കോഴിക്കോട്: കേരളത്തില്‍ ദേശീയപാത ആറുവരിപ്പാതയാക്കാനുള്ള വികസനത്തിന് മേല്‍നോട്ടം വഹിക്കാന്‍ നിയമിച്ച നാല് സൈറ്റ് എന്‍ജിനിയര്‍മാര്‍ ദേശീയപാതാ അതോറിറ്റിയുടെ ഉത്തരേന്ത്യയില്‍നിന്നുള്ള ഉന്നതോദ്യോഗസ്ഥന്റെ നാട്ടുകാരും ബന്ധുക്കളും. തിരുവനന്തപുരം, കണ്ണൂര്‍, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലാണ് എന്‍എച്ച്എഐ അതോറിറ്റിയുടെ ഓഫീസുകള്‍ക്ക് കീഴില്‍ ഇപ്രകാരം ബന്ധുനിയമനം നടന്നത്.

To advertise here,

മലപ്പുറത്ത് ദേശീയ പാത തകര്‍ന്നതില്‍ വീഴ്ചപറ്റിയെന്ന് കണ്ടെത്തിയതിനെതുടര്‍ന്ന് കൊച്ചിയില്‍നിന്ന്പിരിച്ച് വിട്ട സൈറ്റ് എന്‍ജിനിയറും ഇതിലുള്‍പ്പെടും. തിരുവനന്തപുരത്തെ സൈറ്റ് എന്‍ജിനിയറുടെ യോഗ്യത ചോദ്യംചെയ്തുകൊണ്ട് എന്‍എച്ച്എഐക്ക് പരാതി നല്‍കിയിട്ടുണ്ട്.

ബന്ധുനിയമനം നടന്നതായി ആരോപിച്ച് കേന്ദ്രവിജിലന്‍സ് കമ്മിഷനും എന്‍.എച്ച്.എ.ഐ ചെയര്‍മാന്‍ കോണ്‍ട്രാക്ടേഴ്സ് അസോസിയേഷനും പരാതി നല്‍കിയിരുന്നു. പക്ഷേ ഇക്കാര്യത്തില്‍ ഒരു നടപടിയുമുണ്ടായില്ലെന്ന് പറയുന്നു.

പദ്ധതി പൂര്‍ത്തിയാവുന്ന കാലയളവിലേക്കാണ് സൈറ്റ് എന്‍ജിനിയര്‍മാരെ നിയമിക്കാറുള്ളത്. രണ്ടുവര്‍ഷമാണ് അധികംേപരുടെയും കാലാവധി. കണ്‍സല്‍ട്ടന്‍സിയുണ്ടെങ്കിലും പ്രവൃത്തിയുടെ മേല്‍നോട്ടത്തിന്റെ പ്രധാന ചുമതല സൈറ്റ് എന്‍ജിനിയര്‍മാര്‍ക്കാണ്. മലപ്പുറത്ത് ഇക്കാര്യത്തില്‍ വീഴ്ച പറ്റിയതിനാണ് ഒരാളെ പിരിച്ചുവിട്ടത്.

സൈറ്റ് എന്‍ജിനീയര്‍മാര്‍ ദേശീയപാത അതോറിറ്റിയുടെ പ്രതിനിധിയാണ്. ദേശീയപാതയോട് ചേര്‍ന്ന് നാട്ടുകാര്‍ക്ക് ദേശീയപാത അതോറിറ്റിയെ അറിയിക്കാനുള്ള പരാതികളും ഇവരെയാണ് ബോധിപ്പിക്കുക. ഭാഷയടക്കം പ്രശ്‌നമാവാറുള്ളതുകൊണ്ട് അതത് സംസ്ഥാനങ്ങളില്‍നിന്നുള്ളവരെയാണ് പൊതുവേ സൈറ്റ് എന്‍ജിനീയര്‍മാര്‍മാരായി നിയമിക്കാറുള്ളത്. പക്ഷേ, ഒരു ഉന്നതോദ്യോഗസ്ഥന്റെ താത്പര്യപ്രകാരം ഇത് മറികടന്നെന്നാണ് ആരോപണം.