറ്റവുംവലിയ ശക്തിയാണ് സ്ത്രീകളെന്നും അവർക്കെതിരായ പരാമർശങ്ങൾ അംഗീകരിക്കാനാകില്ലെന്നും ഡി.വൈ.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് ചിന്ത ജെറോം. കാന്തപുരത്തിൻ്റെ പ്രസ്താവനയിൽ ലീഗ് എന്തുകൊണ്ട് ഇത്തരമൊരു നിലപാട് എടുക്കുന്നു എന്ന് മനസ്സിലാകുന്നില്ലെന്നും ചിന്ത ജെറോം മാതൃഭൂമി ഡോട്ട്കോമിനോട് പറഞ്ഞു.

To advertise here,

'ലോകത്തിൻ്റെ ഏത് മേഖല എടുത്താലും സ്ത്രീകളെ ഒഴിവാക്കിക്കൊണ്ട് മുന്നോട്ട് പോകാനാകില്ല. ബഹിരാകാശത്ത് ദിവസങ്ങളോളം കഴിഞ്ഞ് കരുത്തോടെ തിരിച്ചുവരുന്ന സ്ത്രീകൾ ചുറ്റുമുണ്ട്. സമൂഹത്തിലെ ഏറ്റവുംവലിയ ശക്തിയാണ് സ്ത്രീ. വീടിനകത്തും പുറത്തും സ്ത്രീ കരുത്തോടെ നിൽക്കുന്നു. നമ്മളെ അത്ഭുതപ്പെടുത്തുന്ന നിരവധി സ്ത്രീകളുണ്ട്, അവരുടെ നേട്ടങ്ങൾ നമുക്ക് അഭിമാനം പകരുന്നുണ്ട്. അടുക്കളയിൽനിന്ന് അരങ്ങത്തേയ്ക്ക് സ്ത്രീകൾ വരണം. സ്ത്രീകൾ മാത്രമല്ല, അവർ മുന്നോട്ട് വരണമെന്ന് ആഗ്രഹിക്കുന്ന ആരും സ്ത്രീവിരുദ്ധ പരാമർശങ്ങൾ ഇഷ്ടപ്പെടില്ല. സ്ത്രീകൾ ഇനിയും മുന്നോട്ടുവരും. താക്കോൽ സ്ഥാനങ്ങളിലേയ്ക്ക് അവർ വരും.

ലീഗ് എന്തുകൊണ്ട് ഇത്തരമൊരു നിലപാട് എടുക്കുന്നു എന്ന് മനസ്സിലാകുന്നില്ല. എന്റെ സുഹൃത്ത് കൂടിയായ ഫാത്തിമ തെഹ്ലിയ ഈ വിഷയത്തിൽ അഭിപ്രായം പറഞ്ഞത് എൻ്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. സ്ത്രീകൾ സമൂഹത്തിൻ്റെ മുഖ്യധാരയിലേയ്ക്ക് വരണം. എങ്കിലേ പുരോഗതിയുണ്ടാകൂ', ചിന്ത ജെറോം പറഞ്ഞു.